Current Date

Search
Close this search box.
Search
Close this search box.

‘ബർകത്’ അഥവാ സമൃദ്ധിയിലേക്കുള്ള വാതായനങ്ങൾ

മലയാളികൾ നിത്യജീവിതത്തിൽ സർവ്വ സാധാരണയായി ഉപയോഗിക്കുന്നതും ഏറെ സുപരിചിതവുമായ ഒരു അറബി പദമാണ് ബർകത്. പ്രത്യേകിച്ചും മലബാറിലെ മുസ്ലിങ്ങളുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്ന ഒരു പദമാണത്. അളവറ്റ സമൃദ്ധി എന്നാണ് അതുകൊണ്ട് വിവിക്ഷിക്കുന്നത്. ഈ വാക്കിൻറെ വിവിധ സന്ദർഭങ്ങളിലുള്ള ഉപയോഗമനുസരിച്ച് അതിന് നേരിയ അർത്ഥ വ്യതിയാനം സഭവിക്കാറുണ്ട്. ഉദാഹരണമായി കുടുബത്തിൽ ബർകത്ത് ഉണ്ടാവേണമേ എന്ന് പറയുമ്പോൾ കുടുബ വളർച്ചയുടെ സമൃദ്ധിയും വികാസവും തലമുറകളുടെ നൈരന്തര്യവും ഉണ്ടാവേണമേ എന്നാണ് അതുകൊണ്ട് വിവിക്ഷിക്കപ്പെടുന്നത്. നമ്മുടെ സൽകർമ്മങ്ങളിൽ ബർകത് ഉണ്ടാവേണമേ എന്ന് പറയുമ്പേൾ കർമ്മങ്ങൾക്ക് മികച്ച സ്വീകാര്യതയും അതിലേറെ പ്രതിഫലവും ലഭ്യമാക്കേണമേ എന്നാണ് താൽപര്യം.

എല്ലാ ദർശനങ്ങളിലും അതിൻറെ മൗലിക ആശയങ്ങളും കർമ്മങ്ങളും വിശദീകരിക്കുന്ന പ്രത്യേക സാങ്കേതിക പദങ്ങൾ ഉപയോഗിക്കാറുണ്ട്. അത്തരം നിരവധി സാങ്കേതിക പദങ്ങളാൽ സമൃദ്ധമായ ദർശനമാണ് ഇസ്ലാം. എന്നാൽ അതേ സാങ്കേതിക പദങ്ങൾക്ക് തത്തുല്യവും സമാനവുമായ പദങ്ങൾ മറ്റ് ഭാഷകളിൽ കണ്ടത്തെുന്നതിന് ചില പരിമിതികളുണ്ട്. ഈ പരിമിതികളെ മറികടക്കാൻ അത്തരം പദങ്ങൾ തന്ന കടമെടക്കുകയാണ് പ്രതിവിധി. ‘ബറക’ എന്ന ധാതുവിൽ നിന്ന് നിഷ്പന്നമായ അറബി പദമാണ് ബർകത്. ആരോഗ്യം,സമ്പത്ത് തുടങ്ങി എല്ലാ കാര്യങ്ങങ്ങളിലും അതിൻറെ ആധിക്യത്തേക്കാളുപരി ജഗനിയന്താവിൻറെ പ്രത്യേകമായ അനുഗ്രഹം ലഭിക്കാൻ സത്യവിശ്വാസികൾ ഉപയോഗിക്കുന്ന ഒറ്റ വാക്കാണ് ബർകത്.

ഒരാളുടെ ജീവിതത്തിൽ ശതകോടി സമ്പത്തും സർവ്വാധികാരങ്ങളും കൈവന്നു എന്ന് സങ്കൽപിക്കുക. എങ്കിലും അയാളുടെ പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കാത്ത അവസ്ഥ കാണം. എത്ര ലഭിച്ചാലും അതൊന്നും മതിയാകാതെ അശ്വസ്ഥമായികൊണ്ടിരിക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്. ഇവിടെ അത്തരക്കാർക്ക് വിഭവങ്ങളുടെ കുറവല്ല മറിച്ച് എത്ര കിട്ടിയാലും മതിവരാത്ത അവസ്ഥ. ദൈവിക അനുഗ്രഹത്തിൻറെ കുറവ് അഥവാ ബർകതില്ല എന്നാണ് ഇതിനെ പറയുന്നത്.

