Current Date

Search
Close this search box.
Search
Close this search box.

ശാസ്ത്രം, ദൈവേകത്വം ആനിബസൻ്റിൻ്റെ വാക്കുകൾ

വനിതാ വിമോചനം, സ്വതന്ത്ര ചിന്താ പ്രസ്ഥാനം, സാമൂഹിക പരിഷ്കരണം, തൊഴിലാളി പ്രസ്ഥാനം, ഫേബിയൻ സോഷ്യലിസം, ബ്രഹ്മവിദ്യാ സംഘം, മാർക്സിസ്റ്റ് സോഷ്യൽ ഡമോക്രാറ്റിക് സംഘം, ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നിങ്ങനെ 1847 ൽ ഇംഗ്ലണ്ടിൽ ജനിച്ച് 1933ൽ ഇന്ത്യയിൽ അന്തരിക്കുന്നതു വരെ വിഭിന്ന ചിന്താധാരകളിലൂടെ അന്വേഷണ തൃഷ്ണയോടെ കടന്നുപോയ ബഹുമുഖ പ്രതിഭയാണ് ആനിബസൻ്റ്.

കെ.മുഹമ്മദലി പരിഭാഷപ്പെടുത്തി ഡയലോഗ് സെൻറർ കേരള പുറത്തിറക്കിയ ആനിബ സൻ്റിൻ്റെ പ്രഭാഷണം അടങ്ങുന്ന ലഘു കൃതിയിൽ നിന്ന് ഉദ്ധരിക്കാം:

“പ്രവാചകൻ്റെ പ്രിയങ്കരനായ ജാമാതാവ് ഹസ്രത്ത് അലി ശാസ്ത്രത്തിന് മഹത്തായ ഒരു നിർവ്വചനം നൽകി: ഹൃദയത്തിൻ്റെ പ്രകാശമാണ് ശാസ്ത്രത്തിൻ്റെ സത്ത. സത്യമാണതിൻ്റെ അടിസ്ഥാന ലക്ഷ്യം. പ്രചോദനമാണിതിൻ്റെ വഴികാട്ടി. യുക്തിയാണതിൻ്റെ സ്വീകർത്താവ്. ദൈവമാണ് പ്രചോദകൻ. മനുഷ്യൻ്റെ വാക്കുകളിലൂടെയാണത് പുറത്തു വരുന്നത്.

ആദ്യകാല മുസ് ലിംകളെ തത്വശാസ്ത്രത്തിലേക്കും ശാസ്ത്ര ജ്ഞാനത്തിൻ്റെ അത്യുന്നതിയിലേക്കും നയിച്ചത് വിജ്ഞാനത്തെ സംബന്ധിച്ച ഈ മഹത്തായ വീക്ഷണമാണ്. ഇസ് ലാം പുരോഗമനാത്മകമല്ലെന്ന് ആരോപിക്കുന്നവർ ചരിത്രത്തെ അവഗണിക്കുകയാണ്. പിൽക്കാലത്തുണ്ടായ മുരടിപ്പിനു കാരണം മതം അല്ല, മറ്റെന്തോ ആണെന്നു കരുതേണ്ടിയിരിക്കുന്നു!

പ്രവാചകൻ അടിത്തറ പാകിയ വൈജ്ഞാനിക തൃഷ്ണ അറേബ്യൻ ലോകത്ത് നൂറ്റാണ്ടുകളോളം നിലനിന്നു.അത് നിശബ്ദമായ പുരോഗതിക്ക് നാന്ദി കുറിച്ചു. തുടർന്ന് അത് സ്പെയിനിലെത്തി. യൂറോപ്പിൽ പ്രകാശം പോലെ പരന്നു. ക്രൈസ്തവ ലോകത്തിന് അതുവഴി പുതുജീവൻ ലഭിച്ചു. അറേബ്യയിലെയും ഈജിപ്തിലെയും ബാഗ്ദാദിലെയും കൈറോയിലെയും കലാശാലകളിലൂടെ ഒരു പുതിയ പ്ലാറ്റോണിയൻ യുഗത്തിന് ജന്മം നൽകി. മുസ് ലിംകൾ തങ്ങൾ സഞ്ചരിച്ച വഴികളിലെല്ലാം വിജ്ഞാനത്തിൻ്റെ പ്രഭ വിതറിക്കൊണ്ടാണ് കടന്നു പോയത്. ഇസ് ലാമിക രാജ്യങ്ങളിലുടനീളം യൂണിവേഴ്സിറ്റികളുയർന്നു.

വാനശാസ്ത്രവും രസതന്ത്രവും ഗണിതശാസ്ത്രവുമെല്ലാം ക്രൈസ്തവ ലോകത്തിനന്യമായ ഒരു കാലത്ത് യൂറോപ്പിൻ്റെ നാനാഭാഗത്തു നിന്നും വിദ്യാർത്ഥികൾ കൂട്ടം കൂട്ടമായി ഇസ് ലാമിക കലാലയങ്ങളിലേക്ക് കടന്നു വന്നു. പോപ്പ് സിൽവെസ്റ്റർ രണ്ടാമൻ കൊർദോവ സർവ്വകലാശാലയിൽ നിന്നാണ് ശാസ്ത്ര വിഷയങ്ങൾ അഭ്യസിച്ചിരുന്നത്…

അറബികൾ ഭാരതീയരിൽ നിന്നും ഗ്രീക്കുകാരിൽ നിന്നും ഗണിത ശാസ്ത്രം പഠിച്ചു. ദ്വിമാന സമവാക്യവും ക്വോഡ്രാറ്റിക് സമവാക്യവും കണ്ടു പിടിച്ചു. ബൈനോമിയൽ സിദ്ധാന്തവും ട്രിഗണോമെട്രിയിലെ സൈനും കോസൈനും കണ്ടെത്തി. ആദ്യത്തെ ടെലസ്കോപ്പ് നിർമിച്ചു. നക്ഷത്രങ്ങളെക്കുറിച്ചു പഠിച്ചു. ഭൂമിയുടെ വലിപ്പവും അളന്നു. ഒരു പുതിയ വാസ്തുശിൽപ്പത്തിനും സംഗീതത്തിനും രൂപം നൽകി. ശാസ്ത്രീയ കൃഷി രീതി ലോകത്തിനു പരിചയപ്പെടുത്തി. ഉൽപന്നങ്ങളെ ഗുണമേന്മയുടെ ഔന്നത്യത്തിലെത്തിച്ചു. യൂറോപ്പിനു മാത്രമല്ല മുസ് ലിംകൾ സംഭാവനകൾ നൽകിയത്. മുഗളരുടെ വാസ്തുശിൽപം ഇന്ത്യക്ക് സുപരിചിതമാണല്ലോ. “അവർ ഇന്ത്യയെ അതികായന്മാരെപ്പോലെ പണിതുയർത്തി, സ്വർണപ്പണിക്കാരെപ്പോലെ അലങ്കരിച്ചു” എന്ന് വിശേഷിപ്പിക്കുന്നത് എത്ര വാസ്തവം!…

അവസാനമായി ഒരു വാക്കു കൂടി. നാമെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്. ഓരോരുത്തരും മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കണം. സ്വന്തം വിശ്വാസത്തെ സ്നേഹിക്കുന്നതോടൊപ്പം അനുസരിച്ച് ജീവിക്കുകയും വേണം. ഒപ്പം ഈ ഭൂമിയിൽ സമാധാനത്തോടെ കഴിയുകയും വേണം. അല്ലാഹുവെന്നോ ഈശ്വരനെന്നോ യഹോവയെന്നോ വിളിക്കുക. നാമങ്ങൾ പലതാണെങ്കിലും ദൈവം ഒന്നേയുള്ളൂ.”

Related Articles