Current Date

Search
Close this search box.
Search
Close this search box.

“ഹിന്ദുത്വ” യുടെ ദൈവം ബ്രാഹ്മണൻ! വേദം മനുസ്മൃതി!

സാമൂഹിക നിരീക്ഷകനും ഗ്രന്ഥകാരനുമായ ശ്രീ. എം.ടി ഋഷി കുമാർ എഴുതുന്നു:

“പൂണൂലണിയാൻ അധികാരമില്ലാത്ത സവർണരുടെയും മറ്റ് താഴ്ന്ന ജാതിക്കാരുടെയും പിൻ മുറക്കാരാണ് ഇപ്പോൾ, ചാതുർവർണ്യ സമൂഹത്തിൻ്റെ പുതിയ പതിപ്പായ ഹിന്ദു (ഹിന്ദുത്വ ) രാഷ്ട്രം നിർമിക്കാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടിരിക്കു ന്നത്. പൂണൂലണിഞ്ഞവരുടെ സുഖത്തിനും സമൃദ്ധിക്കും വേണ്ടി പൂണൂൽ അണിയാൻ അധികാരമില്ലാത്തവരുടെ രക്തവും വിയർപ്പും ഒഴുക്കുക എന്നുള്ള പ്രാചീനമായ ബ്രാഹ്മണ തന്ത്രം ഇപ്പോഴും നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. പൂണൂൽ ധരിക്കാൻ അനുവാദമില്ലാത്ത ഓരോ ഹിന്ദു രാഷ്ട്ര വാദിയും മനുസ്മൃതി ഒരാവർത്തിയെങ്കിലും നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ്.

ശൂദ്രർക്കെതിരെ അതിഭീകരമായ നിയമങ്ങളായിരുന്നു മനുസ്മൃതിയിലൂടെ ബ്രാഹ്മണർ ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നത്. ശൂദ്രർക്കും സങ്കര ജാതിക്കാർക്കുമെതിരെ മർദ്ദനങ്ങളും പീഡനങ്ങളും കെട്ടഴിച്ചുവിടാനും അവരെ ക്രൂരമായി ചൂഷണം ചെയ്യാനുമെല്ലാം മനുസ്മൃതി നിയമങ്ങൾ സമൃദ്ധമായി ഉപയോഗിക്കപ്പെട്ടിരുന്നു.

ഇന്ന് നാമറിയുന്ന “ഹിന്ദുത്വ” പ്രാചീന കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന ബ്രാഹ്മണമതത്തിൻ്റെ ആധുനിക രൂപമാണ്. പ്രാക്തന വേദങ്ങളിൽ ആത്മീയമായി ചുവടുറപ്പിച്ചിരുന്നതും ബ്രാഹ്മണരെ ഭൂമിയിലെ ദൈവങ്ങളായി പ്രഖ്യാപിച്ചിരുന്നതുമായ ഒരു സാമൂഹ്യ സമുച്ചയ പ്രതിഭാസത്തെ വിവക്ഷിക്കുന്നതിനായി ചരിത്രകാരന്മാർ നൽകിയ പേരാണ് ബ്രാഹ്മണ മതം. ബ്രാഹ്മണനായിരുന്നു ആ സാമൂഹ്യഘടന യുടെ കേന്ദ്ര ബിന്ദു. ബ്രാഹ്മണനു ചുറ്റും ഓരോ വലയങ്ങളായി താഴേക്ക് താഴേക്ക് മറ്റ് വർണങ്ങളും ജാതികളും ഉപജാതികളുമെല്ലാം നിശ്ചിതമായ സ്ഥാനങ്ങളിൽ ക്രമീകരിക്കപ്പെട്ടിരുന്നു. പിരമിഡിൻ്റെ ആകൃതിയിലുള്ളതായിരുന്നു ബ്രാഹ്മണ മത സമൂഹം!”

(കൂടുതലറിയാൻ വായിക്കുക: മനുസ്മൃതിയും ബ്രാഹ്മണമതവും ഒരു വിമർശന പഠനം.എം. ടി ഋഷി കുമാർ. മൈത്രി ബുക്സ്.തിരുവനന്തപുരം)

Related Articles