Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് : ബാലറ്റിലൂടെ ഇസ്‌ലാമിസ്റ്റുകളും ബുള്ളറ്റിലൂടെ സൈന്യവും അധികാരത്തിലെത്തുമ്പോള്‍

അറബ്-ഇസ്‌ലാമിക ലോകത്തിന്റെ ശക്തമായ അമര്‍ഷവും വേദനയും അവഗണിച്ച് കൊണ്ട് 1926- ല്‍ കമാല്‍ അതാതുര്‍ക്ക് ഉസ്മാനിയ ഖിലാഫത്തിനെ ഇസ്തംബൂളില്‍ വെച്ച് തകര്‍ത്തതായി പ്രഖ്യാപിക്കുകയുണ്ടായി. പിന്നെ ഈ വലിയ ദുരന്തത്തെ നേരിടാന്‍ പണ്ഡിതന്‍മാരും പ്രബോധകരും സംഘടനകളും സ്ഥാപനങ്ങളും ധാരാളം ശ്രമങ്ങളും ചലനങ്ങളും നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി ശൈഖ് റഷീദ് രിദാ ‘അല്‍ ഇമാമുല്‍ ഉദമാ’ എന്ന പേരില്‍ ഒരു ഗ്രന്ഥം എഴുതുകയും, ചില പ്രബോധകര്‍ ചേര്‍ന്ന് 1927 ല്‍ കൈറോയില്‍ ‘ജംഇയ്യത്തുശ്ശുബ്ബാനുല്‍ മുസ്‌ലിമൂന്‍’ എന്ന സംഘടനക്ക് രൂപം നല്‍കുകയും, ശൈഖ് ഹസനുല്‍ ബന്ന ‘അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍’ എന്ന പേരില്‍ 1928 ല്‍ ഒരു സംഘടന രൂപീകരിക്കുകയും ചെയ്തു. ഇസ്‌ലാമിക ഖിലാഫത്തിനെ തിരിച്ചു കൊണ്ടു വരികയും ഇസ്‌ലാമിക നാടുകളില്‍ ഇസ്‌ലാമിന്റെ പ്രായോഗിക രൂപങ്ങളെ പുനസ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഒരു പ്രധാന സ്ഥാപിത ലക്ഷ്യം. ഈ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി അത് നീണ്ടകാലം പ്രവര്‍ത്തിക്കുകയുണ്ടായി. അവസാനം ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയോടെ മുഹമ്മദ് മുര്‍സിയെ ഈജിപ്തിന്റെ പ്രസിഡന്റ് പദത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരാന്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന് സാധിച്ചു. 2012 ജൂണ്‍ 30 ന് അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സി 2013 ജൂണ്‍ ആകുമ്പോഴേക്കും അധികാരഭ്രഷ്ടനാകുന്ന കാഴ്ച്ചയാണ് ലോകം കണ്ടത്. ഇത് സാധ്യമാക്കിയ ആന്തരിക ഘടകങ്ങളും കാരണങ്ങളും എന്താണ്?

ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ മതേതരവല്‍ക്കരണം
പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തന്നെ ഈജിപ്ഷ്യന്‍ സമൂഹം മതേതരവല്‍ക്കരണത്തിന് വിധേയമായിട്ടുണ്ട്. ഇസ്മാഈല്‍ ബാഷ ഹുദൈവി പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി. ‘ഈജിപ്ത് യൂറോപ്പിന്റെ ഒരു ഭാഗമാണ്’. അതിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് ഈജിപ്ത് പാശ്ചാത്യ കര്‍മ്മപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്നാണ്. അതിന് ശേഷം ത്വാഹാ ഹുസൈന്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ അതുതന്നെ ആവര്‍ത്തിച്ചു. അദ്ദേഹം പറഞ്ഞു ‘ഒരു നാഗരിക രാഷ്ട്രമാകണമെന്ന് ഈജിപ്ത് ആഗ്രഹിക്കുന്നുവെങ്കില്‍ പാശ്ചാത്യ നാഗരികതയുടെ എല്ലാ വശങ്ങളും സ്വീകരിക്കാന്‍ തയ്യാറാവണം’. അതിനു ശേഷം അഹ്മദ് ലുത്വഫി സയ്യിദ്, ഇസ്മാഈല്‍ മള്ഹര്‍, മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍, അബ്ബാസ് മഹ്മൂദ് അഖാദ് തുടങ്ങിയ ഈജിപ്തിന്റെ സാംസ്‌കാരിക രംഗത്ത് ഉയര്‍ന്നു വന്നിട്ടുള്ള പലരും പ്രസ്തുത വാദത്തിന് പിന്‍ബലം നല്‍കി കൊണ്ടാണ് മുന്നോട്ട് പോയത്. ഇവരെല്ലാം പാശ്ചാത്യ സംസ്‌കാരത്തില്‍ ആകൃഷ്ടരായവരും ബ്രിട്ടീഷ് രാഷ്ട്രീയ രീതിയില്‍ മതിപ്പുള്ളവരുമായിരുന്നു. പാശ്ചാത്യ മാതൃകകളില്‍ ആകൃഷ്ടരായ ഇത്തരം ആളുകളുടെ വാദഗതികളുടെ ആകെത്തുക ഇതായിരുന്നു. ‘രാഷ്ട്രത്തില്‍ നിന്ന് മതത്തെ വേര്‍പ്പെടുത്തുക, അതിനെ പള്ളിയിലും ചര്‍ച്ചിലും മാത്രം പരിമിതപ്പെടുത്തുക. സാമൂഹികവും സാംസ്‌കാരികവും ചിന്താപരവുമായ മേഖലകളെ മതവിധികളില്‍ നിന്ന് അകറ്റി മാറ്റി പാശ്ചാത്യ മാതൃകകളില്‍ പുനഃസ്ഥാപിക്കുക’.

1952-ല്‍ വിപ്ലവം നടന്നതിന് ശേഷം അറുപതുകളില്‍ ജമാല്‍ അബ്ദുല്‍ നാസര്‍ മത-രാഷ്ട്രവിഭജനത്തില്‍ മാത്രം പരിമിതമാക്കാതെ, കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് തത്വങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു. ജനജീവിതത്തില്‍ നിന്ന് മതത്തെ ഊരിമാറ്റുകയും മതമൂല്യങ്ങളിലും അടിസ്ഥാനങ്ങളിലും അതിന്റെ നിര്‍വ്വഹണശേഷിയിലും സംശയങ്ങള്‍ ജനിപ്പിക്കുകയും ചെയ്തു. ഈ രീതിയിലുള്ള മതേതര വല്‍ക്കരണ ശ്രമങ്ങളാണ് നീണ്ടകാലം പിന്നെ ഈജിപ്തില്‍ നടന്നത്. അവസാനം ഒരു വിഭാഗം ഈജിപ്ഷ്യന്‍ ജനത മതേതരവല്‍ക്കരണത്തിന് വിധേയരായി. അവര്‍ മതമൂല്യങ്ങളെ ജീവിതത്തില്‍ നിന്നും ചിന്തയില്‍ നിന്നും അകറ്റി നിര്‍ത്തുകയും അതിനെ യാഥാര്‍ഥ്യങ്ങളല്ലാത്ത അന്ധവിശ്വാസങ്ങളായി കാണുകയും ചെയ്തു. എന്നാല്‍ സമൂഹത്തിലെ വലിയ വിഭാഗം മതത്തില്‍ ഉറച്ചു നില്‍ക്കുകയും അതിന്റെ നിര്‍വഹണ ശേഷിയിലും സന്ദേശങ്ങളിലും ശരീഅത്തിലും ജീവിത വീക്ഷണത്തിലെ സമഗ്രതയിലും വിശ്വാസം നിലനിര്‍ത്തുകയും ചെയ്തു.

