Current Date

Search
Close this search box.
Search
Close this search box.

വിശ്വാസികളുടെ വഴി

path.jpg
കെ സി ഉമേഷ് ബാബുവിന്റെ കവിതയില്‍ നിന്ന് 

‘മത വിശ്വാസി പ്രാര്‍ത്ഥിച്ചു
ദയാപരനായ ദൈവമേ,
അവിശ്വാസിയായ എന്റെ അയല്‍ക്കാരനെയും
വിശ്വാസത്തിലേക്കുയര്‍ത്തിയാലും
മതഭ്രാന്തന്‍ പ്രാര്‍ത്ഥിക്കുന്നു
സര്‍വ്വ ശക്തനായ ദൈവമേ
അവിശ്വാസിയായ എന്റെ അയല്‍ക്കാരന് നാശവും
എനിക്ക് കരുത്തും നീ പകരുക’
സത്യവിശ്വാസി കാരുണ്യത്തിന്റെ നിറകുടമായിരിക്കും. എല്ലാവരോടും ഗുണകാംക്ഷ പുലര്‍ത്തുന്നവനും. സകലരുടെയും നന്മ കൊതിക്കുന്നവനും. അതിനാല്‍ എല്ലാവരും സത്യത്തിലും സന്മാര്‍ഗത്തിലുമാകണമെന്ന് അയാള്‍ അതിയായി ആഗ്രഹിക്കുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നു. പ്രവര്‍ത്തിക്കുന്നു.
വിശ്വാസി വെറുക്കുക കുറ്റവാളിയെ അല്ല. കുറ്റത്തെയാണ്. കുറ്റവാളി രോഗിയെപ്പോലെയാണ്. അയാള്‍ക്കാവശ്യം ചികിത്സയാണ്. അയാളോട് സ്‌നേഹവും അനുകമ്പയും ഉള്ളവര്‍ക്കേ അത് നല്‍കാനാവൂ. അതിനാല്‍ തെറ്റ് ചെയ്യുന്നവരെ ശത്രുവായി കരുതി അകറ്റി നിര്‍ത്തുകയല്ല വേണ്ടത്. നന്നായി അടുത്തിടപഴകി അയാളെ സ്വാധീനിക്കുകയാണ്.
കുറ്റമാളികളെ കുറ്റം പറയാനും കൂക്കി വിളിക്കാനും ആര്‍ക്കും കഴിയും. കൂടെ നിര്‍ത്തി മാറ്റിയെടുക്കാന്‍ ഏറെ പേര്‍ക്കും സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ സംഭവിക്കേണ്ടതാവട്ടെ അതാണ് താനും. സംഭവിക്കേണ്ടതിന് വേണ്ടിയാണല്ലോ പ്രാര്‍ത്ഥിക്കേണ്ടത്. നബി(സ) കഠിന വിരോധിയായ ഉമറു ബിന്‍ ഖത്താബിന്റെ സന്മാര്‍ഗലബ്ദിക്കായി നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നുവല്ലോ. ജനങ്ങളുടെ നന്മയില്‍ വിശ്വാസവും മാറ്റത്തില്‍ പ്രതീക്ഷയും ഉള്ളവര്‍ക്കേ ഇത് സാധ്യമാവുകയുള്ളൂ.
കാലം കണ്ട ഏറ്റവും കൊടിയ ധിക്കാരിയും മര്‍ദ്ദകനുമായ ഫറവോന്റെ അടുത്തേക്ക് അല്ലാഹു മൂസാ നബിയെയും ഹാറൂന്‍ നബിയെയും നിയോഗിച്ചത് അവരില്‍ അദ്ദേഹത്തെക്കുറിച്ച പ്രതീക്ഷ വളര്‍ത്തിക്കൊണ്ടാണല്ലോ. അല്ലാഹു അവരോട് പറഞ്ഞു ‘നിങ്ങളവനോട് സൗമ്യമായി സംസാരിക്കുക. ഒരുവേള അവന്‍ ചിന്തിച്ച് മനസ്സിലാക്കിയെങ്കിലോ?അല്ലെങ്കില്‍ ഭയഭക്തിയുള്ളവനായെങ്കിലോ?’ (20:44)
അല്ലാഹു തന്റെ സുഹൃത്തായി സ്വീകരിച്ച ഇബ്രാഹിം പ്രവാചകന്‍ തന്നെ ധിക്കരിക്കുന്ന വിഗ്രഹാരാധകര്‍ക്ക് പോലും മാപ്പ് കിട്ടണമെന്നാണലോല കൊതിച്ചത്. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയിങ്ങനെ ‘എന്റെ നാഥാ, ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടര്‍ന്നവര്‍ എന്റെ ആളുകളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കില്‍, നാഥാ നീ ഏറെ പൊറുക്കുന്നുവനും ദയാപരനുമല്ലോ’. (14:36)
പാപികള്‍ക്ക് പൊറുത്ത് കിട്ടണമെന്ന് തന്നെയാണ് ഈസാ നബിയും ആഗ്രഹിച്ചത്. അതിനാല്‍ അദ്ദേഹം പ്രാര്‍ത്ഥിച്ചു ‘നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്നെ അടിമകള്‍ തന്നെയാണല്ലോ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും’ 5:118
ഈ ഹൃദയ വിശാലതയും സന്മനോഭാവവുമാണ് ഇസ്‌ലാം അതിന്റെ അനുയായികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

Related Articles