Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളെ പരാജയപ്പെടുത്താന്‍ പണിയെടുക്കുന്ന ‘മെറ്റ’

ഒരു ഫലസ്തീനി എന്ന നിലയില്‍, മെറ്റ എന്നെ ഒരിക്കല്‍ കൂടി പരാജയപ്പെടുത്തിയിരിക്കുകയാണ്. ഫലസ്തീനികളുടെ നഗ്‌നമായ വംശീയ ചിത്രീകരണങ്ങള്‍ വെളിപ്പെടുത്തുന്ന എ.ഐ ചിത്രങ്ങള്‍ തിരയാന്‍ ഉപയോക്താക്കള്‍ക്ക് അനുമതി നല്‍കുന്ന വാട്‌സാപ്പിന്റെ പുതിയ ഒരു ഫീച്ചര്‍ മെറ്റയുടെ മനുഷ്യത്വരഹിതവല്‍ക്കരണത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ‘ഫലസ്തീന്‍ മുസ്ലിം ബാലന്‍’ എന്ന് സെര്‍ച്ച് ചെയ്താല്‍ ഒരു ആണ്‍കുട്ടി തോക്കുമായി നില്‍ക്കുന്ന ഇമോജിയാണ് വരുന്നതെന്നും അതേസമയം ‘ഇസ്രായേലി ബാലന്‍’ എന്ന് സെര്‍ച്ച് ചെയ്താല്‍ കളിക്കുന്ന കുട്ടികളെയാണ് മെറ്റ കാണിക്കുന്നതെന്നും അടുത്തിടെ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാട്‌സാപിന്റെ മാതൃ കമ്പനിയായ മെറ്റയിലെ പ്രശ്നകരമായ പ്രവണതകളുടെ ഏറ്റവും പുതിയ ആവര്‍ത്തനം മാത്രമാണിത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ഞാന്‍ ഫലസ്തീനിയന്‍ ഡിജിറ്റല്‍ റൈറ്റ്‌സ് സംഘടനയായ 7amlehല്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഇത്തരം പ്രവണതകള്‍ തീവ്രമാകുന്നത് ഞാന്‍ നിരീക്ഷിച്ചിരുന്നു. ഉള്ളടക്കങ്ങളുടെ മോഡറേഷനോ ഇമോജികള്‍ക്കോ വേണ്ടിയാണെങ്കിലും മെറ്റ പക്ഷപാതപരമായി എ.ഐകളെ ആശ്രയിക്കുന്നതും ഫലസ്തീനികളെ മനുഷ്യത്വരഹിതരാക്കുന്നതും അപമാനകരമാണ്.

നിലവിലെ ഫലസ്തീന്‍ സംഘര്‍ഷം നടക്കുന്നുതിലുടനീളം മെറ്റ ആസൂത്രിതമായി തന്നെ ഫലസ്തീനിയന്‍ ശബ്ദങ്ങളെ നിശ്ശബ്ദമാക്കുകയും സെന്‍സര്‍ ചെയ്യുകയും ചെയ്തു. ഫലസ്തീനികളില്‍ നിന്നുള്ള ശബ്ദങ്ങളെ നേരിട്ട് ലോകത്തിന് കേള്‍ക്കാതിരിക്കാന്‍ വായ മൂടിക്കെട്ടി ഫില്‍ട്ടര്‍ ചെയ്താണ് പുറത്തുവിടുന്നത്. കഴിഞ്ഞ ഒരു മാസത്തിലധികായി ഗസ്സയിലെ വംശഹത്യ ലോകത്തിന് മുന്നില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനാല്‍, ഫലസ്തീനികളുടെ ശബ്ദം ലോകത്തെ കേള്‍പ്പിക്കാനും വസ്തുതകള്‍ റിപ്പോര്‍ട്ടുചെയ്യാനും ഷെയര്‍ ചെയ്യാനും ആളുകള്‍ സോഷ്യല്‍ മീഡിയയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ മെറ്റ പ്രധാനമായും ഫലസ്തീന്‍ അനുകൂല ഉള്ളടക്കം നീക്കം ചെയ്യുകയും ഇത്തരം കണ്ടന്റുകളെ ലക്ഷ്യമിടുകയും ചെയ്യുന്നുവെന്ന് ആരോപണമുണ്ട്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം മെറ്റയെ സംബന്ധിച്ചിടത്തോളം ഒരു നിര്‍ണായക പരീക്ഷണമായി വര്‍ത്തിച്ചു, കൂടാതെ കമ്പനി ഇവിടെ അസന്ദിഗ്ദ്ധമായി പരാജയപ്പെട്ടു. ഫലസ്തീന്‍ ശബ്ദങ്ങളുടെ സെന്‍സര്‍ഷിപ്പ് വ്യക്തിതലത്തിലും സംഘടന തലത്തിലും മെറ്റയില്‍ സംഭവിച്ചിട്ടുണ്ട്.

ഫലസ്തീനികളുടെ വായ മൂടിക്കെട്ടുന്ന മെറ്റ

കഴിഞ്ഞ മാസം, 10 ദശലക്ഷത്തോളം ഫോളോവേഴ്സുള്ള ഒരു പ്രമുഖ ഫലസ്തീനിയന്‍ മാധ്യമമായ ഖുദ്സ് ന്യൂസ് നെറ്റ്വര്‍ക്കിന്റെ ഫേസ്ബുക്ക് പേജും മറ്റ് ഫലസ്തീനിയന്‍ മീഡിയകളും ഫേസ്ബുക്ക് പേജുകളും മെറ്റ നീക്കം ചെയ്തിരുന്നു.

തങ്ങളുടെ ആഖ്യാനങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്‍, സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മേല്‍ പതിവായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ട്വിറ്ററില്‍ അത്തരത്തില്‍ ഒരുപാട് ഉദാഹരണങ്ങള്‍ നാം കണ്ടതാണ്. പ്രതിസന്ധി ഘട്ടത്തില്‍ മെറ്റ ഫലസ്തീനികളെ പരാജയപ്പെടുത്തുന്നത് ഇതാദ്യത്തെ സംഭവമല്ല. 2021 മെയില്‍ അധിനിവേശ കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജര്‍റയില്‍ നിന്ന് ഫലസ്തീന്‍ കുടുംബങ്ങളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിച്ചതിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങള്‍ക്കിടെ ഫലസ്തീനികള്‍ തങ്ങളുടെ പ്രതിഷേധവും നിലപാടും പങ്കുവയ്ക്കാന്‍ ഇത്തരം സമൂഹമാധ്യമങ്ങളെ കൂട്ടത്തോടെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇത്തരം കണ്ടന്റുകളെല്ലാം വ്യാപകമായ സെന്‍സര്‍ഷിപ്പിനാണ് വിധേയമായത്.

തുടര്‍ന്ന്, 2022ല്‍ മെറ്റ കമ്മീഷന്‍ ചെയ്ത ഒരു റിപ്പോര്‍ട്ടില്‍, വര്‍ഷങ്ങളായി ഞാന്‍ സംസാരിക്കുന്ന ഇത്തരം ഫലസ്തീനികള്‍ക്കെതിരായ പക്ഷപാതത്തിന്റെ തെളിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഉദ്ധരിച്ചു. ഇവ മാറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മെറ്റ പറഞ്ഞു. ഒടുവില്‍ ഞങ്ങള്‍ പുരോഗതി കൈവരിക്കുന്നതായി എനിക്ക് തോന്നി. എന്നാല്‍ ഈ പ്രതീക്ഷ വളരെ ചുരുങ്ങിയ കാലമേ ഉണ്ടായിരുന്നുള്ളൂ. ഏകപക്ഷീയമായ സെന്‍സര്‍ഷിപ്പിന്റെ സമീപകാല വ്യാപനം, പരിമിതമായ ദൃശ്യപരത, ഫലസ്തീനികളെ നിശ്ശബ്ദരാക്കുന്ന മറ്റ് രൂപങ്ങള്‍ എന്നിവ ‘സാങ്കേതിക തകരാറുകള്‍’ എന്നാണ് വിശദീകരിക്കപ്പെടുന്നത്. എന്നാല്‍, ഇത്തരം കണ്ടന്റുകള്‍ ഓണ്‍ലൈനില്‍ പങ്കിടുന്നതിന് അസ്വീകാര്യമായ തടസ്സങ്ങള്‍ അവര്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

മുന്‍കാലങ്ങളില്‍, സ്റ്റോറികള്‍ റീച്ച് ചെയ്യുന്നതിന് ചില ഉപയോക്താക്കള്‍ക്കു നേരെ മെറ്റ ബോധപൂര്‍വമായ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നുവെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ ഏറ്റവും പുതിയ ‘സാങ്കേതിക’ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമായി തോന്നുന്നു. ഉദാഹരണത്തിന്, ഫലസ്തീനിയന്‍ പതാക ഇമോജിയെ ഇന്‍സ്റ്റാഗ്രാം ‘പ്രത്യാക്രമണത്തിന് സാധ്യതയുള്ളത്’ എന്നാണ് ഫ്‌ളാഗുചെയ്തത്. അതിന്റെ ഫലമായി അതിനെ മറച്ചുവെക്കുകയും ചെയ്തിരിക്കുന്നു.

ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഫലസ്തീനിയന്‍ ഉപയോക്താക്കള്‍ നേരിട്ട മറ്റൊരു ”സാങ്കേതിക പിശക്” ആണ് ആശുപത്രികളിലുള്ള ഫലസ്തീന്‍ ഇരകളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞത്. കാരണം അവയെ ”നഗ്‌ന” ചിത്രങ്ങളായാണ് കണക്കാക്കപ്പെട്ടത്.

ചില ഫലസ്തീനിലെ ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ ബയോവിലെ അറബി പദങ്ങള്‍ മെറ്റ ‘ഭീകരവാദി’ എന്നാണ് വിവര്‍ത്തനം ചെയ്തത്.
ഇത്തരത്തില്‍ തെറ്റായി വിവര്‍ത്തനം ചെയ്തതാണ് ഏറ്റവും പ്രധാനപ്പെട്ടതും അസ്വസ്ഥമാക്കുന്നതുമായ ഉദാഹരണങ്ങളില്‍ ഒന്ന്. വ്യാഖ്യാന പിശകാണ് ഇതിന് കാരണമെന്നാണ് കമ്പനി പിന്നീട് അറിയിച്ചത്. ഇത് കേവലം ഒരു സാങ്കേതിക പിശകിന്റെ ഉത്തരവാദിത്തമില്ല. പ്രധാനമായി, അത് വീണ്ടും ആവര്‍ത്തിക്കുന്നത് തടയാന്‍ അവര്‍ ഒരു സംവിധാനവും ചെയ്യുന്നില്ല.

മെറ്റയിലുള്ള അവിശ്വാസം

എന്തുകൊണ്ടാണ് ഈ സാങ്കേതിക പിശകുകളെല്ലാം ഫലസ്തീനികളെ മാത്രം ബാധിക്കുന്നത്. എന്തുകൊണ്ടാണ് ഈ രീതി എല്ലാ സമയത്തും ആവര്‍ത്തിക്കുന്നത്? ഫലസ്തീന്‍, അറബ് ഉപയോക്താക്കളോട് നിഷ്പക്ഷ പദത്തിനുപകരം, ‘ഭീകരവാദി’ എന്ന പദത്തിന്റെ ഉപയോഗം, കമ്പനിയുടെ വിശ്വാസ്യതയിലും നീതിപൂര്‍വ്വം പെരുമാറാനുള്ള കഴിവിലും പൊതുജനങ്ങള്‍ക്ക് സംശയം വര്‍ദ്ധിപ്പിച്ചു. കമ്പനിയുടെ ഖേദപ്രകടനം ഉണ്ടായിരുന്നിട്ടും, മെറ്റയുടെ ഡാറ്റാസെറ്റുകളിലും മെഷീന്‍ ലേണിംഗ് സിസ്റ്റങ്ങളിലും ആഴത്തിലുള്ള പക്ഷപാതം ഉണ്ടെന്നാണ് കാണിക്കുന്നത്.
ഈ വിഷയത്തില്‍ കര്‍ശനമായ ആഭ്യന്തര അന്വേഷണം നടത്താന്‍ മെറ്റ ഉദ്ദേശിക്കുന്നതായ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

മാത്രവുമല്ല, മറ്റ് പല സംഘര്‍ഷ സമയങ്ങളിലെയും പോലെ, ഫലസ്തീനികള്‍ക്കെതിരെ തീവ്രവികാരമുണര്‍ത്തുന്ന പ്രകോപനപരമായ ഹീബ്രു-ഭാഷാ ഉള്ളടക്കമോ വംശീയത പോസ്റ്റുകള്‍ക്കോ സമാനമായ നിയന്ത്രണങ്ങളോ സെന്‍സര്‍ഷിപ്പോ നേരിട്ടിട്ടില്ല.

ഉള്ളടക്ക മോഡറേഷന്‍ നയങ്ങള്‍ പലപ്പോഴും അന്താരാഷ്ട്ര ശക്തിയുടെ നിയന്ത്രണത്തിലാണെന്നാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. മറ്റ് പല കോര്‍പ്പറേറ്റ് തന്ത്രങ്ങളെയും പോലെ, അമേരിക്കന്‍ ആഗോള താല്‍പ്പര്യങ്ങളുടെ ലെന്‍സിലൂടെ ലോകത്തെ ഫില്‍ട്ടര്‍ ചെയ്യുന്ന വാണിജ്യ, രാഷ്ട്രീയ ആശങ്കകളുടെ മിശ്രിതമാണ് അവയെ നയിക്കുന്നത്. ഉള്ളടക്ക മോഡറേഷന്‍ നയങ്ങളുടെ തുല്യവും സാര്‍വത്രികവുമായ പ്രയോഗത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ മനുഷ്യാവകാശങ്ങളേക്കാള്‍ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ക്ക് എത്രത്തോളം മുന്‍ഗണന നല്‍കുന്നു എന്നതിനെ കുറിച്ചുമെല്ലാം ഇത് ആശങ്ക ഉയര്‍ത്തുന്നു

ഫലസ്തീനികളെ പോലെയുള്ള സെന്‍സര്‍ഷിപ്പ് നിലവില്‍ ഇസ്രായേലികള്‍ അനുഭവിക്കുന്നില്ല. ഉള്ളടക്ക മോഡറേഷന്‍ നയങ്ങള്‍ നിഷ്പക്ഷമായിരിക്കണം. രാഷ്ട്രീയമോ സാമ്പത്തികമോ ആയ ശക്തിയും യു.എസ് അല്ലെങ്കില്‍ ഇസ്രായേല്‍ സര്‍ക്കാരുകളുടെ താല്‍പ്പര്യങ്ങളുമായുള്ള അതിന്റെ സാമീപ്യവും പരിഗണിക്കാതെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശം നാം ഉയര്‍ത്തിപ്പിടിക്കണം. നയങ്ങള്‍ മനുഷ്യാവകാശങ്ങളാലും അന്തര്‍ദേശീയ മാനുഷിക നിയമങ്ങളാലും നയിക്കപ്പെടണം; ഇതില്‍ വീഴ്ച വരുത്തുന്ന ഏതൊരു മാനദണ്ഡവും അസന്ദിഗ്ധമായി തള്ളിക്കളയേണ്ടതാണ്.

അവലംബം: മിഡിലീസ്റ്റ് ഐ
വിവ: സഹീര്‍ വാഴക്കാട്

 

Related Articles