Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെ പ്രതിനിധീകരിച്ച മൂന്ന് ഒളിമ്പിക്‌സ് താരങ്ങള്‍

rio-muslim-st.jpg

ഉദ്ഘാടന ചടങ്ങിന് മുമ്പ് വരെ ഭീകരവാദം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടാണ് 2016 റിയോ ഒളിമ്പിക്‌സിന്റെ പരിസരത്ത് ഇസ്‌ലാം എന്ന പദം ഉപയോഗിക്കപ്പെട്ടിരുന്നത്. പക്ഷെ മത്സരം അവസാനഘട്ടത്തിലെത്തിയതോടെ, മുസ്‌ലിം അത്‌ലറ്റുകളുടെ മെഡല്‍ നേട്ടങ്ങള്‍ക്ക് മുന്നില്‍ ഭീകരാക്രമണ ഭീഷണി നിഷ്പ്രഭമാക്കപ്പെട്ടു, വാര്‍പ്പുമാതൃകകള്‍ ഉടഞ്ഞു വീണു.

റിയോയിലെ സംശയത്തോടെയുള്ള നോട്ടത്തിനും, വംശീയതക്കും, ഇസ്‌ലാമോഫോബിയക്കും ഇടയില്‍ ഒളിമ്പിക്‌സ് മത്സരവേദിയില്‍ വിജയഭേരി മുഴക്കിയ മുസ്‌ലിം അത്‌ലറ്റുകളുടെ മികച്ച ഉദാഹരണങ്ങളാണ് മൊ ഫറാഹ്, സാറ അഹ്മദ്, ഇബ്തിഹാജ് മുഹമ്മദ് എന്നിവര്‍.

ആഗസ്റ്റ് 13-ന്, 10000 മീറ്റര്‍ ഓട്ടത്തില്‍ സൊമാലിയന്‍ വംശജനായ ബ്രിട്ടന്റെ ദീര്‍ഘദൂര ഓട്ടക്കാരന്‍ മൊ ഫറാഹ് തുടര്‍ച്ചയായി രണ്ടാം തവണയും സുവര്‍ണ പതക്കം നേടുകയുണ്ടായി. മത്സരത്തിനിടയില്‍, മറ്റൊരു മത്സരാര്‍ത്ഥിയുടെ കാലുമായി താരത്തിന്റെ കാല്‍ കെട്ടിപിണയുകയും ട്രാക്കില്‍ വീഴുകയും ചെയ്തു. ഉടനടി എഴുന്നേറ്റ് പിന്നില്‍ നിന്നും ഓട്ടം തുടര്‍ന്ന അദ്ദേഹം ഓരോരുത്തരെയായി മറികടന്നാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്.

ഫിനിഷിംഗ് ലൈന്‍ കടന്നതിന് ശേഷം, ഫറാഹ് ഒരിക്കല്‍ കൂടി ട്രാക്കില്‍ വീണു- ഇത്തവണ പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയായിരുന്നു. സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ അദ്ദേഹം ശിരസ്സ് കുനിച്ചു. മൂന്നാമത് സ്വര്‍ണ്ണ മെഡലിലേക്ക് കെനിയയുടെ പോള്‍ കിപ്‌നഗച്ച് താനുയിയെ പിന്നിലാക്കി കൊണ്ടുള്ള കുതിപ്പ് തികച്ചും നാടീകയമായി തന്നെയായിരുന്നു.

ലോകത്തുനീളം മുസ്‌ലിംകളെ കുറിച്ച് സൃഷ്ടിക്കപ്പെട്ടിട്ടുള്ള വിനാശകരമായ വാര്‍പ്പുമാതൃകകളെ തട്ടിതകര്‍ക്കാന്‍ പോന്നതാണ് ഫറാഹ് നടത്തിയ പ്രാര്‍ത്ഥന. ഫറാഹിനെയും മറ്റനേകം മുസ്‌ലിം അത്‌ലറ്റുകളെയും സംബന്ധിച്ചിടത്തോളം, വിശ്വാസം എന്നത് കേവലം യാദൃശ്ചികമല്ല, മറിച്ച് അവരുടെ മത്സര രംഗത്തെ മികവിന്റെ മര്‍മ്മമാണ് വിശ്വാസം. ‘സാധാരണയായി മത്സരത്തിന് മുമ്പ് ഞാന്‍ പ്രാര്‍ത്ഥിക്കും, ദുആകള്‍ ഉരുവിടും, എത്ര കഠിനമായാണ് ഇതിന് വേണ്ടി ഞാന്‍ പണിയെടുത്തതെന്നതിനെ കുറിച്ച് ചിന്തിക്കും, എന്നിട്ട് അത് നേടാനായി ഇറങ്ങും..’

ഹിജാബ് ധരിച്ച ഒരു യുവതി ബലഹീനതയുടെയും ശക്തിയില്ലായ്മയുടെ പ്രതീകമായാണ് എല്ലായ്‌പ്പോഴും കണക്കാക്കപ്പെടാറുള്ളത്. പക്ഷെ ഈജിപ്ഷ്യന്‍ ഭാരദ്വാഹക സാറാ അഹ്മദിന്റെ കാര്യം നേരെ മറിച്ചാണ്. ലോകത്തിലെ ഒട്ടുമിക്ക വനിതാ താരങ്ങളെയും മറികടക്കാന്‍ അവര്‍ക്ക് കഴിയുമെന്ന പോലെ തന്നെ, വളരെ ചുരുക്കം ചിലര്‍ക്ക് മാത്രം സ്വന്തമായുള്ള ശാരീരികാരോഗ്യമാണ് അവര്‍ക്കുള്ളത്.

ഉടല് മുഴുവന്‍ മറയ്ക്കുന്ന കറുത്ത വസ്ത്രവും, ചുവന്ന ഹിജാബും അണിഞ്ഞ, കുറിയ ശരീരപ്രകൃതമുള്ള അഹ്മദ് 255 കിലോഗ്രാം ഉയര്‍ത്തിയാണ് 69 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയത്. അഹ്മദ് ഈജിപ്തില്‍ ഒരു തരംഗമായി മാറി. 104 വര്‍ഷത്തെ രാജ്യത്തിന്റെ ഒളിമ്പിക്‌സ് ചരിത്രത്തില്‍ മെഡല്‍ നേടുന്ന പ്രഥമ വനിതയും, ഭാരദ്വാഹനത്തില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന പ്രഥമ അറബ് വനിതയും സാറയാണ്. മുസ്‌ലിം സ്ത്രീത്വത്തിന്റെയും, ശക്തിയുടെയും പ്രതിനിധിയാണ് സാറ.

ആഗോള ശ്രദ്ധ പിടിച്ച് പറ്റുന്നതിന് വളരെ മുമ്പ് തന്നെ അമേരിക്കന്‍ മുസ്‌ലിം സമൂഹത്തിലെ ഒരു സുവര്‍ണ്ണ താരമായിരുന്നു ഇബ്തിഹാജ് മുഹമ്മദ്. ‘ഹിജാബ് ധരിച്ചു കൊണ്ട് മത്സരിച്ച ആദ്യത്തെ യു.എസ് ഒളിമ്പ്യന്‍’ എന്നതിനേക്കാള്‍ മറ്റു പലതുമാണ് അവള്‍. മുസ്‌ലിംകളും മുസ്‌ലിംകള്‍ അല്ലാത്തവരും ഒരുപോലെ വളരെകാലം അവഗണിച്ച ഒരു പ്രശ്‌നം അവള്‍ ഉയര്‍ത്തി കൊണ്ടുവന്നു: ആഫ്രിക്കന്‍ അമേരിക്കന്‍ മുസ്‌ലിംകളുടെ ഭിന്നമായ അനുഭവങ്ങളും, വംശീയതയും, ഇസ്‌ലാമോഫോബിയയും സൃഷ്ടിച്ച വിപത്തുകളും.

മുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കരുതെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇബ്തിഹാജ് പ്രതികരിക്കുകയുണ്ടായി: ‘ഞാന്‍ ആഫ്രിക്കന്‍ അമേരിക്കനാണ്. എനിക്ക് പോകാന്‍ മറ്റൊരു വീടില്ല. ഇവിടെയാണ് എന്റെ കുടുംബം ജനിച്ച് വളര്‍ന്നത്. ഞാനും ഇവിടെയാണ് ജനിച്ചത്. ന്യൂജേഴ്‌സിയിലാണ് ഞാന്‍ വളര്‍ന്നത്. ന്യൂജേഴ്‌സിയില്‍ നിന്നുള്ളവരാണ് എന്റെ കുടുംബം മൊത്തം. ശരി, ഞങ്ങള്‍ എങ്ങോട്ടാണ് പോകേണ്ടത്?’

ഒളിമ്പിക്‌സില്‍ അവള്‍ വെങ്കലം കരസ്ഥമാക്കി. പക്ഷെ അവള്‍ തരണം ചെയ്ത് കടന്ന് വന്ന ദുര്‍ഘടമായ വഴികളിലേക്ക് നോക്കുമ്പോള്‍, സ്വര്‍ണ്ണ തിളക്കമാണ് ആ വെങ്കലത്തിന്.

Related Articles