ശതകോടി സമ്പത്ത് കുമിഞ്ഞ്കൂടീട്ടും എവിടെ, എങ്ങനെ ആ പണം തീർന്നുപോയെന്ന് സങ്കടപ്പെടുന്നവരുണ്ട്. സമയത്തിൻറെയും ആരോഗ്യത്തിൻറെയും സ്ഥിതിയും തദൈവ. ഒഴിവുവേളകൾ വേണ്ടത്ര ലഭ്യമായിട്ടും പ്രസക്തമായ യാതൊന്നും നിർവഹിക്കാൻ കഴിയാതെ വേപഥുകൊള്ളുന്നവരെ കാണാം. മെച്ചട്ടെ സാമ്പത്തിക സാഹചര്യമുണ്ടായിരുന്നിട്ടും ആ പണം അയാൾക്കൊ സമൂഹത്തിനൊ കാര്യമായ പ്രയോജനം ലഭിക്കാതെ ജീവിതം തള്ളിനീക്കുന്നവരുമുണ്ടല്ലോ? അവിടെയാണ് ജീവിതത്തിൽ ബർകത്തിൻറെ പ്രസക്തിയും അത് വർധിക്കാനുള്ള മാർഗ്ഗങ്ങളുടെ ആവശ്യകതയും ബോധ്യമാവുന്നത്. ബർകത് ലഭിക്കാനള്ള പത്ത് നിർദ്ദേശങ്ങൾ ചുവടെ:

ബർകത് ലഭിക്കാനുള്ള വഴികൾ

1. മഹത്തായ അനുഗ്രഹമുടയവനാണ് അല്ലാഹു എന്ന് ഖുർആനിൽ പല സ്ഥലങ്ങളിലും പരാമർശിച്ചിട്ടുണ്ട്. അല്ലാഹുവിൻറെ ദാസന് ശരിതെറ്റുകളെ വേർതിരിച്ചുകാണിക്കുന്ന ഈ പ്രമാണം ഇറക്കിക്കോടുത്ത അല്ലാഹു അളവറ്റ അനുഗ്രഹമുള്ളവനാണ് (25:1). ആ അനുഗ്രങ്ങളുടെ ഉടയവനായ അല്ലാഹുവിനോട് അടുക്കലാണ് അവൻറെ ബർകത് ലഭിക്കാനുള്ള ഏറ്റവു നല്ല വഴി. അവൻറെ കൽപനകൾ അനുസരിക്കുകയും അവൻ നിരോധിച്ചതിൽ നിന്ന് വിട്ട്നിൽക്കുകയുമാണ് അവൻറെ സാമിപ്യം ലഭിക്കാനുള്ള മാർഗ്ഗം.

2. ജീവിതത്തിലുടനീളം ബർകത് ലഭിക്കാനുള്ള നല്ളൊരു മാർഗ്ഗമാണ് ഖുർആനുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നത്. ഖുർആൻ ബർകത്താണെന്ന് സൂക്തം (38:27) ൽ വ്യക്തമാക്കിയിട്ടുണ്ട്. അതിന് തഫ്ഹീമുൽ ഖുർആൻ നൽകിയ വിവരണം ഇങ്ങനെ: ബർകത്തിൻറെ ഭാഷാർഥം ‘സുഖസൗഭാഗ്യ പോഷണം’ എന്നാണ്. ഖുർആനെ ബർകത്തുടയ (അനുഗൃഹീത) വേദം എന്നു പറയുന്നതിൻറെ താൽപര്യം ഇതാണ്: ഇത് മനുഷ്യന് ഏറ്റവു പ്രയോജനകരമായ വേദമാണ്. ഇത് ജീവിതം സംസ്കരിക്കുന്നതിനു വിശിഷ്ടമായ മാർഗദർശനങ്ങൾ നൽകുന്നു. അവയെ പിൻപറ്റുകമൂലം മനുഷ്യന് ഉത്തരോത്തരം മെച്ചമാണുണ്ടാവുക.

3. തഖ് വയോടെയുള്ള ജീവിതം നയിക്കുകയാണ് ജീവിതത്തിൽ ബർകത് ലഭിക്കാനുള്ള മറ്റൊരു വഴി. ജീവിതത്തിൻറെ നിഖില മേഖലകളിലും സ്രഷ്ടാവിൻറെ നിയമ വ്യവസ്തകളെ പിൻപറ്റുകയും നിരോധിച്ചതിൽ നിന്ന് വിട്ട് നിൽക്കലുമാണ് തഖ്വ. ഖുർആൻ ഒരു ജനതയെക്കുറിച്ച് വ്യക്തമാക്കുന്നു: ” അന്നാട്ടുകാർ വിശ്വസിക്കുകയും ഭക്തരാവുകയും ചെയ്തിരുന്നെങ്കിൽ നാമവർക്ക് വിണ്ണിൽനിന്നും മണ്ണിൽനിന്നും അനുഗ്രഹങ്ങളുടെ കവാടങ്ങൾ തുറന്നുകൊടുക്കുമായിരുന്നു. എന്നാൽ അവർ നിഷേധിച്ചുതള്ളുകയാണുണ്ടായത്. അതിനാൽ അവർ സമ്പാദിച്ചുവെച്ചതിൻറെ ഫലമായി നാം അവരെ പിടികൂടി. 7:96

4. അല്ലാഹുവിനോട് നന്ദി കാണിക്കുന്നവർക്ക് അവൻ സമൃദ്ധി വർധിപ്പിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്: “നിങ്ങൾ നന്ദിയുള്ളവരായാൽ നിശ്ചമായും ഞാൻ നിങ്ങൾക്ക് -അനുഗ്രങ്ങൾ – വർധിപ്പിച്ചുതരുന്നതാണ്. നിങ്ങൾ നന്ദികേടു കാണിച്ചാൽ കഠിനമായിരിക്കും എൻറെ ശിക്ഷ എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ചത് ശ്രദ്ധേയമായ സന്ദർഭമാണ്.” (14/ 7). അല്ലാഹുവും തിരുനബിയും കൽപിച്ച കാര്യങ്ങൾ നടപ്പിലാക്കുകയും നിരോധിച്ചതിൽ നിന്ന് വിട്ട് നിൽകലുമാണ് അവനോടുള്ള നന്ദി പ്രകടിപ്പിക്കൽ.

5. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ബർകത്തിന് കാരണമാവുമെന്ന് നബി (സ) വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കൽ നബിയോട് ചിലർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ. ഞങ്ങൾക്ക് ഭക്ഷണം കഴിച്ചിട്ട് സംതൃപ്തി തോന്നുന്നില്ല. എന്തായിരിക്കാം കാരണം? അവിടുന്ന് പറഞ്ഞു: നിങ്ങൾ വേറിട്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്. അവർ പറഞ്ഞു: അതെ,
നബി (സ) അരുളി: എന്നാൽ നിങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് നോക്കൂക. അല്ലാഹുവിൻറെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങൾക്ക് ബർകത് നൽകപ്പെടുന്നതാണ്. അബൂദാവൂദ്. ഇന്ന് നാം അഭിമുഖീകരിക്കുന്ന കുടുബ പ്രശ്നത്തിനുള്ള ലളിതമായ പരിഹാരമാണ് നബി (സ) നമ്മെ പഠിപ്പിക്കുന്നത്.

6. അല്ലാഹുവിൻറെ ബർക്കത് ലഭിക്കാനുള്ള മറ്റൊരു മാർഗ്ഗമാണ് പ്രാർത്ഥന. എല്ലാ കാര്യങ്ങളിലും നീ ബർകത് ചൊരിയേണമേ എന്നത് വിശ്വാസികളുടെ സുപ്രധാന പ്രാർത്ഥനകളിൽ ഒന്നാണ്. സന്ദർഭാനുസരണം അത്തരം പ്രാർത്ഥനകൾ നിർവ്വഹിക്കുന്നത് അല്ലാഹുവിൻറെ ബർകത്ത് ലഭിക്കാൻ സഹായകമാണ്. കൂടുതൽ ഐശര്യം ജീവിതത്തിൽ ലഭിക്കുകയും ചെയ്യും. തൻറെ അടിമ തന്നോട് മാത്രം ചോദിക്കുന്നത് അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. അവിടെയാണ് ബർകത് വർധിക്കാനുള്ള പ്രാർത്ഥനയുടെ പ്രസക്തി.

7. സൽപ്രവർത്തനങ്ങൾ അല്ലാഹുവിൻറെ പ്രീതി മാത്രം ലക്ഷ്യം വെച്ച് കൊണ്ടായിരിക്കണം ചെയ്യുന്നത്. “നബി (സ) യിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ്: ഇബ്നുമർദവൈഹി യസീദുർറഖാശിയിൽനിന്നു നിവേദനം: ഒരാൾ നബി(സ)യോട് ചോദിച്ചു: ‘ഞങ്ങൾ യശസ്സിനുവേണ്ടി ദാനം ചെയ്യറുണ്ട്. ഇതിന് ഞങ്ങൾക്ക് പാരത്രിക പ്രിതഫലം വല്ലതും ലഭിക്കുമോ?’ തിരുമേനി പറഞ്ഞു: ‘ഇല്ല.’ അയാൾ ചോദിച്ചു: ‘അല്ലാഹുവിൻറെ പ്രതിഫലവും ഐഹിക യശസ്സും, രണ്ടും ഉദ്ദേശ്യമാകാമോ?’ “തിരുമേനി പറഞ്ഞു: “തനിക്ക് മാത്രമായിട്ടുള്ള കർമമല്ലാതെ അല്ലാഹു സ്വീകരിക്കുന്നതല്ല.

8. വിശുദ്ധ മക്ക, മദീന, മസ്ജിദുൽ അഖ്സ എന്നീ പുണ്യസ്ഥലങ്ങൾ ഇസ്ലാമിൽ പ്രത്യേകമായ ബർകത്ത് നിശ്ചയിച്ച പ്രദേശങ്ങളാണ്. അത് പോലെ ചില ദിവസങ്ങൾക്കും സമയങ്ങൾക്കും ഇസ്ലാമിൽ വലിയ പുണ്യമാണുള്ളത്. അത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നതും പുണ്യ സമയങ്ങളിലൂം ദിവസങ്ങളിലും പ്രത്യേകം പ്രാർത്ഥിക്കുക. അല്ലാഹുവിൻറെ ബർകത്ത് ലഭിക്കാനുള്ള മറ്റൊരു മാർഗ്ഗമാണ് അതെന്ന് സൂറത്: ഇസ്റാഅ് 1, സൂറത് : ഖദ്ർ 1,2,3 എന്നീ ഖുർആൻ അധ്യായങ്ങളിൽ വ്യക്തമാക്കീട്ടുണ്ട്.

9. ബർകത് ലഭിക്കാനുളള മറ്റൊരു വഴിയാണ് ഹലാലായ മർഗ്ഗത്തിലൂടെയുള്ള സമ്പാദ്യം. ഹറാമായ ഭക്ഷണവും വസ്ത്രവും ഉപയോഗിക്കുന്നവരുടെ പ്രാർത്ഥനകൾ സ്വീകരിക്കുകയില്ളെന്ന നബി വചനം പ്രസിദ്ധമാണ്. അപ്പോൾ അനുവദനീയമായ മാർഗ്ഗത്തിലൂടെ മാത്രമേ ഏത് കാര്യവും ചെയ്യാൻ പാടുള്ളൂ. അല്ളെങ്കിൽ ബർക്കത് ലഭിക്കുന്ന പ്രശ്നമേയില്ല.

10. അല്ലാഹുവിന് തൊണ്ണൂറ്റൊമ്പത് ഉത്തമ നാമങ്ങളുണ്ടെന്ന് പ്രവാചകൻ പഠിപ്പിക്കുകയുണ്ടായി. പ്രസ്തുത നാമങ്ങൾ ഉച്ചരിച്ച് കൊണ്ട് പ്രാർത്ഥിക്കൽ, ജീവിതത്തിലുടനീളം സത്യസന്ധതയും നീതിയും പാലിക്കൽ, കച്ചവടത്തിലും ഇടപാടുകളിലും സൂക്ഷ്മത പുലർത്തൽ തുടങ്ങിയവ കാര്യങ്ങളിലൂടെ അല്ലാഹുവിൻെറ ബർകത്ത് നമുക്ക് ലഭിച്ച്കൊണ്ടേയിരിക്കും.

ചുരുക്കത്തിൽ എല്ലാ സൽകർമ്മങ്ങളും അല്ലാഹുവിൻറെ അതിരറ്റ അനുഗ്രഹങ്ങൾ ലഭിക്കാനുള്ള വഴികൾ തന്നെയാണ്. മുകളിൽ വിവരിച്ചതും അല്ലാത്തതുമായ സൽകർമ്മങ്ങൾ ചെയ്തുകൊണ്ട് അല്ലാുഹുവുമായി കൂടുതൽ അടുക്കുകയാണ് പ്രധാനം. അപ്പോൾ അവൻറെ പ്രത്യേകമായ സമൃദ്ധിയിലേക്കുള്ള (ബർകത്തിലേക്കുള്ള) വാതയാനങ്ങൾ നമുക്ക് മുമ്പാകെ തുറക്കപ്പെടുമെന്ന കാര്യത്തിൽ സശയമില്ല.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles