സുലൈമാൻ രാജാവിന്റെ രഹസ്യ വസ്വിയത്ത് മുഖേന കിട്ടിയ അധികാരത്തെ ജനങ്ങളിലേക്ക് തന്നെ തിരിച്ചേൽപ്പിച്ച് സ്വയം സ്ഥാനമൊഴിഞ്ഞപ്പോൾ നേതൃത്വം എന്ന ഉത്തരവാദിത്വ നിർവ്വഹണത്തിനായി ജനങ്ങൾ ഉമർ ഇബ്നു അബ്ദിൽ അസീസിനെ തന്നെ നിയോഗിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇസ്ലാമിക ചരിത്രത്തിൽ അഞ്ചാം ഖലീഫ എന്ന വിശേഷണം ഈ ഉമർ അങ്ങിനെയാണ് സ്വന്തമാക്കുന്നത്.
ഖലീഫ ഉമർ ഇബ്നു അബ്ദിൽ അസീസ് (റ) മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സമ്പാദ്യം 17 ദീനാർ ആയിരുന്നു. അതിൽ 5 ദീനാർ കഫൻ പുടവക്ക്, 2 ദീനാർ ഖബറിന്. ബാക്കിയുളള 10 ദീനാർ 11 മക്കൾക്കും ഇണക്കും വീതിക്കേണ്ടി വന്നു എന്നൊക്കെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
കുടുംബാധിപത്യം കൊടികുത്തി വാണ ഒരു കാലഘട്ടത്തിൽ നിന്ന് ഇസ്ലാമിന്റെ നീതിയിലേക്ക് സാമൂഹികാവസ്ഥ പരിവർത്തിപ്പിക്കുന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. അതിനു അദ്ദേഹത്തിന് സാധിച്ചത് എങ്ങിനെയെന്ന് ആ ജീവിതം വായിച്ചു തന്നെ അറിയേണ്ടതുണ്ട്.
തണുപ്പ് കാലത്ത് തനിക്കു വുളു ചെയ്യാനുള്ള വെള്ളം ചൂടാക്കി കൊണ്ടുവന്ന അനുചരൻ മുസാഹിമിനോട് ഒരിക്കൽ ഖലീഫ ചോദിക്കുന്നുണ്ട്
“ജനങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ പൊതു അടുക്കളയിൽ നിന്നാണോ നീ വെള്ളം ചൂടാകുന്നത്”?
“അതെ, അല്ലാഹു താങ്കൾക്ക് നന്മ വരുത്തട്ടെ”
ഇത് കേട്ട മാത്രയിൽ അദ്ദേഹം പറയുന്നത്. ”ഇത്രയും കാലം ആ വെള്ളം അങ്ങിനെ ചൂടാക്കി എന്റെ കാര്യം നീ നശിപ്പിച്ചുകളഞ്ഞല്ലോ?” എന്നാണ്.
ആ വെള്ളം ചൂടാവാൻ എത്ര വിറകു വേണ്ടി വരുമോ അത്രയും വിറക് ചൂടാക്കിയ കാലയളവ് നോക്കി പൊതു ഖജനാവിൽ എത്തിച്ചിട്ടേ ആ സ്വാതികന് സമാധാനമായുള്ളൂ. ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത നന്മ നിറഞ്ഞ ജീവിതാനുഭവങ്ങൾ വാരി വിതറിയാണ് വെറും 39 ആം വയസ്സിൽ അദ്ദേഹം റബ്ബിലേക്ക് തിരിച്ചു പോയത്. ഭരണാധികാരികൾ പൊതുമുതൽ വെട്ടി വിഴുങ്ങുന്ന ഇക്കാലത്ത് ജനങ്ങളുടെ മുതുകുകളിൽ ഭാരം നിറക്കുമ്പോൾ ഈ ചരിത്രവായന പ്രത്യകം സംഗതമാണ്.
ഒരിക്കൽ യുദ്ധമുതൽ വീതം വെക്കുന്ന സന്ദർഭം. കുറെ ആപ്പിളുകളും ഉണ്ടായിരുന്നു കൂട്ടത്തിൽ. ഖലീഫയുടെ കുഞ്ഞുമോൻ ഒരാപ്പിൾ എടുത്ത് വായിൽ വച്ചു കാഴ്ച കണ്ടു ഓടിയെത്തിയ ഖലീഫ കുഞ്ഞിന്റെ വായിലേക്ക് വിരൽ കടത്തി ആപ്പിളിന്റെ കഷണങ്ങൾ എടുത്തു നീക്കി. വിതുമ്പലോടെ മോൻ ഉമ്മയുടെ അടുത്തേക്ക് ഓടിപ്പോയി. നാളുകളായി വല്ല ആവശ്യവും വന്നാൽ ഉപയോഗിക്കാമെന്ന് കരുതിയ സൂക്ഷിപ്പ് മുതൽ കൊണ്ട് ഉമ്മ കുഞ്ഞുമോന്റെ ആശ തീർത്തു.
ഖലീഫ തിരിച്ചു വന്നപ്പോൾ വീട്ടിൽ ആപ്പിളിന്റെ ഗന്ധം! വേവലാതി പൂണ്ട മഹാൻ സംശയത്തോടെ കാര്യം അന്വേഷിച്ചപ്പോൾ നടന്നതെല്ലാം ബീവിയായിരുന്ന ഫാത്വിമ പറഞ്ഞു. പിതാവിന്റെ മനസ്സ് മക്കൾക്ക് വേണ്ടി അലിവാർന്നതാകാൻ പിന്നെന്തു വേണം? പൊട്ടിക്കരഞ്ഞു കൊണ്ട് ഉമർ(റ) പറയുന്നതിങ്ങനെ.
“അല്ലാഹുവിൽ സത്യം,ഞാനെന്റെ മോന്റെ വായിൽ കൈയിട്ടു ആ ആപ്പിളിന്റെ കഷണങ്ങൾ പുറത്തെടുക്കുമ്പോൾ എന്റെ കരൾ പറിച്ചെടുക്കുന്നത് പോലെ ആണ് എനിക്ക് അനുഭവപ്പെട്ടത്. പക്ഷെ എന്ത് ചെയ്യാൻ, പൊതു മുതലിൽ പെട്ട ഒരാപ്പിളിന്റെ കാരണത്താൽ നാളെ അല്ലാഹുവിന്റെ കോടതിയിൽ വിചാരണ ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല !”
ഖലീഫ തന്നെ ഒരു കുല മുന്തിരി വാങ്ങാൻ പ്രിയതമയോട് വല്ലതും ഉണ്ടോ എന്ന് ചോദിക്കുന്നത് കാവ്യ രൂപത്തിൽ പ്രശസ്തമായ ഈരടികളായിട്ടുണ്ട്.
വിളക്ക് കത്തിച്ചു വെച്ച് രാത്രി പ്രജകളുടെ പരാതികളുടെയും പ്രശ്നങ്ങളുടെയും രേഖകൾ പരിശോധിക്കുകയായിരുന്ന ഉമർ ഇബ്നു അബ്ദിൽ അസീസിന്റെ മുറിയിലേക്ക് സേവകൻ എന്തോ കാര്യം പറയാൻ കടന്നു വന്നു. ഉടനെ അദ്ദേഹം പറഞ്ഞു:
“ആ വിളക്ക് അണക്കുക, എന്നിട്ട് കാര്യം പറയുക; ജനങ്ങളുടെ പൊതു ഫണ്ടിൽ നിന്നുള്ള എണ്ണ കൊണ്ട് കത്തുന്ന വിളക്ക് പൊതുകാര്യത്തിനല്ലാതെ എന്റെ വീട്ട് കാര്യം പറയാൻ ഉപയോഗിക്കാൻ പാടില്ല”!
നായകൻ മുന്നിൽ നിന്ന് ജീവിതം കൊണ്ട് നയിച്ചപ്പോൾ രാജവാഴ്ച്ചയിൽ നഷ്ടപ്പെട്ടു പോയ ഐശ്വര്യങ്ങൾ ഓരോന്നായി തിരിച്ചു പിടിക്കാൻ സാധിച്ചു. വെറും രണ്ടു വർഷം കൊണ്ട്. സക്കാത്ത് വാങ്ങാൻ ആളില്ലാത്ത രീതിയിൽ രാജ്യത്തിൻറെ പുനർസൃഷ്ടിപ്പിനും ചരിത്രം സാക്ഷിയായി. സമ്പത്തിന്റെ ആധിക്യമല്ല മറിച്ച് സംതൃപ്തിയുള്ള, സമാധാനമുള്ള ജീവിതമാണ് അക്കാലത്ത് ഉണ്ടായതെന്നും വായിക്കണം. കാരണം ഖലീഫ പോലും നിർധനനായിരുന്നു. “ധന്യതയെന്നാൽ വിഭവങ്ങളുടെ ധാരാളിത്തമല്ല. മറിച്ച്, മനസ്സിന്റെ ധന്യതയാണ് എന്ന പ്രവാചക വചനത്തിന്റെ പൊരുളിലേക്ക് ജനങ്ങളെ നയിക്കാൻ ആ വിശുദ്ധ ജീവിതത്തിനു സാധിച്ചു എന്ന് വേണം കരുതാൻ. അലി(റ) വിനെതിരെ മിമ്പറിൽ മുഴങ്ങിയ ശാപ പ്രാർത്ഥനകൾ ഒഴിവാക്കാൻ ഖലീഫ ഉത്തരവിറക്കി. പകരം എല്ലാ മുസ്ലിങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥന മുഴങ്ങാൻ തുടങ്ങി.
ബന്ധു നിയമനങ്ങളും സ്വജന പക്ഷപാതിത്വവും തീർത്തും ഒഴിവാക്കിയപ്പോൾ ബന്ധുക്കളിൽ നിന്ന് തന്നെ ശത്രുക്കൾ ഉണ്ടായി. അവർ സേവകന് കൈക്കൂലി കൊടുത്ത് സ്വാധീനിച്ചു ഖലീഫയുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതോടെ ആ മഹൽ ജീവിതത്തിന്റെ അവസാനനാളുകളായി.
ദേഹേച്ഛയെ ഇലാഹുകളാക്കുന്ന ശത്രുക്കൾ സമുദായത്തിനുള്ളിലുള്ളത് തന്നെയാണ് എന്നും ഇസ്ലാമിക സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനെ തളർത്തിയിട്ടുള്ളത്. ദുരധികാരം, സമ്പത്ത്, അഹങ്കാരം തുടങ്ങിയ ഇലാഹുകളുടെ ആരാധ്യർ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരെ കുത്തി വീഴ്ത്തുന്നതും, വിഷം കൊടുക്കുന്നതും ചരിത്രത്തിൽ ആദ്യമായല്ലല്ലോ?
വിഷബാധയേറ്റ് രോഗശയ്യയിലായ നേരം സന്ദർശകരായി ആളുകൾ വന്നും പോയും കൊണ്ടിരിക്കുന്നു. ഖലീഫയെ ഒരേ വസ്ത്രത്തിൽ തന്നെ കണ്ട ഒരാൾ അത് സൂചിപ്പിപ്പോൾ ഇണയായ ഫാത്വിമ പറയുന്നത്.
“അല്ലാഹു സാക്ഷിയായി പറയട്ടെ, മാറ്റിയുടുക്കാൻ ഒരു വസ്ത്രം അദ്ദേഹത്തിനില്ല, ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമേ ഉള്ളൂ!”
ആഢംബരത്തിന്റെ മടിത്തട്ടിൽ പാറി നടന്നിരുന്ന ഉമർ എന്ന യുവാവിനു അധികാര സിംഹാസനം ലഭിച്ചപ്പോൾ വന്ന മാറ്റമാണിത്. 40000 ദിർഹം കൊണ്ട് ഒരു വർഷം ചെലവ് കഴിഞ്ഞിരുന്ന അദ്ദേഹം വെറും 2 ദിർഹം കൊണ്ട് ഒരു ദിവസം കഴിഞ്ഞു കൂടി. അവസാനം രോഗാവസ്ഥയിലുള്ള പിതാവിന്റെ അടുത്ത് കൂടിയിരിക്കുന്ന മക്കളുടെ അവസ്ഥ കണ്ടു ഒരു സുഹൃത്ത് പരിഭവിച്ചു.
“താങ്കളുടെ മക്കളെ താങ്കൾ ദരിദ്രരാക്കിയിരിക്കുന്നു”
“എന്റെ മക്കൾ ഒന്നുകിൽ ഭയഭക്തിയുള്ള സദ്‌വൃത്തരായിരിക്കും. എങ്കിൽ അവരെ അല്ലാഹു സഹായിച്ചു കൊള്ളും, അല്ലെങ്കിൽ അവർ ദുർവൃത്തർ ആയിരിക്കും-എങ്കിൽ അല്ലാഹുവിനെ ധിക്കരിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകാൻ എനിക്ക് കഴിയില്ല.”
പരലോകഭവനം കിനാവ് കണ്ടു തുടങ്ങിയ ആ യോഗിവര്യൻ സമാധാനത്തിലേക്കു തിരിച്ചു പോയി. അദ്ദേഹത്തിന് പ്രിയപ്പെട്ട ഖുർആൻ വചനം മാത്രമായിരുന്നു ആ നാവിൽ എപ്പോഴും തത്തി കളിച്ചിരുന്നത്.
“ആ പരലോകഭവനം നാം ഏർപ്പെടുത്തിയത് ഭൂമിയിൽ ധിക്കാരമോ കുഴപ്പമോ ആഗ്രഹിക്കാത്തവർക്കാണ്. ഒന്നുറപ്പ്; അന്തിമവിജയം സൂക്ഷ്മതയുള്ളവർക്ക് മാത്രമാണ്.”( വിശുദ്ധ ഖുർആൻ 28 : 83 )
ദുരധികാരികളുടെ അക്രമങ്ങളിൽ നിന്ന് നീതിയുള്ള ലോകം സ്വപ്നം കാണുന്ന ഏതൊരാൾക്കും ഈ ജീവിതത്തിൽ നിന്ന് ദൃഷ്ടാന്തം ഉൾക്കൊള്ളാമെന്നിരിക്കെ കൂടുതൽ പറയുന്നതെന്തിന്? അധികാരത്തെയും ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ചിന്തകൾ ഇവിടെ അവസാനിപ്പിക്കുന്നു.
ചരിത്രം അയവിറക്കി ആസ്വദിക്കുന്നവർ മാത്രമാവേണ്ടവരല്ല നമ്മൾ. അതിൽ നിന്ന് പാഠമുൾക്കൊണ്ട് സ്വജീവിതം കൊണ്ട് സാക്ഷ്യം വഹിക്കേണ്ടവർ കൂടിയാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാൻ മാത്രം കരുത്ത് നേടുമ്പോൾ പലതും പുനസൃഷ്ടിക്കപ്പെട്ടേക്കാം. ഒന്നും വെറുതെയാവില്ല എന്നുറപ്പ്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp