മരണശേഷം മാത്രമേ പലപ്പോഴും നവോത്ഥാന നായകരെ തിരിച്ചറിയൂ. ശൈഖ് ഡോ: യൂസുഫുൽ ഖറദാവി ഈ യുഗത്തിലെ മുജദ്ദിദ് ആണെന്ന് ഇപ്പോൾ നിരവധി ചിന്തകരും പണ്ഡിതരും സോദാഹരണം വ്യക്തമാക്കുന്നു. ചെറുപ്പത്തിൽ തന്നെ അല്ലാഹുവുമായുള്ള ഹൃദയബന്ധം സൂക്ഷിക്കുകയും ഒമ്പതാം വയസ്സിൽ വിശുദ്ധ ഖുർആൻ ഹൃദ്വിസ്ഥമാക്കുകയും ചെയ്തിരുന്നു ഖറദാവി.
മൗലികമായി ഇസ് ലാമിന്റെ സമഗ്രത ഉയർത്തിപ്പിടിച്ചു കൊണ്ട് ശിർക് / ത്വാഗൂത്തുകളോടുള്ള പോരാട്ടവീര്യം കൈവിടാതെ തന്നെ പ്രായോഗീക രംഗത്ത് വിഭിന്ന കാഴ്ചപ്പാടുകൾ ഉൾക്കൊള്ളാനുള്ള ഉദാരത, ഇസ് ലാമിക പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതയോടൊപ്പം സംഘടനാ പാക്ഷിത്വം തൊട്ടു തെറിപ്പിക്കാത്ത വിശാലത, മുസ് ലിം ഐക്യം എന്ന കാലഘട്ടത്തിന്റെ അനിവാര്യതയിലുള്ള ദൃഢബോധ്യം, ഒരു വിഷയത്തിലും തീവ്രതയിലേക്കു തെന്നാതെയുള്ള മധ്യമ നിലപാട് എന്നിവയായിരുന്നു “ഖറദാവിയൻ വിചാര വിപ്ലവ”ത്തിന്റെ ഊടും പാവും.
“അമുസ് ലിം ഭൂരിപക്ഷ നാടുകളിലെ മുസ് ലിം ന്യൂന പക്ഷം” എന്നത് ഖറദാവി കൈ വെച്ച വൈവിധ്യ മേഖലകളിൽ ഒന്നാണ്. ഒരു കാലത്ത് കേരളീയ മുസ് ലിംകൾക്കിടയിൽ നടന്ന സുപ്രധാന ചർച്ചയായിരുന്നുവല്ലോ ഇസ് ലാമേതര വ്യവസ്ഥയിലെ ഭരണ പങ്കാളിത്തം.
ഈജിപ്തിലെ കോപ്റ്റിക്കുകളിലെ വിശ്വാസ ജീർണതകൾ അക്കാലത്തെ മുസ് ലിം സമുദായമായ ബനൂസ്രാഈല്യരെ സ്വാധീനിച്ചതു പോലെ ഇന്ത്യൻ മുസ് ലിംകൾക്കിടയിൽ ശിർക്/ ബിദ്അത്തുകൾ നുഴഞ്ഞു കയറിയതിനെ പറ്റിയും നമ്മുടെ പണ്ഡിതർ നിരവധി രീതികളിൽ സംവദിച്ചിട്ടുണ്ട്. ഈ രണ്ടു വിഷയങ്ങളിലും തികച്ചും രചനാത്മകമായിരുന്നു ഖറദാവിയുടെ ആശയധാര.
ശൈഖ് മുഹമ്മദ് കാരകുന്നിനെ ഉദ്ധരിക്കാം: “ജാഹിലിയ്യത്തിന്റെ നാശവും അക്രമവും കുറക്കാൻ സാധിക്കുമെങ്കിൽ അനിസ് ലാമിക ഭരണകൂടത്തിൽ പങ്കു വഹിക്കാമെന്ന് ഡോ: ഖറദാവി അഭിപ്രായപ്പെടുന്നു. അപ്രകാരം തന്നെ രണ്ടു തിന്മകളിൽ താരതമ്യേന ലഘുവായത് തെരഞ്ഞെടുക്കുക എന്ന അടിസ്ഥാനത്തിലും അതാവാമെന്ന് ഖറദാവി വ്യക്തമാക്കുന്നു.
മൂസാ നബി (അ) അല്ലാഹുവിന്റെ നിർദ്ദേശാനുസരണം വേദം സ്വീകരിക്കാൻ പോയ സന്ദർഭത്തിൽ സാമിരി പശുക്കുട്ടിയെ ഉണ്ടാക്കുകയും ജനം അതിനെ ദൈവമാക്കുകയും ചെയ്തപ്പോൾ ഇസ്രാഈല്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന തിന്മ ഭയന്ന് ഹാറൂൻ നബി ( അ ) ജനങ്ങളെ ശിർക്കിൽ നിന്ന് തടയാതിരുന്ന സംഭവമാണ് ഇതിന് ഉദാഹരണമായി ഖറദാവി ഉദ്ധരിച്ചത് ” (ഫിഖ്ഹുദ്ദൗല: പേജ്. 160-181- മുഖാമുഖം. ഐ.പി.എച്ച്)
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp