Current Date

Search
Close this search box.
Search
Close this search box.

ആ സമയത്ത് (ആകാശത്ത് നിന്ന് ) തീ വരികയും ആ യുദ്ധാർജിത സ്വത്ത് തിന്നുകയും ചെയ്തു

നബിയുടെ കൂടെ - 27

ഇമാം ബുഖാരിയും മുസ്ലിമും സ്വഹീഹിൽ നിവേദനം ചെയ്യുന്നു. നബി (സ) പറയുന്നു: പ്രവാചകൻമാരിൽപ്പെട്ട ഒരു പ്രവാചകൻ യുദ്ധം ചെയ്തു. അദ്ദേഹം തന്റെ സമൂഹത്തോട് പറഞ്ഞു: വിവാഹം കഴിക്കുകയും എന്നിട്ട് ഭാര്യയുമായി കൂടുകയും ചെയ്തിട്ടില്ലാത്തവരും, വീടുണ്ടാക്കുകയും മേൽക്കൂരപണി പൂർത്തിയാക്കിയിട്ടില്ലാത്തവരും, ആടുകളെ വാങ്ങുകയും എന്നിട്ട് അവയുടെ പ്രസവം കാത്ത് നിൽക്കുന്നവരും എന്റെ കൂടെ (യുദ്ധത്തിന് ) പോരരുത്. അങ്ങനെ ആ പ്രവാചകൻ യുദ്ധം ചെയ്തു. അദ്ദേഹം വൈകുന്നേരമായപ്പോൾ ഒരു ഗ്രാമത്തിലെത്തി സൂര്യനോട് ഇങ്ങനെ പറഞ്ഞു. നീ കൽപ്പിക്കപ്പെട്ടവളാണ്, ഞാനും കൽപ്പിക്കപ്പെട്ടവനാണ്. അല്ലാഹുവേ, ഞങ്ങൾക്ക് വേണ്ടി (അതിനെ) സൂര്യനെ നീ തടഞ്ഞു നിർത്തേണമേ. അങ്ങനെ സൂര്യൻ തടഞ്ഞുവെക്കപ്പെട്ടു. അവർ ആ ഗ്രാമത്തെ പിടിച്ചെടുക്കും വരെ അത് അങ്ങനെതന്നെ (നിശ്ചലമായി) നിന്നു. അവർ യുദ്ധാർജിത സ്വത്ത് ഒരുമിച്ചുകൂട്ടിയപ്പോൾ തീ വന്ന് ആ ഗനീമത്ത് (യുദ്ധാർജിത സ്വത്ത്) തിന്നില്ല. അപ്പോൾ ആ പ്രവാചകൻ പറഞ്ഞു: നിങ്ങളിൽ ഒരു മോഷ്ടാവുണ്ട്. എല്ലാ ഗോത്രത്തിൽ നിന്നും ഓരോ ആളുകൾ വന്ന് എന്നോട് ഉടമ്പടി ചെയ്യണം . ഉടമ്പടി ചെയ്യുവാൻ ആളുകൾ വന്നപ്പോൾ ഒരു വ്യക്തിയുടെ കൈ പ്രവാചകന്റെ കൈയുമായി ഒട്ടി ചേർന്നു. പ്രവാചകൻ പറഞ്ഞു: നിങ്ങളിൽ മോഷ്ടാവുണ്ട്. അപ്പോൾ അവർ പശുവിന്റെ തല പോലുള്ള ഒരു സ്വർണ്ണം കൊണ്ട് വന്ന് പ്രവാചകന്റെ മുമ്പിൽ വെച്ചു . ആ സമയത്ത് (ആകാശത്ത് നിന്ന് ) തീ വരികയും ആ യുദ്ധാർജിത സ്വത്ത് തിന്നുകയും ചെയ്തു. നബി പറയുന്നു: പിന്നീട് അല്ലാഹു യുദ്ധാർജിത സ്വത്ത് നമുക്ക് അനുവദനീയമാക്കി. നമ്മുടെ ദുർബലതയും അശക്തിയും കണ്ടാണ് നമുക്കത് അനുവദനീയമാക്കിയത്.

​ഗുണപാഠം 1

ഉപര്യുക്ത സംഭവത്തിൽ സൂചിപ്പിക്കപ്പെട്ട പ്രവാചകൻ യൂശഅ് ബ്ൻ നൂനാ(അ)ണ്. ഖിള്റ് നബിയെ അന്വേഷിച്ചുള്ള യാത്രയിൽ മൂസാ നബിയെ സഹവസിച്ചതും അദ്ദേഹമായിരുന്നു. അന്നദ്ദേഹം നബിയായിരുന്നില്ല. ബനൂ ഈസ്റാഈല്യരുടെ അലച്ചിലിന്റെ(തീഹ്) നാൽപതാം വർഷമൊക്കെയായിരുന്നു അദ്ദേഹം പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ടത്. മൂസാ നബിയുടെ അല്ലാഹുവുമായുള്ള സംഭാഷണവും ബനൂ ഇസ്റാഈല്യരുടെ പശുക്കുട്ടിയെ ആരാധിക്കുന്ന സംഭവങ്ങളും ഒക്കെ കഴിഞ്ഞ് വിശുദ്ധ ന​ഗരം നാൽപതു വർഷത്തോളം അവർക്ക് വിലക്കപ്പെട്ടുവല്ലോ. ആ അലച്ചിലിന്റെ ആദ്യ കാലങ്ങളിലാണ് ഹാറൂൻ നബിയുടെ വിയോ​ഗം. രണ്ടുവർഷങ്ങൾക്കു ശേഷം മൂസാ നബിയും വിടപറഞ്ഞു. അതോടെയാണ് യൂശഅ് എന്നവർ പ്രവാചകസ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്.

​ഗുണപാഠം 2

എണ്ണപ്പെരുപ്പം തിരയേണ്ടതില്ല, മൂല്യത്തിലാണ് കാര്യം. സുഹൃത്തുക്കളും കണക്കാക്കപ്പെടേണ്ടത് എണ്ണം നോക്കിയല്ല, ക്വാളിറ്റി നോക്കിയാണ്. നിന്റെ ചുറ്റുമവർ തടിച്ചു കൂടുന്നതോർത്ത് സുഖം കൊള്ളേണ്ടതില്ല. നിന്റെ ഐശ്വര്യകാലത്ത് യഥാർഥ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് തിരിച്ചറിയുക പ്രയാസമാണ്. നിനക്കുവരുന്ന പ്രയാസങ്ങൾക്ക് കാതോർക്കുക, അന്ന് മനസ്സിലാക്കാം യഥാർഥ സുഹൃത്തുക്കൾ എത്രയുണ്ടെന്ന്. യൂശഅ് നബി തന്നെ തന്റെ സൈന്യത്തിലേക്ക് ആൾക്കാരെ ചേർത്ത സന്ദർഭം നോക്കൂ. എണ്ണം വർധിപ്പിക്കുന്നതിനു പകരം കാര്യമാത്രമായത് കുറച്ചൊണങ്കിലും അത്ര മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഹൃദയം മറ്റു പലതുമായി ബന്ധപ്പെട്ടു കിടക്കുന്ന ആൾക്കാർ യുദ്ധത്തിനു വേണ്ട എന്നയർഥത്തിലാണ് അദ്ദേഹം ആ നിബന്ധനകളൊക്കെയും വച്ചത്. വിവാഹം ചെയ്തവന്റെ ഹൃദയം ഭാര്യയുടെ കൂടെയും ആട് പ്രസവിക്കാനുള്ളവന്റെ ഹൃദയം അതിന്റെ കൂടെയുമാകും എന്നദ്ദേഹത്തിന് അറിയാമായിരുന്നു. അതോടൊപ്പം ജനങ്ങൾ എന്തുപറഞ്ഞാലും ജനങ്ങൾതന്നെയാണെന്ന അടിസ്ഥാനബോധ്യം നാം മറക്കരുതെന്നും അദ്ദേഹത്തിന്റെ ഈ സംഭവം നമ്മെ ഉണർത്തുന്നുണ്ട്.

ഹസൻ(റ) ചെറിയ കുട്ടിയായിരിക്കെ നടക്കുന്നതിനിടെ വീണുപോകുന്നു. മിമ്പറിൽ പ്രസം​ഗിക്കുകയായിരുന്ന നബി തങ്ങൾ അടുത്തുചെന്ന് കുട്ടിയെ എടുക്കുകയും, നിശ്ചയം നിങ്ങളുടെ സമ്പത്തുകളും സന്താനങ്ങളും ഫിത്നയാണ് എന്ന ഖുർആനിക സൂക്തം പാരായണം ചെയ്യുകയും ചെയ്യുന്നു. മറ്റൊരു വേളയിൽ നമസ്കാരത്തിൽ ഒരു കുട്ടിയുടെ കരച്ചിൽ കേട്ടപ്പോൾ മൂന്നു സൂക്തങ്ങൾ മാത്രം പാരായണം ചെയ്യുകയും ആ മാതാവിന്റെ ഹൃദയം കുട്ടിയുമായി തിരക്കിലാവുമോ എന്ന് ഞാൻ പേടിച്ചുപോയതാണ് എന്നതിന് കാരണം പറയുകയും ചെയ്യുന്നു നബി തങ്ങൾ. ജനങ്ങളെല്ലാം വിശ്വാസികളായാലും അവരൊരിക്കലും മാലാഖമാരാവുന്നില്ല. വിശ്വാസികളെപ്പോഴും കുടുംബജീവിതവും മറ്റുമായുള്ള പ്രണയത്തിലായി തന്നെയാവും കഴിയുക. മതമനുഷ്ഠിക്കുകയെന്നാൽ ഹറാം ഉപേക്ഷിക്കുകയെന്നാണ്, ജീവിതം തന്നെ ഉപേക്ഷിക്കലല്ല. ജനങ്ങളുമായി പെരുമാറുന്ന വേളയിൽ ഇക്കാര്യം ഓർമയിലുണ്ടാവുക.

​ഗുണപാഠം 3

വെള്ളിയാഴ്ച ദിവസം അസ്റിന്റെ അവസാനസമയത്തായിരുന്നു യുദ്ധം. വെള്ളിയാഴ്ച ദിവസം അവസാനിക്കുകയും ശനിയാവുകയും ചെയ്താൽ ബനൂ ഇസ്റാഈല്യർ യുദ്ധം ചെയ്യാറുണ്ടായിരുന്നില്ല. അതുകൊണ്ടാണ് യൂശഅ് നബി സൂര്യനോട് അസ്തമിക്കാതിരിക്കാൻ ആവശ്യപ്പെട്ടത്. പർവതങ്ങൾ തൽസ്ഥാനത്തുനിന്ന് നീങ്ങിയാൽ പോലും അണുവിട വ്യതിചലിക്കാത്ത ഈമാനെന്നാൽ ഇതാണ്. എല്ലാം അല്ലാഹുവിന്റെ കയ്യിലാണെന്നുള്ള ദൃഢവിശ്വാസം. മാലാഖ ജിബ്രീൽ(അ) മുതൽ ചെറിയ ഉറുമ്പുവരെ എല്ലാം അല്ലാഹുവിന്റെ കൽപനക്കുമുന്നിൽ തുല്യമാണെന്നുള്ള കാര്യം. കാരണങ്ങൾ പിന്തുടരാനാണ് നമ്മോടുള്ള കൽപനയെങ്കിലും അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ കാരണമില്ലാതെ തന്നെ അവൻ നൽകുന്നവനാണല്ലോ. പ്രപഞ്ചത്തിലെപതിവു നടത്തിപ്പിനെ തന്നെ വേണ്ടിവന്നാൽ മാറ്റിമറിക്കുമവൻ.

​ഗുണപാഠം 4

സൈന്യാധിപതൻ യുദ്ധത്തെക്കുറിച്ചു മാത്രം അറിയുന്നവനായാൽ പോരാ. കമ്പനി മാനേജർ മാനേജിം​ഗ് കപ്പാസിറ്റി മാത്രം ഉള്ളവരായാൽപോരാ. തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള എഞ്ചിനീയർക്ക് എഞ്ചിനീയറിം​ഗ് മാത്രം വശമുണ്ടായതുകൊണ്ട് കാര്യമില്ല. നഴ്സുമാരുടെ ഉത്തരവാദിത്തമുള്ള ഡോക്ടർക്ക് ചികിത്സ മാത്രം അറിഞ്ഞതുകൊണ്ടും കാര്യമില്ല. ജനങ്ങളുടെ സ്വഭാവങ്ങളും ശൈലികളും മനസ്സിലാക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുകകൂടി ചെയ്യുന്നവനാണ് യഥാർഥ വിജയി. ഉത്തരവാദപ്പെട്ട ഒരാളെക്കാൾ മനുഷ്യന്മാരെ കാണാനാവും ജനങ്ങൾക്കാ​ഗ്രഹം.

കൽപനകൾ അടിച്ചിറക്കുന്ന ആളെക്കാൾ കൂടെനിന്നു സഹായിക്കുന്നവരെയാവും ജനങ്ങൾക്കിടഷ്ടം. തന്ത്രജ്ഞാനിയായ ഉദ്യോ​ഗസ്ഥൻ നിയമങ്ങളെക്കൊണ്ടല്ല, ഹൃദയംകൊണ്ടാവും ആളുകളെ നേർക്കുനിർത്തുക. ജോലി ചെയ്യുന്നിടത്തെ മാനേജറെ ഇഷ്ടപ്പെടുമ്പോഴാണല്ലോ നമ്മളെല്ലാവരും ചെയ്യുന്ന ജോലിയും ഇഷ്ടപ്പെടുക. ചെയ്യുന്ന ജോലി ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ നിയമങ്ങളുടെ കുരുക്കുകളില്ലാതെതന്നെ കാര്യങ്ങളെല്ലാം നാം ഭം​ഗിയായി ചെയ്തുതീർക്കുകയും ചെയ്യും. നിയമങ്ങളുടെ വഴിമാത്രം തെരഞ്ഞെടുക്കുന്നവനാണ് പരാജയപ്പെട്ട ഉദ്യോ​ഗസ്ഥൻ.

​ഗുണപാഠം 5

കടഞ്ഞെടുക്കപ്പെട്ട, കലർപ്പില്ലാത്ത കുറഞ്ഞ എണ്ണം ആളുകളെന്ന് നാം കരുതിയവർ പോലും ചിലപ്പോൾ നമ്മുടെ പ്രതീക്ഷകൾ തെറ്റിക്കും. യൂശഅ് നബിയുടെ സൈന്യം തന്നെ നോക്കൂ. ദുനിയാവുമായി യാതൊരു വിധത്തിലും ബന്ധമില്ലാത്ത വളരെ കുറച്ചാളുകളെ മാത്രമായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്.

പക്ഷേ, മനുഷ്യമനസ്സുകൾക്ക് ദുനിയാവിൽ നിന്ന് അത്ര എളുപ്പത്തിലൊന്നും രക്ഷപ്പെട്ടുപോരാനാവില്ലെന്ന് പിന്നീടാണ് ബോധ്യമായത്. അക്കൂട്ടത്തിൽപോലും ​ഗനീമത്ത് സ്വത്തുകൾ മോഷ്ടിച്ച ആളുകളുണ്ടായിരുന്നു! അതുകൊണ്ട് ജനങ്ങളെ ഒരിക്കലും അന്ധമായി വിശ്വസിക്കരുത്. അതേസമയം, സൂക്ഷ്മതയുടെ പേരിൽ ഒന്നും സ്വീകരിക്കാതിരിക്കുകയുമരുത്. രണ്ടിനുമിടയിൽ മധ്യമനിലപാട് സ്വീകരിക്കുക. ദുനിവാനിന്റെ പിടിയിൽ നിന്ന് രക്ഷയുള്ളത് റബ്ബ് രക്ഷ നൽകിയവർക്കു മാത്രമത്രെ!

​ഗുണപാഠം 6

അഖീദയുടെ വിഷയത്തിൽ ഓരോ നബിമാരുടെയും സന്ദേശം ഏകസ്വഭാവത്തിലുള്ളതാണെങ്കിലും ശരീഅത്തിന്റെ വിഷയത്തിലത് വ്യത്യാസപ്പെടും. എല്ലാ നബിമാരും വന്നിട്ടുള്ളത് ഏകദൈവവിശ്വാസം ഉയർത്തിപ്പിടിച്ചുതന്നെയാണ്. സ്വർ​ഗവും നരകവും വിചാരണയും പുനർജന്മവും മരണവും എല്ലാം, എല്ലാ പ്രവാചകന്മാരുടെ വിശ്വാസത്തിലുമുണ്ട്. പക്ഷേ, മാറ്റമുള്ളത് കർമങ്ങളിലും ആചാരങ്ങളിലുമാണ്.

ഉദാഹരണത്തിന് മുൻകാല സമുദായങ്ങൾക്കെല്ലാം ​ഗനീമത്ത് സ്വത്ത് നിഷിദ്ധമായിരുന്നു. ആ സ്വത്ത് ഒരുമിച്ചു കൂട്ടപ്പെട്ടു കഴിഞ്ഞാൽ ഒരു തീവന്ന് അതിനെ വിഴുങ്ങുകയായിരുന്നു രീതി. യൂശഅ് നബിയുടെ സംഭവത്തിൽ ആദ്യം തീ വന്ന് വിഴുങ്ങാതെ വന്നത് അതിൽ അൽപം കുറവു വന്നതുകൊണ്ടായിരുന്നു. മോഷണസ്വത്ത് കണ്ടെത്തപ്പെടുകയും അതും ചേർത്തുവെക്കുകയും ചെയ്തതോടെ തീവരികയും എല്ലാം വിഴുങ്ങിക്കളയുകയും ചെയ്തു. അല്ലാഹു അവരുടെ പോരാട്ടം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ അടയാളമായിരുന്നു ആ തീയുടെ വിഴുങ്ങൽ.

 

നബിയുടെ കൂടെ – 26

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles