Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുർആൻ രൂപമണിഞ്ഞ രാത്രി!

റമദാനിലുണ്ടൊരു / രാത്രി /
റഹ്മത്ത് മുറ്റിയ / രാത്രി /
ലൈലത്തുൽ ഖദ്ർ /
വന്നിറങ്ങിയ / രാത്രി ഭക്തിയാലാളുന്ന/ രാത്രി!

ശ്രീ. വാണിദാസ് എളയാവൂരിനെ ഉദ്ധരിക്കാം:
“ക്രമത്തിൽ ക്രമത്തിൽ മുഹമ്മദ് ഏകാന്തത ഏറെ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരനായി മാറി. ഭദ്രമായ ഏകാന്തത തേടിപ്പുറപ്പെട്ട മുഹമ്മദ് സ്വവസതിയിൽ നിന്ന് കുറച്ചകലെയുള്ള ഹിറാ ഗുഹ കണ്ടെത്തി. പിന്നെ അവിടെ ചെന്നിരിക്കും. അവിടെയിരുന്നാൽ മനസ്സനുഭവിക്കുന്ന ശാന്തത അവാച്യമാണ്. ആ സുഖാസ്വാദനത്തിൽ എല്ലാം മറന്ന് മുഹമ്മദ് ദിന രാത്രങ്ങൾ അവിടെ കഴിയും. ഒരു സത്യാന്വേഷിയുടെ തപസ്സായിരുന്നു അത്. കാലഭേദങ്ങളറിയാതെ നിർന്നിദ്രങ്ങളായ രാപ്പകലുകളിലൂടെ നീങ്ങുന്ന തീവ്രതപസ്സ്!

ഒരു ദിവസം മുഹമ്മദ് ഹിറാ ഗുഹയിലിരിക്കുകയായിരുന്നു. ഒരു മഹാ വിസ്മയത്തിൻ്റെ ദള പുടങ്ങൾ വിരിഞ്ഞു വരുമ്പോലെ ഒരു മലക്ക് അദ്ദേഹത്തിൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ജീവസ്സണിഞ്ഞ ഒരു ദിവ്യാനുഭവം! മലക്ക് മുഹമ്മദിനോട് “വായിക്കുക!” എന്നാവശ്യപ്പെട്ടു. അതേറെ വിസ്മയകരവും വിഭ്രാന്തിജനകവുമായിരുന്നു. അക്ഷരമറിയാത്തവന് വായിക്കാനാകുമോ? സത്യസന്ധനായ മുഹമ്മദ് തൻ്റെ നിസ്സഹായതയറിയിച്ചു. മലക്ക് മുഹമ്മദിനെ ഗാഢാലിംഗനം ചെയ്തു. വീണ്ടും പഴയതുപോലെ ആവശ്യപ്പെട്ടു. മുഹമ്മദിൻ്റെ പ്രതികരണം പഴയതു തന്നെ. മലക്ക് പലവുരി മുഹമ്മദിനെ നെഞ്ചോട് ചേർത്ത് ആലിംഗനം ചെയ്തു. തുടർന്ന് മലക്ക് ഇങ്ങനെ വിശദീകരിച്ചു:

വായിക്കുക!
നിന്നെ സൃഷ്ടിച്ച.
ദൈവത്തിൻ്റെ നാമത്തിൽ. വായിക്കുക!

പരിഭ്രാന്തനായി പാഞ്ഞു വരുന്ന മുഹമ്മദിനെ കണ്ട ഖദീജ നന്നെ വിഷമിച്ചു. “എന്നെ പുതപ്പിക്കുക, എന്നെ പുതപ്പിക്കുക ” എന്ന് വിഭ്രാന്തമായി പിറുപിറുത്തു കൊണ്ടിരുന്ന മുഹമ്മദിനെ പുതപ്പിച്ച് സമാധാനിപ്പിക്കാൻ ഖദീജ ശ്രമിച്ചു. കുറേ കഴിഞ്ഞപ്പോൾ മുഹമ്മദ് ഖദീജയെ വിളിച്ച് ഹിറാ ഗുഹയിലെ അനുഭവങ്ങൾ വിശദീകരിച്ചു. തനിക്ക് ഭയമാകുന്നുവെന്നും എന്തെല്ലാമാണ് വന്നു പെടാൻ പോകുന്നതെന്ന് തനിക്കൊട്ടും മനസ്സിലാകുന്നില്ലെന്നും തൻ്റെ ജീവിതം തന്നെ അപകടത്തിലായേക്കുമോയെന്ന പേടി തന്നെ വിടാതെ അസ്വസ്ഥനാക്കുകയാണെന്നും മുഹമ്മദ് ഖദീജയെ ധരിപ്പിച്ചു!

ഖദീജ ആശ്വസിപ്പിച്ചു. പ്രതീക്ഷ വളർത്തി. ആവേശമണിയിച്ചു.
“അങ്ങയ്ക്ക് ഒരപകടവും ദൈവം വരുത്തുകയില്ല. അങ്ങ് നന്മ ചെയ്യുന്നവനാണ്. കുടുംബസ്ഥനാണ്. പാവങ്ങളെ സഹായിക്കുന്നവനാണ്. വേദനിക്കുന്നവർക്ക് ആശ്വാസം നൽകുന്നവനാണ്. ത്യാഗം ചെയ്തു പോരുന്നവനാണ്. വിശ്വസ്തനുമാണ്. അങ്ങയ്ക്ക് ദൈവം ഒരപകടവും വരുത്തുകയില്ല”

കുറേ കഴിഞ്ഞപ്പോൾ ഖദീജ മുഹമ്മദിനെയും കൂട്ടി തൻ്റെ പിതൃവ്യപുത്രനും വേദ പണ്ഡിതനുമായ വറഖത്തുബ്നു നൗഫലിൻ്റെ വീട്ടിലെത്തി. അകത്ത് മുറിയിലിരുന്ന് എല്ലാം കേട്ട വറഖത്ത് എഴുന്നേറ്റ് മുഹമ്മദിൻ്റെയടുത്ത് ചെന്ന് അദ്ദേഹത്തിൻ്റെ രണ്ട് കൈകളും ചേർത്തു പിടിച്ച് നെഞ്ചിലമർത്തി ഒരു നിമിഷം കണ്ണടച്ചു നിന്നു. വറഖത്ത് വിനയ പുരസ്സരം ഇങ്ങനെ പറഞ്ഞു:

“മുഹമ്മദേ! മൂസായുടെ അടുത്ത് അല്ലാഹു അയച്ച ജിബ്രീൽ തന്നെയാണത് ! മുഹമ്മദ് പ്രവാചകനായി മാറാൻ പോകുകയാണ്! ധൈര്യത്തോടെ മുന്നോട്ട് പോവുക!വലിയൊരു ദൗത്യമാണ് മുഹമ്മദിന് നിർവ്വഹിക്കാനുള്ളത് !”
(ഖുർആൻ്റെ മുന്നിൽ വിനയാന്വിതം. പേജ്. 32-33)

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles