Current Date

Search
Close this search box.
Search
Close this search box.

ഭൂമിയിൽ നിങ്ങളുണ്ടാക്കിയ അതിർത്തികൾ ഇല്ലാതാവുന്ന ദിവസം

പുരാണങ്ങളിൽ ഒരു രാജാവുണ്ടായിരുന്നു. ത്രിശങ്കു. ഉടലോടെ സ്വർഗ്ഗത്തിൽ പോവാൻ കൊതിച്ചൊരാൾ. വിശ്വാമിത്രൻ എന്ന മഹർഷിയോടാണ് അതിനായി സഹായം തേടിയത്. മഹർഷി കൊട്ടേഷൻ ഏറ്റെടുക്കുകയും ചെയ്‌തു. മൂപ്പരുടെ എതിരാളി വസിഷ്ഠൻ കയ്യൊഴിഞ്ഞ കൊട്ടേഷൻ ആയതിനാൽ അദ്ദേഹത്തിന് ഇക്കാര്യത്തിൽ കുറച്ച് ആവേശം കൂടുതലായിരുന്നു.

ഉടലോടെ ആരും സ്വർഗത്തിൽ പ്രവേശിക്കില്ല എന്ന പ്രാപഞ്ചിക ഘടനയെ അട്ടിമറിക്കാൻ വിശ്വാമിത്രൻ കിടുക്കാച്ചി മന്ത്രങ്ങളുമായി ദേവന്മാരെ പ്രീതിപ്പെടുത്താൻ തുടങ്ങി. അവർ മൈൻഡ് ആക്കിയതേയില്ല. വിശ്വാമിത്രന് കലിയിളകി. ആള് ക്ഷിപ്ര കോപിയാണെന്നാണ് വെപ്പ്. സ്വന്തം തപഃശക്തിയാൽ ത്രിശങ്കുവിനെ പൊക്കാൻ തുടങ്ങി. എസ്‌കേപ്പ് വെലോസിറ്റിയും ഭേദിച്ച് ദാ ത്രിശങ്കു സ്വർഗ്ഗ വാതിക്കൽ.

ദേവന്മാർ ‘കടക്കു പുറത്ത്’ എന്ന് പറഞ്ഞു കൊണ്ട് അവരുടെ ശക്തിയും കാട്ടാൻ തുടങ്ങി. ത്രിശങ്കു നേരെ താഴോട്ട്. ഭൂമിയിലേക്ക്. ബലാ ബലം. അപ്പോഴേക്കും കഥ ഒരു സമവായത്തിലെത്തി. മഹർഷിമാരും ദേവന്മാരും തോൽക്കാൻ പാടില്ലല്ലോ. തോൽവി എപ്പോഴും മോഹാവേശിതരായ മനുഷ്യർക്ക് മാത്രം. തല കീഴായി സ്വർഗ്ഗത്തിനും ഭൂമിക്കും ഇടയിൽ തൂങ്ങി ആടുന്ന ത്രിശങ്കുവിനു ചുറ്റും കുറച്ചു ഡെക്കറേഷൻസ് ഒക്കെ വച്ച് കൊടുത്തു വിശ്വാമിത്രൻ പറഞ്ഞു ഇത് തന്നെ നിന്റെ സ്വർഗ്ഗം. അദ്ദാണ് നമ്മളുടെ ത്രിശങ്കു സ്വർഗ്ഗം
തലകീഴായി ആകാശത്ത് തൂങ്ങി ആടുന്ന മനുഷ്യ രൂപം പണ്ട് പൂമ്പാറ്റ അമർ ചിത്രകഥയിൽ കണ്ട ഓർമ്മ ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്. ആദ്യത്തെ നോ മാൻസ് ലാൻഡ് അതായിരിക്കും അല്ലേ?

രാജ്യങ്ങൾക്കിടയിലെ നോ മാൻസ് ലാൻഡ് പോലെ? എവിടെയും പൗരത്വം ഇല്ലാത്തവർ തൂങ്ങിക്കിടക്കുന്ന സ്ഥലം. ഇതോർക്കാൻ കാരണം ഇന്ന് നടന്ന ഒരു വായനയാണ്. മെഹ്‌റാൻ കരീമി എന്ന ഒരു മനുഷ്യനെ കുറിച്ച്. 18 വർഷമാണ്‌ അദ്ദേഹം ഫ്രാൻസിലെ എയർപോർട്ടിൽ അഭയാർത്ഥി ആയി കഴിഞ്ഞത്. ഒരു രാജ്യവും സ്വീകരിക്കാനില്ലാതെ. ഇറാനിൽ നിന്ന് പുറന്തള്ളപ്പെട്ട ആ മനുഷ്യന് ബെൽജിയം അഭയം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തതായിരുന്നു. പക്ഷെ യാത്രക്കിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ട അയാൾ ഫ്രാൻ‌സിലെ വിമാത്താവളത്തിൽ കുരുങ്ങി. എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഒരു ഇന്റർനാഷണൽ സ്പേസ് ആണ്. രാജ്യങ്ങൾ ഇല്ലാത്തവരുടെ രാജ്യം! മനുഷ്യർ അതിർത്തി വരച്ചുഉണ്ടാക്കിയ രാജ്യങ്ങളും, അതിലെ നിയമങ്ങളുടെയും കുരുക്കിൽ ജീവിതം ഒലിച്ചു പോയ മനുഷ്യൻ. 18 വർഷം കഴിഞ്ഞു അദ്ദേഹം പുറത്തെത്തുമ്പോൾ മാനസിക നില തെറ്റിയിരുന്നു. ആധുനിക രാഷ്ട്ര വ്യവസ്ഥകളും, നിയമങ്ങളും ഉണ്ടാക്കിയെടുത്ത ഒരു മാനസിക രോഗി.

സ്പിൽബർഗിന്റെ “ദി ടെർമിനൽ” എന്ന സിനിമ ഈ മനുഷ്യന്റെ കഥയാണ് പറഞ്ഞത്. പ്രദർശന വിജയം നേടിയ ആ സിനിമയുടെ ഒരു ലാഭവിഹിതം കരീമിക്ക് കൊടുക്കുകയും ചെയ്തു. പക്ഷെ രാജ്യമേ ഇല്ലാത്തവന് പണം എന്തിനാണ്? ഏതൊക്കെയോ യാത്രക്കാർ നല്കുന്ന ഭക്ഷണം കഴിച്ചു കൊണ്ട് 18 വർഷം കഴിഞ്ഞു കൂട്ടിയവന് വേണ്ടത് പണമല്ലല്ലോ?

പക്ഷെ ചരിത്രത്തെ വർത്തമാനത്തിലേക്കു കൂടി വികസിപ്പിക്കേണ്ടതുണ്ടല്ലോ? ആയിരക്കണക്കിന് റോഹിങ്ക്യൻ അഭയാർത്ഥികൾ രാജ്യമില്ലാതെ കടലിൽ അലഞ്ഞു തിരിഞ്ഞു ഒടുങ്ങി തീർന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ഒരുപാടു പേര് പുറത്താക്കപ്പെടാൻ കാത്തിരിക്കുന്നു. രാജ്യങ്ങൾക്കിടയിലെ നോ മാൻസ് ലാൻഡിൽ മാത്രം പ്രതീക്ഷയുള്ളവർ. മനുഷ്യർ ഇല്ലാത്ത സ്ഥലമല്ല അത് മനുഷ്വത്വം ഇല്ലാത്ത രാജ്യങ്ങൾക്കിടയിൽ വെന്തെരിയുന്ന മനുഷ്യർ കാത്തിരിക്കുന്ന സ്ഥലങ്ങൾ കൂടിയാണത്.

ഒരഞ്ഞൂറു വർഷം മുൻപ് നാട്ടു രാജ്യങ്ങൾക്കു വേണ്ടി ചാവേറുകളായും, പരസ്പരം കൊന്നൊടുക്കിയും കൂറ് തെളിയിച്ച മനുഷ്യർ ഇന്നത്തെ രാജ്യാതിർത്തികൾ കണ്ടു നാണം കേട്ടു പോവില്ലേ? നമ്മളെല്ലാം ഒന്നായിരുന്നു എന്ന് നാട്ടു രാജ്യങ്ങൾക്ക് തിരിച്ചറിവുണ്ടായ പോലെ ലോക മനുഷ്യർക്ക് എന്നാണുണ്ടാവുക? പകയും ശത്രുതയും കൊണ്ട് അതിർത്തിക്കപ്പുറത്തേക്ക് ആട്ടി പായിക്കാൻ കൊതിക്കുന്നവരറിയുക എല്ലാ അതിർവരമ്പുകളും ഇല്ലാതാവുന്ന ഒരു ദിവസമുണ്ട്.

ഈ ഭൂമിയിൽ നിങ്ങളുണ്ടാക്കിയ അതിർത്തികൾ ഇല്ലാതാവുന്ന ദിവസം. അതിനു മുൻപായി മനുഷ്യരെ തിരിച്ചറിയുന്നവർ ഭാഗ്യവാന്മാർ.

ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാൽ , ഭയങ്കരമായ ആ പ്രകമ്പനം .അതിൻറെ ഭാരങ്ങൾ പുറം തള്ളുകയും, അതിന്‌ എന്തുപറ്റി എന്ന്‌ മനുഷ്യൻ പറയുകയും ചെയ്താൽ.അന്നേ ദിവസം ഭൂമി അതിൻറെ വർത്തമാനങ്ങൾ പറഞ്ഞറിയിക്കുന്നതാണ്‌. നിൻറെ രക്ഷിതാവ്‌ അതിന്‌ ബോധനം നൽകിയത്‌ നിമിത്തം. അന്നേ ദിവസം മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവർക്ക്‌ അവരുടെ കർമ്മങ്ങൾ കാണിക്കപ്പെടേണ്ടതിനായിട്ട്‌. അപ്പോൾ ആർ ഒരു അണുവിൻറെ തൂക്കം നൻമചെയ്തിരുന്നുവോ അവനത്‌ കാണും. ആർ ഒരു അണുവിൻറെ തൂക്കം തിൻമ ചെയ്തിരുന്നുവോ അവൻ അതും കാണും (പരിശുദ്ധ ഖുർആൻ അദ്ധ്യായം 099 സൽസല)

 

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles