Current Date

Search
Close this search box.
Search
Close this search box.

നമ്മെ ഭരിക്കാന്‍ 186 ക്രിമിനലുകളും 442 കോടിപതികളും

ലോക ബാങ്കും അന്താരാഷ്ട്ര നാണയനിധിയും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം പുറത്ത് വിട്ടു കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പരമ ദരിദ്രര്‍ ജീവിക്കുന്ന രാഷ്ട്രമാണ് നമ്മുടെ ഭാരതം. പ്രതിദിനം 1.25 ഡോളര്‍ (ഏകദേശം 75 രൂപ) വരുമാനമില്ലാത്തവരെയാണ് ലോകബാങ്ക് ദരിദ്രരായി കണക്കാക്കുന്നത്. (രണ്ട് പേരുള്ള ഒരു കുടുംബത്തിന് ഒരു നേരത്തെ ഭക്ഷണത്തിന് ഇത് തികയില്ലെന്നത് വേറെ കാര്യം). ഇപ്രകാരം ഭാരത ജനസംഖ്യയുടെ 33 ശതമാനത്തോളം പേര്‍ പരമ ദരിദ്രരാണെന്നാണ് ലോകബാങ്കിന്റെ കണ്ടെത്തല്‍. ചുരുക്കിപറഞ്ഞാല്‍ ഏകദേശം 40 കോടിയോളം ജനങ്ങള്‍ നമ്മുടെ നാട്ടില്‍ മുഴുപട്ടിണിയിലാണെന്ന് സാരം. രാജ്യത്ത് പട്ടിണി വര്‍ധിക്കുകയും ദരിദ്രരുടെ എണ്ണം കൂടുകയും ചെയ്തുകൊണ്ടിരിക്കെ ദാരിദ്രരേഖയുടെ അളവുകോല്‍ മാറ്റിവരച്ച് ദരിദ്രരുടെ എണ്ണം കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നുരണ്ട് തവണ ശ്രമിച്ചു നോക്കിയതാണ്. ഏറ്റവും ഒടുവില്‍ ദാരിദ്രത്തിന്റെ അളവുകോള്‍ ഗ്രാമങ്ങളില്‍ 22.42 രൂപയും നഗരങ്ങളില്‍ 28.65 രൂപയുമാക്കി ദാരിദ്ര രേഖയുടെ ചോട്ടില്‍ നിന്നും ആളുകളെ മുകളിലേക്കുയര്‍ത്താനായിരുന്നു സര്‍ക്കാറിന്റെ ശ്രമം. വയറുകത്തുന്നവന് ഉണ്ണാന്‍ നല്‍കാതെ ‘ദാരിദ്ര രേഖ’ മാറ്റി വരച്ച് ദാരിദ്രം ഇല്ലാതാക്കാമെന്ന ഉദ്യോഗസ്ഥ – സര്‍ക്കാര്‍ ബുദ്ധി അതിഗംഭീരം എന്നു പറയാതെ വയ്യ!

ഇത്രയും പറഞ്ഞ് വന്നത് മറ്റൊരു കാര്യം സൂചിപ്പിക്കാനാണ്. രേഖകള്‍ മാറ്റിവരച്ച് ‘പട്ടിണി മാറ്റാന്‍’ സര്‍ക്കാര്‍ ആവുന്ന പണിയൊക്കെ ചെയ്തിട്ടും രാജ്യത്ത് മുഴുപട്ടിണിക്കാരുടെയും പരമ ദരിദ്രരുടെയും എണ്ണം വര്‍ഷം തോറും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെങ്കിലും നമ്മുടെ ഭരണകര്‍ത്താക്കളുടെ പോക്കറ്റുകള്‍ അതിനേക്കാള്‍ വേഗത്തില്‍ വീര്‍ത്തു വരികയാണ്. പുതിയ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നല്‍കുന്ന സൂചന അതാണ്.

രാജ്യം ഏറെ ആശങ്കയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന 16 ാം ലോകസഭയുടെ ഫലം പുറത്ത് വന്നപ്പോള്‍ ബി.ജെ.പി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറി എന്നതിനോടൊപ്പം ലോകസഭയിലെ ക്രിമിനലുകളുടെയും കോടിപതികളുടെയും എണ്ണത്തിലും വര്‍ധനയുണ്ടായതായി നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 2009 -14 ലോകസഭയില്‍ 300 കോടിപതികള്‍ (58%) ആണ് ഉണ്ടായിരുന്നതെങ്കില്‍ പുതിയ സഭയിലുള്ള കോടിപതികളുടെ എണ്ണം 442 ആയി ഉയര്‍ന്നിരിക്കുന്നു. അഥവാ ലോകസഭാ അംഗങ്ങളില്‍ 82 ശതമാനവും കോടിപതികളാണ്. ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ബി.ജെ.പി തന്നെയാണ് കോടിപതികളുടെ എണ്ണത്തിലും മുന്നില്‍. ബി.ജെ.പിയുടെ 287 എം.പിമാരില്‍ 237 പേരും (84%) കോടികള്‍ ആസ്തിയുള്ളവരാണ്. ദാരിദ്ര രേഖ മാറ്റിവരച്ച് ദാരിദ്രം മാറ്റാന്‍ ശ്രമിച്ച കോണ്‍ഗ്രസും കോടിപതികളുടെ എണ്ണത്തില്‍ പിന്നിലല്ല. കോണ്‍ഗ്രസിന്റെ ആകെയുള്ള 44 എം.പിമാരില്‍ 35 പേരും കോടികള്‍ കൈവശമുള്ളവരാണ്. എ.ഐ.ഡി.എം.കെ, എ.ഐ.ടി.സി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളും കോടിപതികളെ പാര്‍ലമെന്റിലെത്തിക്കുന്നതില്‍ അതീവ താല്‍പര്യം കാണിച്ചതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.

കോടിപതികള്‍ മാത്രമല്ല ക്രിമിനലുകള്‍ കൂടി വാഴുന്ന കേന്ദ്രമാണ് ജനാധിപത്യ ഭാരതത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ്. കൊലപാതം, തട്ടിക്കൊണ്ടുപോകല്‍, വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങി ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട 186 പേരാണ് (34%) ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ സഭയിലുണ്ടായിരുന്ന ക്രമിനലുകളുടെ എണ്ണം 158 (30%) ആയിരുന്നു. കോടിപതികളിലെന്ന പോലെ ക്രിമിനലുകളുടെ കാര്യത്തില്‍ വളര്‍ച്ചയുണ്ടെന്ന് വ്യക്തം! 98 ക്രിമിനലുകളെ പാര്‍ലമെന്റിലെത്തിച്ച ബി.ജെ.പി തന്നെയാണ് ഇക്കാര്യത്തിലും മുമ്പിലുള്ളത്. ശിവസേനയുടെ 18 എം.പിമാരില്‍ 15 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കോണ്‍ഗ്രസിന്റെ 8 പേരും എ.ഐ.ഡി.എം.കെയുടെ 6 പേരും എ.ഐ.ടി.സിയുടെ 7 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ്.

രാജ്യത്തെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണി തിന്ന് ജീവിക്കുമ്പോള്‍ കോടിപതികളുടെ എണ്ണം പാര്‍ലമെന്റില്‍ വര്‍ധിക്കുക തന്നെയാണ്. ജനാധിപത്യം പണാധിപത്യത്തിലേക്ക് വഴിമാറുമ്പോള്‍ അതിവേഗം ബഹുദൂരം ‘വികസിച്ചു കൊണ്ടിരിക്കുന്ന’ ഭാരത്തിലെ ദരിദ്രനാരായണന്മാരുടെ എണ്ണം കുറക്കാന്‍ ഇനി പുതിയ അടവുകളുമായി ‘അഹ്‌ലുവാലിയ’മാര്‍ ഉദയം ചെയ്യും. കോര്‍പ്പറേറ്റുകള്‍ക്കും കുത്തകള്‍ക്കും വിടുവേല ചെയ്ത് നമ്മുടെ ജനപ്രതിനിധികളും ഭരണകര്‍ത്താക്കളും അവരുടെ പോക്കറ്റിന്റെ വലിപ്പവും ആസ്തിയും ഇനിയും വര്‍ധിപ്പിക്കും. ഒരു അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും ചില മോഹന വാഗ്ദാനങ്ങളുമായി അവര്‍ നമ്മെ സമീപിക്കും. ഇതങ്ങനെ പലകുറി ആവര്‍ത്തിക്കും. ഒരു കുമ്പിള്‍ കഞ്ഞിപോലും സ്വപ്‌നം കാണാനാകാതെ ഭാരത മഹാരാജ്യത്തില്‍ അപ്പോഴുമുണ്ടാകും കോടിക്കണക്കിന് ഹതഭാഗ്യര്‍!

Related Articles