Current Date

Search
Close this search box.
Search
Close this search box.

പോലീസ് ബൂട്ടുകള്‍ കലാലയ മാഗസിനുകളെ തേടിയെത്തുമ്പോള്‍…

കാമ്പസുകളില്‍ നിലനില്‍ക്കുന്ന ഏറ്റവും ശക്തമായ ജനാതിപത്യ ഇടങ്ങളില്‍ ഒന്നാണ് കോളേജ് മാഗസിനുകള്‍. തനിക്ക് ചുറ്റുമുള്ള സമൂഹത്തോട്, ഇടപഴകുന്ന കലാലയത്തോട് ഒരു വിദ്യാര്‍ഥി എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ നേര്‍രേഖകളാണ് പലപ്പോഴും കോളേജ് മാഗസിനുകള്‍. മാഗസിനുകളുടെ ഉള്ളടക്കങ്ങള്‍ പലപ്പോഴും രാഷ്ട്രീയവും സാമൂഹികവും ആയത് കൊണ്ട് തന്നെ സ്വാഭാവികമായും ഒരു കോളേജ് മാഗസിന്‍ വിവാദമാകുന്നതും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍  അരങ്ങേറുന്നതും കേരളത്തെ സംബന്ധിച്ച് പുതുമയുള്ള ഒന്നല്ല.

സാമൂഹിക പ്രശ്‌നങ്ങളെ ശക്തമായി അവതരിപ്പിച്ചിട്ടുള്ള ഒരു വലിയ ചരിത്രം തന്നെയുണ്ട് കോളേജ് മാഗസിനുകള്‍ക്ക്. 70കളിലെ അടിയന്തരാവസ്ഥക്ക് ശേഷം ഇറങ്ങിയ പല കോളേജ് മാഗസിനുകളും ഇതിനു ഉദാഹരണമാണ്. 80കളുടെ തുടക്കത്തിലുണ്ടായ സൈലെന്റ് വാലി മൂവ്‌മെന്റിന്റെ ചുവടുപിടിച്ചു അക്കാലത്ത് ഇറങ്ങിയ മാഗസിനുകള്‍ ‘ഹരിതാ’ഭമായിരുന്നു. ഇറാഖ് അധിനിവേശം, ഫലസ്തീന്‍, സാമ്രാജത്വം, കൊക്കോകോള, മണ്ഡല്‍ പ്രക്ഷോഭം തുടങ്ങി ഒട്ടുമിക്ക സാമൂഹിക വിഷയങ്ങളെയും ധീരമായി പ്രതിനിധാനം ചെയ്ത ചരിത്രമാണ് മാഗസിനുകള്‍ക്ക് ഉള്ളത്.

അതുകൊണ്ട് തന്നെ മുഖ്യമന്ത്രി, പ്രധാനമന്ത്രി ഭരണകൂടം, അവരുടെ നയ നിലപാടുകള്‍ എല്ലാം കോളേജ് മാഗസിനുകളില്‍ വിമര്‍ശന വിധേയമാകുന്നതു സ്വാഭാവികം. മറുവിഭാഗം അതിനെ രാഷ്ട്രീയപരമായും സാംസ്‌കാരികപരമായുള്ള സംവാദങ്ങള്‍ ഉയര്‍ത്തി നേരിടുന്നതും കലാലയത്തിലെ നിത്യ ജനാതിപത്യ കാഴ്ച്ചകളാണ്. അതിനാല്‍ കലാലയ മാഗസിന്‍ പോലെയുള്ള കാമ്പസിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഇടങ്ങളെയും അതിലെ ഉള്ളടക്കങ്ങളെയും സംവാദത്മകമായ വിമര്‍ശനങ്ങള്‍ കൊണ്ട് നേരിടുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിനെ ക്രിമിനല്‍ കുറ്റം ചാര്‍ത്തി കൊണ്ട് നേരിടുന്നത് നീതികരിക്കാന്‍ ആകില്ല.

Negative Faces എന്ന താലകെട്ടിനു കീഴില്‍ നരേന്ദ്ര മോഡിയുടെ ചിത്രം ഉള്‍പെടുത്തി കുന്നംകുളത്തെ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. 2012-13 അധ്യയന വര്‍ഷത്തിന്റേതായി പുറത്തിറക്കിയ ‘ലിറ്റ്‌സോക്‌നിഗ’ (Litoskniga) മാഗസിന്റെ 57 മത്തെ പേജില്‍ വീരപ്പന്‍, അജ്മല്‍ കസബ്, ബിന്‍ലാദന്‍, ജോര്‍ജ് ബുഷ്, ഹിറ്റ്‌ലര്‍, മുസോളിനി, പ്രഭാകരന്‍ എന്നിവര്‍ക്കൊപ്പം നരേന്ദ്രമോദിയുടെ ചിത്രവും ഉള്‍പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണം. മാഗസിന്‍ പുറത്തിറങ്ങിയതോടെ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരും ചില മുഖ്യധാര ദൃശ്യമാധ്യമങ്ങളും സംഭവം ഏറ്റെടുത്തു. ഇതോടെ പ്രധാനമന്ത്രിയെ അപമാനിച്ചു എന്ന തരത്തിലായി പ്രചരണം. ‘സമയോചിതമായി’ ഇടപെട്ട ചെന്നിത്തലയുടെ പോലീസ് മാഗസിന്റെ ചീഫ് എഡിറ്റര്‍ അടക്കം ഏഴു പേര്‍ക്കെതിരെ ഐ.പി.സി 153 ഉള്‍പ്പടെയുള്ള ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ‘ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു’ ‘പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു’ തുടങ്ങിയ തീവ്രവാദ കേസുകളില്‍ മാത്രം കണ്ടു വരുന്ന ചില ക്ലീഷേ പ്രയോഗങ്ങള്‍ മറ്റും നിരത്തി മുഖ്യ ധാര മാധ്യമങ്ങള്‍ സംഭവം കൊഴുപ്പിച്ചു. സമാനമായ മോഡി വിമര്‍ശനം തൊട്ടടുത്തെ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് കൂടി കണ്ടെടുത്തതോടു കൂടി അറസ്റ്റുകളും വാര്‍ത്തകളും മറ്റും ആവര്‍ത്തിക്കപ്പെട്ടു.
പ്രധാനമന്ത്രിയെയും ഭരണത്തേയും വിമര്‍ശിക്കുന്നതിലൂടെ രാജ്യത്തെയാണു വിമര്‍ശിക്കുന്നത് എന്നും, അത്തരക്കാര്‍ രാജ്യദ്യോഹികളാണു എന്നുമുള്ള ബോധം പൊതുമണ്ഡലത്തില്‍ പ്രതിഷ്ട്ടിക്കുവാനുള്ള ഫാഷിസ്റ്റ് അജണ്ടക്കെതിരെ ശക്തമായ ഒരു പ്രതിഷേധം പോലും ഉയരാത്തത് മാഗസിനെതിരെയുള്ള നടപടിയേക്കാള്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്.

പാര്‍ട്ടി വക കുറ്റവാളികളെ ജയിലിലും പാര്‍ട്ടി ഗ്രാമങ്ങളിലും സംരക്ഷിച്ചു പോന്ന ചരിത്രമുള്ള സി.പി.എം മോഡി വിമര്‍ശനത്തില്‍ എത്തിയപ്പോള്‍ ‘പ്രതിബദ്ധത’ മറന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അട്ടിപ്പേര്‍ അവകാശപെടുന്ന പു.ക.സ യും ദിനേനെയെന്നോണം പ്രസ്താവനകള്‍ എഴുന്നള്ളിക്കുന്ന സാംസ്‌കാരിക തലസ്ഥാനത്തെ സാംസ്‌കാരിക നായകരും അത്യഅഘാതമായ നിശബ്ദതയില്‍ പൂണ്ടു. കാള പെറ്റെന്നു കേട്ടാല്‍ പ്രകടനവും പഠിപ്പ് മുടക്കും ഒക്കെയായി ആഘോഷിക്കുന്ന എസ്.എഫ്.ഐ.യും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു തീയേറ്റര്‍ വരെ സംരക്ഷിച്ച ചരിത്രമുള്ള ഡി.വൈ.എഫ്.ഐ.യും സ്വന്തം കുട്ടി സഖാക്കള്‍ക്ക് വേണ്ടി കാര്യമാത്രമായ പ്രസ്താവനയോ പ്രതിഷേധ പരിപാടിയോ നടത്താന്‍ വൈകിയത് തങ്ങളുടെ ഏതു തരം അണികളുടെ ചോര്‍ച്ച തടയാന്‍ വേണ്ടിയാണ്..?

‘മാഗസിന്‍ ഇറങ്ങുന്ന സമയത്ത് മോഡി പ്രധാനമന്ത്രി ആയിരുന്നില്ല’, ‘മോഡിയെ പേരെടുത്ത് വിമര്‍ശിച്ചിട്ടില്ല’ എന്നൊക്കെയുള്ള വാദങ്ങള്‍ നിരത്തിയാണ്  എസ്.എഫ്.ഐ.യും  മാഗസിന്‍ പ്രവര്‍ത്തകരും അറസ്റ്റിനെയും മാഗസിന്‍ ഉള്ളടക്കത്തെയും പ്രതിരോധിച്ചത്. ഇത്തരം വാദങ്ങള്‍ ‘പ്രധാനമന്ത്രി ആയ മോഡി വിമര്‍ശനാതീതമാണ്’ എന്ന ഫാഷിസ്റ്റ് അജണ്ടയെ തന്നെയാണ് ഒരര്‍ത്ഥത്തില്‍  ശരി വെക്കുന്നത് .

ഭരണകൂടങ്ങളുടെ അക്ഷര പേടിക്ക് അധികാരത്തോളം  തന്നെ പഴക്കമുണ്ട്… എതിര്‍ ശബ്ദങ്ങളെ അടിച്ചൊതുക്കിയും വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ നേരിട്ടുമാണ് ചരിത്രത്തില്‍ ഏകാധിപതികള്‍ വാണിരുന്നത്. വിഗ്രഹ വല്‍കരിക്കപെട്ട ഏകാധിപതികള്‍ ആണ് ഏകാതിപത്യത്തിന്റെ ആണിക്കല്ല്. വിഗ്രഹവല്‍കരിക്കപെട്ട ബിംബങ്ങള്‍ ആകട്ടെ വിമര്‍ശനതീതരും. ഇതേ ഏകാതിപത്യ യുക്തി തന്നെയാണ് സംഘപരിവാര്‍ മോഡിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. അത് കൊണ്ടാണ് ഉള്ളടക്കത്തില്‍ ഒട്ടും നിലവാരം പുലര്‍ത്താത്ത മഗസിനുകളിലെ മോഡി വിമര്‍ശനങ്ങളെ വരെ അസഹിഷ്ണുതയോടെ തീവ്ര വലതു പക്ഷം നേരിടുന്നത്.

പ്രധാനമന്ത്രിയായ വ്യക്തിയെ വിമര്‍ശിക്കുന്നത് പ്രധാനമന്ത്രി പദത്തെ അവഹേളിക്കലും അപമാനിക്കലുമാണെന്നും അത്തരം വിമര്‍ശനങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാണെന്നുമുള്ള ഫാഷിസ്റ്റ് ശക്തികളുടെ പ്രചാരണം ‘മോഡിയാനന്തര ഇന്ത്യയില്‍’ ജനാതിപത്യം നേരിടുന്ന അപകടത്തെയാണ് സൂചിപ്പിക്കുന്നത്.
ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് പ്രഖ്യാപിക്കപെട്ട അടിയന്തരാവസ്ഥയുടെ നീറുന്ന ഓര്‍മകള്‍ ജൂണ്‍ 25 നു 38 വര്‍ഷം പിന്നിടുമ്പോള്‍ അതിലും ഭീകരമായ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത് എന്നാണ് സമകാലിക സംഭവ വികാസങ്ങള്‍ നമ്മെ ഓര്‍മപെടുത്തുന്നത്. ഭരണകൂട ഭീകരതയുടെ വ്യാപ്തി അക്കാദമിക ഇടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് മാഗസിന്‍ വിഷയത്തോട് കൂടെ ശക്തിപെട്ടത്. സര്‍വകലാശാലയിലും ക്യാമ്പസുകളിലും ഉയര്‍ന്നു വരുന്ന ‘റാഡിക്കലൈസേഷന്‍’ നേരിടാന്‍ വി.സിമാര്‍ക്ക് ജാഗ്രത നല്‍കിയ യു.ജി.സി നടപടിയും ഡല്‍ഹി യുനിവേര്‍സിറ്റിയിലെ പ്രൊഫസര്‍ സായിബാബയെ നക്‌സല്‍ ബന്ധം ആരോപിക്കപിച്ച് അറസ്റ്റ് ചെയ്തതുമെല്ലാം ഈ ശ്രമങ്ങളെയാണ് അടയാളപെടുത്തുന്നത്.

‘നിശബ്ദ’ അടിയന്തരാവസ്ഥ എന്ന് അഭിസംബോധനം ചെയ്യുന്ന ഭരണകൂട ഭീകരത യഥാര്‍ത്ഥത്തില്‍ ഒട്ടും നിശബ്ദമല്ല. ആക്രോശിച്ചും അട്ടഹസിച്ചും അവ ജനാതിപത്യ അക്കാദമിക ഇടങ്ങളിലേക്ക് ഇരച്ചു കയറുകയാണ്. നിശബ്ദതയും നിസ്സംഗതയും അതിനെ പ്രതിരോധിക്കേണ്ട സംസ്‌കാരിക അക്കാദമിക പൊതു മണ്ഡലത്തിനാണ്. പുസ്തകങ്ങളെ വരെ പോലീസ് തേടി വരുന്ന ഈ ഫാഷിസത്തിന്റെ നാളുകളില്‍, അക്ഷരങ്ങള്‍ കൊണ്ട് തന്നെ പുതിയ പ്രതിരോധം തീര്‍ക്കുക നാം…!!!

Related Articles