Current Date

Search
Close this search box.
Search
Close this search box.

അന്നഹ്ദയുടേത് ധീരമായ കാല്‍വെപ്പ്‌

annahda.jpg

തുനീഷ്യയിലെ അന്നഹ്ദയുടെ രാഷ്ട്രീയ ഇസ്‌ലാമില്‍ നിന്നുള്ള മാറ്റം നമ്മിലുണ്ടാക്കിയിരിക്കുന്ന ഞെട്ടല്‍ മാറിയിട്ടില്ല. അതിന്റെ പ്രഖ്യാപനം കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും അതിനെ ചൊല്ലിയുള്ള ബഹളങ്ങളും ആശങ്കകളും അവസാനിച്ചിട്ടില്ല. അന്നഹ്ദയുടെ പത്താം സമ്മേളന വേദിയില്‍ പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാശിദ് ഗന്നൂശി പന്ത്രണ്ടായിരത്തിലധികം ആളുകളുടെ മുന്നില്‍ വെച്ചാണ് അത് പ്രഖ്യാപിച്ചത്. അവിടെ സന്നിഹിതരായിരുന്നവര്‍ എല്ലാം അന്നഹ്ദ അനുഭാവികളായിരുന്നില്ല. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിക്കുന്നവര്‍ അവിടെയുണ്ടായിരുന്നു. മാത്രമല്ല, സമ്മേളനത്തിന്റെ ഒന്നാം നിരയില്‍ തന്നെ ദസ്തൂര്‍ പാര്‍ട്ടി നേതാക്കളും ബുര്‍ഖീബയുടെയും ബിന്‍ അലിയുടെ ഭരണങ്ങള്‍ക്കിടെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരും സ്ഥാനം പിടിച്ചിരുന്നുവെന്നുള്ളത് ശ്രദ്ധേയമാണ്. ദസ്തൂര്‍ – ഇസ്‌ലാമിസ്റ്റ് ചിന്താധാരകള്‍ക്കിടയിലെ സംഘട്ടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

അന്നഹ്ദക്കുള്ള അനുരഞ്ജന താല്‍പര്യമാണ് വിവിധ മതേതര കക്ഷി നേതാക്കളുടെ ഈ സാന്നിദ്ധ്യം കാണിക്കുന്നത്. പ്രബോധന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുകയാണെന്ന് ഗന്നൂശി തന്റെ പ്രഭാഷണത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ മറ്റ് ജനകീയ കൂട്ടായ്മകള്‍ക്ക് വിട്ടുകൊടുത്ത് പ്രസ്ഥാനം പൂര്‍ണമായും രാഷ്ട്രീയത്തിലായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അനുരഞ്ജനത്തിലൂടെ വളര്‍ച്ചയും ഉണര്‍ച്ചയും സാക്ഷാല്‍കരിക്കലും ആധുനിക രാഷ്ട്രത്തിന്റെ നിര്‍മാണവുമായിരിക്കും വരും ഘട്ടത്തില്‍ അന്നഹ്ദയുടെ അടിസ്ഥാന ദൗത്യം. ‘പ്രസ്ഥാനത്തിനും മുമ്പേയാണ് രാഷ്ട്രം’ എന്ന പ്രഖ്യാപനത്തിലൂടെ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഫത്താഹ് മോറോ അത് ചുരുക്കി പറഞ്ഞു.

തുനീഷ്യയിലെ രാഷ്ട്രീയ പാര്‍ട്ടികളോട് സമദൂര നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടായിരുന്നതായി തുനീഷ്യന്‍ പ്രസിഡന്റ് ബാജി ഖായിദ് സിബ്‌സി തന്റെ സംസാരത്തില്‍ സൂചിപ്പിച്ചു. എന്നാല്‍ മുന്‍ ഭരണകൂടത്തെ താഴെയിറക്കിയതിന് ശേഷം അനുരഞ്ജനം സാക്ഷാല്‍കരിക്കുന്നതിലും സുസ്ഥിരത നിലനിര്‍ത്തുന്നതിലും അന്നഹ്ദ നിര്‍വഹിച്ച പങ്ക് മാനിച്ച് ഉദ്ഘാടനത്തില്‍ പങ്കാളിയാവാനാണ് അദ്ദേഹം തീരുമാനിച്ചത്. അന്നഹ്ദ ഒരു തുനീഷ്യന്‍ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്നും അതിന്റെ കൂറ് തുനീഷ്യയോട് മാത്രമായിരിക്കുമെന്നും ഉറപ്പാക്കാന്‍ അന്നഹ്ദ അനുയായികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

അന്നഹ്ദയുടെ ഈ മാറ്റത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്തു. അട്ടിമറിയെന്നും രാഷ്ട്രീയ ഭൂകമ്പമെന്നുമെല്ലാം ചിലര്‍ അതിനെ വിശേഷിപ്പിച്ചു. അതേസമയം മറ്റുചിലര്‍ പറഞ്ഞത് ഗന്നൂശി സെക്യുലറിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നുവെന്നായിരുന്നു. മതവും രാഷ്ട്രീയവും വേര്‍തിരിക്കപ്പെട്ടല്ലോ എന്നാശ്വസിച്ച ഒരു വിഭാഗം അതിനെ സ്വാഗതം ചെയ്തു. രാഷ്ട്രീയ ഇസ്‌ലാമിന്റെ പരാജയമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ചിലര്‍ വിലയിരുത്തി. ഈജിപ്ത് ഭരണകൂടം ബ്രദര്‍ഹുഡിനോട് സ്വീകരിക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിലുള്ള ഒരു മാറ്റമായിട്ടാണ് മറ്റു ചിലര്‍ ഇതിനെ വായിച്ചത്.

അന്നഹ്ദയുടെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് 152 പേജുള്ള ഒരു റിപോര്‍ട്ട് വിതരണം ചെയ്തിരുന്നു. പ്രസ്ഥാനം കടന്നുവന്ന വിവിധ ഘട്ടങ്ങളും അതിലെ അനുഭവങ്ങളെയും സംഭവിച്ച പാളിച്ചകളും കുറിച്ച് അതില്‍ വിവരിക്കുന്നുണ്ട്. പ്രബോധന പ്രവര്‍ത്തനങ്ങളും മറ്റ് സാംസ്‌കാരിക പരിപാടികളും ഉപേക്ഷിച്ച് സമ്പൂര്‍ണ രാഷ്ട്രീയ പാര്‍ട്ടിയിലേക്കുള്ള മാറ്റത്തെ കുറിച്ചും അതില്‍ പറയുന്നു. ചിന്താപരവും സാമൂഹികവുമായ പുരോഗതിയുടെ പാതയിലുള്ള ഒരു കാല്‍വെപ്പായിട്ടാണ് റിപോര്‍ട്ട് പ്രസ്തുത പദ്ധതിയെ പരിചയപ്പെടുത്തുന്നത്. ഇസ്‌ലാമിക പ്രമാണങ്ങളുടെയും തുനീഷ്യന്‍ ഭരണഘടനയുടെയും അതനുശാസിക്കുന്ന നിയമങ്ങളുടെയും അടിസ്ഥാനത്തിലുള്ള നാഗരിക പരിഷ്‌കരണ പദ്ധതിയെന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്.

പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ശബ്ദ കോലാഹളങ്ങളുടെ പശ്ചാത്തലത്തില്‍ അതിനെ കുറിച്ച് ശൈഖ് ഗന്നൂശിയോട് ഞാന്‍ ചോദിച്ചു. മതത്തില്‍ നിന്നും രാഷ്ട്രീയത്തെ വേര്‍പെടുത്തുന്നതിനെ കുറിച്ച് ഞാന്‍ സംസാരിച്ചിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ അവ രണ്ടിനെയും രണ്ടായി കാണുകയെന്നുള്ളത് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നയമാണ്. ഇസ്‌ലാമിന്റെ സമഗ്രത കൊണ്ടുദ്ദേശ്യം അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സമഗ്രതയല്ല. കാരണം ആ സംഘടനകളുടെ മേഖലകള്‍ പലതായിരിക്കും. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ സ്‌പെഷ്യലൈസേഷന്‍ അവ സ്വയം നിര്‍ബന്ധമാക്കും. രാഷ്ട്രീയ രംഗത്തുണ്ടാവുന്ന മാറ്റങ്ങളോ വേലിയേറ്റങ്ങളോ ബാധിക്കാതെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് അത് തുടരാന്‍ ഈ വേര്‍തിരിക്കല്‍ സഹായകമാകും.

കാലത്തിനനുസരിച്ച് പേരിലും ചിന്തകളിലും പുരോഗതി വരുത്തിയിട്ടുള്ള പ്രസ്ഥാനമാണ് അന്നഹ്ദ. ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ ആരംഭിച്ച അത് ഒരു ഘട്ടത്തില്‍ The Movement of Islamic Tendency എന്ന പേര് സ്വീകരിച്ചു. പിന്നീടത് അന്നഹ്ദയായി മാറി. ബൂര്‍ഖീബയുടെ കാലത്ത് പാശ്ചാത്യവല്‍കരണത്തിന്റെ കാറ്റ് ആഞ്ഞുവീശിയപ്പോള്‍ അസ്ഥിത്വത്തിന് വേണ്ടി ശക്തമായ പോരാട്ടം നടത്തിയ ആദര്‍ശ പ്രസ്ഥാനമായിരുന്നു അത്. ബിന്‍ അലിയുടെ സ്വേഛാധിപത്യ ഭരണത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ നിലകൊണ്ട പോരാട്ട പ്രസ്ഥാനമായിരുന്നു അത്. മുന്‍ ഭരണകൂടത്തെ താഴെയിറക്കുകയും രാഷ്ട്രത്തിന്റെ ഔദ്യോഗിക മതം ഇസ്‌ലാമായി ഭരണഘടനയില്‍ ഇടം പിടിക്കുകയും ചെയ്തതോടെ അന്നഹ്ദ ജനാധിപത്യ ദേശീയ പ്രസ്ഥാനമായി മാറി. നിര്‍ബന്ധിതമായ ഏതെങ്കിലും സാഹചര്യത്തിന്റെ ഫലമല്ലെങ്കിലും അവസാനമായി പ്രസ്ഥാനത്തിനുണ്ടായിരിക്കുന്ന മാറ്റവും അതിന്റെ പുരോഗതിയുടെ ഭാഗമാണ്. നിലവിലെ സാഹചര്യത്തിന്റെ തേട്ടമായിട്ടാണ് അതിനെ കാണേണ്ടത്.

മുസ്‌ലിംകളുടെ ഭാഗത്തു നിന്നും സെക്യുലറിസ്റ്റുകളുടെ ഭാഗത്തു നിന്നുമുള്ള ഭീകരതയെ തുനീഷ്യ അഭിമുഖീകരിക്കുന്നുണ്ട്. മുന്‍ കഴിഞ്ഞ രണ്ട് ഭരണകൂടങ്ങള്‍ക്ക് കീഴിലുള്ള 22 വര്‍ഷക്കാലം ദീനിനെ ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നിരുന്നതെന്നതാണ് മുസ്‌ലിം ഭീകരതയുടെ കാരണം. അന്നഹ്ദ പ്രസ്ഥാനത്തെ നേരിടല്‍ അവയുടെ മുഖ്യ അജണ്ടയായി മാറിയപ്പോള്‍ പല രൂപത്തിലും സലഫിസത്തിന് വിശാലമായ വാതിലുകള്‍ തുനീഷ്യയില്‍ തുറക്കപ്പെട്ടു. ഇതോടൊപ്പം തന്നെ മതത്തോട് കടുത്ത വിരോധം വെച്ചുപുലര്‍ത്തുന്ന സെക്യുലര്‍ ഭീകരതയും വളര്‍ന്നു. രാഷ്ട്രീയ പ്രവര്‍ത്തനം പ്രബോധന പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചിരിക്കുന്നുവെന്ന് രാഷ്ട്രീയത്തെയും പ്രബോധന പ്രവര്‍ത്തനങ്ങളെയും ഒരുമിച്ചു കൊണ്ടു നടന്ന അനുഭവ സമ്പത്തിലൂടെ അന്നഹ്ദ തിരിച്ചറിഞ്ഞിരിക്കുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനത്തെയും പ്രബോധന പ്രവര്‍ത്തനത്തെയും വേര്‍തിരിച്ചു നിര്‍ത്തല്‍ ഇസ്‌ലാമിക പ്രവര്‍ത്തന മണ്ഡലത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു ആശയമല്ല. എന്നാല്‍ അത് വലിയ ചര്‍ച്ചകള്‍ക്ക് വിഷയമായിരിക്കുന്നു. അറബ് അന്തരീക്ഷമുള്ള തുനീഷ്യയില്‍ അത് സംഭവിച്ചിരിക്കുന്നു എന്നതാണതിന് കാരണം. അന്നഹ്ദയുടെ ഈ മാറ്റത്തെ ചിലരെല്ലാം രാഷ്ട്രീയ ഇസ്‌ലാമിന്റെ പരാജയമായും സെക്യുലറിസത്തിന്റെ വിജയമായും വിശേഷിപ്പിക്കുന്നുണ്ടെങ്കിലും പുരോഗതിയിലേക്കുള്ള ശ്രദ്ധേയമായ കാല്‍വെപ്പായിട്ടാണ് ഞാനതിനെ കാണുന്നത്.

ഡോ. മുഹമ്മദ് ഇമാറ അദ്ദേഹത്തിന്റെ ‘ഇസ്‌ലാമിയത്തുദ്ദൗല വല്‍ മദനിയ്യത്തി വല്‍ ഖാനൂന്‍’ എന്ന ഗ്രന്ഥത്തില്‍ ഈജിപ്തിലെ ഭരണഘടനാ നിയമത്തിന്റെ പിതാവായി അറിയപ്പെടുന്ന അബ്ദുറസാഖ് സന്‍ഹൂരിയെ ഉദ്ധരിച്ചു കൊണ്ട് വിവരിക്കുന്നത് ശ്രദ്ധേയമാണ്. 1929-ല്‍ ‘അല്‍മുഹാമാത്’ മാസിക പ്രസിദ്ധീകരിച്ച സന്‍ഹൂരിയുടെ പഠനം മതത്തെയും രാഷ്ട്രത്തെയും വേര്‍തിരിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. അതോടൊപ്പം തന്നെ അവയെ പരസ്പരം ‘വേര്‍പെടുത്തുന്നതിനെ’ അദ്ദേഹം എതിര്‍ക്കുകയും ചെയ്യുന്നു. മതത്തില്‍ നിന്നും രാഷ്ട്രീയത്തെ വേര്‍തിരിക്കലും വേര്‍പെടുത്തലും രണ്ടാണെന്ന് അഭിപ്രായപ്പെട്ട വേറെയും ചിന്തകരുണ്ട്.

ജോര്‍ദാനിലും മൊറോക്കോയിലും ഈജിപ്തിലുമെല്ലാം ഈ വേര്‍തിരിവ് നേരത്തെ അവിടത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രായോഗികമായി നടത്തിയിട്ടുള്ളതാണ്. 1946ല്‍ ജോര്‍ദാനില്‍ ആരംഭിച്ച ബ്രദര്‍ഹുഡ് 1992ല്‍ ഇസ്‌ലാമിക് ആക്ഷന്‍ ഫ്രന്റ് എന്ന പേരിലാണ് തെരെഞ്ഞെടുപ്പില്‍ പങ്കെടുത്തത്. മൊറോക്കോയില്‍ 1992ല്‍ ‘ഹര്‍കത്തു തൗഹീദ് വല്‍ ഇസ്‌ലാഹ്’ എന്ന പേരിലാണ് ഇസ്‌ലാമിക പ്രസ്ഥാനം ആരംഭിച്ചത്. 1997ല്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി രൂപീകരിച്ചാണത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഈ രണ്ട് അനുഭവങ്ങള്‍ക്കിടയില്‍ സാമ്യതകളുള്ളത് പോലെ വ്യത്യാസങ്ങളുമുണ്ടായിരുന്നു. ജോര്‍ദാനില്‍ ഇസ്‌ലാമിക പ്രസ്ഥാനവും രാഷ്ട്രീയ പാര്‍ട്ടിയും ഒരു നേതൃത്വത്തിന് കീഴിലായിരുന്നു. പാര്‍ട്ടി അവിടെ തെരെഞ്ഞെടുപ്പില്‍ പങ്കെടുത്തെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ അതിന് സാധിച്ചില്ല. ഭൂരിപക്ഷം നേടാനാവത്തിനാല്‍ പാര്‍ലമെന്റിലും ഭരണകൂടത്തിലും പരിമിതമായ പ്രാതിനിധ്യം മാത്രമാണ് അതിന് ലഭിച്ചത്. എന്നാല്‍ മൊറോക്കോയില്‍ തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണുള്ളത്. ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി അവിടെ സ്വതന്ത്രമായിട്ടാണ് നിലകൊണ്ടത്. നിയമനിര്‍മാണ സഭയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച അവര്‍ക്ക് 2011ലെ പൊതു തെരെഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്തെത്താനും സാധിച്ചു. മറ്റ് മൂന്ന് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഇലാഹ് ബെന്‍കെറാന് പ്രധാനമന്ത്രിയുമായി. ഇന്നും ആ ഭരണകൂടമാണ് അവിടെ നിലനില്‍ക്കുന്നത്.

പരിമിതമായ ഒരനുഭവമാണ് ഈജിപ്തിന്റേത്. 1927ല്‍ സ്ഥാപിക്കപ്പെട്ട ബ്രദര്‍ഹുഡ് 2011ല്‍ ജനുവരി 25 വിപ്ലവത്തിന് ശേഷം ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിക്ക് രൂപം കൊടുത്തു. എന്നാല്‍ പാര്‍ട്ടിയില്‍ ബ്രദര്‍ഹുഡ് ഇടപെടലുകളുണ്ടായിരുന്നു. 2013ല്‍ ബ്രദര്‍ഹുഡ് നിരോധിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടിയും തകര്‍ച്ച നേരിടുന്നതിനത് കാരണമായി. എന്നാല്‍ ഈജിപ്തില്‍ ഇസ്‌ലാമിക അടിത്തറയില്‍ രണ്ട് പാര്‍ട്ടികള്‍ കൂടി സ്ഥാപിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. ‘അല്‍വസ്ത്വ്’, മിസ്ര്‍ അല്‍ഖവിയ്യ’ പാര്‍ട്ടികളാണവ. അതിന് പുറമെ സലഫികള്‍ ‘അന്നൂര്‍’ പാര്‍ട്ടിയും രൂപീകരിച്ചു. ബ്രദര്‍ഹുഡ് ഭരണത്തിന് കീഴില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ ‘അന്നൂര്‍’ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഇതില്‍ നിന്നെല്ലാം മൊറോക്കോയുടെ അനുഭവത്തില്‍ നിന്നും വെളിച്ചം സ്വീകരിച്ചാണ് അന്നഹ്ദ രാഷ്ട്രീയത്തില്‍ നിന്നും പ്രബോധന പ്രവര്‍ത്തനങ്ങളെ വേര്‍തിരിച്ചിക്കുന്നതെന്ന് നമുക്ക് പറയാം.

ഇതിലൂടെ ധീരമായ കാല്‍വെപ്പാണ് അന്നഹ്ദ നടത്തിയിരിക്കുന്നത്. ശൈഖ് റാശിദുല്‍ ഗന്നൂശിയടക്കമുള്ള അതിന്റെ നേതാക്കളുടെ ഉത്കര്‍ഷേച്ഛയാണത് പ്രകടമാക്കുന്നത്. വളരെ നേരത്തെ ജനാധിപത്യത്തിന് വേണ്ടി ശബ്ദിച്ച വ്യക്തിയാണ് ഗന്നൂശി. അദ്ദേഹത്തിന്റെ രചനകളില്‍ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. അതില്‍ അവസാനത്തേതാണ് 2011ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ജനാധിപത്യവും മനുഷ്യാവകാശവും ഇസ്‌ലാമില്‍’ എന്ന പുസ്തകം. അതോടൊപ്പം എനിക്ക് പറയാനുള്ള കാര്യം, ഈ കാല്‍വെപ്പ് പ്രസ്ഥാനത്തിന്റെ കെട്ടുറപ്പിലുണ്ടാക്കുന്ന സ്വാധീനവും അതിനായി കാത്തിരിക്കുന്ന കഴുകക്കണ്ണുകളെയും നാം കരുതിയിരിക്കേണ്ടതുണ്ടെന്നാണ്. അന്നഹ്ദയുടെ ഈ കാല്‍വെപ്പിനെ പിന്തുണക്കുന്നതോടൊപ്പം പ്രബോധന രംഗത്ത് സലഫികള്‍ മാത്രമായി പോകുന്ന അവസ്ഥക്കിത് കാരണമാകുമോ എന്ന ഭയം എനിക്കുണ്ട്. ഉപകാരത്തേക്കാള്‍ ഉപദ്രവമാണതുണ്ടാക്കുക. അധികാരത്തിലേക്കുള്ള അന്നഹ്ദയുടെ ഈ പോക്കില്‍ വഴികേടുകള്‍ ബാധിക്കുമോ എന്നതും ഞാന്‍ ഭയക്കുന്ന കാര്യമാണ്. ഈ രണ്ട് കാര്യത്തിലും വിജയിക്കാന്‍ സാധിച്ചാല്‍ വേറിട്ട ചരിത്രാനുഭവമായിരിക്കും ഈ മാറ്റമുണ്ടാക്കുക.

സംഗ്രഹം: നസീഫ് തിരുവമ്പാടി

Related Articles