Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പൊലിസ് അറസ്റ്റു ചെയ്തു

കൈറോ: ഈജിപ്തിലെ പ്രമുഖ പ്രതിപക്ഷ അംഗവും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന അബ്ദുല്‍ മന്‍അം അബുല്‍ ഫതൂഹിനെ പൊലിസ് അറസ്റ്റു ചെയ്തു. ബുധനാഴ്ചയാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതായി സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. അബ്ദുല്‍ മന്‍ആമിന്റെ കൂടെ മറ്റു ആറു മുതിര്‍ന്ന നേതാക്കളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കൈറോയിലെ തന്റെ വീട്ടില്‍ വച്ചാണ് പിതാവിനെ അറസ്റ്റു ചെയ്തു കൊണ്ടുപോയതെന്ന് മന്‍അമിന്റെ മകന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.  

അഹ്മദ് അബ്ദുല്‍ ജവാദ്,അഹ്മദ് സാലിം,മുഹമ്മദ് ഉസ്മാന്‍,അബ്ദുല്‍ റഹ്മാന്‍ ഹരിദി,അഹ്മദ് ഇമാം,താമിര്‍ ഗീലാനി എന്നീ മുസ്ലിം ബ്രദര്‍ഹുഡിന്റെ മറ്റു നേതാക്കളെയും  ഇദ്ദേഹത്തിന്റെ കൂടെ അറസ്റ്റു ചെയ്തിട്ടുണ്ട്. ലണ്ടനില്‍ വച്ച് അല്‍ജസീറയുടെ ഒരു ഷോയില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് അബ്ദുല്‍ ഫതാഹിനെ അറസ്റ്റു ചെയ്തത്.

ഷോയില്‍ പങ്കെടുത്തത് സംബന്ധിച്ച് ഈജിപ്തിലെ അഭിഭാഷന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റുണ്ടായത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സീസിയെ അപകീര്‍ത്തിപ്പെടുത്തുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുമാണ് അബ്ദുല്‍ മന്‍അം ചെയ്യുന്നതെന്നാണ് അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം.

2012ല്‍ രാജ്യത്തു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഇദ്ദേഹം ആദ്യ റൗണ്ടില്‍ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. 2011ല്‍ ഈജിപ്തില്‍ നടന്ന മുല്ലപ്പൂ വിപ്ലവത്തിലൂടെ ഹുസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇന്ന് സീസി ഭരണകൂടത്തെ വിമര്‍ശിക്കുന്ന മുഴുവന്‍ പ്രതിപക്ഷ നേതാക്കളെയും അറസ്റ്റു ചെയ്യുകയാണ് ഈജിപ്ത് പൊലിസ്.

 

Related Articles