Current Date

Search
Close this search box.
Search
Close this search box.

യുദ്ധഭൂമിയിലെ സൈബർ പോരാളികൾ

കഴിഞ്ഞ ഒക്ടോബര്‍ 7 മുതല്‍ എല്ലാ മേഖലകളിലും നിരവധി ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ വിധേയമായിക്കൊണ്ടിരിക്കുകയാണ്. രൂക്ഷമായ സൈനിക ആക്രമണങ്ങള്‍ക്കു പുറമേ വിവിധ ദേശങ്ങളില്‍ നിന്നുള്ള ഫലസ്തീന്‍ വിഷയത്തെ പിന്തുണയ്ക്കുന്ന ഹാക്കര്‍മാരുടെ കൂട്ടായ്മകള്‍ വലിയതോതില്‍ സൈബര്‍ അക്രമണം നടത്തുന്നുവെന്നാണ് വാര്‍ത്തകള്‍. തൂഫാനുല്‍ അഖ്‌സ പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നും സൈബര്‍ ലോകത്ത് ഹാക്കര്‍മാര്‍ നടത്തുന്ന അക്രമണം ഇസ്രയേലിന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചതെന്ന് ഈ കൂട്ടായ്മകള്‍ അവകാശപ്പെടുന്നു. വാര്‍ത്ത ഇസ്രായേല്‍ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഇസ്രായേലി വെബ്‌സൈറ്റുകള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കുമെതിരില്‍ സൈബര്‍ അറ്റാക്ക് പ്രഖ്യാപിച്ച പ്രമുഖ ഹാക്കേഴ്‌സ് ഗ്രൂപ്പുകളില്‍ ചിലത്.

 

അനോണിമസ് അള്‍ജീരിയ

തൂഫാനുല്‍ അഖ്‌സ പ്രഖ്യാപിക്കപ്പെട്ട ശേഷം ഏറ്റവുമധികം ഉയര്‍ന്നു കേള്‍ക്കുന്നതും ഇസ്രയേലിനെതിരെ തുടര്‍ച്ചയായ അറ്റാക്കുകള്‍ നടത്തുകയും ചെയ്യുന്ന ഗ്രൂപ്പാണ് ‘അനോണിമസ് അല്‍ജീരിയ’. ഫലസ്തീനികള്‍ക്ക് തുറന്ന പിന്തുണ നല്‍കുന്നതില്‍ പ്രസിദ്ധരാണിവര്‍. സുപ്രധാനമായ നിരവധി ഇസ്രായേലീ സൈറ്റുകളിലേക്ക് നുഴഞ്ഞുകയറി എന്ന ഇവരുടെ അവകാശവാദം ‘ദി സാബ്രി എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ കൂട്ടായ്മയുടെ ഏറ്റവും ഒടുവിലത്തെ ടാര്‍ഗറ്റുകളിലൊന്ന് ഇസ്രായേൽ പോലീസിന്റെ വെബ്‌സൈറ്റായിരുന്നു. അത് ഹാക്ക് ചെയ്ത്, വളരെ നിര്‍ണായകമായ വിവരങ്ങള്‍ ചോര്‍ത്തിയതായി അവര്‍ അവകാശപ്പെടുന്നു. ഡാറ്റകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സൈറ്റിന്റെ ഹാക്ക് ചെയ്യപ്പെട്ട ചിത്രങ്ങള്‍ ടെലഗ്രാമിലൂടെയും ഡാര്‍ക്ക് വെബ്ബിലൂടെയും പങ്കുവെച്ചാണ് ഇവര്‍ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. മറ്റൊരു ഇസ്രായേലി കമ്പനിയും തങ്ങള്‍ ഹാക്ക് ചെയ്തുവെന്ന് ഇവര്‍ പറയുന്നു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തോടുള്ള പ്രതികരണമാണ് പ്രസ്തുത നടപടിയെന്നും തങ്ങളുടെ ടെലഗ്രാം അക്കൗണ്ടിലൂടെ ‘അനോണിമസ് അള്‍ജീരിയ’ പറയുന്നു. ഫലസ്തീന്‍ വിഷയത്തെ പിന്തുണച്ചുകൊണ്ട് കൂടുതല്‍ ആക്രമണങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അനോണ്‍ ഗോസ്റ്റ്

മറ്റൊരു ഫലസ്തീന്‍ അനുകൂല സൈബര്‍ സുരക്ഷാ വിദഗ്ധരുടെ കൂട്ടായ്മയാണ് ‘അനോണ്‍ ഗോസ്റ്റ്’. റോക്കറ്റാക്രമണ സമയങ്ങളില്‍ ഇസ്രായേലി ജനതയ്ക്ക് കൃത്യമായി മുന്നറിയിപ്പു നല്‍കുന്ന ‘റെഡ് അലര്‍ട്ട് ഇസ്രയേല്‍’ എന്ന ആപ്പില്‍, അതിന്റെ സൂക്ഷ്മമായ പഴുതുകളിലൂടെ ഈ സംഘം കയറിപ്പറ്റിയതായി ‘സൈബര്‍ ന്യൂസ്’ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുവഴി ആളുകളുടെ സഹായാഭ്യര്‍ത്ഥനകള്‍ കൈകാര്യം ചെയ്യുക, സര്‍വറുകളും എ.പി.ഐ കളും പുറത്തുവിടുക, ഉപയോക്താക്കള്‍ക്ക് വ്യാജ അലര്‍ട്ട് അയക്കുക പോലുള്ള കാര്യങ്ങള്‍ ചെയ്യാനവര്‍ക്ക് സാധിച്ചു. മിസൈല്‍ ആക്രമണ മുന്നറിയിപ്പിനുള്ള മറ്റ് പല ആപ്പുകളും ഹാക്ക് ചെയ്യാന്‍ തങ്ങള്‍ക്ക് സാധിച്ചതായി ‘അനോണ്‍ ഗോസ്റ്റ്’ വാദിക്കുന്നു. ആദ്യത്തെ അറ്റാക്കിന്റെ ഫലമായി പ്രസ്തുത ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു. ശേഷം ഗൂഗിള്‍ പ്ലേയില്‍ ഒരു മില്യണിലധികം ഡൗണ്‍ലോഡ്‌സ് ഉള്ള ‘മിസൈല്‍ അലര്‍ട്ട്’ ആപ്ലിക്കേഷന്‍ തങ്ങള്‍ ഹാക്ക് ചെയ്തു എന്നും ‘ഗോസ്റ്റ്’ പറയുന്നുണ്ട്.

സ്രോതസ്സ് അറിയാത്ത നിരവധി സൈബര്‍ ആക്രമണങ്ങള്‍

തല്‍ അവീവിലെ രണ്ട് പരസ്യ ബോര്‍ഡുകള്‍ അജ്ഞാത ഹാക്കര്‍മാര്‍ ഹാക്ക് ചെയ്ത വാര്‍ത്തകളും ഇതില്‍പ്പെടുന്നു. ബോര്‍ഡുകളിലെ കച്ചവട പരസ്യങ്ങള്‍ക്ക് പകരം ഇസ്രയേല്‍ വിരുദ്ധവും ഹമാസ് അനുകൂലവുമായ മുദ്രാവാക്യങ്ങളടങ്ങിയ വീഡിയോകള്‍ അവര്‍ പ്രക്ഷേപണം ചെയ്തു. ഏതാണ്ട് അഞ്ച് മിനിറ്റ് നീണ്ടുനിന്ന ഈ പ്രക്ഷേപണത്തില്‍, നുഴഞ്ഞുകയറ്റക്കാര്‍ ഇസ്രായേല്‍ പതാക കത്തിക്കുന്നതിന്റെയും ഗസ്സ മുനമ്പിലെ ഷെല്ലാക്രമണത്തിന്റെയും ദൃശ്യങ്ങള്‍ കാണിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തിങ്കളാഴ്ച ‘യൂനോ അക്കാദമി’ കോളേജിനു നേരെയുണ്ടായ ആക്രമണമാണ് ഇസ്രായേല്‍ നേരിട്ട ഏറ്റവും വലിയ സൈബര്‍ അറ്റാക്കെന്ന് പ്രമുഖ സൈബര്‍ സുരക്ഷാ കമ്പനിയായ ‘ചെക്ക് പോയിന്റ് സോഫ്റ്റ്‌വെയർ ടെക്‌നോളജി’ യിലെ ഗില്‍ മെഡിംങ് പറയുന്നു. ഈ അറ്റാക്കിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ജോര്‍ദാനിലെ ഒരു സൈബര്‍ കൂട്ടായ്മ രംഗത്തുവന്നിരിക്കുകയാണ്. ഈ ഹാക്കിങ്ങിന്റെ ഫലമായി അക്കാദമി ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ രണ്ടര ലക്ഷം രേഖകളില്‍ നിന്നുള്ള ഡാറ്റകളാണ് ഇവര്‍ പുറത്തുവിട്ടത്. അതേ തുടര്‍ന്ന് സ്ഥാപനത്തിന് പ്രവര്‍ത്തനം പോലും നിര്‍ത്തേണ്ടി വന്നു.

നിലവില്‍ ഫലസ്തീന്‍ വിഷയത്തെ പിന്തുണയ്ക്കുന്ന നാല്പതിലധികം ഗ്രൂപ്പുകളാണ് ഇസ്രായേലിനെതിരെ സൈബര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സൈബറിടങ്ങളിലെ പൈറസിയുടെ സാധുതയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളും സിദ്ധാന്തങ്ങളും ഉയര്‍ന്നു വരുമ്പോഴും വര്‍ധിച്ചു വരുന്ന സൈബര്‍ അക്രമണങ്ങളില്‍ ഇസ്രായേല്‍ അതോറിറ്റികള്‍ മൗനം പാലിച്ചിരിക്കുകയാണ്.

വിവ: ബിലാല്‍ നജീബ്
അവലംബം: അല്‍ജസീറ

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

 

Related Articles