നീ വല്ല കുഴപ്പവും ഒപ്പിച്ചിട്ടുണ്ടോ? നിന്നെയും കൂട്ടി മദീനയിലേക്ക് ചെല്ലാൻ ഖലീഫ അറിയിച്ചിട്ടുണ്ടല്ലോ? ഈജിപ്തിലെ ഗവര്‍ണറായിരുന്ന അംറ്ബ്നു ആസിന്റെ ചോദ്യം മകനോടാണ്. ഇല്ലൂപ്പാ എന്ന മകന്റെ പരുങ്ങലോടെയുള്ള ഉത്തരത്തിൽ സംശയം ഉണ്ടായെങ്കിലും മദീനയിലെത്തി ഖലീഫയെ കാണാതിരിക്കാനാവില്ലല്ലോ? രണ്ടു പേരും യാത്ര തിരിച്ചു.
സംഭവത്തിനു ഫ്ലാഷ്ബാക്കുണ്ട്. ഈജിപ്തിൽ ഒരു കുതിരയോട്ട മത്സരം നടന്നിരുന്നു. ഗവർണ്ണറിന്റെ മകനായ മുഹമ്മദിന്റെ കുതിര ആയിരുന്നു ശ്രദ്ധാകേന്ദ്രം. പക്ഷെ ഒരു ഗ്രാമീണ കോപ്റ്റിക് വംശജന്റെ കുതിര അട്ടിമറി വിജയം നേടി. പരാജയത്തിൽ കോപാകുലനായ മുഹമ്മദ് ഖിബ്ത്തിയെ ചാട്ടവാറു കൊണ്ടടിച്ചത്രേ. ശ്രേഷ്ഠരുടെ മോനാടോ താൻ എന്നും പറഞ്ഞാണ് അടി. ഗവർണറോട് പരാതി പറഞ്ഞാൽ കാര്യം ഉണ്ടാവില്ലെന്ന് കരുതിയ ആ മനുഷ്യൻ നേരെ മദീനയിലേക്ക് വിട്ടു. മഹാനായ ഉമറാണ് ഖലീഫ. കാര്യം കേട്ട ഖലീഫ പരാതിക്കാരന് മദീനയിൽ താമസിക്കാൻ സൗകര്യം ഒരുക്കിയശേഷമാണ് അംറ്ബ്നു ആസിന് സന്ദേശമയച്ചത്.
അംറ്ബ്നു ആസും മകനും എത്തുമ്പോഴേക്ക് ഉമർ കാര്യങ്ങൾ മനസിലാക്കി കഴിഞ്ഞിരുന്നു. മദീന പള്ളിയുടെ ചാരത്തു കൂടിയിരുന്ന ജനങ്ങളുടെ നടുവിൽ നിന്ന് പരാതിക്കാരന്റെ നേരെ ചമ്മട്ടി നീട്ടി കൊണ്ട് ഉമർ പറഞ്ഞു “നിന്റെ പ്രതിക്രിയ തീർത്തേക്കുക. ശ്രേഷ്ഠന്റെ മകനെ അടിക്കുക”
അപമാനം മുനിഞ്ഞു കത്തുന്ന ഖിബ്ത്തി മുഹമ്മദിനെ വേണ്ടത്ര തല്ലി. പ്രശ്നം തീർന്നു എന്ന് എല്ലാവരും സമാധിനിക്കുമ്പോഴാണ് ഉമറിന്റെ അടുത്ത വിധി കൂടി ഉണ്ടായത്.
ഇനി അംറിന്റെ തലക്കു കൂടി ഒന്ന് കൊടുക്ക് . ആ അധികാര ഗർവ്വിലാണല്ലോ മകൻ അക്രമം പ്രവർത്തിച്ചത്?
അത് ആരും പ്രതീക്ഷിച്ചില്ലായിരുന്നു. ഖിബ്ത്തിയും വല്ലാതായി. “വിശ്വാസികളെ നേതാവേ. എന്റെ ദേഷ്യം തീർന്നു . മുഹമ്മദാണ് എന്നോട് അക്രമം കാട്ടിയത്. അതിന് ഞാൻ പ്രതികാരം ചെയ്തു കഴിഞ്ഞു. എനിക്ക് ഇനി പരാതിയില്ല”.
അത് ഉമറിനെ തൃപ്തനാക്കിയിരിക്കാം. എന്നാലും മുത്തുനബി ഇസ്ലാമിന്റെ മൂശയിൽ വളർത്തിയെടുത്ത ഉമറിനെ ഇങ്ങിനെ പറയാതിരിക്കാൻ കഴിഞ്ഞില്ല.
“അംറേ.. എപ്പോഴാണ് നിങ്ങൾ ജനങ്ങളെ അടിമകളാക്കാൻ തുടങ്ങിയത്, മാതാക്കൾ അവരെ സ്വതന്ത്രരായിട്ടാണല്ലോ പ്രസവിച്ചത് ?
സാമൂഹിക നീതിയും, മനുഷ്യ സ്വാതന്ത്ര്യവും കെട്ടു പോയ ഇക്കാലത്തും ഖിലാഫത്തിന്റെ ഭൂമികയിൽ വിരിഞ്ഞ നീതി ഒരു മനുഷ്യനെ കൊതിപ്പിക്കാതിരിക്കില്ല.
വിശ്വസിച്ചവരേ! നിങ്ങള്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അല്ലാഹുവിന് വേണ്ടി സാക്ഷ്യം പറയുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി.” (നിസാഅ്: 135)
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL