Current Date

Search
Close this search box.
Search
Close this search box.

സംസ്കരണമോ? സർവ്വനാശമോ?

“മുതലാളിത്തം ആദ്യം ആക്രമിക്കുക നിങ്ങളുടെ സദാചാരത്തെയാണ് ” എന്ന് അലി ശരീഅത്തി പറയുന്നുണ്ട്.

പെണ്ണുടൽ വിപണനം ചെയ്യപ്പെടുന്ന ആസക്തി കേന്ദ്രീകൃത കലയും സംഗീതവും സ്വാഭാവികമായും മനുഷ്യരിലെ ലജ്ജാവിശേഷത്തെയാണ് വേട്ടയാടുക (ലജ്ജ നഷ്ടപ്പെട്ടാൽ പിന്നെ നീ എന്തും ചെയ്യും എന്ന് പ്രവാചകൻ – സ- )

കാപ്പിറ്റലിസ്റ്റ് കടുംവർണങ്ങളുമായി ചേർന്നു പോകാൻ ആര് തീരുമാനിച്ചാലും അത് അട്ടിമറിക്കുക “തർബിയ്യത്തി”നെയാണ്. സ്വന്തം ശരീരത്തിൻ്റെ ഉടമ ഞാൻ തന്നെയാണ് എന്ന ലിബറൽ/ പോസ്റ്റുമോഡേൺ/ നവ – ഓറിയൻറൽ നിർമിതിയിൽ ഹിജാബുൾപ്പെടെയുള്ള “മറ”കളെല്ലാം ഒഴുകിപ്പോകുന്ന തുറന്ന ശരീരത്തിനാണ് പ്രസക്തി!

“സ്ത്രീത്വത്തെ ആഘോഷിക്കുക” എന്ന ആണധികാര അടയാളവാക്യത്തിലടങ്ങിയ സ്ത്രീ വിരുദ്ധത കേരളത്തിൽ എത്തി നിൽക്കുന്നത് ഭാര്യമാരെപ്പോലും കൈമാറ്റം ചെയ്യുന്ന – Wife swaping – അതീവ ലജ്ജാകരമായ സ്ത്രീ പീഡനങ്ങളിലത്രെ!

ഉപര്യുക്ത അധർമങ്ങൾക്ക് വഴി തുറക്കുന്ന ചവിട്ടുപടികളിൽ മുഖ്യമാണ് കച്ചവടസിനിമ / ചാനൽ സംസ്കൃതികളോടുള്ള നമ്മുടെ രാജി!

ഉൽസവങ്ങൾ ഉന്മാദം പോലെ സമുദായത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്നത് കാണാതിരുന്നിട്ടു കാര്യമില്ല. ദേശത്തും പരദേശത്തും യുവതലമുറയുടെ വീക്ഷാഗതിയിൽ ഇത്തരം പ്രോഗ്രാമുകൾ ഗുരുതരമായ അപഭ്രംശം വരുത്തും! ( തോന്നുന്നതെന്തും നടത്തിത്തരാൻ സുസജ്ജമായ “ഇവെൻ്റ് മാനേജുമെൻറു”കൾ സുലഭമായ ഇക്കാലത്ത് പ്രത്യേകിച്ചും !)

യഥാർഥത്തിൽ ലക്ഷ്യ പ്രോക്തമായ ജീവിത പദ്ധതിയെന്ന നിലയിൽ കലയും സാഹിത്യവും സംഗീതവും ഇസ് ലാമിൻ്റെ അനിവാര്യമായ സൗന്ദര്യ ശാസ്ത്രമാണ്. വിശ്വാസവും ഭാവനയും തമ്മിലുള്ള സമന്വയത്തിൻ്റെ ഇശൽ വഴികൾ “കവികൾ ” (അശ്ശുഅറാഅ ) എന്ന ഖുർആനികാധ്യായത്തിലും കഅബുബ്നു സുഹൈർ, ഹസ്സാനു ബ്നു സാബിത്, അബ്ദുല്ലാഹിബ്നു റവാഹ, കഅബ് ബുനു മാലിക് തുടങ്ങിയ പ്രവാചകൻ (സ) യുടെ കാവ്യ സദസ്സിലും വേരുകൾ പടർത്തിയിട്ടുണ്ട്.

ഇവ്വിധം പുതിയൊരു കലാവിഷ്കാരം നിർമിച്ചെടുക്കാൻ കടപ്പെട്ടവരായിട്ടും മൂല്യമുക്ത കലാസ്വാദനത്തിൻ്റെ ഉപാസകരായി നാം മാറാമോ? എന്ന വലിയൊരു ചോദ്യം ഉച്ച സൂര്യനെപ്പോലെ ജ്വലിക്കുന്നുണ്ട്!

ശൈഖ് ഖറദാവി, മുഹമ്മദ് ഖുത്വുബ്, സയ്യിദ് ഖുത്വുബ്, അല്ലാമാ ഇഖ്ബാൽ തുടങ്ങിയവർ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിൽ ഖുർആനിക ബിംബങ്ങളും ഇസ് ലാമിക മൂല്യങ്ങളും സന്നിവേശിപ്പിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തിയിട്ടുണ്ട്. ( സമാന്തരസിനിമാ പരീക്ഷണങ്ങൾ വരെ നമുക്കിടയിൽ നടക്കുന്നുണ്ടല്ലോ.. )

സയ്യിദ് അബുൽ അഅലാ മൗദൂദിയുടെ കലാ ചിന്തകൾ ഒരു സമൂഹത്തെ ആഭാസങ്ങളിൽ നിന്ന് പ്രൊട്ടക്റ്റ് ചെയ്യുന്നതിലാണ് ഊന്നിയത്.

ഇസ് ലാമിക കലാവിഷ്കാരത്തിലും ജാഹിലിയ്യാ കലകളോടുള്ള സമീപനത്തിലും ഗൗരവമുള്ള വിധിവിലക്കുകൾ പാലിക്കേണ്ടതുണ്ട്.
ഇവ്വിഷയകമായി ഐ.പി.എച്ച് പുറത്തിറക്കിയ അബ്ദുൽ അസീസ് അൻസാരി പൊന്മുണ്ടത്തിൻ്റെ
“സംഗീതം ഇസ് ലാമിൽ ” കാര്യങ്ങളുടെ നാനാവശവും ചർച്ച ചെയ്യുന്ന മികച്ച ഗ്രന്ഥമാണ്.

മിതവും സന്തുലിതവുമായി സംഗീതം അനുവദനീയമാണ് എന്ന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ സമർത്ഥിച്ച ശേഷം ഗ്രന്ഥകർത്താവ് എഴുതുന്നു:

“സംഗീതത്തിൻ്റെ അവതരണ രീതിക്ക് അതിൻ്റെതായ പ്രാധാന്യമുണ്ട്.. ഗായകനോ ഗായികയോ അവതരിപ്പിക്കുന്ന ശൈലി സഭ്യതയുടെ പരിധി ലംഘിക്കുന്നതാണെങ്കിൽ അത് നിഷിദ്ധമായി മാറും. “നിങ്ങൾ കൊഞ്ചിക്കുഴഞ്ഞു സംസാരിക്കരുത്. അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവന് മോഹം തോന്നിയേക്കും” (അഹ്സാബ്: 32 ) എന്ന് പ്രവാചക പത്നിമാരോട് ഖുർആൻ പറഞ്ഞത് മുഴുവൻ വിശ്വാസികൾക്കും ബാധകമാണല്ലോ.. സംഗീതോപകരണങ്ങളും സംഗീതാസ്വാദനങ്ങളും ഒരു തരം ലഹരിയായി മാറുകയും മനുഷ്യരിൽ സുഖഭോഗാസക്തിയും ആഡംബര പ്രമത്തതയും വളർത്തുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ വിശേഷിച്ചും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ ” (അധ്യായം: സംഗീതാസ്വാദകരോട് ഗൗരവപൂർവ്വം)

ഇസ് ലാമിൻ്റെ “ലിബറൽ “മുഖം (ഇജ്തിഹാദ് ?) പ്രകാശിപ്പിക്കാൻ കൊതിക്കുന്നവർ പോലും മനസ്സിൻ്റെ അടിയാധാരത്തിൽ രേഖപ്പെടുത്തേണ്ട ചില ഖുർആനിക സംജ്ഞകളുണ്ട്. (വ്യർത്ഥ കാര്യങ്ങളെ / കെട്ട വിനോദങ്ങളെ സൂചിപ്പിക്കുന്ന പ്രമാണ രേഖകൾ: “ലഗ് വ്, ലഹ് വ്, ലഇബ്, ലഹ് വൽഹദീസ്, ലഇബുൻ വ ലഹ് വുൻ..)

അല്ലാഹു പറയുന്നു:
“നന്നായി അറിഞ്ഞു കൊള്ളുക! ഈ ഭൗതിക ജീവിതം കേവലം കളിയും തമാശയും ബാഹ്യമോടിയും പരസ്പരമുള്ള പൊങ്ങച്ച ഘോഷണവും സമ്പത്തിലും സന്തതികളിലും മികച്ചു നിൽക്കാനുള്ള ത്വരയുമല്ലാതെ മറ്റൊന്നുമല്ല!.. മറിച്ച് പരലോകത്താകട്ടെ കഠിന ദണ്ഡനമുണ്ട്. അല്ലാഹുവിങ്കൽ നിന്നുള്ള പാപമുക്തിയുണ്ട്. അവൻ്റെ സംപ്രീതിയുമുണ്ട്. ഭൗതിക ജീവിതമോ ഒരു ചതിച്ചരക്കു മാത്രം!” (ഖുർആൻ: 57:20)

കുറിപ്പ്: “വിപ്ലവ പ്രവർത്തനങ്ങൾക്ക് ഒരു സൗന്ദര്യമുണ്ട്; അത് പക്ഷെ ബീച്ചിലെ സൗന്ദര്യമല്ല” എന്ന് എം. എൻ വിജയൻ!

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles