Current Date

Search
Close this search box.
Search
Close this search box.

ശവ്വാലിലെ ആറുനോമ്പ്

ഇമാം മുസ്‌ലിം അദ്ദേഹത്തിന്റെ സ്വഹീഹില്‍ അബൂ അയ്യൂബില്‍ അന്‍സാരിയില്‍നിന്ന് നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: ‘ആരെങ്കിലും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും അതിനെ തുടര്‍ന്ന് ശവ്വാലില്‍ ആറുദിവസം കൂടി നോമ്പെടുക്കുകയും ചെയ്താല്‍ അവന്‍ കാലം മുഴുവന്‍ നോമ്പെടുത്തവനെ പോലെയാണ്’

ശവ്വാലില്‍ ആറുദിവസങ്ങളില്‍ നോമ്പെടുക്കല്‍ എല്ലാ പണ്ഡിതന്മാരുടെ അഭിപ്രായത്തിലും സുന്നത്താണ്. ഇങ്ങനെ നോമ്പെടുത്തവര്‍ കൊല്ലം മുഴുവന്‍ നോമ്പെടുത്തവനെപോലെ പരിഗണിക്കപ്പെടും. ഇങ്ങനെ നോമ്പനുഷ്ഠിച്ചാല്‍ ഒരാള്‍ 36 ഓ 35 ഓ നോമ്പുകളാണ് എടുക്കുന്നത്. ഓരോ നന്മയും അല്ലാഹു പത്തെണ്ണമായി പരിഗണിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ 36 ദിവസത്തെ നോമ്പിന് 360 ദിവസം നോമ്പെടുത്ത പ്രതിഫലം ലഭിക്കും. അത് ഏകദേശം ഒരു വര്‍ഷത്തിലെ ദിനങ്ങളുടെ എണ്ണമാണല്ലോ.

മറ്റുചില പണ്ഡിതര്‍ നിര്‍ബന്ധ നമസ്‌കാരത്തിന് ശേഷമുള്ള സുന്നത്ത് നമസ്‌കാരം പോലെ റമദാനിന് ശേഷം അനുഷ്ഠിക്കേണ്ട സുന്നത്താണ് ശവ്വാല്‍ നോമ്പെന്ന് പറഞ്ഞിരിക്കുന്നു. ശഅ്ബാനിലെടുക്കുന്ന നോമ്പുകള്‍ നമസ്‌കാരത്തിന് മുമ്പെടുക്കുന്ന റവാത്തിബ് സുന്നത്തുകള്‍ പോലെയാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. വളരെ ശ്രേഷ്ടമായ നോമ്പാണ് ശവ്വാലിലെ ആറുനോമ്പെന്നര്‍ത്ഥം. മാത്രമല്ല ഈ സുന്നത്തുനോമ്പ് റമദാനിലെ നോമ്പില്‍ സംഭവിച്ച പിഴവുകള്‍ ദുരീകരിക്കാനാണ് അല്ലാഹു നിയമമാക്കിയത്. നമസ്‌കാരത്തിലെ പിഴവുകള്‍ റവാത്തിബ് നമസ്‌കാരങ്ങള്‍ കൊണ്ട് പരിഹരിക്കപ്പെടുന്നത് പോലെയാണ് ശവ്വാല്‍ നോമ്പുകൊണ്ട് റമദാനിലെ പിഴവുകള്‍ ദുരീകരിക്കുന്നത്. റമദാന്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നു എന്നതിന് തെളിവുമാണിത്. കാരണം അനുസരണം വര്‍ദ്ധിപ്പിക്കുക എന്നതാകണം ആരാധനകള്‍ക്ക് ശേഷമുള്ള ഫലം. നോമ്പുകൊണ്ടുള്ള ആരാധനയിലും അനുസരണത്തിലും അടിമക്ക് ഒരു മടുപ്പും അനുഭവപ്പെടുന്നില്ല എന്ന് തെളിയിക്കലും ഈ നോമ്പിന്റെ ലക്ഷ്യമാണ്. കാരണം ആറുനോമ്പ് തുടര്‍ച്ചയായെടുക്കുന്നവന്‍ പെരുന്നാള്‍ ദിവസം മാത്രമാണ് ഭക്ഷണവും മറ്റ് അനുഗ്രഹങ്ങളും അനുഭിവിക്കുന്നത്. ഉടനെ വീണ്ടും നോമ്പിലേക്ക് പ്രവേശിക്കുകയാണവന്‍ ചെയ്യുന്നത്.

ഈ ആറുനോമ്പുകളും തുടര്‍ച്ചയായി എടുക്കണമെന്ന് നിബന്ധനയില്ല. ശവ്വാല്‍ മാസത്തില്‍ പലപ്പോഴായി നോമ്പെടുത്താലും മതിയാകുന്നതാണ്. ശവ്വാലിലെ തിങ്കളാഴ്ച്ചകളിലും വ്യാഴാഴ്ച്ചകളിലും നോമ്പെടുക്കുകയോ, അല്ലെങ്കില്‍ മാസത്തിന്റെ നടുവിലെ ദിവസങ്ങളില്‍ (അയ്യാമുല്‍ ബിയള്) ആറ് നോമ്പെടുക്കുകയോ ചെയ്യാം. പെരുന്നാളിനെ തുടര്‍ന്നുകൊണ്ടുതന്നെ തുടര്‍ച്ചയായി ആറ് നോമ്പുകളെടുക്കുകയാണ് ഏറ്റവും ശ്രേഷ്ടമായിട്ടുള്ളത്.
നോമ്പ് ദുര്‍ബലമാക്കുന്ന ഒന്നും ചെയ്തിട്ടില്ലെങ്കില്‍ മധ്യാഹ്ന നമസ്‌കാരത്തിന് മുമ്പ് നിയ്യത്ത് വെച്ചാലും ആറ്‌നോമ്പ് സാധുവാകുന്നതാണ്. ഇത് എല്ലാ സുന്നത്ത് നോമ്പുകള്‍ക്കും പൊതുവായ നിയമമാണ്. എന്നാല്‍ നിര്‍ബന്ധനോമ്പുകള്‍ -അത് നോറ്റ് വീട്ടുന്നതായാലും അല്ലെങ്കിലും- സൂര്യോദയത്തിന് മുമ്പ് നിയ്യത്ത് വെക്കല്‍ നിര്‍ബന്ധമാണ്.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles