Current Date

Search
Close this search box.
Search
Close this search box.

ഘര്‍വാപസിയെ ന്യൂനപക്ഷങ്ങളെന്തിന് ഭയക്കണം?

ഘര്‍വാപസിയിലൂടെ ഹിന്ദുമതതത്വശാസ്ത്ര പ്രകാരം സ്വധര്‍മത്തിലേക്കുള്ള മടക്കമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ് അതിന്റെ സംഘാടകരുടെ താത്വികമായ വിശദീകരണം. ഹിന്ദുമതം ഉപേക്ഷിച്ച് പോകുന്നതിന് മുമ്പ് വര്‍ണ്ണാശ്രമധര്‍മത്തിലെ ഏത് ശ്രേണിയിലാണോ ഉണ്ടായിരുന്നത് ആ ശ്രേണിയിലേക്കു തന്നെയാണ് ഘര്‍വാപസിയിലൂടെ മടക്കം സംഭവിക്കുന്നത്. മനുഷ്യാന്തസ്സിന് നിരക്കാത്തതും തികച്ചും പ്രകൃതിവിരുദ്ധവുമായ ജാതീയശ്രേണീവ്യവസ്ഥയിലേക്ക് മറ്റു മതസമൂഹങ്ങളില്‍ അന്തസ്സോടെ ജീവിക്കുന്ന ജനങ്ങളെ പ്രലോഭനങ്ങളിലൂടെ കൊണ്ടെത്തിക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നതെന്നാണ് ഹിന്ദുത്വവിരുദ്ധ വിമര്‍ശകയുക്തി.

മനം മാറുന്നതും, മനം മാറ്റുന്നതും പോലെത്തന്നെ മതം മാറാനും, മതം മാറ്റാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്. വോട്ടു ചെയ്തു വിജയിപ്പിച്ചാല്‍ ഇന്നയിന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കായി നടപ്പാക്കാം എന്ന് പറഞ്ഞ് ജനങ്ങളെ പ്രലോഭിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ യുക്തി തന്നെയാണ് സംഘ്പരിവാറും പ്രയോഗിച്ച് നോക്കിയത്. രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ മനം മാറ്റുന്നു, സംഘ്പരിവാര്‍ ജനങ്ങളുടെ മതം മാറ്റുന്നു. മിഷണറി സ്വഭാവമുള്ള സെമിറ്റിക് മതങ്ങളൊക്കെ തന്നെയും സ്വര്‍ഗ പ്രവേശനവും, നരക മുക്തിയും വാഗ്ദാനം ചെയ്തു കൊണ്ടാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്.

മതംപ്രചരിപ്പിക്കുന്നവരില്‍ ഭൂരിഭാഗവും മതത്തില്‍ ആളെകൂട്ടാന്‍ വേണ്ടിയല്ല സ്വമതത്തിന്റെ ആശയപ്രത്യേകതകള്‍ ജനത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. മറിച്ച് ഇഹപര മോക്ഷം എന്നതിന്റെ ആശയവൈവിധ്യങ്ങളില്‍ അടിയുറച്ചു നിന്നു കൊണ്ടുള്ള സാമൂഹിക ഇടപെടലുകളാണ് പ്രസ്തുത മതക്കാര്‍ നടത്തുന്നത്. ഒരു മതം വിട്ട് മറ്റു മതങ്ങളിലേക്ക് ചേക്കേറുന്നതിനെ ഉപദേശരൂപേണ നിരുത്സാഹപ്പെടുത്തുമെങ്കിലും, ശക്തിയും അധികാരവും ഉപയോഗിച്ച് മതംമാറ്റം തടയാന്‍ ‘മതമുതലാളിമാര്‍’ ശ്രമിക്കുമെങ്കിലും മതതത്വസംഹിതകളൊന്നും തന്നെ അതിന് അനുവാദം നല്‍കുന്നില്ല.

റേഷന്‍ കാര്‍ഡും, ആധാര്‍ കാര്‍ഡും ഇല്ലാത്ത പാവങ്ങളെ സമീപിച്ച് റേഷന്‍ കാര്‍ഡും, ആധാര്‍ കാര്‍ഡും തരാമെന്ന് വാഗ്ദാനം ചെയ്യുകയും അതിന് പകരം നിങ്ങള്‍ ഹിന്ദുത്വമതം സ്വീകരിക്കണമെന്നുമായിരുന്നു സംഘ്പാരിവാറിന്റെ ലളിതമായ ആവശ്യം. അതിന് തയ്യാറല്ലെങ്കില്‍ റേഷന്‍ കാര്‍ഡും മറ്റാനുകൂല്യങ്ങളും ലഭിക്കില്ലെന്ന് സംഘ്പരിവാര്‍ ഭീഷണിപ്പെടുത്തിയതായും, പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിലനില്‍ക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ചാണ് സംഘ്പരിവാര്‍ മതപരിവര്‍ത്തനം നടത്തുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മോദി അധികാരത്തിലേറിയതിന് ശേഷം പെട്ടെന്ന് പൊട്ടിമുളച്ചവരല്ല ആ പാവങ്ങള്‍ എന്നു മാത്രമാണ് സംഘ്പരിവാറിനെതിരെ കലിതുള്ളുന്ന ഇന്നത്തെ പ്രതിപക്ഷത്തോട് ഓര്‍മപ്പെടുത്താനുള്ളത്.

മോദിയുടെ കോര്‍പ്പറേറ്റ് അനുകൂലവും, പൊതുജന വിരുദ്ധവുമായ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളില്‍ നിന്നും ജനശ്രദ്ധതിരിച്ചു വിടുന്നതിന് വേണ്ടി, മതപരിവര്‍ത്തനത്തെ മുഖ്യധാരാ ചര്‍ച്ചകളിലെ കേന്ദ്രവിഷയമാക്കി ഒരു മതപരിവര്‍ത്തന വിരുദ്ധ സംവാദമണ്ഡലമൊരുക്കുക എന്നതാണ് ഘര്‍വാപസിയിലൂടെ സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്നത്. സ്വാഭാവികമായും സംഘ്പരിവാറിന് അനുകൂലമായ വര്‍ഗീയ ധ്രുവീകരണത്തിന്റെ സാധ്യതകളും ഇവിടെ തെളിയുന്നുണ്ട്. ഘര്‍വാപസിയെ മുന്‍നിര്‍ത്തി കൊണ്ടുള്ള, ഗാന്ധിയെ വെടിവെച്ചു കൊന്നത് ആരാണെന്നും, അംബേദ്കര്‍ എന്തു കൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു എന്നു തുടങ്ങിയ ചോദ്യങ്ങള്‍ ധ്രുവീകരണം ശക്തിപ്പെടുത്താന്‍ സഹായകരമായ ഉള്ളടക്കങ്ങള്‍ ഉള്ളവയാണ്.

സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ ധര്‍മത്തിലേക്ക് ആളെകൂട്ടുകയല്ല ഘര്‍വാപസിയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് ‘മതംമാറിയവരുടെ’ ജീവചരിത്രം പരിശോധിച്ചവര്‍ക്ക് പിന്നീട് മനസ്സിലാവുകയുണ്ടായി. അതുകൊണ്ടു തന്നെ എന്തു കൊണ്ട് അംബേദ്കര്‍ ഹിന്ദുമതം വിട്ട് പുറത്തു പോയി എന്ന ചോദ്യം സംഘ്പരിവാറിനോട് ചോദിക്കുന്നതിന് പകരം, എന്തു കൊണ്ടാണ് നിങ്ങള്‍ കള്ളപ്പണ വാപസിക്ക് പകരം ഘര്‍വാപസിയെ കുറിച്ച് സംസാരിക്കുന്നത് എന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ശരിക്ക് വിശകലനം ചെയ്തു കൊണ്ട് നാം ഉച്ചത്തില്‍ ചോദിക്കേണ്ടത്.

Related Articles