Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സില്‍ സയണിസ്റ്റുകള്‍ക്ക് എന്ത് കാര്യം?

ഖുദ്‌സിനെ ജൂതവല്‍കരിക്കുന്നതിനും അവിടത്തെ അറബ് സാന്നിദ്ധ്യം ഇല്ലാതാക്കാനുമുള്ള ത്വരിതഗതിയിലുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു. ഖുദ്‌സ് ജൂതരാഷ്ട്രത്തിന്റെ സ്ഥിരം തലസ്ഥാനമാണെന്നാണ് എല്ലാ മാധ്യമങ്ങളിലൂടെയും അവര്‍ വിളിച്ചോതുന്നത്. അവരാകട്ടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരാണ്. രാഷട്രീയമായും വിശ്വാസപരമായും ഈ വാദത്തെ അനുകൂലിക്കുന്ന ധാരാളം പാശ്ചാത്യരുണ്ട്. ചരിത്ര യാഥാര്‍ത്ഥ്യം ലോകത്തിന് മുമ്പില്‍ വിളിച്ചോതുകയാണ് ഈ സന്ദര്‍ഭത്തില്‍ നാം ചെയ്യേണ്ടത്. ഈ യുദ്ധത്തിലെ നമ്മുടെ പ്രധാന ആയുധം ചരിത്രത്തെകുറിച്ച അവബോധം നേടിയെടുക്കലാണ്. കെട്ടുകഥകള്‍ക്കും കളവുകള്‍ക്കും പകരം പ്രസ്തുത യാഥാര്‍ത്ഥ്യത്തിലേക്ക് ആളുകളെ ക്ഷണിക്കുകയാണ് വേണ്ടത്.

ഖുദ്‌സിന്റെ അറബീയതക്ക് അറുപത് നൂറ്റാണ്ടിന്റെ (ആറായിരം വര്‍ഷം) പഴക്കമുണ്ട്. പുരാതന അറബി വിഭാഗമായ യബൂസികളാണത് പണിതത്. അറേബ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും വന്ന ആദ്യകാല അറബികളായിരുന്നു അവര്‍. ക്രിസ്തുവിന് മുമ്പ് 4000 വര്‍ഷം മുമ്പാണത് പണികഴിപ്പിക്കപ്പെട്ടത്. അവരുടെ പേരായ യബൂസി എന്നു തന്നെ അതിന് പേര്‍വിളിക്കുകയും ചെയ്തു. ചരിത്രത്തില്‍ പലപേരുകളും ലഭിച്ച ഈ പട്ടണത്തിന്റെ ആദ്യത്തെ പേരായിരുന്നു അത്. അതിന്റെ ആയുസും അറബി അസ്ഥിത്വവും ക്രിസ്തുവിന് നാലായിരം വര്‍ഷം മുന്നിലേക്കാണ് എത്തുന്നത്. അതിനോട് കൂടി ക്രിസ്തുവിന് ശേഷമുള്ള 2000 വര്‍ഷം കൂടി ചേര്‍ക്കുമ്പോള്‍ അതിന്റെ പ്രായം അറുപത് നൂറ്റാണ്ടിലധികമാണ്.

കന്‍ആന്‍ പ്രദേശത്തുള്ളവരും അറബികളായിരുന്നു. പ്രവാചകനായിരുന്ന ഇബ്‌റാഹീം(അ) യാത്ര ചെയ്ത് എത്തിയത് അവിടെയായിരുന്നു. പ്രവാചകന്മാരുടെ പിതാവായ ഇബ്രാഹീമിന്റെ കന്‍ആനിലെ സാന്നിദ്ധ്യത്തിന്റെയും അവിടേക്കുള്ള യാത്രയുടെയും ചരിത്രം സംഭവിച്ചത് ക്രിസ്തുവിന് 19 നൂറ്റാണ്ട് മുമ്പായിരുന്നു.

ഖുദ്‌സ് പട്ടണത്തിന്റെ പവിത്രതയില്‍ വിശ്വസിക്കുന്നവരാണ് സെമിറ്റിക് മതങ്ങളായ ജൂത-ക്രൈസ്തവ-ഇസ്‌ലാം മതവിശ്വാസികള്‍. അല്ലാഹു അതിനെയും അതിന്റെ ചുറ്റുപാടിനെയും അനുഗ്രഹിച്ചിട്ടുണ്ട്. പ്രവാചക പിതാവായ ഇബ്‌റാഹീം(അ) എത്തിയത് മുതല്‍ തുടങ്ങിയതല്ല ഈ ദൈവികമായ അനുഗ്രഹം. അതിനെല്ലാം മുമ്പ് തന്നെ അല്ലാഹു അതിനെ അനുഗ്രഹിച്ചിട്ടുണ്ട്. ലൂത്വ്, ഇബ്‌റാഹീം പ്രവാചകന്‍മാരെ അവിടേക്ക് രക്ഷപെടുത്തുന്നതിനായി അല്ലാഹു നേരത്തെ ഉദ്ദേശിച്ചിരിക്കാം. മുഴുലോകര്‍ക്കും നാം അനുഗ്രഹങ്ങള്‍ ഒരുക്കിവെച്ച നാട്ടിലേക്ക് അദ്ദേഹത്തെയും ലൂത്വിനെയും രക്ഷപ്പെടുത്തി.’ (അല്‍ അമ്പിയാഅ്: 71) പ്രവാചകന്‍മാര്‍ അവിടെയെത്തുന്നതിന് മുമ്പ് തന്നെ ആ ഭൂമിയെ വിശുദ്ധമാക്കപ്പെട്ടിരുന്നു. മുഴുലോകത്തിനുമായിട്ടാണ് ദൈവികമായ ഈ അനുഗ്രഹം. അല്ലാഹുവില്‍ വിശ്വസിക്കുകയും ഇബ്‌റാഹീമി പരമ്പരയില്‍പെട്ടവരുമായ എല്ലാവര്‍ക്കുമാണത്.

മൂസാ(അ)യിലൂടെയാണ് യഹൂദമതം തുടങ്ങുന്നത്. അവര്‍ക്ക് ശരീഅത്തായി അവതരിപ്പിക്കപ്പെട്ടതായിരുന്നു തൗറാത്ത്. ആ ശരീഅത്താണ് പിന്നീട് യഹൂദമതമായി അറിയപ്പെട്ടത്. ക്രിസ്തുവിന് പതിമൂന്ന് നൂറ്റാണ്ട് മുമ്പായിരുന്നു അത്. മൂസാനബിയും ജൂതന്മാരും വരുന്നതിനും 27 നൂറ്റാണ്ട് മുമ്പാണ് യബൂസികള്‍ ഖുദ്‌സ് പട്ടണം യബൂസിയെന്ന പേരില്‍ നിര്‍മിച്ചത്.

യഹൂദരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു മൂസാ(അ). അദ്ദേഹം ജനിച്ചതും വളര്‍ന്നതും ഈജിപ്തിലായിരുന്നു. ഈജിപ്ഷ്യന്‍ സംസ്‌കാരത്തില്‍ ഫിര്‍ഔന്റെ കൊട്ടാരത്തിലായിരുന്നു അദ്ദേഹം വളര്‍ന്നത്. ഹൈറോഗ്ലിഫിക് ഭാഷയായിരുന്നു അവിടെയുണ്ടായിരുന്നത്. അദ്ദേഹത്തിന് തൗറാത്ത് അവതരിപ്പിക്കപ്പെട്ടതും ഈ ഭാഷയില്‍ തന്നെയായിരുന്നു. നൂറ്റാണ്ടുകളായി അദ്ദേഹത്തിന്റെയും ഈജിപ്ഷ്യന്‍ ജനതയുടെയും ഭാഷയായിരുന്നു അത്. ഫിര്‍ഔനിന്റെയും ഭാഷ അത് തന്നെയായിരുന്നു. ‘നാം നിയോഗിച്ച ഒരു ദൂതന്നും തന്റെ ജനതയുടെ ഭാഷയിലല്ലാതെ സന്ദേശം നല്‍കിയിട്ടില്ല.’ (ഇബ്‌റാഹീം: 4)  എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അക്കാലത്ത് ഹീബ്രു ഭാഷ നിലവിലുണ്ടായിരുന്നില്ല. കന്‍ആനികളുടെ ഭാഷകളിലെ ഒരു വകഭേദം മാത്രമായിരുന്നു അത്. പിന്നീട് പ്രസ്തുത ശൈലി പുരോഗതി പ്രാപിച്ച് സ്വതന്ത്ര ഭാഷയായി മാറുകയാണുണ്ടായത്. ബനൂഇസ്രായീല്യര്‍ കന്‍ആന്‍ ദേശത്തിനായി യുദ്ധം ചെയ്തതിന് ശേഷമാണ് അത് സംഭവിച്ചത്. യൂശഅ് ബിന്‍ നൂനിന്റെ നേതൃത്വത്തില്‍(ബി.സി. 1250-1200) അതിന്റെ ചില ഭാഗങ്ങള്‍ അവര്‍ കൈവശപ്പെടുത്തുകയായിരുന്നു. പഴയ നിയമത്തില്‍ പറയുന്ന പ്രകാരം അവിടത്തെ താമസക്കാരെ അവിടെ നിന്നും ഒഴിവാക്കിയാണ് അവര്‍ അധിനിവേശം നടത്തിയത്.

മൂസാ(അ) മരണപ്പെട്ടതും ഖബറടക്കപ്പെട്ടതും ഈജിപ്തിലെ സീനായിലായിരുന്നുവെന്ന് പഴയ നിയമം അംഗീകരിക്കുന്നുണ്ട്. അദ്ദേഹം ഖുദ്‌സ് കാണുകയോ അവിടെയെത്തുകയോ ചെയ്തിട്ടില്ലെന്നാണിത് വ്യക്തമാക്കുന്നത്. അദ്ദേഹത്തിനവതരിപ്പിക്കപ്പെട്ട തൗറാത്തിനോ ശരീഅത്തിനോ ഖുദ്‌സുമായോ ഫലസ്തീനുമായോ യാതൊരു ബന്ധവും ഇല്ല. ചരിത്ര സത്യങ്ങള്‍ ഇതെല്ലാമായിരിക്കെ ഖുദ്‌സ് ജൂതന്‍മാരുടേതാണെന്നും സയണിസ്റ്റ് രാഷ്ട്രത്തിന്റെ തലസ്ഥാനമാണെന്നും പറയുന്നവര്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും എന്ത് ന്യായമാണുള്ളത്?

ഖുദ്‌സ് ജൂതന്‍മാരുടേത് മാത്രമാണെന്നും മറ്റാര്‍ക്കും അതില്‍ അവകാശമില്ലെന്നും വാദിക്കുന്നതിന് അവരുടെ പക്കലുള്ള ഏക ന്യായം ദൈവം ഇബ്‌റാഹീം നബിക്ക് നല്‍കിയ വാഗ്ദത്ത ദേശമെന്ന് ഉല്‍പത്തി പുസ്തകത്തില്‍ അതിനെ വിശേഷിപ്പിക്കുന്നു എന്നത് മാത്രമാണ്. അദ്ദേഹത്തിനും ശേഷം അദ്ദേഹത്തിന്റെ സന്താനപരമ്പരക്കുമാണ് അതിന്റെ അവകാശം എന്നാണ് അവര്‍ പറയുന്നത്. സത്യത്തെ അസത്യത്തില്‍ നിന്ന് വേര്‍തിരിക്കുന്നതിനുള്ള ഒരു പരീക്ഷണമയിരുന്നു ആ വാഗ്ദാനമെന്ന് ബുദ്ധിപരമായ വിശകലനത്തില്‍ വ്യക്തമാകുന്നതാണ്. യാഥാര്‍ത്ഥ്യം വ്യക്തമാകുന്നതിന് ഉല്‍പത്തിയിലുണ്ടെന്ന് പറയുന്ന തെളിവിനെ നിരാകരിക്കുകയല്ല മറിച്ച്് തെളിവുകളിലെ വൈരുദ്ധ്യങ്ങള്‍ എടുത്തു കാട്ടുകയാണ് നാം ചെയ്യുന്നത്.

1. ‘ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളി ചെയ്തു: തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. നീ കാണുന്ന ഭൂമി ഒക്കെയും ഞാന്‍ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.’ (ഉല്‍പത്തി: 13:14,15) ഇത് പ്രകാരം ഇബ്‌റാഹീം നബിയുടെ കാഴ്ചയുടെ പരിധിയില്‍പെടുന്ന ഭൂമിയാണ് വാഗ്ദാനം.
2. രണ്ടാമത്തെ തെളിവില്‍ പറയുന്നു: ‘യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവന്‍ അവിടെ ഒരു യാഗപീഠം പണിതു. അവന്‍ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലക്കു പുറപ്പെട്ടു; ബേഥേല്‍ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന്‍ യഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു.’ (ഉല്‍പത്തി: 12: 7,8) ഇത് പ്രകാരം യാഗപീഠം പണികഴിക്കപ്പെട്ട സ്ഥലം മാത്രമാണ് വാഗ്ദത്ത ഭൂമി.
3. മൂന്നാമത്തെ തെളിവ്. ‘ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാന്‍ നിന്നെ ബഹുജാതികള്‍ക്കു പിതാവാക്കിയിരിക്കയാല്‍ നിന്റെ പേര്‍ അബ്രാഹാം എന്നിരിക്കേണം. ഞാന്‍ നിന്നെ അധികമധികമായി വര്‍ദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നില്‍ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും. ഞാന്‍ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാന്‍ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും. ഞാന്‍ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാന്‍ദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാന്‍ അവര്‍ക്കു ദൈവമായുമിരിക്കും.’ (ഉല്‍പത്തി: 17: 5-8) ഇത് പ്രകാരം വാഗ്ദത്ത ഭൂമി കന്‍ആന്‍ ദേശമാണ്.
4. നാലാമത്തെ തെളിവ്. ‘അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാന്‍ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ’ (ഉല്‍പത്തി: 15:18)

ഖുദ്‌സിന്റെയും ഫലസ്തീന്റെയും കാര്യത്തില്‍ സയണിസ്റ്റുകളുടെ പ്രധാന തെളിവാണ് ഈ നാലെണ്ണം. വാഗ്ദത്ത ഭൂമിയെകുറിച്ചുള്ള വൈരുദ്ധ്യങ്ങളാണ് അവയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഒരു സ്ഥലത്തത് ഇബ്‌റാഹീം നബിയുടെ കാഴ്ചയുടെ പരിധിയെന്ന് പറയുമ്പോള്‍ മറ്റൊരിടത്ത് കന്‍ആന്‍ ദേശമാണെന്നും, യാഗപീഠം നിര്‍മിക്കപ്പെട്ട സ്ഥലമാണെന്നും, യൂഫ്രട്ടീസിനും ടൈഗ്രീസിനുമിടയിലുള്ള ദേശമാണെന്നും പറയുന്നു. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ തെളിവുകള്‍ ചരിത്ര സത്യങ്ങളായി എങ്ങനെ സാധൂകരിക്കാനാകും. ഖുദ്‌സിന്റെ അറബ് അസ്ഥിത്വം വിളിച്ചോതുന്നവയാണ് ആ തെളിവുകള്‍. ഇബ്‌റാഹീം നബിക്കും വളരെ മുമ്പെ വിശുദ്ധമാക്കപ്പെട്ട ഭൂമിയാണത്. യാഥാര്‍ഥ്യങ്ങളെ ചവിട്ടി മെതിക്കുന്ന കെട്ടുകഥകളും കളവുകളും മാത്രമാണ് യഹൂദരുടെ വാദങ്ങള്‍.

വിവ: അഹ്മദ് നസീഫ്

Related Articles