“അധികാരം മനുഷ്യനെ ദുഷിപ്പിക്കും;പരമാധികാരം കൂടുതൽ ദുഷിപ്പിക്കും” എന്ന ഉദ്ധരണി കേൾക്കാത്തവരില്ല. അതാണ് നാം കണ്ടു വരുന്ന രീതിയും. എന്നാൽ അതിനു വിരുദ്ധമായും ചരിത്രത്തിൽ ധാരാളം ഭരണകർത്താക്കൾ കടന്നു പോയിട്ടുണ്ട്.
വിശാലമായ രാജ്യത്ത് നീതിനിഷ്ഠമായ ഭരണം നടത്തി ക്ഷേമ രാഷ്ട്രം നിർമിച്ചെടുക്കുകയും അതിനു വേണ്ടിയുള്ള കഠിന യത്നത്തിന്നിടയിൽ സ്വന്തം ജീവിതസുഖം തന്നെ മറന്നു പോവുകയും പൊതുഖജനാവിൽ നിന്ന് അന്യായമായി ഒരൊറ്റ ആനുകൂല്യവും പറ്റാതിരിക്കുകയും ചെയ്തു കൊണ്ട് വിശുദ്ധ ജീവിതത്തിൻ്റെ ദീപസ്തംഭമായി ചരിത്രത്തിൽ ജ്വലിച്ചു നിന്ന മഹാ വ്യക്തിത്വമത്രെ ഉമറുബ്നു അബ്ദിൽ അസീസ്!
ഉണ്ട് സഖി /
ഒരു കുല മുന്തിരി /
വാങ്ങിടുവാനായി /
നാലണ കയ്യിൽ /
എന്ന പാടിപ്പതിഞ്ഞ ഗാനം വഴി നമുക്ക് സുപരിചിതനായ, “ഉമർ രണ്ടാമൻ ” എന്ന അപരാഭിധാനത്താൽ അറിയപ്പെടുന്ന ഉമറുബ്നു അബ്ദിൽ അസീസിൻ്റെ ജീവചരിത്രം മനുഷ്യസ്നേഹത്താലും ത്യാഗജീവിതത്താലും സുരഭിലമാണ്!
അധികാരം/
കൈവന്നപ്പോൾ /
ഫഖീറായി മാറി /
എന്നാണ് അതെ കുറിച്ച കവിവാക്യം!
ഒരിക്കൽ അദ്ദേഹം രാഷ്ട്രത്തിൻ്റെ തോട്ടത്തിൽ നിന്ന് പറിച്ചെടുത്ത ആപ്പിൾ പാവങ്ങൾക്കിടയിൽ വിതരണം നടത്തുകയായിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ തൻ്റെ കൊച്ചു കുട്ടിയുടെ കൈയിൽ ഒരാപ്പിൾ കണ്ടു. ഉമറുബ്നു അബ്ദിൽ അസീസ് കുട്ടിയുടെ നേരെ കൈ നീട്ടി. പക്ഷെ കുട്ടി പഴം കൊടുത്തില്ല. എല്ലാ കുട്ടികളെയും പോലെ അവൻ ആപ്പിൾ മാറോടണച്ചു. നിഷ്കൃഷ്ടമായ നീതിബോധത്തിൻ്റെ ഉടമയായ രണ്ടാം ഉമർ പക്ഷെ പിൻവാങ്ങിയില്ല! അദ്ദേഹം കുട്ടിയുടെ കൈയിൽ നിന്ന് ആപ്പിൾ ബലമായി പിടിച്ചു വാങ്ങി! കുട്ടി കരഞ്ഞുകൊണ്ട് മാതാവിൻ്റടുത്തേക്ക് ഓടി. സ്വാഭാവികമായും കരുണാർദ്രമായ മാതൃഹൃദയം വിതുമ്പി.
രാത്രി വീടണഞ്ഞപ്പോൾ ദു:ഖിതയായ ഇണയെ കണ്ട ഉമറുബ്നു അബ്ദിൽ അസീസ് പറഞ്ഞു:
“പ്രിയപ്പെട്ട ഫാത്തിമാ..! ഇന്നു രാവിലെ കൊച്ചുമോൻ്റെ കൈയിൽ നിന്ന് ആപ്പിൾ പിടിച്ചു വാങ്ങുമ്പോൾ എൻ്റെ കരൾ പറിച്ചെടുക്കുന്നതു പോലെയാണ് എനിക്കനുഭവപ്പെട്ടത്. പക്ഷെ അല്ലാഹുവിൻ്റെ /ദൈവത്തിൻ്റെ കോടതിയായിരുന്നു എൻ്റെ മുന്നിൽ. സാധാരണക്കാർക്ക് അവകാശപ്പെട്ട ഒരാപ്പിളിന് പകരം ഞാനും എൻ്റെ കുടുംബവും നരകശിക്ഷ അനുഭവിക്കരുതല്ലോ..!”
ശിഷ്ടം: അക്രമികളും അഴിമതിക്കാരും ചൂഷകരുമായ ഭരണകർത്താക്കൾക്കും നേതാക്കൾക്കും പുരോഹിതന്മാർക്കും വിശുദ്ധ വേദഗ്രന്ഥം ഇരട്ടി ശിക്ഷ വാഗ്ദാനം ചെയ്തിട്ടുണ്ട് ( കാണുക: ഖുർആൻ: 23:68)
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0