Current Date

Search
Close this search box.
Search
Close this search box.

സ്വയം വളരാനുള്ള വഴികൾ

ജീവിതത്തിൽ പുരോഗതിയും മുന്നേറ്റവും കൈവരിക്കാനാണല്ലോ എല്ലാവരും സ്കൂളുകളിൽ പോവുന്നതും വിദ്യാഭ്യാസം നേടുന്നതും. വിവിധ തരം വിജ്ഞാനങ്ങളുടെ കലവറകൾ തുറക്കാനുള്ള അറിവ് ഗുരുമുഖത്ത് നിന്നും അങ്ങനെ നാം ആർജ്ജിക്കുന്നു. വിജ്ഞാനം വെളിച്ചവും ശക്തിയുമാണെന്നും അത് നേടാനുള്ള പരിശ്രമം ജീവിതാവസാനം വരെ തുടരണമെന്നും നമ്മുടെ ഗുരുവര്യന്മാർ പഠിപ്പിച്ചതായിരുന്നു. പക്ഷെ പലപ്പോഴും ജീവിത തിരക്കിനിടയിൽ നാം അത് വിസ്മരിച്ച് പോവാറുണ്ട്.

അറിവ്, നൈപുണ്യം, സർഗ്ഗാത്മക കഴിവ് എന്നിവ ചേർന്നതാണ് വിജ്ഞാനത്തിൻറെ ലോകം. ഒരു വ്യക്തിക്ക് എങ്ങനെയാണ് പുരോഗതിപ്രാപിക്കാൻ കഴിയുക? ജീവിതകാലം മുഴുവൻ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് നമുക്ക് വൈജ്ഞാനികമായ മുന്നേറ്റം ഉണ്ടാവുക. കലാലയങ്ങളിൽ നിന്നും പടിയിറങ്ങിയ ശേഷം, പുസ്തകത്തിൻറെ ഒരു പേജ്പോലും മറിച്ച് നോക്കാത്ത എത്രയോ പേരെ നമുക്ക് ചുറ്റും കാണാം. അതുല്യമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിലൊ അമൂല്യമായ സമയം ഉപയോഗപ്പെടുത്തുകയൊ ചെയ്യാത്തവർ. അവസാനം സഞ്ചരിച്ച വഴികൾ തിരിഞ്ഞ് നോക്കുമ്പോൾ നിരാശയായിരിക്കും ഫലം.

ബിലെയാമിൻറെ കഥ
പ്രതിസന്ധി ഘട്ടങ്ങളിൽ മൂസാ നബി മുന്നിൽ നിർത്തിയ ആളായിരുന്നു ബിലെയാം എന്ന് പറയപ്പെടുന്നു. അല്ലാഹു അദ്ദേഹത്തിന് മൂന്ന് പ്രാർത്ഥനക്കുള്ള വരം നൽകിയിരുന്നു. ബിലെയാമിന് ഒരു ഭാര്യയും മക്കളുമുണ്ടായിരുന്നു. ഭർത്താവിന് വരം ലഭിച്ച വിവരമറിഞ്ഞ സഹധർമ്മിണി സന്തോഷത്തോടെ ഇങ്ങനെ അഭ്യർത്ഥിച്ചു: അങ്ങക്ക് മുന്ന് പ്രാർത്ഥനക്കുള്ള വരം ലഭിച്ചിരിക്കുകയാണല്ലോ? അതിലൊന്ന് അങ്ങയുടെ ഈ പ്രിയതമക്ക് പ്രാർത്ഥിക്കാൻ സന്മസ്സ് കാണിച്ചാലും.

ഭാര്യയുടെ വാക്കുകൾ കേട്ട, ബിലെയാം സമ്മതം മൂളി. ഒരു പ്രാർത്ഥ നിൻറെ ആവശ്യപൂർത്തീകരണത്തിനാവട്ടെ. നീ ആഗ്രഹിക്കുന്നത് പറഞ്ഞോളൂ. ബിലേയാമിൻറെ ഭാര്യയുടെ ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു. അവൾ പറഞ്ഞു: ഞാൻ ഇസ്രായേലിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാവാൻ അങ്ങ് പ്രാർത്ഥിച്ചാലും. ഭാര്യയുടെ അഭ്യർത്ഥന മാനിച്ച് ബിലെയാം പ്രാർത്ഥിച്ചു. പെടുന്നനെ അവൾ അതീവ സുന്ദരിയായി മാറി.

സുന്ദരിയായപ്പോൾ ഏതൊരു സ്ത്രീയേയും പോലെ അവളുടെ മട്ട് മാറി. സ്വഭാവം മാറി. ബിലേയാമിന് അവളുടെ സ്വഭാവം അസഹനീയമായി തോന്നി. ദൈവം തനിക്ക് നൽകിയ രണ്ടാമത്തെ വരം ഉപയോഗിച്ച് അവളെ ഒരു പാഠം പഠിപ്പിക്കാൻ അയാൾ തീരുമാനിച്ചു. അദ്ദേഹം വീണ്ടും പ്രാർത്ഥിച്ചു: ദൈവമെ, നീ എനിക്ക് നൽകിയ രണ്ടാമത്തെ വരം ഞാൻ ഇത് വരേ ഉപയോഗിച്ചിട്ടില്ല. ഭാര്യയുടെ സ്വഭാവത്തിൽ മനംമടുത്ത് ഞാൻ അത് ഉപയോഗിക്കാൻ നിർബന്ധിതനായിരിക്കുകയാണ്. അങ്ങ് അവളെ ഈ നിമിഷത്തിൽ തന്നെ പട്ടിയാക്കിയാലും. പ്രാർത്ഥന ഫലിച്ചു. അവൾ പട്ടിയായി.

ബിലേയാമിൻറെ ഭാര്യ പട്ടിയായ വിവരം നാട്ടിലാകെ പാട്ടായി. സ്കൂളിൽ അവരുടെ കുട്ടികളെ പട്ടിയുടെ മക്കളെ എന്ന് വിളിച്ച് പരിഹസിക്കാൻ തുടങ്ങി. കുട്ടികൾ അഛനോട് പരാതിപ്പെട്ടു. അമ്മയെ പൂർവ്വ സ്ഥിതിയിലേക്ക് തന്നെ മാറ്റാൻ അഛനോട് അഭ്യർത്ഥിച്ചു.ദൈവം നൽകിയ മൂന്ന് വരങ്ങളിൽ ഒരെണ്ണം കൂടി ബാക്കിയുണ്ട്. കുട്ടികളുടെ ഭാവിയോർത്ത്, അദ്ദേഹം വീണ്ടും പ്രാർത്ഥിച്ചു: ദൈവമെ, നീ എനിക്ക് നൽകിയ മൂന്നാമത്തെ വരം ഉപയോഗിച്ചിട്ടില്ല. അങ്ങ് കുട്ടികളുടെ അമ്മയെ അവരുടെ പൂർവ്വ സ്ഥിതിയിലേക്ക് മാറ്റിയാലും.

ചുരുക്കത്തിൽ ദൈവം നൽകിയ മഹത്തായ മൂന്ന് വരങ്ങളും ദുരുപയോഗപ്പെടുത്തിയ ബിലെയാമിനെ പോലെയല്ലേ നമ്മിൽ പലരും? ഏറ്റവും പുതിയ മനശ്ശാസ്ത്ര പഠനപ്രകാരം ഒരു മനുഷ്യന് മുപ്പത്തഞ്ച് കഴിവുകളുണ്ട്. അതിൽ മൂന്നെണ്ണമെങ്കിലും വികസിപ്പിക്കാൻ കഴിഞ്ഞാൽ തന്നെ നമ്മുടെ എല്ലാ പ്രശ്നവും പരിഹരിക്കാവുന്നതല്ലെയുള്ളൂ. എന്നാൽ ദൈവം നൽകിയ അത്തരം കഴിവുകൾ കസ്തൂരി വഹിക്കുന്ന മാൻ പേടകത്തെ പോലെ അവിടേയും ഇവിടേയും ഉരസികളയുന്നു.

മഹാന്മാർക്ക് ലഭിക്കുന്ന സമയവും നമുക്ക് ലഭിക്കുന്ന സമയവും തമ്മിൽ അളവിൽ വിത്യാസമില്ലെങ്കിലും അത് ഉപയോഗപ്പെടുത്തുന്നതിലെ കാര്യക്ഷമതയാണ് നമ്മേയും അവരേയും വിത്യാസപ്പെടുത്തുന്നത്. സമയത്തിൻറെ വിനിയോഗമാണ് നമ്മെ വളരാനുള്ള ശേഷിയെ വികസിപ്പിക്കുന്ന ആദ്യ ഘടകം. ലോകം തന്നെ കീഴടക്കാനുള്ള മൂന്ന് വരങ്ങൾ നൽകീട്ടും അതൊന്നും ഫലപ്രദമായി ഉപയോഗിക്കാത്ത ബിലേയാമിന് തുല്യമായി ജീവിച്ചാൽ മതിയൊ?

വലുതായി ചിന്തിക്കാം

വലിയ സ്വപ്നങ്ങൾ കാണുകയും അത് നടപ്പിലാക്കാൻ പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് വാനോളം വളരാനുള്ള മറ്റൊരു വഴി. നമ്മൾ പലപ്പോഴും ചെറുതായി ചിന്തിക്കുകയും ചെറിയ കാര്യങ്ങൾ മാത്രം സ്വപ്നം കാണുകയും ചെയ്യുന്നവരാണ്. Home Imporvement എന്ന ഒരു പഴയ നാടകത്തിൽ Tim അദ്ദേഹത്തിൻറെ ഭാര്യയോട് പറയുന്നു: ഏതെങ്കിലും ഒരു നമ്പർ പറയൂ:
അവൾ പറഞ്ഞു: 7
ടിം: അതാണ് അവളുടെ തെറ്റ്. അവൾ വലുത് ചിന്തിക്കുന്നില്ല. ഞാനാണെങ്കിൽ 13000 എന്നായിരിക്കും പറയുക.
വലിയ കാര്യങ്ങൾ ചിന്തിച്ചില്ലെങ്കിൽ നാം പരാജയപ്പെട്ട് പോവും. നാടകത്തിൻറെ ഒടുവിൽ ടിം തൻറെ അയൽക്കാരൻ വിൽസണിനോട് ഒരു നമ്പർ പറയാൻ പറയുന്നു: അയാൾ 762 ട്രില്യൻ എന്ന് പറയുന്നു. വലിയ ചിന്ത. വലിയ സ്വപ്നം, വലിയ വിജയം. അതാണ് നാടകത്തിൻറെ പ്രമേയം.

നാം എപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നതിൽ സംതൃപ്തരാണെങ്കിൽ, കിട്ടിയത്കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടി വരും. പുതിയ കാര്യങ്ങൾ പഠിക്കുക. പുതിയ വഴിയിലൂടെ സഞ്ചരിക്കുക. പുതിയ ജീവിതാനുഭവങ്ങൾ നേടുക. ഇതെല്ലാം നമ്മുടെ ആന്തരിക വ്യക്തിത്വത്തിൻറെ ചിപ്പിൽ നിന്നു പുറത്ത് കടക്കാനുള്ള വഴികളാണ്. ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസ ആസൂത്രണം പ്രധാനമാണ്. ഭാവിയിൽ എന്ത് പഠിക്കണം എന്ന് അറിഞ്ഞിരിക്കണം. അതിലൂടെ നമുക്ക് ജീവിതത്തെ ആസൂത്രണം ചെയ്യാൻ കഴിയും.

സർഗ്ഗവാസനയും പ്രധാനം
അറിവ്, നൈപുണ്യം എന്നിവ നിരന്തരമായ പഠന പരിശീലനത്തിലൂടെ ആർജ്ജിച്ചെടുക്കാൻ കഴിയുന്ന കാര്യമാണ്. എന്നാൽ സർഗ്ഗവാസനയുടെ കാര്യം വിത്യസ്തമാണ്. എന്ത് തരം സർഗ്ഗവാസനയാണ് തനിക്കുള്ളത് എന്ന് സ്വയം വിശകലനം ചെയ്ത് കണ്ടെത്തേണ്ടതാണ്. രണ്ട് ദിവസം നിങ്ങൾ നിങ്ങളെ തന്നെ നിരീക്ഷിക്കുക. എന്ത് ചെയ്യാനാണ് തോന്നുന്നത് എന്ന് സ്വയം നിരീക്ഷിക്കുക. അപ്പോൾ ചെയ്യാൻ തോന്നുന്ന കാര്യം നിങ്ങളുടെ സർഗ്ഗാത്മകതയായി കണക്കാക്കാം. രക്ഷിതാക്കൾക്കും അധ്യാപകർക്കും സുഹൃത്തുക്കൾക്കും ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ കഴിയും.

നമ്മുടെ ദൗർബല്യത്തെ കുറിച്ച് ചിന്തിക്കുന്നതിന് പകരം ഏതെങ്കിലും ഒന്നൊ രണ്ടൊ കാര്യത്തിൽ മികവ് പുലർത്തുന്നുണ്ടാവും. കഴിവ് കേടല്ല കഴിവാണ് പ്രധാനം. സ്വയം വികസനത്തിലൂടെ വിജയം വരിക്കാൻ സമർത്ഥമായ ലക്ഷ്യബോധം ഉണ്ടായിരിക്കേണ്ടതാണ്. കൃത്യമായ ലക്ഷ്യം,യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുന്നതും നിർണ്ണിതവും സമയ ബന്ധിതവുമായിരിക്കണം നമ്മുടെ ലക്ഷ്യം. നാം തരണം ചെയ്യുന്ന പ്രായഭേദത്തിനനുസരിച്ച് സ്വയം വികസനത്തിൻറെ ലക്ഷ്യത്തിലും മാറ്റം അനിവാര്യമാണ്.

ജന്മസിദ്ധമായ സർഗ്ഗവാസനകൾ നന്മക്കായി ഉപയോഗപ്പെടുത്തുമ്പോൾ, ലഭ്യമാവുന്ന ആന്തരികമായ സമാധാനം,സംതൃപ്തി,സാമ്പത്തികമായ അഭിവൃദ്ധി തുടങ്ങിയവ വിവരണങ്ങൾക്കതീതമാണ്. അകാഡമികമായ തൊഴിലിൽ മാത്രം അഭിരമിക്കാതെ അഭിരുചിക്കിണങ്ങിയ തൊഴിലുകൾ കൂടി ചെയ്യുന്നത് വരുമാനത്തോടൊപ്പം ജീവിതം ആസ്വദിക്കാനുള്ള വഴി കൂടിയാണ്. പുതിയ തീരുമാനങ്ങളുമായി ജീവിത വിജയത്തിലേക്ക് മുന്നേറാം.

Related Articles