Vazhivilakk

ബാങ്ക് വിളിയും ഉച്ചഭാഷിണിയും: തീരാത്ത തര്‍ക്കങ്ങള്‍

ബാങ്ക് കൊടുക്കുക എന്നത് പ്രവാചകന്‍ പഠിപ്പിച്ച ഒരു സുന്നത്താണ്. പ്രവാചക കാലത്തു ഇല്ലാത്ത പലതും ഇന്ന് ലഭ്യമാണ്. ഇത്ര അടുത്ത് പള്ളികളും ബാങ്കിന് ഇന്നത്തെ പോലെ ഉച്ചഭാഷണികളും അന്നുണ്ടായിരുന്നില്ല. പ്രവാചക കാലത്തു മാത്രമല്ല ഇസ്ലാമിക കര്‍മ്മ ശാസ്ത്രം രൂപപ്പെട്ട സമയത്തും അങ്ങിനെ ഒന്നുണ്ടായിരുന്നില്ല. ഇന്നത്തെ അവസ്ഥ മാറിയിരിക്കുന്നു. ഒരേ പട്ടണത്തില്‍ തന്നെ പല പള്ളികളും അടുത്തടുത്ത് വരുന്നു. എല്ലാ പള്ളികളും ഉയര്‍ന്ന ശബ്ദമുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നു. അത് കൊണ്ട് തന്നെ പല ബാങ്കുകളും ഒരേ സമയത്തു കേള്‍ക്കേണ്ടി വരുന്നു. ഈ അവസ്ഥയില്‍ നിന്ന് കൊണ്ട് ബാങ്കിനെ വിശകലനം ചെയ്യാന്‍ പണ്ഡിതര്‍ തയ്യാറാകണം.

ബാങ്കിന്റെ ഉദ്ദേശം നമസ്‌കാരത്തിന്റെ സമയം അറിയിക്കുക എന്നതാണ്. അതിന്റെ വിധിയെ കുറിച്ച് പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് ഫര്‍ദ് കിഫായ (സാമൂഹിക ബാധ്യത) എന്നും നിര്‍ബന്ധത്തോടു അടുത്ത് നില്‍ക്കുന്ന സുന്നത്തു എന്നും രണ്ടു അഭിപ്രായം കാണുന്നു. നമസ്‌കാരം ശരിയാകാന്‍ ബാങ്കും ഇഖാമത്തും ഒരു നിബന്ധനയായി ആരും പറയുന്നില്ല. ഒന്നാമത്തെ രീതിയില്‍ സമീപിക്കലാണ് കൂടുതല്‍ അഭികാമ്യം എന്ന് തോന്നുന്നു. ഒരു സമൂഹത്തില്‍ ജീവിക്കുന്ന മുസ്ലിംകളുടെ ഒരു അടയാളമായി ബാങ്കിനെ മനസ്സിലാക്കാം. പള്ളിയും ബാങ്കും ആ സ്ഥലത്തുള്ള മുസ്ലിംകളെ കുറിച്ച് ഒരു ധാരണ നല്‍കും. അത് കൊണ്ട് തന്നെ സമയാ സമയങ്ങളില്‍ ബാങ്ക് ഉണ്ടാവുക എന്നത് അനിവാര്യമാണ്. അത് ഇന്നത്തെ പോലെ എല്ലാ പള്ളികളില്‍ നിന്നും ഉച്ചത്തില്‍ വേണോ എന്നതാണ് ചോദ്യം.

പ്രവാചകന്‍ ജീവിച്ചിരിക്കുന്ന കാലത്തു ഇങ്ങിനെ ഒരു അവസ്ഥ വന്നെന്നിരിക്കുക. പ്രവാചകന്‍ അത് സമ്മതിക്കില്ല എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. നമസ്‌കാരത്തിന് സമയം അറിയിക്കുക എന്നതിനേക്കാള്‍ ശരി ഇസ്ലാമിന്റെ അടയാളം മനസ്സിലാക്കലാണ്. സമയം അറിയാന്‍ മറ്റു വഴികള്‍ ധാരാളം വന്നതിനാല്‍ ബാങ്ക് ആവശ്യമില്ല എന്ന വാദത്തിനു അത് കാരണമാകും. കേരളം മുസ്ലിം സമൂഹത്തില്‍ ഇന്ന് സംഘടനകള്‍ ഒരു സത്യമാണ്. ഒരേ പട്ടണത്തില്‍ തന്നെ കാണുന്ന പള്ളികള്‍ വ്യത്യസ്ത സംഘടനകള്‍ നിര്‍മ്മിച്ചതും. അത് കൊണ്ട് തന്നെ ഏതൊക്കെ പള്ളിയില്‍ നിന്നും പുറത്തേക്കു കേള്‍ക്കുന്ന രീതിയില്‍ ബാങ്ക് കൊടുക്കണം എന്നതിനെ കുറിച്ച് പ്രാദേശികമായി ഒരു ചര്‍ച്ച നല്ലതാണ്. ഒരേ സമയം ഒരുപാട് പള്ളികളില്‍ നിന്നും ബാങ്ക് കേള്‍ക്കുമ്പോള്‍ അത് സൗന്ദര്യത്തേക്കാള്‍ കൂടുതല്‍ വൈരൂപ്യമായി അനുഭവപ്പെടും.

അടുത്തിടെ ഒരു സ്ത്രീ ഉദ്യോഗസ്ഥ ഈ വിഷയകവുമായി ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. പക്ഷെ മാന്യതയോടെയല്ല സമുദായം അത് കേട്ടത് എന്ന് തോന്നുന്നു. അറബി നാടുകളില്‍ പലയിടത്തും പള്ളികളില്‍ ബാങ്ക് തന്നെയില്ല. ഒരിടത്തു ബാങ്ക് കൊടുത്താല്‍ ബാക്കി പള്ളികളില്‍ അത് ആധുനിക സാങ്കേതിക രീതികള്‍ ഉപയോഗിച്ച് എത്തിക്കുന്നു. പല ബാങ്ക് പല സമയം എന്നതിന് അതൊരു പരിഹാരമാകും. ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം ഒരു ഇരുമ്പുലക്കയല്ല. കര്‍മ്മ ശാസ്ത്രം രൂപം കൊണ്ടത് തന്നെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ്. നമസ്‌കാരം നിര്‍ബന്ധമാണ്. ബാങ്ക് നിര്‍ബന്ധമല്ലെങ്കിലും അതിന്റെ ഭാഗമാണ്. അത് ഉച്ച ഭാഷിണിയിലൂടെ കൊടുക്കണം എന്നത് അനിവാര്യമായ കാര്യമല്ല. അനാവശ്യമായ സംഘടനാ പക്ഷപാതിത്വം അവസാനിപ്പിച്ചു സമുദായം വര്‍ത്തമാന സത്യത്തിലേക്ക് വന്നാല്‍ തീരുന്നതാണ് ഈ അഭിപ്രായ ഭിന്നതയും.

സൂര്യന്‍ അസ്തമിക്കുമ്പോള്‍ നോമ്പ് മുറിക്കണം എന്നതാണ് ഇസ്ലാം പറയുന്നത്. സൂര്യനും ചന്ദ്രനും സംഘടനയില്ല. എങ്കിലും സൂര്യാസ്തമയം ഒരേ പ്രദേശത്തു തന്നെ പലര്‍ക്കും പല സമയത്തായതിനു കേരളം സാക്ഷിയാണ്. തങ്ങളുടെ പള്ളിയില്‍ നിന്നും ബാങ്ക് കേട്ടാല്‍ മാത്രം നോമ്പ് തുറക്കുന്ന സംസ്‌കാരം പിടികൂടിയ കാലമാണിത്. അതിനാല്‍ തന്നെ സങ്കുചിത സംഘടനാ പക്ഷപാതത്തില്‍ നിന്നും മുക്തിയാണ് ആദ്യം വേണ്ടതും.

Facebook Comments
Related Articles
Show More
Close
Close