2022 നവം.29 ചൊവ്വ കൈറോവിൽ നിന്ന് 220 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അലക്സാണ്ട്രിയ പട്ടണത്തിലേക്കായിരുന്നു യാത്ര. സഹാറ മരുഭൂമിയിൽ കൈറോ-അലക്സാണ്ട്രിയ ഡെസർട്ട് റോഡിലൂടെയായിരുന്നു സഞ്ചാരം. അറബ് ലോകത്തെ ഏറ്റവും വലിയ സമുദ്രമായ മെഡിറ്ററേനിയൻ കടലിൻ്റെ തീരത്താണ് ഈ പട്ടണം. 500 മുതൽ 1000വരെ കിലോമീറ്ററാണ് മെഡിറ്ററേനിയൻ കടലിൻ്റെ വീതി കണക്കാക്കപ്പെടുന്നത്. യൂറോപ്പിൻ്റെയും ആഫ്രിക്കയുടേയും ഇടയിൽ സ്ഥിതി ചെയ്യുന്നതിനാൽ നെപോളിയനും, അംറുബ്നുൽ ആസുമെല്ലാം ഈജിപ്തിലേക്കെത്തിയത് മെഡിറ്ററേനിയൻ കടലിലൂടെയാണ്. മറുഭാഗത്ത് യൂറോപിലെ തുർക്കിയുടെ പഴയ തലസ്ഥാനമായ ഇസ്തംബൂൾ സ്ഥിതി ചെയ്യുന്നു. കടലും അലക്സാണ്ട്രിയ നഗരവും തൊട്ടുരുമ്മി നിൽക്കുന്ന കാഴ്ച സുന്ദരം. തിരമാലകൾ കരയിലേക്ക് ശക്തമായി അടിച്ചു കയറാതിരിക്കാൻ അല്പം അകലെ ഒരു വലിയ തടയണ നിർമിക്കപ്പെട്ടിട്ടുണ്ട്. അതിൻ്റെ മധ്യഭാഗത്ത് കടലിലേക്ക് പ്രവേശന കവാടവുമിട്ടിരിക്കുന്നു. കൃസ്തുവിന്ന് 350 വർഷം മുമ്പ് അലക്സാണ്ടർ ചക്രവർത്തി നഗരം നിർമിച്ചതിനാലാണ് അലക്സാണ്ടിയ എന്നറിയപ്പെട്ടത്. ഇസ്കന്ദരിയ്യ എന്നാണ് അറബി പേര്.1000 വർഷം പുരാതന ഈജിപ്തിൻ്റെ തലസ്ഥാന നഗരിയായിരുന്നു ഈ നഗരം. 55 ലക്ഷമാണ് ജനസംഖ്യ. ക്രൈസ്തവ സമൂഹമാണ് കൂടുതലും ഇവിടെ താമസിക്കുന്നത്.
അലക്സാണ്ട്രിയ ലൈബ്രറി: ഒരിക്കലും അസ്തമിക്കാത്ത സൂര്യൻ – എന്നാണ് ഈ വിജ്ഞാന ഗവേഷണ കേന്ദ്രത്തിൻ്റെ പരസ്യവാചകം. ലൈബ്രറിയുടെ മുൻവശത്ത് ഗോളാകൃതിയിൽ ഒരു കെട്ടിടമുണ്ട്. വാനനിരീക്ഷണ കേന്ദ്രമാണത്.
അംറുബ്നുൽ ആസ് അലക്സാണ്ട്രിയ ലൈബ്രറി കത്തിച്ചിരുന്നുവെന്നത് കുപ്രചരണമാണെന്ന് പല ഗവേഷകരും രേഖപ്പെടുത്തിയിട്ടുണ്ട്. ലൈബ്രറി സന്ദർശിച്ച് പുറത്തേക്കിറങ്ങിയപ്പോൾ വലതു ഭാഗത്ത് വലിയൊരു നെയിം ബോർഡ്. ജാമിഅതു ഇസ്ക്കന്ദരിയ്യ അഥവാ അലക്സാണ്ട്രിയ യൂണിവേഴ്സിറ്റിയാണത്. അവിടുത്തെ വിദ്യാർഥികൾക്ക് ലൈബ്രറിയിലേക്കെത്താൻ റോഡിന് കുറുകെ മേൽപാലം നിർമിക്കപ്പെട്ടിരിക്കുന്നു. വിജ്ഞാന ശേഖരത്തിന്ന് ഒരു നാട് നടത്തിയ കഠിനാധ്വാനത്തിൻ്റെ നിദർശനമാണ് ലോകപ്രശസ്ത അലക്സാണ്ട്രിയ ലൈബ്രറിയും യൂണിവേഴ്സിറ്റിയും.


മെഡിറ്ററേനിയൻ കടലിൽ നിർമിക്കപ്പെട്ട തടയിണക്ക് മീതെയുള്ള കോട്ട കാണുവാനാണ് പിന്നീട് ഞങ്ങൾ പുറപ്പെട്ടത്.സുൽത്വാൻ ഖായ്തുബായ് അവിടെ വലിയൊരു ലൈറ്റ് ഹൗസ് സ്ഥാപിച്ചിരുന്നു. അതേ സ്ഥാനത്ത് പിൽക്കാലത്ത് നിർമിക്കപ്പെട്ട കോട്ടയാണിത്. അതിന്നു മീതെ ഈജിപ്തിൻ്റെ കൊടി പാറി കൊണ്ടിരിക്കുന്നു
മെഡിറ്ററേനിയൻ കടലിൽ വെച്ചാണ് യൂനുസ് നബിയെ മത്സ്യം വിഴുങ്ങിയത്. താൻ ചെയ്തു പോയ അപരാധത്തിൻ്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ഈ പരീക്ഷണത്തെ പറ്റി പശ്ചാത്തപ ബോധത്തോടെ അദ്ദേഹം നടത്തുന്ന പ്രാർഥന വിശുദ്ധ ഖുർആനിലുണ്ട്. യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലേക്കുള്ള കുടിയേറ്റം നടക്കുന്നത് മെഡിറ്ററേനിയൻ കടലിലൂടെയാണ്.പൊട്ടിപൊളിഞ്ഞ കപ്പലിൽ നടത്തപ്പെടുന്ന അത്തരം പല യാത്രകൾക്കിടയിൽ നിരവധി പേർ മരണപെട്ടിട്ടുണ്ട്. ഐലൻ കുർദി എന്ന കുഞ്ഞിൻ്റെ മരണ ചിത്രം മനസ്സിൽ മായാതെ കിടക്കുന്നു.
ളുഹ്ർ അസർ നമസ്ക്കാരങ്ങൾ നിർവഹിക്കാൻ റോഡരികിൽ ഞങ്ങളുടെ ബസ് നിർത്തിയേടത്ത് രണ്ട് പള്ളികളും അവയോട് ചേർന്ന് ഖബ്റുകളുമുണ്ട്. അതിലൊന്ന് അബുൽ അബ്ബാസ് മുർസി എന്ന സ്വൂഫി സഞ്ചാരിയുടേതാണ്. റോഡിനോട് ചേർന്ന പള്ളിക്കടുത്ത് അന്ത്യവിശ്രമം കൊള്ളുന്നത് പ്രമുഖ അറബിക് കവി ഇമാം ബൂസ്വീരിയാണ്. പ്രവാചകനെ വർണിച്ച് അദ്ദേഹമെഴുതിയ പ്രസിദ്ധ കവിതയാണ് ബുർദ. അത്തരം ചില കവിതകൾ പള്ളിയുടെ ചുമരിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വൈകീട്ട് കൈറോവിലെ താമസ സ്ഥലത്തേക്ക് മടങ്ങി രാത്രിയോടെ പിരമിഡ് പാർക്ക് സ് ഹോട്ടലിലെത്തി. നവം.30 ബുധനാഴ്ച കൈറോ വിമാനത്താവളത്തിൽ നിന്ന് കുവൈത് വഴി കൊച്ചിയിലേക്ക് മടക്കം.
കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കൂടുതൽ സ്ഥലങ്ങൾ സന്ദർശിച്ച് 47 അംഗ സംഘത്തെ സുന്ദരമായി നയിച്ച ഡോ.അബ്ദുർ റസാഖ് സുല്ലമി, കൊടിയത്തൂർ ദാറുസ്സലാം ട്രാവൽസ് സാരഥി സലാം മാസ്റ്റർ, നാട്ടിൽ നിന്ന് ഗ്രൂപ് നിയന്ത്രണത്തിൽ പങ്കുചേർന്ന ഡോ. അജ്മൽ മുഈൻ – എന്നിവർക്ക് പ്രാർഥനകൾ. അഭിനന്ദനങ്ങൾ സഹയാത്രികരാകട്ടെ പരസ്‌പരം സഹകരിച്ചും നർമം പങ്കിട്ടും യാത്രയെ വിജ്ഞാന സമ്പാദനത്തോടൊപ്പം ആഘോഷമാക്കിയർ.സഞ്ചാരം അവർക്ക് മുമ്പിൽ തുറന്ന അറവിൻ്റെ ലോകം എത്ര വിശാലം. ( അവസാനിച്ചു )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5