Current Date

Search
Close this search box.
Search
Close this search box.

രമ്യ ഹർമ്യങ്ങളുടെ കാഴ്ചകൾ കാണുമ്പോൾ

റോമാ ചക്രവർത്തിയുടെ ദൂതന്മാർ മദീനയിലെത്തി. അവർക്കു ഇസ്ലാമിക രാജ്യത്തിൻറെ ഖലീഫയുടെ കൊട്ടാരം കാണണമെന്ന്.
മദീനയിലെ ഏതോ ബാല്യം മറുപടി കൊടുത്തു.

നിങ്ങൾക്ക് ഖലീഫയുടെ കൊട്ടാരമാണ് കാണേണ്ടതെങ്കിൽ ഇവിടെ അങ്ങിനെ ഒന്നില്ല. ഉമറിനെയാണ് കാണേണ്ടതെങ്കിൽ ആ ഈന്തപ്പന തണലിൽ കിടക്കുന്ന മനുഷ്യനെ കാണുക. അല്ലാഹു അദ്ദേഹത്തിൽ തൃപ്തിപ്പെടട്ടെ.

ദൂതന്മാർ ഉമറിനോട് സംവദിച്ചു. എണീറ്റ് ഇരുന്നപ്പോൾ ഉമറിന്റെ ദേഹത്ത് പാടുകൾ ഉണ്ടായിരുന്നിരിക്കണം. അപ്പോൾ നിശ്ചയമായും ഉമർ അവാച്യമായ ഒരോർമ്മയിൽ തളിർത്തു കാണണം.

ഒരിക്കൽ വിരിപ്പില്ലാത്ത പായയിൽ മുത്തുനബി കിടക്കുമ്പോൾ ദേഹത്തിൽ പായയുടെ പാടുകണ്ട് ഉമർ ഇങ്ങിനെ പറഞ്ഞു പോയിരുന്നല്ലോ ‘പ്രവാചകരേ, അല്ലാഹുവോടു പ്രാർഥിക്കുക. അവൻ അങ്ങയുടെ സമുദായത്തിനു വിശാലത നൽകട്ടെ. പേർഷ്യക്കാരും റോമക്കാരും അല്ലാഹുവിനെ ആരാധിക്കാത്തവരായിരിക്കെ, അവർക്കവൻ ഐശ്വര്യവിശാലത നൽകിയിട്ടുണ്ടല്ലോ’?

‘ഖത്ത്വാബിന്റെ മകനേ, നീ ഈ അഭിപ്രായത്തിലാണോ? അവരുടെ നേട്ടങ്ങൾ ഭൌതിക ജീവിതത്തിൽ തന്നെ ഉപകരിക്കപ്പെട്ടവരാണവർ. അവർക്കിഹലോകവും നമുക്കു പരലോകവും ഉണ്ടാവുകയെന്നതു നീ ഇഷ്ടപ്പെടുന്നില്ലയോ?’

രാജ്യാധികാരം കയ്യാളുമ്പോൾ തന്നെ ബോധപൂർവ്വമായ ഒരു വിരക്തി ആദ്യകാല ഖലീഫമാരും പുലർത്തിയതായി കാണാം. രണ്ടാം ഉമർ, ഉമർ ഇബ്നു അബ്ദുൽ അസീസിലെത്തുമ്പോഴൊക്കെ അതിൽ ചിലതൊക്കെ ഹൃദയഭേദകമായി അനുഭവപ്പെട്ടിട്ടുണ്ട്. പ്രവാചകനെ അനുധാവനം ചെയ്തവരാണല്ലോ അവരൊക്കെ.

എന്തായാലും റോമാ ചക്രവർത്തിയുടെ ദൂതന്മാർക്ക് എന്തൊക്കെയോ തിരിഞ്ഞു. അവർ സമാധാനത്തിലായാണ് തിരിച്ചു പോയതെന്ന് ചരിത്രം.
നിങ്ങൾക്ക് നിങ്ങളുടെ പ്രവാചകനിൽ ഉത്തമ മാതൃകയുണ്ട്‌ എന്ന് ഓതിക്കൊണ്ടിരിക്കുമ്പോൾ തന്നെ പല അതിരുകവിയലും കൊണ്ട് സമ്പന്നമാണ് നമ്മുടെയൊക്കെ ജീവിതങ്ങൾ. മദീന പള്ളിയോടു ചേർന്ന് മൂന്ന് ഖബറുകൾക്കു മാത്രം സ്ഥലമുണ്ടായിരുന്ന റസൂലിന്റെ ആ വീടിനെ ഇന്നോർക്കേണ്ടി വന്നു. സ്വന്തം വീടിന്റെ വിശാലതയിലും സമാധാനം കണ്ടെത്താനാവാത്ത ഒരു സഹോദരന്റെ സങ്കടം മറ്റൊരാൾ പറയുന്നത് കേട്ടു പോയി. കോവിഡ് ആഘാതത്തിൽ കച്ചവടം വേണ്ടത്ര നടക്കാത്തതിനാൽ ബാത്റൂം ആഗ്രഹിച്ച രീതിയിൽ ആയില്ലത്രേ. നുരകൾ മാത്രമുള്ള ബാത്ത് ടബ്. മറ്റു സൗകര്യങ്ങൾ. ബഡ്ജറ്റ് കേട്ടപ്പോൾ ഞാൻ ഞെട്ടി. എത്രയോ വീടുകൾ കെട്ടാൻ പറ്റുന്ന അത്രയും വല്യ ഒരു തുക.

അദ്ദേഹത്തോട് പറയാൻ പറ്റാത്ത ഈ ചരിത്രം ഇവിടെ പറഞ്ഞു തീർത്തതാണ്. രമ്യ ഹർമ്യങ്ങളുടെ കാഴ്ചകൾ കാണുമ്പോൾ , കേൾക്കുമ്പോൾ ഇതൊക്കെയാണ് മലവെള്ള പാച്ചൽ പോലെ ഓർമ്മയിൽ വരിക.

സ്വർഗത്തിൽ എനിക്കൊരു വീട് തരണേ എന്ന അസ്യാബീവിയുടെ പ്രാർത്ഥന ഫറോവയുടെ കൊട്ടാരത്തിൽ ജീവിക്കുമ്പോഴല്ലേ? എന്ത് കൊണ്ടായിരിക്കും അത്?

അറബിയിൽ വീടിന് മസ്‌കൻ എന്നല്ലേ പറയുക?
മസ്‌കൻ (സുകൂൻ , സമാധാനം ഉള്ളിടം) സ്ഥലമാവേണ്ടതുണ്ട് നമ്മുടെ താമസ സ്ഥലങ്ങൾ.
“അവരിൽ പല വിഭാഗങ്ങൾക്കും പരീക്ഷണത്തിനായി ഐഹിക ജീവിതാലങ്കാരമായി ആസ്വദിപ്പിച്ചിട്ടുള്ള വസ്തുക്കളിലേക്കു താങ്കൾ കണ്ണു നീട്ടേണ്ടതില്ല. താങ്കളുടെ രക്ഷിതാവിന്റെ പ്രതിഫലമാണ് ഏറ്റവും ഉത്തമവും അനശ്വരവും”(20: 131).

സമ്പത്തിന്റെ ആധിക്യമോ സൗകര്യങ്ങളുടെ വലുപ്പമോ അല്ല ഐശ്വര്യം പ്രത്യുത മനസ്സിന്റെ ധന്യത ആണെന്ന പ്രവാചകന്റെ വചനം കൂടിയാവുമ്പോൾ നമ്മൾ നമ്മിലേക്ക്‌ നോക്കാൻ തുടങ്ങേണ്ടി വരും.

Related Articles