Current Date

Search
Close this search box.
Search
Close this search box.

ആകസ്മിക വിപത്തുക്കളെ നേരിടാനുള്ള മാർഗ്ഗങ്ങൾ

ആകസ്മികമായ അപകടങ്ങൾ ആധുനിക ജീവിതത്തിൻറെ അനിവാര്യമായ ഭാഗമായിരിക്കുകയാണ്. അവിരാമമായി തുടരുന്ന കലാപങ്ങളിലൂടേയും യുദ്ധങ്ങളിലൂടെയും ഉണ്ടാവുന്ന മനുഷ്യ ദുരന്തങ്ങൾ, പ്രകൃതി കെടുതികൾ,വരൾച്ച,വ്യക്തികളുടെ ജീവിതത്തിൽ പെടുന്നനെ സംഭവിക്കുന്ന യാദൃശ്ചികമായ വിപത്തുകൾ, വാഹന അപകടങ്ങൾ ഇങ്ങനെ എണ്ണമറ്റ ദുരന്തങ്ങൾക്കിടയിലാണ് നാം ഇന്ന് ജീവിച്ച്കൊണ്ടിരിക്കുന്നത്. അവയിൽ പലതും മനുഷ്യ കരങ്ങൾ പ്രവർത്തിച്ചത് മൂലമുള്ള ദുരന്തങ്ങളാണെങ്കിൽ ചിലത് ഖുർആൻ വ്യക്തമാക്കിയത് പോലെ “നാം നിങ്ങളെ സുസ്ഥിതിയിലും ദുഃസ്ഥിതിയിലും അകപ്പെടുത്തി പരീക്ഷിച്ചുകൊണ്ടിരിക്കുകയാകുന്നു” (21:35). ആ ദുരന്തങ്ങളുടെ നിസ്സാഹായതയിൽ എന്ത് ചെയ്യണമെന്നറിയാതെ പലപ്പോഴും നാം പതറിപോവുന്നു.

മനസ്സിനെ നടുക്കിയ ഒരു ദുരന്തത്തിൻറെ ഓർമ്മ ഒരു സൗദി പ്രഭാഷകൻ പറഞ്ഞത് ഇവിടെ പങ്ക് വെക്കാം. സൗദി അറേബ്യയിൽ നടന്ന ഒരു അതിദാരുണമായ സംഭവം. വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്ത് വച്ച നവമിഥുനങ്ങളുടെ പൊള്ളിക്കുന്ന ജീവിതാനുഭവമാണ് അദ്ദേഹം പങ്ക് വച്ചത്. മധുവിധുവിൻറെ മുധുര ദിനങ്ങൾ പ്രിയതമനുമൊന്നിച്ച് ചിലവഴിച്ച് കൊണ്ടിരുന്ന അസുലഭ നിമിഷങ്ങൾ. ആ നിമിഷങ്ങൾ ജീവിതത്തിൽ നിന്നും ഒരിക്കലും അസ്തമിക്കരുതെന്ന് അവർ പ്രാർത്ഥിച്ചു. പക്ഷെ ദൈവത്തിൻെറ വിധി മറ്റൊന്നായിരുന്നു. പെടുന്നനെ ആ തരുണിയുടെ അവയവങ്ങൾ ഓരോന്നായി ചലനമറ്റ്കൊണ്ടിരുന്നു. കരളും വൃക്കയും പ്രവർത്തന രഹിതമായി. തലച്ചോർ പ്രതികരിക്കാതെയായി. അവസാനം അവളുടെ ഹൃദയവും നിലച്ചു. പിന്നെ അവളുടെ രക്തം തണുക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമേ ഈ ലോകത്ത് അവശേഷിച്ചുള്ളൂ.

എത്ര പെടുന്നനെയാണ് വിവാഹാഘോഷത്തിൻറെ ആ മധുര ദിനങ്ങൾ അവസാനിച്ചത്. എന്ത് മാത്രം വിരഹ വേദനയായിരിക്കും ആ നവദമ്പതികളും അവരുടെ അടുത്ത ബന്ധുക്കളും അനുഭവിച്ചിട്ടുണ്ടാവുക. ഒരു പക്ഷെ ഇതിനെക്കാൾ ഞെട്ടലുളവാക്കുന്ന ദുരിതങ്ങൾ നമ്മിൽ പലരും കണ്ടിരിക്കാം. ഇത്തരം ദുരന്ത നിമിഷങ്ങളെ എങ്ങനെ നേരിടണമെന്ന് ഇസ്ലാം കൃത്യമായി പഠിപ്പിക്കുന്നു. സാധ്യമായ രൂപത്തിൽ അത്തരം ദുരന്തങ്ങളെ തടയാൻ ശ്രമിക്കുന്നതോടൊപ്പം, മാനസികമായി അവയെ പ്രതിരോധിക്കാൻ വിശ്വാസിയെ സജ്ജമാക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. ആ അധ്യാപനങ്ങൾ നമുക്ക് വലിയ മനക്കരുത്തും ആശ്വാസവുമാണ് നൽകുന്നത് എന്ന കാര്യത്തിൽ സംശയമില്ല.

വിധി വിശ്വാസം
ദുരന്തങ്ങളെ മാനസികമായി അഭിമുഖീകരിക്കാനുള്ള ഏറ്റവും നല്ല വഴി അല്ലാഹുവിൻറെ വിധിയിൽ വിശ്വസിച്ച് സമാശ്വാസംകൊള്ളുകുയാണ്. ഈ ജീവിതം പരീക്ഷണമാണെന്നും അത് നമ്മുടെ സൃഷ്ടാവ് എങ്ങനെ പരീക്ഷിക്കുമെന്ന് നമുക്ക് അറിയാത്തതിനാൽ ഇത് ഒരു വിധിയാണ് എന്ന വിശ്വാസം മനസ്സിന് നൽകുന്ന ആശ്വാസം ചെറുതല്ല. ഖുർആൻ പറയുന്നു: അല്ലാഹു ഞങ്ങൾക്ക് വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകൻ. സത്യവിശ്വാസികൾ അല്ലാഹുവിൽ ഭരമേൽപ്പിച്ചുകൊള്ളട്ടെ 9:51

സർവ്വാധിരാജനായ അല്ലാഹു നമ്മെ സൃഷ്ടിക്കുമ്പോൾ തന്നെ ജീവിതത്തിൽ ഉണ്ടാവേണ്ട എല്ലാ കാര്യങ്ങളെ കുറിച്ച് അവൻറെ ഗ്രന്ഥത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. അതനുസരിച്ച് എനിക്ക് സംഭവിക്കേണ്ടത് സംഭവിച്ചു. അത്രയേയുളളു ഈ ദുരന്തം എന്ന് ന്യൂനികരിക്കുകയാണ് അതിനുള്ള പരിഹാരം. പ്രവാചകൻ പറഞ്ഞു: നബി (സ) പറഞ്ഞു: സത്യവിശ്വാസികളുടെ കാര്യം അൽഭുതകരം തന്നെ. അവൻറെ കാര്യമെല്ലാം അവന് ഗുണകരമായിതീരുന്നു. ഇത് സത്യവിശ്വാസികൾക്കല്ലാതെ മറ്റാർക്കും ലഭ്യമല്ല. അവൻ സന്തോഷാവസ്ഥ പ്രാപിച്ചാൽ നന്ദികാണിക്കുന്നു. അങ്ങനെ അത് അവന് ഗുണകരമാവുന്നു. ഇനി ദുരിതാവസ്ഥ ബാധിച്ചാലൊ അവൻ ക്ഷമ കൈകൊള്ളുന്നു. അതും അവന് ഗുണകരം തന്നെ.

പ്രാർത്ഥന
എല്ലാ വിപത്തുകളേയും തടയാനുള്ള മറ്റൊരു വജ്രായുധമാണ് പ്രാർത്ഥന. ഒരുപക്ഷെ വിധിയെ പോലും മാറ്റിമറിക്കാനുള്ള ശക്തി പ്രാർത്ഥനക്കുണ്ടെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്നവൻ നമ്മുടെ ഓരോരുത്തരുടേയും പ്രശ്നങ്ങൾ അറിയുകയും അവയ്ക്ക് പരിഹാരം കാണാൻ കഴിവുള്ളവനാണ് എന്ന വിശ്വാസം ഒരു മനുഷ്യന് നൽകുന്ന സാന്ത്വനം പറഞ്ഞറിയിക്കുക സാധ്യമല്ല. തന്നെ സൃഷ്ടിച്ച അല്ലാഹു തൻറെ എല്ലാ ആവശ്യങ്ങളും പൂർത്തീകരിക്കുമെന്ന ഉത്തമ വിശ്വാസത്തോടെ അവനോട് വിനയാന്വിതനായി കേണപേക്ഷിക്കുന്നതാണ് പ്രാർത്ഥന.

തൻറെ അടിമകൾ തന്നോട് പ്രാർത്ഥിക്കുന്നത് അല്ലാഹുവിന് വളരെ ഇഷ്ടപ്പെട്ട കാര്യമാണ്. അങ്ങനെയുള്ള പ്രാർത്ഥനകൾക്ക് ഒന്നുകിൽ പെടുന്നനെ ഉത്തരം ലഭിച്ചേക്കാം. അല്ലെങ്കിൽ നമുക്കറിയാത്ത എന്തൊ കാരണത്താൽ അതിന് ഉത്തരം നൽകുന്നത് പിന്തിക്കുകയൊ നൽകാതിരിക്കുകയൊ ചെയ്യാം. ഏതായാലും പരലോകത്ത് അതൊരു മഹത്തായ കർമ്മമായി പരിഗണിക്കുന്നതും പ്രതിഫലം നൽകുന്നതുമായിരിക്കും. അത്കൊണ്ട് വിപത്തുകളെ വിപാടനം ചെയ്യാൻ നമുക്ക് അല്ലാഹുവോട് പ്രാർത്ഥിക്കാം. യാത്ര ഉൾപ്പടെയുള്ള വിവിധ സന്ദർഭങ്ങളിൽ ഇസ്ലാം പ്രത്യേകം പ്രാർത്ഥനകൾ പഠിപ്പിക്കുന്നത് ഇത്തരം വിപത്തുകളിൽ നിന്ന് രക്ഷപ്രാപിക്കാൻ കൂടിയാണ്.

ദാനം ചെയ്യുക
ദാനം ചെയ്യുന്നത് വിപത്തുകളെ തടയാൻ പര്യപ്തമാണെന്ന് പ്രവാചകൻ അരുളീട്ടുണ്ട്. നിങ്ങളുടെ രോഗങ്ങളെ ദാനം ചെയ്ത് ചികിൽസിക്കാൻ നബി (സ) പറഞ്ഞു. എന്തും ദാനം ചെയ്യാം. ധനം മാത്രമാണ് ദാനം ചെയ്യാവുന്നത് എന്നത് ഒരു മിഥ്യാധാരണ മാത്രം. രക്തം മുതൽ പുഞ്ചിരി വരെ ജനങ്ങൾക്ക് ആവശ്യമായതെന്തും ദാനം ചെയ്ത് വിപത്തുക്കളെ തടഞ്ഞ് നിർത്താവുന്നതാണ്. ദൈവം നമ്മിൽ എന്തൊ ഒരു അപരാഥം കണ്ടതിനാലാവാം വിപത്തുക്കൾ ഉണ്ടായത്. വെള്ളം തീ കെടുത്തുന്നത് പോലെ ദാനം ചെയ്യൽ അല്ലാഹുവിൻറെ കോപത്തെ തടയാനുള്ള നല്ലൊരു മാർഗ്ഗമാണ്. വിപത്തുക്കൾ വരുന്നത് തടയാൻ ഇതിലൂടെ സാധിച്ചേക്കും. അഥവാ അതിന് സാധിച്ചില്ളെങ്കിലും അതിൻറെ ഉദ്ദേശ ശുദ്ധിക്കനുസരിച്ച് നളെ പരലോകത്ത് പ്രതിഫലവും ലഭിക്കുമെന്നത് നിസ്തർക്കം.

കുടുംബ ബന്ധം ചാർത്തുക
മനുഷ്യബന്ധങ്ങൾ സൃഷ്ടിച്ചത് അല്ലാഹുവാണ്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അവിടെ ഒരു പ്രസക്തിയില്ല. പരിപാവനമായ ഈ കുടുംബ ബന്ധത്തെ പവിത്രമായി സൂക്ഷിക്കുകയും അതിനെ ആദരിക്കുകയും ചെയ്യേണ്ടത് ഒരു വിശ്വാസിയുടെ അടിസ്ഥാന ബാധ്യതയാണ്. ഇന്ന് കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടായിരിക്കുന്നു എന്ന് മാത്രമല്ല പരസ്പരം ശത്രുതയിലാണ് കഴിഞ്ഞുകൊണ്ടിരിക്കുന്നത്.

കുടുംബ ബന്ധങ്ങൾ ചാർത്തുന്നത് അല്ലാഹുവിൻറെ അനുഗ്രഹങ്ങൾക്ക് പാത്രീഭൂതമാവാൻ നിമിത്തമായിത്തീരുകയും വിപത്തുകളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാമെന്ന് നബി (സ) യുടെ വചനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അനസ് (റ) ൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞിരിക്കുന്നു: ഉപജീവനമാർഗം വിശാലമായി കിട്ടാനും ദീർഘായുസ്സ് ലഭിക്കാനും ആരെങ്കിലും ആഗ്രഹിന്നുവെങ്കിൽ അവൻ സ്വന്തം ബന്ധുക്കളുമായി നല്ലനിലയിൽ വർത്തിക്കട്ടെ.

സൽകർമ്മങ്ങളിൽ മുഴുകുക
മനുഷ്യർ അതിക്രമകാരികളാവുമ്പോഴാണ് ദൈവത്തിൻറെ ശിക്ഷയിറങ്ങുന്നതെന്ന് പൗരാണിക മനുഷ്യ സമൂഹത്തിൻറെ ചരിത്രത്തിൽ നിന്നും പഠിക്കാൻ കഴിയുന്ന പാഠമാണ്. കൂടുതൽ സുകൃതം ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്. നന്മക്ക് നന്മയല്ലാതെ പ്രതിഫലമില്ല എന്ന ഖുർആൻ വചനം എത്ര അന്വർത്ഥം. ഇതെല്ലാം ചെയ്തിട്ടും ചിലപ്പോൾ വിപത്തുകൾ നമ്മെ വരിഞ്ഞ് മുറുക്കിയേക്കാം. അപ്പോഴും നാം നിരാശപ്പെടരുത്. കാരണം ഏതൊരു വിപത്തിൻറെയും ആയുഷ്കാലം ചുരുങ്ങിയ സമയം മാത്രമാണ്. ആ കാലയളവിൽ ഒന്നുകിൽ അത് നീങ്ങിയിരിക്കാം അല്ലെങ്കിൽ അതുമായി പൊരുത്തപ്പെട്ട് കഴിഞ്ഞ് കൂടാനുള്ള ത്രാണി അയാൾ ആർജിച്ചിരിക്കാം. അതുമല്ളെങ്കിൽ അയാൾ ഈ ലോകത്തോട് തന്നെ വിടവാങ്ങിയിരിക്കും.

വിപത്തുക്കൾ അനുഗ്രഹമായി തീരുന്ന ചില അവസരങ്ങളും ഉണ്ടാവാറുണ്ട്. അതിനുള്ള ഉദാഹരണമാണ് ഖുർആനിലെ സൂറത്ത് കഹ്ഫിൽ (66…….82) വിവരിക്കുന്ന ഖിദ്റ് നബിയുടെ സംഭവങ്ങൾ. മൂസ നബിയുമായുള്ള യാത്രയിൽ ആരിലും ഭയം സൃഷ്ടിക്കുന്ന ചില കാര്യങ്ങൾ ഖിദ്ർ നബി ചെയ്യുന്നു. അതിൽ ഒരു സംഭവം മാത്രം ഇവിടെ ഉദ്ധരിക്കാം. മൂസയും ഖിദ്റും ഒരു കപ്പലിൽ സഞ്ചരിക്കാനിടയായപ്പോൾ ഖിദ്ർ ആ കപ്പലിനെ ഓട്ടപ്പെടുത്തിക്കളഞ്ഞു. കാരണമന്വേഷിച്ച മൂസയോട് ഖിദ്റ് പറഞ്ഞു: അത് നദിയിൽ അധ്വാനിച്ചു കഴിയുന്ന ചില പാവങ്ങളുടേതായിരുന്നു. അതിനെ ഒരു കേടായ കപ്പലാക്കണമെന്നു ഞാൻ തീരുമാനിച്ചു. എന്തുകൊണ്ടെന്നാൽ, മുന്നിൽ എല്ലാ കപ്പലുകളും ബലാൽക്കാരം പിടിച്ചടെുക്കുന്ന ഒരു രാജാവിൻറെ പ്രദേശമുണ്ടായിരുന്നു.അവരിൽ നിന്ന് രക്ഷപ്പെടാൻ മറ്റ് മാർഗ്ഗമുണ്ടായിരുന്നില്ല.

താഴേക്ക് നോക്കുക
തന്നെക്കാൾ കഷ്ടപ്പെടുന്നവരെ ശ്രദ്ധിക്കുന്നവർക്ക് ഏത് ദുരിതങ്ങളേയും ധീരമായി നേരിടാൻ സാധിക്കും. പ്രവാചകൻ പറഞ്ഞു: നിങ്ങളിൽ താഴെയുള്ളവരിലേക്ക് നോക്കുക. നിങ്ങളുടെ മുകളിലുള്ളവരിലേക്ക് നോക്കരുത്. ദൈവം നിനക്ക് നൽകിയ അനുഗ്രഹങ്ങളെ നിന്ദിക്കാതിരിക്കുക എന്നത് പ്രധാനമാണ്.

Related Articles