നബി (സ) തന്റെ അനുചരന്മാരിൽ നട്ടുപിടിപ്പിച്ച ശീലം നന്മകളായിരുന്നു. വിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്തതും നന്മയിൽ എല്ലാവരുമായും സഹകരിക്കണമെന്നാണ് (അൽ മാഇദ : 2 )
അല്ലാഹുവിന്റെ ദാസന്മാരിൽ എപ്പോഴും നന്മയുണ്ടെന്ന് കരുതണം. സദ് വിചാരത്തിന് മുൻഗണന നൽകണം. നന്മകൾ മറച്ചുവെക്കുകയും തിന്മകൾ പെരുപ്പിച്ചു കാട്ടുകയും ചെയ്യുന്ന രീതി പാടില്ലാത്തതാണ്. ആരോഗ്യകരമായ നിരൂപണങ്ങൾ വേണ്ടാ എന്ന് ഇപ്പറഞ്ഞതിന് അർത്ഥമില്ല. ശത്രുവെന്ന് നാം കരുതുന്നവരിൽപ്പോലും വല്ല നന്മയും കണ്ടാൽ അത് വെളിക്കു കൊണ്ടുവരികയും പ്രചരിപ്പിക്കുകയും ചെയ്യണം. അല്ലാഹുവിലും പ്രവാചകനിലും വിശ്വസിച്ചവരുടെ ഹൃദയാന്തരാളങ്ങളിൽ നന്മ വേരറ്റുപോകില്ല. നബി (സ) സത്യവിശ്വാസികളുടെ സമാജത്തോട് അങ്ങേയറ്റം അലിറും കനിവും ഉള്ളവനായിരുന്നു. കുറ്റവാളികളോട് പോലും അവിടുന്ന് കരുണ കാട്ടി.
മറിച്ചുള്ള നിലപാടിനെ “സ്വയം വിശുദ്ധിവാദം ” എന്ന് അല്ലാഹു ആക്ഷേപിച്ചിരിക്കുന്നു (അന്നജ്മ് : 32 )
ഈസാ നബി (അ) യെക്കുറിച്ച് ഒരു സംഭവം ഉദ്ധരിക്കപ്പെടാറുണ്ട്.
ഒരിക്കൽ അദ്ദേഹവും അനുചരന്മാരും നടന്നു പോകുമ്പോൾ ചത്തു കിടക്കുന്ന ഒരു പട്ടി ശ്രദ്ധയിൽ പെട്ടു. അനുയായികൾ അസഹ്യമായ ദുർഗന്ധം കാരണം മൂക്ക് പൊത്തി അകന്നുപോയി. അപ്പോൾ ഈസാ (അ) പറഞ്ഞുവത്രെ, “നോക്കൂ ആ പട്ടിയുടെ പല്ലുകൾക്ക് എന്തൊരു തിളക്കം!”
ഒരാളിൽ ഒരു തെറ്റ് കണ്ടാൽ അയാളെ തള്ളുകയല്ല, പ്രത്യുത ആ സഹോദരനിൽ / സഹോദരിയിൽ ഒന്നു മുതൽ എഴുപത് വരെ ന്യായീകരണങ്ങൾ തേടും എന്നതായിരുന്നു പൂർവ്വ സൂരികളുടെ നിലപാടെന്ന് ശൈഖ് യൂസുഫുൽ ഖറദാവി നിരീക്ഷിക്കുന്നുണ്ട് (മത തീവ്രവാദം)
നിർമാണാത്മക പ്രവർത്തനങ്ങളിൽ വിനിയോഗിക്കേണ്ട കർമ ശക്തി പരസ്പര വിരോധവും വൈരാഗ്യവും ശത്രുതയും വളർത്താൻ ശ്രമിക്കുന്നിടത്തെത്തിയാൽ പുഞ്ചിരിക്കുന്നത് പിശാചായിരിക്കം.
എന്റെ നന്മ എന്നിൽ അവസാനിക്കരുത്. എന്റെ സൂര്യൻ എന്റെ സംഘടനയിൽ അസ്തമിക്കരുത്!
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0