Current Date

Search
Close this search box.
Search
Close this search box.

റാഇദ് സ്വലാഹ് വീണ്ടും ജനമധ്യത്തിലേക്ക്

അധിനിവേശ ശക്തികളുടെ പേടി സ്വപ്നമായ റാഇദ് സ്വലാഹ് (9/5/ 43AH \ 13/12/21CE) ജയിൽ മോചിതനായി. ശൈഖുൽ അഖ്സ്വാ എന്ന് വിളിപ്പേരുള്ള അദ്ദേഹം 1996 മുതൽ ഫലസ്തീനിലെ ഇസ്ലാമിക് മൂവ്‌മെന്റിന്റെ വടക്കൻ വിഭാഗത്തിന്റെ തലവനാണ് .ഇസ്ലാമിക ശരീഅതിൽ ബിരുദം നേടിയിട്ടുള്ള അദ്ദേഹം പക്ഷേ ഇസ്രായേലിന്റെ ശത്രുതാപരമായ നയങ്ങൾക്കെതിരെ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചാണ് ശ്രദ്ധേയനായത്.

1989 നും 2001 നും ഇടയിൽ തുടർച്ചയായി മൂന്ന് തവണ ജന്മ നാടായ ഉമ്മുൽ ഫഹം കോർപ്പറേഷന്റെ മേയർ സ്ഥാനം വഹിച്ചു.
2000 ഓഗസ്റ്റിൽ അദ്ദേഹം വിശുദ്ധ കേന്ദ്രങ്ങളുടെ സുരക്ഷാ പദ്ധതിയുടെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു, അൽ-അഖ്‌സ്വാ മസ്ജിദിന്റെ ഉൾവശത്തിലൂടെ നടക്കുന്ന തുരങ്ക നിർമാണത്തെ കുറിച്ച് ആദ്യമായി ലോകത്തോട് വിളിച്ചു പറഞ്ഞത് അദ്ദേഹമായിരുന്നു. ഖുദ്സിൽ നിന്നും ഹിജാസ് വരെ നീണ്ടു കിടക്കുന്ന ഒരു തുരങ്കത്തിന്റെ പദ്ധതിയാണതോടെ പൊളിഞ്ഞത്. ഇസ്രായേലിന്റെ സ്വപ്ന പദ്ധതിയായിരുന്ന ടണൽ പ്ലാനും പൊളിഞ്ഞതോടെ അദ്ദേഹം വീണ്ടും തുറങ്കലിൽ അടക്കപ്പെടുകയായിരുന്നു.

ഇസ്രായേൽ പോലീസുകാരനെ ആക്രമിച്ച് എന്നാരോപിച്ച കേസിൽ 5 മാസം തടവിലാക്കി നിരപരാധിത്വം തെളിയിച്ച് കുറ്റമുക്തനായി ശൈഖ് റാഇദിനെ അധികൃതർ മോചിപ്പിച്ച് അധികം വൈകാതെയായിരുന്നു ഈ അറസ്റ്റ് .

1981-ൽ, ഖലീൽ യൂണിവേഴ്സിറ്റിയിലെ ശരീഅ ഫാക്കൽറ്റിയിൽ നിന്ന് ബിരുദം നേടിയ ഉടനെ നിരോധിത സംഘടനയുമായി സഹകരിച്ചു എന്ന പേരിലാണ് ഇസ്രായേൽ അദ്ദേഹത്തെ ആദ്യമായി ജയിലിലടച്ചത്. ജയിൽ മോചിതനായ ശേഷം വീട്ടുതടങ്കലിലായി. ഈ സമയത്ത് നഗരം വിട്ടുപോകാനും വീട് വിട്ടു പുറത്ത് പോവാൻ വരെ സ്വാതന്ത്ര്യമില്ലായിരുന്നു.

വാദി ആറ: പോലീസ് സ്റ്റേഷനിൽ എല്ലാ ദിവസവും ഒന്നോ രണ്ടോ തവണ എത്തി സാന്നിധ്യം തെളിയിക്കാനുള്ളതായിരുന്നു പോലീസ് തിട്ടൂരം.23 വയസ്സുള്ള ആ ചെറുപ്പക്കാരൻ അന്നേ ഇസ്രായേലിന്റെ കണ്ണിലെ കരടായിരുന്നുവെന്നർഥം. തുടർന്നങ്ങോട്ട് ജയിലുകളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തന മേഖല എന്ന് പറയുന്നത് അതിശയോക്തിയാവില്ല.

2000 ഒക്ടോബറിൽ നടന്ന കലാപത്തിൽ അദ്ദേഹം വധശ്രമത്തിന് ഇരയായി.ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റത് തലയിലായിരുന്നു. 2002-ൽ ഇസ്രായേൽ ആഭ്യന്തര മന്ത്രാലയം ശൈഖ് റാഇദ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു. 2003-ൽ ഹമാസിന് വേണ്ടി കള്ളപ്പണം സ്വീകരിച്ചു എന്ന പേരിലാണ് അറസ്റ്റ് ചെയ്തത്. പിന്നീട് 2005 ലാണ് മോചിപ്പിക്കുകന്നത്.

2009-ൽ അദ്ദേഹത്തിന് ജറുസലേമിലേക്കുള്ള പ്രവേശനം നിഷേധിച്ചു. തുടർന്ന് 2010-ൽ ഇസ്രായേൽ കോടതി അദ്ദേഹത്തെ ഒമ്പത് മാസത്തേക്ക് തടവിലിടാനുള്ള തീരുമാനം പുറപ്പെടുവിച്ചു. 2010-ൽ, തന്നെ പ്രകോപിപ്പിക്കാൻ ശ്രമിച്ച ഒരു ഇസ്രായേലി പോലീസുകാരനെ തുപ്പി എന്ന് വകുപ്പിന്റെ കീഴിൽ അഞ്ച് മാസം ജയിലിൽ കിടന്നു.

2010 മെയ് 31 ന്, ഗസ്സ മുനമ്പിലെ ഉപരോധം നീക്കാൻ ലക്ഷ്യമിട്ടുള്ള ഫ്രീഡം പരേഡിൽ പങ്കെടുത്തതിന്റെ പേരിൽ ഇസ്രായേൽ യുദ്ധക്കപ്പലുകളിൽ കടൽക്കൊള്ളയ്ക്ക് പദ്ധതിയിട്ടു എന്ന പേരിൽ നടന്ന സംഘർഷത്തിൽ 16 ലധികം പ്രവർത്തകർ രക്തസാക്ഷികളാവുകയും 38 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റുള്ളവരോടൊപ്പം 2010 ജൂൺ 1-ന് ഉഗ്ദൂദ് തുറമുഖത്ത് വെച്ച് പരേഡിൽ പങ്കെടുത്തവരെയെല്ലാം അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ ഒരാഴ്ചത്തേക്ക് നീട്ടുകയും ചെയ്തു.

2011ൽ, ഉംറ നിർവഹിച്ച് മടങ്ങുമ്പോൾ, ഭാര്യയെ നഗ്നയാക്കി ദേഹപരിശോധന നടത്താൻ അനുമതി നല്കാത്തതിനായിരുന്നു അടുത്ത ജയിൽ ശിക്ഷ.അതേ വർഷം, ബ്രിട്ടനിൽ പ്രാസ്ഥാനിക യാത്രക്കിടെ ബ്രിട്ടനിൽ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ 2012 ഏപ്രിൽ 16-ന് ജന്മനാടായ ഉമ്മുൽ-ഫഹ്മിൽ എത്തിയപ്പോൾ വീണ്ടും ജറുസലേമിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിറങ്ങി.

2016 മെയ് 8-ന്, അക്രമത്തിന് പ്രേരണ നല്കി എന്ന പേരിൽ 9 മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കാനായി വീണ്ടും . 2017 ജനുവരി 17-ന്, 6 മാസത്തേക്ക് രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവോടെ അദ്ദേഹം മോചിതനായി. അന്ന് അദ്ദേഹത്തിന്റെ ജന്മനാടായ ഉമ്മുൽ-ഫഹ്മിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ഒരു വലിയ ആഘോഷ സമാനമായ പരിപാടിയാണ് നാട്ടുകാർ നടത്തിയത്. 2019 നവംബർ 24-ന്, ഹൈഫയിലെ ഇസ്രായേൽ മജിസ്‌ട്രേറ്റ് കോടതി, “ഭീകരവാദത്തിന് പ്രേരണ”, “നിരോധിത സംഘടനയെ പിന്തുണയ്‌ക്കൽ” എന്നീ കുറ്റങ്ങൾ ചുമത്തി വീണ്ടും തടവ് വിധിച്ചെങ്കിലും 2020 ഫെബ്രുവരി 10-നാണ് 28 മാസത്തെ തടവ് വിധി വന്നത്. ഇത് പ്രകാരം 2020 ഓഗസ്റ്റ് 16 ന് നടന്ന അറസ്റ്റാണ് ഇതോടെ അവസാനിച്ചത്.

1965 കാലത്ത് ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുതലേ മുസ്ലീം ബ്രദർഹുഡിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന അദ്ദേഹത്തെയാണ് സഊദി അറേബ്യ 2013 ജനുവരി 28-ന്, ഇസ്‌ലാമിക സേവനത്തിനുള്ള കിംഗ് ഫൈസൽ അവാർഡിന് നാമനിർദ്ദേശം ചെയ്യുന്നത്. അധ്യാപകനാവുക എന്ന ആഗ്രഹം പല ബാഹ്യ ഇടപെടലുകൾ കൊണ്ട് പാതിവഴിയിൽ ഉപേക്ഷിച്ചു സ്വിറാത്വ് മാഗസിന്റെ എഡിറ്ററും വാണിജ്യത്തിലും സ്വയം സംരംഭകത്വത്തിലുമായി കുടുംബം പുലർത്താനുള്ള വരുമാനം കണ്ടെത്തുകയായിരുന്നു. ഭാര്യയും 8 മക്കളും 6 സഹോദരന്മാരുമടങ്ങുന്ന കൂട്ടു കുടുംബമായിട്ടു പോലും അവാർഡ് ലഭിച്ച തുക ഫലസ്തീന്റെ വിമോചനത്തിന് വേണ്ടിയാണദ്ദേഹം ചെലവാക്കിയത്. 2000-ൽ ഇന്റർനാഷണൽ ഇസ്ലാമിക് കൗൺസിൽ ഫോർ ദഅ്വാ ആൻഡ് റിലീഫിൽ അംഗമായി. 2005 മുതൽ, പ്രിസണേഴ്സ് ഓഫ് ഫ്രീഡം കമ്മിറ്റിയുടെ തലവനായിരുന്നു. 2015 ൽ നിരോധിക്കപ്പെട്ടതാണെങ്കിലും ഹമാസിന്റെ നേതൃനിരയിലദ്ദേഹമിന്നുമുണ്ട്.

റഫറൻസ് :
1- ആഗോള പണ്ഡിത വേദിയുടെ പത്ര പ്രസ്താവന
2 – വിക്കിപ്പീഡിയ
3 – അൽ ജസീറ

Related Articles