Current Date

Search
Close this search box.
Search
Close this search box.

ആധുനിക ടെക്‌നോളജിയും മുസ്‌ലിം സമൂഹവും

വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിം ഉമ്മത്തിനെ ഉമ്മത്തുദ്ദഅ്‌വ അഥവാ പ്രബോധക സമൂഹം എന്നാണ് വിശദീകരിച്ചിട്ടുള്ളത്. പ്രബോധനദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അവരുടെ മാതൃകയായി സമര്‍പ്പിച്ചതാവട്ടെ പ്രവാചകന്മാരെയും. പ്രബോധനകര്‍മ്മം മാതൃകാപരമായി പൂര്‍ത്തീകരിച്ച പ്രവാചകന്മാരുടെ സവിശേഷതയായി ഖുര്‍ആന്‍ വിവരിക്കുന്നത് അവര്‍ നിയോഗിക്കപ്പെട്ടത് ലിസാന്‍ ഖൗം അഥവാ സമൂഹത്തിന്റെ ഭാഷയുമായാണ് എന്ന കാര്യമാണ്. ഈ പ്രയോഗത്തിന് പലവിധ ഭാഷ്യങ്ങളുമുണ്ട്. സമൂഹത്തിന്റെ കയ്യിലുള്ള നൂതനവിദ്യകള്‍ സമ്പാദിച്ച് ഉപയോഗപ്പെടുത്തുകയെന്നും, അവരുടെ രോഗം നിര്‍ണയിച്ച് അതിനെ ചികിത്സിക്കുകയെന്നും, സമൂഹത്തിന്റെ പ്രശ്‌നം മനസ്സിലാക്കി പരിഹരിക്കുകയെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ആദ്യം സൂചിപ്പിച്ച ആശയമാണ് നാമിവിടെ കൈകാര്യം ചെയ്യുന്നത്. തങ്ങള്‍ നിയോഗിക്കപ്പെട്ട സമൂഹത്തിലെ ശാസ്ത്രീയമോ, സാങ്കേതികമോ, സാഹിതീയമോ ആയ വിദ്യയായിരുന്നു പ്രവാചകന്മാര്‍ക്ക് മുഅ്ജിസത്ത് അഥവാ അമാനുഷിക കഴിവുകളായി നല്‍കപ്പെട്ടിരുന്നത്.

 

തനിക്ക് ലഭിച്ച സാങ്കേതികമികവിനെക്കുറിച്ച് സുലൈമാന്‍ പ്രവാചകന്‍ വിശദീകരിക്കുന്നത് ‘ആവശ്യമായ എല്ലാം തന്നെ എനിക്ക് ലഭിച്ചിരിക്കുന്നു’ നംല്-16 എന്നാണ്. അദ്ദേഹത്തിന് അല്ലാഹു നല്‍കിയ ശാസ്്ത്രീയ നേട്ടത്തെക്കുറിച്ച് സൂചിപ്പിക്കുന്ന പ്രസിദ്ധമായ സംഭവവും ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.
സുലൈമാന്‍ പറഞ്ഞു: ‘അല്ലയോ പ്രധാനികളേ; നിങ്ങളിലാര് അവരുടെ (ശേബാ രാജ്ഞി) സിംഹാസനം എനിക്കു കൊണ്ടുവന്നു തരും? അവര്‍ വിധേയത്വത്തോടെ എന്റെ അടുത്തുവരുംമുമ്പെ.’
‘ജിന്നുകളിലെ ഒരു മഹാമല്ലന്‍ പറഞ്ഞു: ‘ഞാനത് അങ്ങയ്ക്ക് കൊണ്ടുവന്നുതരാം. അങ്ങ് ഇരുന്ന ഇരിപ്പില്‍നിന്ന് എഴുന്നേല്‍ക്കും മുമ്പെ. സംശയം വേണ്ട; ഞാനതിനു കഴിവുറ്റവനും വിശ്വസ്തനുമാണ്. അപ്പോള്‍ വേദവിജ്ഞാനം കൈമുതലായുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: ‘അങ്ങ് കണ്ണുചിമ്മി തുറക്കും മുമ്പായി ഞാനത് ഇവിടെ എത്തിക്കാം.’ അങ്ങനെ അത് തന്റെ അടുത്ത് കൊണ്ടുവന്ന് സ്ഥാപിച്ചതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇത് എന്റെ നാഥന്റെ അനുഗ്രഹം കൊണ്ടാണ്. എന്നെ പരീക്ഷിക്കാനാണിത്. ഞാന്‍ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോയെന്ന് അറിയാന്‍.’ നംല് 38-39. ഇവിടെ വേദജ്ഞാനമുണ്ടായിരുന്നവന്‍ എന്ന ഖുര്‍ആനിക പ്രയോഗം ശ്രദ്ധേയമാണ്. മനുഷ്യനോ, ജിന്നോ എന്ന് സൂചിപ്പിക്കാതെ സുലൈമാന്‍(റ) പ്രവാചകന്റെ ആവശ്യത്തിനുതകുന്ന ജ്ഞാനം അഥവാ ടെക്‌നോളജി കൈവമുണ്ടായിരുന്ന ഒരുത്തനാണിതെന്ന് സുവിദിതമാണ്.
മാത്രമല്ല വെള്ളമെന്ന് തോന്നുന്ന വിധത്തില്‍ മാര്‍ബിള്‍ കൊണ്ട് മിനുക്കിയെടുത്ത കൊട്ടാരവും അക്കാലത്തെ സാങ്കേതികവിദ്യയുടെ മഹത്വം വ്യക്തമാക്കാന്‍ പര്യാപ്തമാണ്.
ജാലവിദ്യയിലും മാജിക്കിലും നിപുണരായിരുന്ന മൂസാ(അ)യുടെയും വൈദ്യശാസ്ത്രമേഖലയില്‍ ഉന്നതരായിരുന്ന ഈസാ(അ)യുടെയും സമൂഹങ്ങള്‍ക്ക് പ്രവാചകന്മാര്‍ മുഖേന അല്ലാഹു നല്‍കിയ മുഅ്ജിസത്തും അവയുമായി ബന്ധപ്പെട്ടതായിരുന്നുവല്ലോ. സാഹിത്യത്തില്‍ അഗ്രഗണ്യരായിരുന്ന അറബികളിലേക്ക് മുഹമ്മദ് പ്രവാചകനെ വിശുദ്ധ ഖുര്‍ആനുമായി നിയോഗിച്ചുവെന്ന് മാത്രമല്ല അവരെ സാഹതീയമേഖലയില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ വെല്ലുവിളിക്കുക കൂടി ചെയ്തു.
ചുരുക്കത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിന് ഖുര്‍ആന്‍ മുന്നില്‍വെക്കുന്ന പ്രവാചകന്മാരുടെ കൈവശം അക്കാലത്തെ ഏറ്റവും നൂതനമായ ആവിഷ്‌കാരങ്ങളുണ്ടായിരുന്നു. നബി തിരുമേനി(സ)യുടെ ചരിത്രം നമുക്ക് ചെറിയ രീതിയില്‍ വിശകലനവിധേയമാക്കാവുന്നതാണ്. അക്കാലത്ത് തനിക്ക് ലഭിച്ച എല്ലാ മാര്‍ഗങ്ങളും പ്രബോധനമാര്‍ഗത്തില്‍ അണിനിരത്താന്‍ അദ്ദേഹം സന്നദ്ധനായിരുന്നു.
ഒരു സംവിധാനത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ ആരാണ് ആവിഷ്‌കരിച്ചത് എന്നായിരുന്നില്ല് തിരുമേനി(സ) ചിന്തിച്ചിരുന്നത്. മറിച്ച് അല്ലാഹുവിന്റെ നിയമത്തിന് അവ വിരുദ്ധമാണോ എന്നതായിരുന്നു ആലോചന. നിയമത്തിന് വിരുദ്ധമല്ലെങ്കില്‍ യാതൊരു വൈമനസ്യവും കൂടാതെ അദ്ദേഹമത് ഉപയോഗപ്പെടുത്തി. ഇസ്‌ലാമില്‍ ആദ്യമായി പീരങ്കി ഉപയോഗിച്ചത് അദ്ദേഹമായിരുന്നു. റോമക്കാരുടെ ഈ വിദ്യ ത്വാഇഫ് യുദ്ധത്തിലായിരുന്നു പ്രവാചകന്‍ ആദ്യമായി ഉപയോഗിച്ചത്. മസ്ജിദുന്നബവിയില്‍ വിളക്ക് തെളിയിച്ച കഥ ഇവിടെ പ്രസക്തമാണ്. ശാമിലെ ക്രൈസ്തവരുടെ സമ്പ്രദായമായിരുന്നു ദേവാലയങ്ങളില്‍ വിളക്ക് കത്തിക്കുകയെന്നത്. ഒരിക്കല്‍ മദീനപള്ളിയിലെത്തിയ പ്രവാചകന്‍ അവിടെയാകെ പ്രഭാപൂരിതമായിക്കണ്ടു. ആരാണ് വിളക്ക് വെച്ചതെന്നന്വേഷിച്ചപ്പോള്‍ തമീമുദ്ദാരിയാണെന്ന് മറുപടി ലഭിച്ചു. അദ്ദേഹം പ്രതിവചിച്ചത് ഇപ്രകാരമായിരുന്നു ‘താങ്കള്‍ ഇസ്‌ലാമിനെ പ്രകാശിതമാക്കിയിരിക്കുന്നു. ഇഹ-പരലോകങ്ങളില്‍ അല്ലാഹുവിന്റെ പ്രകാശം താങ്കള്‍ക്ക് മേലുണ്ടാവും. എനിക്ക് ഇനിയൊരു മകള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഞാനവളെ താങ്കള്‍ക്ക് വിവാഹം കഴിപ്പിച്ച് തരുമായിരുന്നു. അപ്പോള്‍ നൗഫലു ബിന്‍ ഹാരിസ് പറഞ്ഞുവത്രെ. അല്ലയോ ദൂതരെ, എനിക്ക് മുഗീറ എന്ന് പേരായ ഒരു മകളുണ്ട്. അവളെ താങ്കള്‍ ഇദ്ദേഹത്തിന് വിവാഹം കഴിപ്പിച്ച് കൊടുത്താലും. നബി തിരുമേനി അപ്രകാരം തന്നെ ചെയ്തു.
ശാമിലെ ക്രൈസ്തവരുടെ ശീലം കടമെടുത്ത് മദീനാപള്ളിയെ പ്രകാശിതമാക്കിയതിന്റെ പേരിലാണ് അദ്ദേഹത്തിന് ഈ മഹത്വം കൈവന്നതെന്ന് നാമോര്‍ക്കണം. പേര്‍ഷ്യക്കാരുടെ കിടങ്ങ് കുഴിക്കുന്ന രീതി സല്‍മാനുല്‍ ഫാരിസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കടമെടുത്തതിന്റെ പേരില്‍ അഹ്‌സാബ് യുദ്ധത്തിന് ഖന്ദക്ക് എന്ന പേര് ലഭിച്ചുവെന്നത് വളരെ പ്രസിദ്ധമാണ്.
ഉകാള് ജാഹിലിയ്യത്തിലെ പ്രസിദ്ധമായ മാര്‍ക്കറ്റായിരുന്നുവല്ലോ. അവിടെ പോയി കച്ചവടം നടത്തുന്നത് ചില പ്രവാചകാനുചരര്‍ക്ക് പ്രയാസകരമായി അനുഭവപ്പെട്ടു. അപ്പോഴാണ് ദൈവ വചനം ഇറങ്ങുന്നത്. ‘അല്ലാഹുവിന്റെ ഔദാര്യം തേടുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല’ എന്നതായിരുന്നു അതിന്റെ സാരം. പ്രവാചകന്‍ തിരുമേനി(സ)യും സഖാക്കളും ജാഹിലിയ്യത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയത് പോലെ ആധുനിക യൂറോപ്പിന്റെ ക്രിയാത്മകമായ ആവിഷ്‌കാരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. ഇബ്‌നു ഉമര്‍(റ) പറയുന്നത് ‘ജ്ഞാനം എവിടെ നിന്നും സ്വീകരിക്കാവുന്നതാണ്. എവിടെ നിന്നാണ് അത് ലഭിച്ചതെന്നത് പ്രശ്‌നമേയില്ല’.
ഇനി പ്രസ്തുത കണ്ട് പിടിത്തങ്ങള്‍ ഇസ്‌ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെങ്കിലോ? ്പ്രവാചകന്‍ തിരുമേനി(സ) തന്നെ നമുക്ക് മാതൃക കാണിച്ചിട്ടുണ്ട്. പ്രസ്തുത സംവിധാനത്തെ ഇസ്‌ലാമികമായി അവതരിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അപ്രകാരം ചെയ്യുകയെന്നതാണ് അത്. മക്കയിലെ ജനങ്ങള്‍ പ്രത്യേകമായ വല്ല അടിയന്തിരവാര്‍ത്തയും എത്തിക്കാനുണ്ടെങ്കില്‍ സ്വഫാ പര്‍വ്വതത്തിന്റെ മുകളില്‍ നഗ്നനായി കയറിനിന്ന് വാ സ്വബാഹാ എന്ന് വിളിച്ച് പറയുകയാണ് ചെയ്തിരുന്നു. അതേ സംവിധാം തിരുമേനി തന്റെ പരസ്യപ്രബോധനത്തിന്റെ പ്രഖ്യാപനത്തിന് ഉപയോഗിക്കുകയുണ്ടായി. പക്ഷെ വസ്ത്രം ധരിച്ച് കൊണ്ടാണ് അദ്ദേഹമത് നടത്തിയത്. എന്നിട്ടദ്ദേഹം അവരോട് പറഞ്ഞു ‘നിങ്ങള്‍ക്ക് പരിചയമുള്ള നഗ്‌നനായ മുന്നറിയിപ്പുകാരനാണ് ഞാന്‍, അതിനാല്‍ നിങ്ങള്‍ രക്ഷപ്പെടുക’.
മറ്റ് സമുദായങ്ങളുടെ ആരാധനയുമായി ബന്ധപ്പെടുന്ന സംവിധാനങ്ങള്‍ ഉപയോഗിക്കാവതല്ല എന്നതാണ് ഭൂരിപക്ഷ മതം. ജനങ്ങളെ നമസ്‌കാര സമയം അറിയിക്കുന്ന സംവിധാനത്തെക്കുറിച്ച ചര്‍ച്ചയില്‍ ക്രൈസ്തവരുടെ മണിനാദവും, യഹൂദരുടെ കുഴല്‍ നാദവും നിരസിക്കപ്പെട്ടത് ഇതിനുദാഹരണമാണ്.
പ്രവാചകന്മാര്‍ തങ്ങളുടെ കാലത്ത് ലഭ്യമായ എല്ലാ സംവിധാനങ്ങളും ആവിഷ്‌കാരങ്ങളും ദൈവികദീനിന്റെ പ്രബോധനത്തിന് ഉപയോഗപ്പെടുത്തിയിരുന്നുവെന്ന ചരിത്രം നിലവിലുള്ള മുസ്‌ലിം ഉമ്മത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ഇസ്‌ലാമിന്റെ ശ്ത്രുക്കള്‍ സകലമാധ്യമങ്ങളുമുപയോഗിച്ച് യുദ്ധം നടത്തുമ്പോള്‍, അവ ഉപയോഗപ്പെടുത്താതെ, നിശിദ്ധമാണെന്ന് വിധിച്ച് കയ്യുംകെട്ടി നോക്കി നില്‍ക്കുകയെന്നത് പ്രബോധക സമൂഹത്തിന് ഭൂഷണമല്ല.

 

 

Related Articles