Current Date

Search
Close this search box.
Search
Close this search box.

സൗഹൃദ നാളുകളുടെ വീണ്ടെടുപ്പിന് -2

ഇസ്‌ലാമിക ചരിത്രത്തിൽ അമുസ്ലിം പൗരന്മാരായ ദിമ്മികളുമായി ഇടപഴകുന്നതിന്റെ തിളക്കമാർന്ന ചില ചരിത്ര സത്യങ്ങളായിരുന്നു നാം മുൻ ലേഖനത്തിൽ വായിച്ചത്. സമ്പൂർണ്ണ ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിംകളുടെ അവകാശങ്ങളെക്കുറിച്ച് പറയുന്ന ചില നാൾവഴികളും ചില മുൻധാരണകളെ പൊളിച്ചടക്കുന്നതും അതിൽ നാം ചർച്ച ചെയ്തു. അവരുടെ ആരാധനാ സ്വാതന്ത്ര്യത്തിലോ പൗരാവകാശങ്ങളിലോ കൈവെക്കാൻ പ്രമാണങ്ങളോ പാരമ്പര്യമോ ഒരിക്കലും നമ്മെ പഠിപ്പിക്കുന്നില്ല.
«وأُمِرْنا بتركهم وما يَدينون»
അവരേയും അവരുടെ മതകാര്യങ്ങളെയും അവരുടെ ആഭ്യന്തര വിഷയമായി കാണുക എന്നതാണ് ഇസ്ലാമികാധ്യാപനം .
(نصب الراية: 369/ 4، تكملة فتح القدير: 398/ 7).

ഇനി നമുക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ചരിത്രത്തിൽ തങ്ങളുടെ പൗരാവകാശങ്ങളിൽ ഭരണാധികാരികളായ മുസ്‌ലിംകൾ വല്ല വീഴ്ചയും വരുത്തിയോ എന്ന് മുസ്ലിം പക്ഷത്ത് നിന്നുമല്ലാത്ത സാധാരണക്കാർ /പണ്ഡിതന്മാർ / ചരിത്രകാരന്മാർ എന്തഭിപ്രായപ്പെടുന്നു എന്ന് നോക്കാം.

1 -സിറിയയിലെ സാധാരണക്കാരായ ക്രിസ്ത്യാനികൾ അബു ഉബൈദ (റ)ക്ക് അദ്ദേഹം ഫഹൽ ക്യാമ്പിലാരിയിക്കുമ്പോൾ എഴുതിയ കത്ത് പ്രസിദ്ധമാണ് : “മുസ്ലിംകളേ, റോമാക്കാരേക്കാൾ നിങ്ങൾ ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ്-അവർ ഞങ്ങളുടെ മതത്തിലാണെങ്കിലും – ഞങ്ങളോട് ഇതുവരെ ഏറെ കാരുണ്യം കാണിച്ചവരും വാഗ്ദത്തം പാലിച്ചവരും നിങ്ങൾ തന്നെയാണ്” [ഫുതൂഹുൽ ബുൽദാൻ, പേജ്. 97]

2 -നെസ്‌റ്റോറിയൻ പാത്രിയാർക്കീസ് യാഫ് III സാക്ഷ്യപ്പെടുത്തുന്നു: ഇസ്‌ലാമിക ചരിത്രത്തിൽ ധാർമികവും രാഷ്ട്രീയവുമായ സഹിഷ്ണുത പുലർത്തുന്നതിൽ വീഴ്ച വരുത്തുന്നവരോട് ചരിത്രത്തിലെ മറ്റേതൊരു ഭരണത്തിലും വ്യവസ്ഥയിലും സമാനതകളില്ലാത്ത നടപടികളാണ് നടന്നത്.
യാഫ് III അന്ന് റിവാർ ഡെച്ചറിലെ മെട്രോപൊളിറ്റനും പേർഷ്യയിലെ ആർച്ച് ബിഷപ്പുമായ ഫാദർ സൈമണിന് അയച്ച കത്തിൽ പറയുന്നു:
“ദൈവം ലോകത്തിന്റെ അധികാരം നൽകിയ ഈ അറബികൾ ക്രിസ്ത്യൻ വിശ്വാസങ്ങളോടും പ്രമാണങ്ങളോടും ഒരിക്കലും പോരാടുന്നില്ല. മറിച്ച്, അവർ നമ്മുടെ മതത്തോട് സദാ അനുഭാവം പുലർത്തുന്നു, നമ്മുടെ പുരോഹിതന്മാരെ ബഹുമാനിക്കുന്നു, നമ്മുടെ പള്ളികൾക്കും ആശ്രമങ്ങൾക്കും വേണ്ട സാമ്പത്തിക സഹായം നൽകുന്നു. ” (ഇസ്ലാമിക പ്രബോധനവും വ്യാപനവും P 98 )

3 – ചരിത്രത്തിലെ ഖലീഫമാരുടെയും സുൽത്താന്മാരുടെയും പെരുമാറ്റ രീതിയിലുള്ള വ്യതിരിക്തതകളെ പ്രശസ്ത ഓറിയന്റലിസ്റ്റ് ഗുസ്താവ് ലെ ബോൺ ( 1841 – 1931) ചൂണ്ടിക്കാണിക്കുന്നതിങ്ങനെ:-

“ സുൽത്വാന്മാർ അന്യമതസ്ഥരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും അങ്ങേയറ്റം ബഹുമാനിച്ചു. അവയുടെ സംരക്ഷണത്തിന് വേണ്ടതെല്ലാം ചെയ്തിരുന്നു. ജനങ്ങളിൽ നിന്നും നാമമാത്രമായ തുകയാണ് കപ്പമായി സ്വീകരിച്ചിരുന്നത്”
[അറബ് സിവിലൈസേഷൻ, പേജ് 134]

3 – അമേരിക്കൻ എഴുത്തുകാരനായ ലോത്രോപ്പ് സ്റ്റോഡാർഡ് (1883 – 1950)
അറബി/മുസ്ലിം ചരിത്രത്തെ സൂക്ഷ്മമായി, വിമർശനാത്മകമായി നിരീക്ഷിച്ചു കൊണ്ട് തന്നെ പറയുന്നു: “ഖലീഫ ഉമർ ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളുടെ പവിത്രതയിൽ വളരെയധികം ശ്രദ്ധാലുവായിരുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും എല്ലാ വർഷവും ജറുസലേമിലേക്ക് വരുന്ന ക്രിസ്ത്യൻ തീർത്ഥാടക സംഘങ്ങൾക്ക് യാതൊരു ഉപദ്രവം അനുഭവിക്കേണ്ടി വന്നിട്ടില്ല ”
[ മുസ്ലിം റ്റോലറൻസ് , പേജ് 67]

4- ബൈസാന്റിയക്കാരായ നാട്ടുകാർ അവരുടെ മതനേതാക്കളുടെ വാക്കുകൾ പലപ്പോഴും നിരസിക്കുകയും അറബികൾക്ക് വേണ്ട രീതിയിൽ ആദരവു നല്കുകയും ചെയ്തിരുന്നു:

“നമ്മുടെ നഗരത്തിൽ പോപ്പിന്റെ കിരീടം കാണുന്നതിനേക്കാൾ മുസ്ലിം തലപ്പാവ് കാണുന്നതാണ് നമുക്ക് ഏറ്റവും ഇഷ്ടം ”
[ ബൈസന്റൈൻ സാമ്രാജ്യം: നോർമൻ പീസസ്, പേജ് 3]

5 – ഇറ്റാലിയൻ വനിത ഓറിയന്റലിസ്റ്റ് ആയിരുന്ന ലോറവിസിയ വാഗ്ലിയേരി(1893 – 1989) പറയുന്നു: “മുസ്ലിംകൾ രാജ്യ നിവാസികളായ ഏവർക്കും വിശ്വാസസ്വാതന്ത്ര്യം പരിഗണിച്ച് നല്കിയിരുന്നു. മാത്രമല്ല പ്രജകളെ മതത്തിൽ പ്രവേശിക്കാൻ നിർബന്ധിക്കുന്നതിൽ നിന്ന് ബോധപൂർവ്വം വിട്ടുനിൽക്കുകയും ചെയ്തു.
ഇസ്‌ലാമിക സൈന്യങ്ങൾ നിരന്തരവും അനാവശ്യവുമായി മിഷനറിമാരെ പിന്തുടരാറുണ്ടായിരുന്നില്ല.
പുതിയ മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരോട് അവർ ഖലീഫമാരുടെ അടുത്ത് ഹാജരാകാൻ ആവശ്യപ്പെടുകയും അവരുടെ ഇസ്‌ലാം മതാശ്ലേഷം ഏതെങ്കിലും സമ്മർദ്ദത്തിന്റെ ഫലമായല്ലെന്നും ലൗകിക നേട്ടം ലക്ഷ്യമിടുന്നില്ലെന്നും അവരിൽ നിന്നും
ഔദ്യോഗികമായി പ്രഖ്യാപിപ്പിക്കുവാനായിരുന്നു ഇത്.
[ദിഫാഅ് അനിൽ ഇസ്ലാം /ലോറവിസിയ വാഗ്ലിയേരി (വിവ) മുനീർ ബഅ്ലബകി P 35]

Related Articles