Current Date

Search
Close this search box.
Search
Close this search box.

ഒരു പള്ളി നിര്‍മാണത്തിന്റെ കഥ

Sanki-Yedim-Camii.jpg

നമസ്‌കാരത്തിനായി പള്ളിയില്‍ കയറിയപ്പോള്‍ പള്ളിമൂലയില്‍ ഒരു ശൈഖും കുറേ കുട്ടികളും ഇരിക്കുന്നതു ശ്രദ്ധയില്‍ പെടുകയുണ്ടായി. അവരുടെ അധരങ്ങളില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്റെ ഈണത്തിലുള്ള പാരായണം കേള്‍ക്കുന്നു. ഫാത്തിഹ അധ്യായം അവര്‍ ഓതിത്തീര്‍ത്തു.
നിഷ്‌കളങ്കരായ ആ കുട്ടികളുടെ മുഖം പ്രസന്നമാണ്, എല്ലാവരും അറബികളുടെ ഖമീസ് ആണ് ധരിച്ചിരിക്കുന്നത്. അവരുടെ ശിരസ്സുകളുല്‍ വെള്ള നിറത്തിലുള്ള തൊപ്പിയുമുണ്ട്.. തുര്‍ക്കിയില്‍ അപൂര്‍വമായ ഒരു കാഴ്ചയായിരുന്നു അത്. അവിടെ ഒരുമിച്ചുകൂടിയതെല്ലാം അഞ്ചുവയസ്സില്‍ താഴെയുള്ള പിഞ്ചോമനകളായിരുന്നു. വടക്ക് ഭാഗത്ത് നിന്ന് ഇളംകാറ്റ് ഓളങ്ങളൊന്നുമില്ലാതെ അടിച്ചുവീശിക്കൊണ്ടിരിക്കുന്നു. ശൈഖിനോടൊപ്പം കുട്ടികള്‍ ഫാത്തിഹ പാരായണം ഓതിത്തീര്‍ന്നപ്പോള്‍ അവരിലൊരാള്‍ ശൈഖിനോട് ചോദിച്ചു.
-‘ഇന്നത്തെ നാണയം ആര്‍ക്കാണ് ലഭിക്കുക?’
ഏറ്റവും നന്നായി ഹൃദിസ്ഥമാക്കുന്ന ആള്‍ക്ക്- ഒരു ചെറു പുഞ്ചിരിയോടെ ശൈഖ് മറുപടി പറഞ്ഞു. ഇന്നത്തെ സമ്മാനമാര്‍ക്കാണെന്ന് അറിയാന്‍ കൗതുകത്തോടെ കുട്ടികള്‍ ശൈഖിലേക്ക് ശ്രദ്ധതിരിച്ചു. ചെറുതായൊന്ന് ചിരിച്ചതിന് ശേഷം ശൈഖ് അവരോട് ചോദിച്ചു.
-‘നിങ്ങളോരോരുത്തര്‍ക്കും നാണയം ലഭിച്ചാല്‍ നിങ്ങള്‍ അതുകൊണ്ട് എന്താണ് ചെയ്യുക?’
-‘ഞാന്‍ കളിപ്പാട്ടം വാങ്ങും’
-‘കളര്‍ വാങ്ങും’
-‘പെരുന്നാളിലേക്ക് സമ്പാദ്യമായി ഞാന്‍ സൂക്ഷിക്കും.’ ഓരോരുത്തരായി മറുപടി പറഞ്ഞു.
-‘അമല്‍ നീ എന്താണ് അതുകൊണ്ട് ചെയ്യുക?’ ഉത്തരം പറയാതെ ഒതുങ്ങിയിരിക്കുന്ന അമലിനോട് ശൈഖ് ചോദിച്ചു.
-‘ഞാന്‍ മധുരപലഹാരങ്ങള്‍ വാങ്ങും’….അല്‍പം ലജ്ജയോടുകൂടി അവള്‍ പറഞ്ഞു.
ശൈഖ് അവരിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: ഇന്നത്തെ വിജയി ആര് എന്നു തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഞാന്‍ ഒരു കഥ പറഞ്ഞുതരാം.
-പള്ളി നിര്‍മാണത്തിന്റെ പ്രതിഫലം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? മുഖവുരയൊന്നുമില്ലാതെ ശൈഖ് അവരിലേക്ക് ഒരു ചോദ്യമെറിഞ്ഞു.
ആരും ഉത്തരം പറയുന്നില്ലെന്ന് കണ്ടപ്പോള്‍ ശൈഖ് വിവരിച്ചു.
-‘അല്ലാഹുവിന് വേണ്ടി ആരെങ്കിലും ഒരു പള്ളി നിര്‍മിക്കുകയാണെങ്കില്‍ സ്വര്‍ഗത്തില്‍ അല്ലാഹു അവന് ഒരു വീട് പണിയും. അപ്രകാരം തന്നെ ആരെങ്കിലും ഒരു പള്ളി നിര്‍മിക്കുകയാണെങ്കില്‍ അതില്‍ വെച്ച് നമസ്‌കരിക്കുന്നവരുടേതെല്ലാം പ്രതിഫലം അയാള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും. ഈ പള്ളിയില്‍ നിന്ന് ഇപ്പോള്‍ നമസ്‌കരിക്കുന്നവരിലേക്കും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരിലേക്കും നിങ്ങള്‍ നോക്കൂ. ഇതിന്റെയെല്ലാം പ്രതിഫലം ഈ പള്ളി നിര്‍മിച്ച വ്യക്തിക്ക് ലഭിക്കും.’
സംസാരത്തിനിടെ ഒരു കുട്ടിചോദിച്ചു. ‘ഞങ്ങള്‍ പഠിക്കുന്നതിന്റെയും പ്രതിഫലം അയാള്‍ക്ക് ലഭിക്കുമോ?’
-‘അതെ മോനെ, തലയാട്ടിക്കൊണ്ട് ശൈഖ് പ്രതികരിച്ചു. നിങ്ങള്‍ പാരായണം ചെയ്യുന്ന ഓരോ വാചകത്തിനും ലഭിക്കുന്നതുപോലുള്ള പ്രതിഫലം അദ്ദേഹത്തിനും ലഭിക്കും. നിങ്ങള്‍ ഇന്ന് ഹൃദിസ്ഥമാക്കിയ ഈ ഫാത്തിഹ നിങ്ങള്‍ പാരായണം ചെയ്യുമ്പോഴെല്ലാം അതിന്റെ ഒരു പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കും.. നിങ്ങള്‍ പിന്നീട് നിങ്ങളുടെ മക്കള്‍ക്കിത് പഠിപ്പിക്കുമ്പോള്‍ അതിന്റെയെല്ലാം പ്രതിഫലം അയാള്‍ക്ക് ലഭിച്ചുകൊണ്ടേയിരിക്കും.
ഉടനെ മുഖമക്കന ഉയര്‍ത്തിക്കൊണ്ട് ഒരു പെണ്‍കുട്ടി പറഞ്ഞു.
-ഇതു തന്നെ ധാരാളമാണല്ലോ..’
നമുക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കും എന്ന് പുഞ്ചിരിയോടെ ശൈഖ് പറഞ്ഞു.

-എന്നാല്‍ നാമിരിക്കുന്ന ഈ പളളി നിര്‍മിച്ച വ്യക്തിയുടെ കഥ നിങ്ങള്‍ക്കറിയാമോ? -ശൈഖ് വീണ്ടും ചോദിച്ചു.
അവരെല്ലാം ഒരേയൊരു സ്വരത്തില്‍ അത് എന്താണ് എന്ന് ശൈഖിനോട് ചോദിച്ചു.
-ശൈഖ് നിവര്‍ന്നിരുന്നുകൊണ്ട് അതിന്റ കഥ വിവരിക്കാന്‍ തുടങ്ങി.
-തുര്‍ക്കിയിലെ ഫാത്തിഹ് എന്ന പ്രദേശത്ത് ഖൈറുദ്ദീന്‍ അഫന്‍ദി എന്നു പേരുള്ള ദൈവബോധമുള്ള  ഒരു വ്യക്തി ജീവിച്ചിരുന്നു. അദ്ദേഹം വലിയ ഒരു പണ്ഡിതനോ പ്രബോധകനോ ഒന്നുമായിരുന്നില്ല. പക്ഷെ, നന്മയെയും ദീനിനെയും അതിയായി സ്‌നേഹിച്ച ഒരു സാധാരണക്കാരനായിരുന്നു. ഒരു പള്ളി നിര്‍മിക്കണമെന്നത് അദ്ദേഹത്തിന്റെ ചിരകാല അഭിലാഷമായിരുന്നു…പക്ഷെ അതിനു വേണ്ട പണം അദ്ദേഹത്തിന്റെ കയ്യിലില്ല താനും.
-പക്ഷെ, അദ്ദേഹം അതില്‍ നിരാശനായില്ല… അദ്ദേഹം അങ്ങാടിയിലേക്ക് പുറപ്പെടും… വല്ല പഴങ്ങളും വാങ്ങാന്‍ കൊതിക്കുമ്പോള്‍ പോക്കറ്റില്‍ നിന്നും പണമെടുത്ത് തന്റെ കയ്യിലുള്ള ചെറിയ പെട്ടിയിലിടും. എന്നിട്ട് അദ്ദേഹം പറഞ്ഞു. ഞാന്‍ അത് തിന്നതുപോലെ!
അങ്ങാടിയില്‍ കൊതിയൂറുന്ന മാംസങ്ങളും മറ്റും കാണുമ്പോള്‍ അദ്ദേഹം തന്റെ കീശയില്‍ നിന്നും അതിനുളള നാണയമെടുത്ത് തന്റെ കയ്യിലുള്ള പെട്ടിയില്‍ നിക്ഷേപിക്കും. എന്നിട്ട് ഞാനത് കഴിച്ചതുപോലെ എന്നു പറയും. ഇത്തരത്തില്‍ ആ പെട്ടി നിറയെ പണം ഒരുക്കൂട്ടുകയുണ്ടായി.. വിശപ്പാലോ ദാരിദ്ര്യത്താലോ അദ്ദേഹം മരണപ്പെടുകയുണ്ടായില്ല.

ഒരു ദിവസം അദ്ദേഹം തന്റെ പെട്ടി തുറന്നു! പള്ളി നിര്‍മാണത്തിനാവശ്യമായ പണം അതില്‍ ഉണ്ടായിരുന്നു. അദ്ദേഹം തന്റെ മഹല്ലില്‍ അതുകൊണ്ട് ഒരു പള്ളി നിര്‍മിക്കുകയുണ്ടായി. ഈ പള്ളി നിര്‍മാണത്തിന് ഉതവിയേകിയ നാഥനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി..
ഈ സല്‍ക്കര്‍മിയായ മനുഷ്യന്റെ കഥ നാട്ടിലെല്ലാം പാട്ടായി… അദ്ദേഹം അങ്ങാടിയില്‍ പോയതും ‘ഞാന്‍ തിന്നതുപോലെ’ എന്ന അദ്ദേഹത്തിന്റ പ്രതികരണവും എല്ലാവരും മനസ്സിലാക്കി. അവര്‍ ആ പള്ളിക്ക് പിന്നീട് ‘കഅന്നനീ അകല്‍തു-ഞാന്‍ അത് ഭക്ഷിച്ചതുപോലെ’ എന്നു പേര് വിളിക്കുകയും ചെയ്തു പോന്നു..
ആ പള്ളിയിലാണ് നാമിപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെയെല്ലാം പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു.. ആനന്ദത്തിന്റെ സമയത്ത് ഞാനത് തിന്നതുപോലെ എന്ന് അദ്ദേഹം പറഞ്ഞതിന്റെ പേരിലാണ് ഇത് യാഥാര്‍ഥ്യമായത്. കഥക്കിടയില്‍ ശൈഖ് വിവരിച്ചു.

ശൈഖ് മൗനം ദീക്ഷിച്ചു.. നിഷ്‌കളങ്കയായ ആ കൊച്ചുകുട്ടിയുടെ മുഖഭാവം അദ്ദേഹം നിരീക്ഷിച്ചുകൊണ്ടേയിരുന്നു.. പിന്നീട് ശൈഖ് കഥ ഇവിടെ തീര്‍ന്നിരിക്കുന്നു എന്നറിയിച്ചു..
ഇന്നു തന്നെ ഹൃദിസ്ഥമാക്കിയവര്‍ക്കാണ്  ഈ നാണയം എന്നു ശൈഖ് പറഞ്ഞു.
വിദ്യാര്‍ഥികളിലൊരാള്‍ ചോദിച്ചു. ആരാണ് അതിന് അര്‍ഹമായത്? .
ശൈഖ് അമലിനെ ചൂണ്ടിക്കാണിച്ചു. ഇന്നത്തേത് അമലിനാണ് വിധിച്ചതെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
എല്ലാവരും അമലിന്റെ കൊച്ചുകൈകളിലെ നാണയങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു.. അവ തനിക്ക് ലഭിച്ചിരുന്നെങ്കില്‍ തങ്ങളുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങള്‍ സഫലീകരിക്കാമെന്ന് അവര്‍ ആശിക്കുകയും ചെയ്തു.
 -അമല്‍, ഈ നാണയം കൊണ്ട് നീ എന്താണ് ചെയ്യുക! എന്ന് ശൈഖ് അവളോട് ചോദിച്ചു.. ശൈഖ് ആശ്ചര്യഭരിതനായിക്കൊണ്ട് വീണ്ടും ചോദിച്ചു.. നീ മുമ്പ് പറഞ്ഞത് പോലെ ഹല്‍വ വാങ്ങുകയില്ലേ!
അമല്‍ പറഞ്ഞു. ‘ഞാന്‍ ഇതു ശേഖരിച്ചു ഒരു പള്ളി നിര്‍മിക്കും!.’..
ഹൃദയത്തില്‍ പ്രതീക്ഷയുടെ തിരിനാളങ്ങളുയര്‍ത്തിക്കൊണ്ടവള്‍ പറഞ്ഞു. ശൈഖ്, ഞാന്‍ മധുരം കഴിച്ചതുപോലെ! ഞാന്‍ കഴിച്ചതുപോലെ!

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles