Current Date

Search
Close this search box.
Search
Close this search box.

വ്രതാനുഷ്ടാനത്തിന്റെ ആരോഗ്യ നേട്ടങ്ങള്‍

ഈ വര്‍ഷം മിക്ക രാജ്യങ്ങളിലും മെയ് ആറിനാണ് വിശുദ്ധ റമദാന്‍ മാസത്തിന്റെ ആരംഭം. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങള്‍,പുകവലി,ഭാര്യ-ഭര്‍തൃ സമ്പര്‍ക്കം എന്നിവ വെടിഞ്ഞ് തഖ്‌വയും അല്ലാഹുവിനെക്കുറിച്ചുള്ള ഭയഭക്തിയും ഉണ്ടാക്കിയെടുക്കലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

റമദാന്‍ മാസത്തില്‍ മുസ്‌ലിംകളോട് വ്രതമനുഷ്ടിക്കാന്‍ ഉത്തരവിറക്കിയത് 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ശരീരത്തിന്റെ സൗഖ്യത്തിന് വ്രതാനുഷ്ടാനം നല്ലതാണെന്ന് പുരാതന ഗ്രീക്കുകാരും അനുശാസിച്ചിരുന്നു. ഇന്ന് പല പ്രമുഖ ശാസ്ത്രജ്ഞരും വ്രതാനുഷ്ടാനം ശാരീരിക-മാനസിക നേട്ടങ്ങള്‍ക്ക് കാരണമാണെന്ന് വാദിക്കുന്നുണ്ട്.

12,16,24 മണിക്കൂര്‍ ഇടവിട്ട് ഉപവസിക്കുന്ന രീതിയും നിലവിലുണ്ട്. മറ്റൊരു രീതിയാണ് 5:2 എന്ന അനുപാതത്തിലുള്ള ഉപവാസം. ഇതിലൂടെ കലോറി നിയന്ത്രണം കൊണ്ടുവരാനാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. 500നും 600നും കലോറിക്കിടയില്‍ മാത്രം ഭക്ഷണം കഴിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

2007ല്‍ ബ്രാഡ് പിലോണ്‍ പുറത്തിറക്കിയ ‘eat stop eat’ എന്ന പുസ്തകത്തില്‍ ആഴ്ചയില്‍ ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ 24 മണിക്കൂര്‍ ഭക്ഷണം വര്‍ജിക്കുന്നത് നല്ലതാണെന്ന് പറയുന്നുണ്ട്. എപ്പോള്‍ ഉപവാസം ആരംഭിക്കണം എപ്പോള്‍ ഉവാസം അവസാനിപ്പിക്കണം എന്നത് വ്യക്തികളുടെ ഇഷ്ടപ്രകാരം ചെയ്യാമെന്നും അദ്ദേഹം പറയുന്നു.

2012ല്‍ മൈക്കിള്‍ മോസ്‌ലി പുറത്തുവിട്ട ടി.വി ഡോക്യുമെന്ററിയായ ‘eat,fast and live longer’ ലും അദ്ദേഹത്തിന്റെ ബെസ്റ്റ് സെല്ലര്‍ ബുക്കായ ‘the fast diet’ലും ഇടവിട്ട ഉപവാസ മാതൃകകളും അതിന്റെ നേട്ടങ്ങളും പറയുന്നുണ്ട്. ഇത്തരം രീതിയാണ് റമദാന്‍ മാസത്തില്‍ മുസ്ലിംകള്‍ തുടര്‍ന്നു പോരുന്നതെന്നും ഇതുകൊണ്ട് നിരവധി ആരോഗ്യപരമായ നേട്ടങ്ങള്‍ ഉണ്ടെന്നും സ്തനാര്‍ബുദം തടയുന്നതിന് കാരണമാകുമെന്നും മോസ്‌ലി തന്റെ പുസ്തകത്തില്‍ പറയുന്നു.

പകല്‍ സമയത്ത് ഭക്ഷണം ഉപേക്ഷിക്കുന്നത് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ തടയുന്നതിന് കാരണമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതായത് ഉയര്‍ന്ന കൊളസ്‌ട്രോള്‍,ഹൃദ്രോഗം,അമിതവണ്ണം എന്നിവക്കും കൂടാതെ മാനസികാരോഗ്യവും ഉന്മേഷവും മെച്ചപ്പെടുത്താനും ഉപവാസം ഉപകരിക്കും.

ഭക്ഷണം കഴിക്കാതിരിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ദഹന വ്യവസ്ഥക്ക് വിശ്രമം നല്‍കാനും സഹായിക്കുന്നു. ഉപവാസം അന്നനാളത്തെയും വയറിനെയും ശുദ്ധീകരിക്കാനും ബലപ്പെടുത്താനും സഹായിക്കുന്നു. കോശങ്ങള്‍ സ്വയം വൃത്തിയാവുകയും ഗുരുതരവും അപകടകരവുമായ കണങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

ഡയറ്റിങ്ങും മാനസികാരോഗ്യ വളര്‍ച്ചയും എങ്ങനെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്നും ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിട്ടുണ്ട്. ഉപവാസം തലച്ചോറിനകത്തെ കോശങ്ങളെ സംരക്ഷിക്കാനും അത് മൂലം വിഷാദവും ഉത്കണ്ഠയും അവസാനിപ്പിക്കുന്നതിനും ഇത് മറവി രോഗം തടയുന്നതിനും കാരണമാവുകയും ചെയ്യുന്നു. അതിനാല്‍ തന്നെ നിരവധി ആളുകള്‍ ഇന്ന് ഉപവാസം സ്വീകരിച്ചതായി കാണാം. ഇത് സ്ഥിരമായി തുടര്‍ന്നാല്‍ അത് മൂലം ശരീരത്തിലെ കൊഴുപ്പ് നഷ്ടപ്പെടുകയും ശരീരത്തിന്റെ ഭാരം കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

എന്നാല്‍, ഏതെങ്കിലും അസുഖത്തിന് ചികിത്സ തേടുന്നവര്‍ക്കും ജീവിത ശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്കും ഉപവാസം അത്ര നല്ലതല്ല. ഇത്തരം ആളുകള്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് വ്രതമനുഷ്ടിക്കേണ്ടത്. ഉപവാസം മൂലം രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയാനും ഇത് ക്ഷീണമുണ്ടാക്കാനും തളര്‍ച്ചക്കും കാരണമായേക്കാം. സുസ്ഥിരമായി ശരീരഭാരം നിലനിര്‍ത്താന്‍ സ്ഥിരമായി ഉപവാസമനുഷ്ടിക്കണം. റമദാനില്‍ മാത്രം ഭക്ഷണം ഉപേക്ഷിക്കുന്നവര്‍ അതിനു ശേഷം പഴയ രീതിയിലേക്ക് വരുന്നതോടെ അതിന്റെ ഫലം ഇല്ലാതാകുമെന്നും ഇസ്‌ലാം പറയുന്നുണ്ട്.

എന്നിരുന്നാലും റമദാനില്‍ മാത്രം നോമ്പെടുക്കുന്നതിനേക്കാള്‍ നേട്ടമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപവസിക്കുമ്പോള്‍ ലഭിക്കുക. ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും മൊത്തം ശരീരപോഷണത്തിന് സഹായിക്കുകയും ചെയ്യുന്നു.

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: സഹീര്‍ വാഴക്കാട്

Related Articles