2011-ലെ വിപ്ലവം നടന്നതിന് ശേഷം പാര്‍ലമെന്റിലേക്കും ശൂറാ കൗണ്‍സിലിലേക്കും പ്രസിഡന്റ് സ്ഥാനത്തേക്കും തിരഞ്ഞെടുപ്പുകള്‍ നടക്കുകയുണ്ടായി. അതുപോലെ ഭരണഘടനയുടെ മേലുള്ള നിരവധി ഹിതപരിശോധനകളും നടന്നു. ഇതെല്ലാം ഈജിപ്തിലെ ജനങ്ങളില്‍ ഭൂരിപക്ഷവും ഇസ്‌ലാമിന്റെ പക്ഷത്താണെന്നും മതേതരവല്‍ക്കരണം ന്യൂനപക്ഷത്തില്‍ മാത്രമേ നടന്നിട്ടുള്ളു എന്നും തെളിയിക്കുന്നതായിരുന്നു. ഭൂരിപക്ഷം ജനങ്ങളും തങ്ങളെ ഭരിക്കേണ്ടത് ഇസ്‌ലാമിക നിയമങ്ങളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതാണവര്‍ ബാലറ്റ് പെട്ടിയിലൂടെ തെളിയിച്ചത്. അപ്രകാരമാണ് മുര്‍സി അധികാരത്തില്‍ വന്നത്.

സ്വത്വം മാറ്റാനുള്ള പഴയ ശ്രമങ്ങള്‍
അറബ്-ഇസ്‌ലാമിക ആഭിമുഖ്യമുള്ള ഈജിത്യന്‍ സ്വത്വത്തെ പഴയ ഫറോവന്‍ വേരുകളിലേക്ക് തിരിച്ച് വിടാനുള്ള കുല്‍സിത ശ്രമങ്ങള്‍ നേരത്തെ തന്നെ നടത്തിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിന്റെ ശേഷമാണ് അത്തരം ശ്രമങ്ങള്‍ നടന്നത്. സഅ്ദ് സഅലൂല്‍, അഹ്മദ് ലുത്വഫി സയ്യിദ്, സലാമത്ത് മൂസ, ലൂയിസ് തുടങ്ങിയ ഈജിപ്തിലെ അതികായന്‍മാരാണ് ഇത്തരം ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

1952 -ല്‍ ജമാല്‍ അബ്ദുന്നാസര്‍ രംഗത്ത് വരികയും അറബ് ദേശീയതയിലേക്ക് ആളുകളെ ക്ഷണിക്കുകയും അറബ് ആഭിമുഖ്യത്തിലേക്ക് ഈജിപ്തിനെ തിരിച്ചു വിടുകയും ചെയ്തു. എന്നാല്‍ 1978 -ല്‍ പ്രസിഡന്റ് അന്‍വര്‍ സാദത്ത് കേമ്പ് ഡേവിഡ് കരാറില്‍ ഒപ്പുവെച്ചതിന്റെ ശേഷം അറബ് ലോകം അദ്ദേഹത്തെ ബഹിഷ്‌കരിച്ചതിന്റെ ഫലമായി വീണ്ടും ഈജിപ്ത് ഫറോവന്‍ വേരുകളിലേക്ക് തിരിച്ചു പോയി. ഈ രീതിയിലൂടെ തന്നെയാണ് ഹുസ്‌നി മുബാറക്കും ഈജിപ്തിനെ കൊണ്ടുപോയത്.
ഈ ശ്രമങ്ങളുടെയെല്ലാം ഫലമായി ഈജിപ്ഷ്യന്‍ ജനതയിലെ ഒരു വിഭാഗം ഈജിപ്ത് ഫറോവന്‍ സമൂഹമാണെന്നും, അതിന് ഇസ്‌ലാമുമായും അറബിയുമായും ഒരു ബന്ധവുമില്ലായെന്നും വിശ്വസിച്ച് പോന്നു. എന്നാല്‍ ഇത് തീര്‍ത്തും അബദ്ധജഡിലമായ ഒരു വീക്ഷണമാണ്. ഈജിപഷ്യന്‍ ജീവിതത്തിന്റെ സാമൂഹിക-സാംസ്‌കാരിക-ചിന്താ-വിദ്യാഭ്യാസ-കലാ-സാന്‍മാര്‍ഗിക-മൂല്യ മണ്ഡലങ്ങളിലെല്ലാം തന്നെ ഇസ്‌ലാമിന്റെ മേധാവിത്വപരമായ സാന്നിധ്യം കാണുവാന്‍ കഴിയും. ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ ആചാര സമ്പ്രദായങ്ങളിലും ഭക്ഷണ,വസ്ത്ര ധാരണ രീതികളിലും അഭിരുചികളിലും സ്വപ്‌നങ്ങളിലുമെല്ലാം ഇസ്‌ലാമിക മൂല്യങ്ങളുടെയും അധ്യാപനങ്ങളുടെയും സാന്നിധ്യം കാണാതിരിക്കാനാവില്ല.

അറബ് ഇസ്‌ലാമിക വേരുകളില്‍ നിന്ന് ഈജിപ്തിനെ മാറ്റാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല. മാത്രമല്ല ചില തിരുത്തല്‍ പ്രവണതകള്‍ ഉയര്‍ന്നു വരികയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അമ്പതുകളില്‍ മുഹമ്മദ് ഹൂസൈന്‍ ഹൈക്കല്‍ അബൂബക്കര്‍, ഉമര്‍ (റ) എന്നിവരെ കുറിച്ചും വഹ്‌യിന്റെ (വെളിപാട്) അവതരണത്തെക്കുറിച്ചും ത്വാഹാ ഹുസൈന്‍ തന്റെ ഇസ്‌ലാമിക അനുഭവങ്ങളെ കുറിച്ചും അഖാദ് ഇസ്‌ലാമിക ബുദ്ധിജീവികളെ കുറിച്ചും എഴുതുകയുണ്ടായി. അങ്ങനെ ഈജിപ്തിന്റെ ആഭിമുഖ്യം ഇസ്‌ലാമിനോടാണെന്ന് വെളിവാക്കുകയുണ്ടായി. അതേ സമയം ഈജിപ്തിന്റെ ഫറോവന്‍ വല്‍ക്കരണം ഒരു വിഭാഗത്തില്‍ സ്വാധീനം ചെലുത്തി. അവരാണ് മുര്‍സി വിരുദ്ധ പ്രക്ഷോഭത്തില്‍ അണിനിരന്നിട്ടുള്ളത്.

ഈജിപ്ഷ്യന്‍ സൈന്യം
ഈജിപ്ത്യന്‍ സൈന്യം 1952 ലെ വിപ്ലവത്തിന് ശേഷം രാഷ്ട്രത്തിന്റെ നേതൃതലങ്ങളില്‍ വളരെ സജീവമായി ഇടപെട്ട് കൊണ്ടിരിക്കുകയാണ്. ജമാല്‍ അബ്ദുന്നാസറിന്റെ കാലത്ത് നേരിട്ട് അധികാരം അവര്‍ നേടിയിട്ടുണ്ട്. ഈ പ്രവണത സാദത്തിന്റെയും മുബാറക്കിന്റെയും കാലത്തും തുടര്‍ന്നു. ഈ ഭരണാധികാരികളെല്ലാം സൈന്യത്തിന് വലിയ സ്ഥാനങ്ങള്‍ കല്‍പ്പിക്കുകയും തങ്ങളുടെ കയ്യിലുള്ള വലിയ സ്ഥാപനമായി പരിഗണിക്കുകയും ചെയ്തു. കാരണം രാഷ്ട്രത്തിന്റെ നെടുംതൂണും അതിന്റെ സംരക്ഷകരും അവരാണല്ലോ. ഭരണാധികാരികള്‍ക്കും സൈന്യത്തിനുമിടയില്‍ ചിന്താപരമായ യോജിപ്പും കാണപ്പെട്ടിരുന്നു. അവരുടെ ചിന്തകളിലേക്ക് സൈന്യത്തിന്റെ ചിന്തകളും അവര്‍ പരിവര്‍ത്തിപ്പിച്ചു. ഭരണാധികാരികള്‍ സെക്ക്യുലറിസ്റ്റുകളാകുമ്പോള്‍ സ്വാഭാവികമായും സൈന്യവും സെക്ക്യുലറിസ്റ്റുകളാകുന്നു. അതുകൊണ്ടുതന്നെ ഈ ഭരണാധികാരികളുടെ കാലത്തൊന്നും ഇസ്‌ലാമിന്റെ ഒരു സ്വാധീനവും സൈന്യത്തിലേക്ക് കടന്നു വന്നിട്ടില്ല. ഇസ്‌ലാമിസ്റ്റുകളെ അതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്തു.

1978- ലെ ഇസ്രായേലുമായുള്ള കേമ്പ്‌ഡേവിഡ് കരാറില്‍ അന്‍വര്‍ സാദത്ത് ഒപ്പു വെച്ചതിന് ശേഷം ഈജിപ്ഷ്യന്‍ സൈന്യം അമേരിക്കന്‍ സൈന്യവുമായി അഗാധമായ ബന്ധം സ്ഥാപിക്കുകയും അതിന്റെ ഫലമായി അമേരിക്ക അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുകയും വര്‍ഷാവര്‍ഷം മില്യണ്‍ കണക്കിന് സാമ്പത്തിക സഹായം അനുവദിക്കുകയും ചെയ്തു. ഇതിലൂടെ ഈജിപ്ഷ്യന്‍ സൈന്യത്തെ മതേതരവല്‍ക്കരിക്കാനും അമേരിക്ക പിന്തുണ നല്‍കി. കാരണം ഇത് അമേരിക്കന്‍ രാഷ്ട്രീയ നയത്തെ സഹായിക്കാന്‍ പര്യാപ്തമായിരുന്നു.

അമേരിക്കക്കും ഈജിപ്തിനുമിടയിലുള്ള സൈനിക സഹകരണത്തിലൂടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം പരസ്പരം വിനിമയം ചെയ്യപ്പെട്ടു. മുര്‍സിക്കും തന്റെ രാഷ്ട്രീയ നയങ്ങള്‍ക്കുമെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണം അവര്‍ രാഷ്ട്രത്തെ ഇഖ്‌വാന്‍ വല്‍ക്കരിക്കുന്നു എന്നാണ്. അങ്ങനെ സൈന്യം ഇരുകൂട്ടരോടും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ആവശ്യപ്പെട്ടു. ശേഷം ജൂണ്‍ 30 -ന് പ്രതിപക്ഷ സമരം ശക്തിപ്പെട്ടു. പ്രസിഡന്റ് മുര്‍സി രാജിവെക്കുക എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. ഇതിനിടയില്‍ പ്രശ്‌നം പരിഹരിക്കാന്‍ 48 മണിക്കൂര്‍ സമയം നല്‍കുകയും അതിനിടയില്‍ പരിഹാരമായില്ലെങ്കില്‍ സൈന്യം ഇടപെടുമെന്നും മുന്നറിയിപ്പ് നല്‍കി. അവസാനം മുര്‍സിയെ പുറത്താക്കികൊണ്ടുള്ള ചാര്‍ട്ട് സൈന്യം പുറപ്പെടുവിച്ചു. എന്തിനാണ് സൈനിക മേധാവിയായ അബ്ദുല്‍ ഫത്താഹ് സീസി ഇത് ചെയ്തത്?

സെക്ക്യുലറിസത്തോടാണ് സൈന്യത്തിന് ആഭിമുഖ്യമുള്ളത്. അപ്പോള്‍ സ്വാഭാവികമായും സെക്ക്യുലറിസത്തിലധിഷ്ഠിതമായ പ്രതിപക്ഷത്തോട് യോജിച്ച് പോവാന്‍ അവര്‍ ശ്രമിക്കും. അതിലൂടെ രാഷ്ട്രത്തിലെ സെക്ക്യുലറിസത്തെയും സെക്ക്യുലറിസ്റ്റുകളെയും സംരക്ഷിക്കാന്‍ സൈന്യം തയ്യാറാവും. തുര്‍ക്കിയില്‍ സൈന്യം ചെയ്തത് അതാണ്. ചുരുക്കത്തില്‍ മുര്‍സിയെ അധികാരഭ്രഷ്ടനാക്കിയതില്‍ മൂന്ന് ഘടകങ്ങളാണ് പ്രധാനമായും പങ്ക് വഹിച്ചതെന്ന് കാണാം. 1. സെക്ക്യുലര്‍ ധാര. 2. രാഷ്ട്രത്തിലെ ഫറോവന്‍ തരംഗം. 3. ഈജിപ്ഷ്യന്‍ സൈന്യം.

വിവ : സൈനുല്‍ ആബിദീന്‍ ദാരിമി

Related Articles