Current Date

Search
Close this search box.
Search
Close this search box.

തുടർന്ന് രാജാവ് ആ കുട്ടിയെ തന്റെ സ്ഥാനത്തിരുത്തുകയും എന്നെക്കാൾ ഈ സ്ഥാനത്തിനർഹൻ നീയാണെന്ന് പറയുകയും ചെയ്തു

നബിയുടെ കൂടെ - 26

ഇമാം അഹ്മദ് തന്റെ മുസ്നദിൽ നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: യൂനുസ്(അ) തന്റെ സമുദായത്തിന് അല്ലാഹുവിന്റെ ശിക്ഷയിറങ്ങുമെന്ന മുന്നറിയിപ്പ് കൊടുത്തിരുന്നു. മൂന്നു ദിവസത്തനുശേഷം ശിക്ഷവരുമെന്ന് പറഞ്ഞശേഷം അദ്ദേഹം അവരെ വിട്ട് ദൂരെപോയി. അതോടെ ജനങ്ങളെല്ലാം അല്ലാഹുവിലഭയം തേടുകയും പാപമോചനം തേടുകയും ചെയ്തതോടെ അല്ലാഹു ശിക്ഷയിറക്കാനുള്ള തീരുമാനം പിൻവലിച്ചു. ശിക്ഷ പ്രതീക്ഷിച്ചിരിക്കുകയായിരുന്ന യൂനുസ് നബിക്ക് ശിക്ഷയിറങ്ങുന്നത് കാണാൻ സാധിക്കാതെ വന്നപ്പോൾ അദ്ദേഹം ആലോചനയിലാണ്ടു. വല്ല കാര്യവും തെളിവില്ലാതെ പറഞ്ഞാൽ അയാൾ വധിക്കപ്പെടണമെന്നായിരുന്നു അവരുടെ ശരീഅത്ത്പ്രകാരമുള്ള നിയമം. ദേഷ്യത്തോടെ നടന്നുപോയ അദ്ദേഹം കപ്പലിൽ യാത്ര ചെയ്യുകയായിരുന്ന ഒരു കൂട്ടരുടെ അടുക്കലെത്തി. അവരദ്ദേഹത്തെ തിരിച്ചറിയുകയും കപ്പലിൽ കയറ്റുകയും ചെയ്തു. യാത്രാമധ്യേ കപ്പൽ ആടിയുലഞ്ഞപ്പോൾ അല്ലാഹുവിൽ നിന്ന് ഓടിയൊളിച്ച ഒരു അടിമ ഈ കപ്പലിലുണ്ടെന്നും അയാളെ വെള്ളത്തിലിടാതെ കപ്പൽ സുരക്ഷിതമായി മുന്നോട്ടുപോവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തത്തെ തന്നെയായിരുന്നു നബിയുടെ ഉദ്ദേശ്യം.

നിങ്ങൾ അല്ലാഹുവിന്റെ പ്രവാചകനായതുകൊണ്ട് നിങ്ങളെ ഒരിക്കലും വെള്ളത്തിലിടില്ലെന്ന് ജനങ്ങൾ ഒന്നടങ്കം പറഞ്ഞു. നറുക്കിടാനും നറുക്ക് വീഴുന്നയാളെ വെള്ളത്തിനിടാനുമുള്ള നിർദേശം അദ്ദേഹം മുന്നോട്ടുവച്ചു. മൂന്നുവട്ടവും നറുക്ക് നബിക്കുതന്നെ വീഴുകയും അദ്ദേഹത്തെ വെള്ളത്തിലിടുകയും മത്സ്യവയറ്റിൽ അദ്ദേഹം ചെന്നുപതിക്കുകയും ചെയ്തു. രാത്രിയുടെയും മത്സ്യവയറ്റിന്റെയും ആഴക്കടലിന്റെയും ത്രയാന്ധകാരത്തിൽ അദ്ദേഹം കഴിഞ്ഞു. തുടർന്ന് മത്സ്യം അദ്ദേഹത്തെ കരയിലെത്തിക്കുകയും അവിടെ അദ്ദേഹത്തിന് തണലൊരുക്കി അല്ലാഹു ഒരു ചെരങ്ങച്ചെടി വിരിയിച്ച് വളർത്തുകയും ചെയ്തു. ഭക്ഷിക്കാനും തണലുകൊള്ളാനുമായി അദ്ദേഹം ഉപയോ​ഗിച്ചിരുന്ന ആ ചെടി ഉണങ്ങിയപ്പോൾ അദ്ദേഹം കരയുകയുണ്ടായി. അതോടെ, ഉണങ്ങിപ്പോയ വെറുമൊരു ചെടിയെയോർത്ത് കരയുന്ന നിങ്ങൾ, നശിപ്പിക്കാനായി നിങ്ങളുദ്ദേശിച്ച ഒരു ലക്ഷത്തിലേറെ വരുന്ന ആൾക്കാരെയോർത്ത് കരയുന്നില്ലേ എന്ന് അല്ലാഹു അദ്ദേഹത്തിന് ദിവ്യബോധനം നൽകി.

അദ്ദേഹമങ്ങനെ നടന്നപ്പോൾ ആടിനെ മേച്ചുനടക്കുന്ന ഒരു കുട്ടിയെ കാണാനിടയായി. നീയെവിടെ നിന്നാണെന്ന് ചോദിച്ചപ്പോൾ യൂനുസ് നബിയുടെ സമുദായക്കാരനാണെന്ന് കുട്ടി മറുപടി പറഞ്ഞു. എങ്കിൽ നിന്റെ നാട്ടുകാരോട് ചെന്ന് സലാം പറയുകയും ഞാൻ യൂനുസ് നബിയെ കണ്ടുവെന്ന് പറയുകയും ചെയ്യണമെന്നദ്ദേഹം ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞതിന് സാക്ഷിയില്ലെങ്കിൽ നമ്മുടെ ശരീഅത്തനുസരിച്ച് അവരെന്നെ കൊല്ലുമെന്നും അതിനാൽ എനിക്ക് സാക്ഷി വല്ലതും വേണമെന്നും കുട്ടിയും ആവശ്യപ്പെട്ടു. ഈ മരവും ഈ സ്ഥലവും നിനക്കുവേണ്ടി സാക്ഷിനിൽക്കുമെന്ന് നബി പറയുകയും അവ രണ്ടും സമ്മതിക്കുകയും ചെയ്തു. കുട്ടി നാട്ടുകാരെ അടുക്കൽപോയി കാര്യങ്ങളൊക്കെ പറയുകയും അവനെ വധിക്കാൻ ആജ്ഞാപിച്ചപ്പോൾ സാക്ഷിയുണ്ടെന്നു പറഞ്ഞ് ആ രണ്ടു വസ്തുക്കളെക്കൊണ്ട് സാക്ഷി പറയിക്കുകയും ചെയ്തു. തുടർന്ന് രാജാവ് ആ കുട്ടിയെ തന്റെ സ്ഥാനത്തിരുത്തുകയും എന്നെക്കാൾ ഈ സ്ഥാനത്തിനർഹൻ നീയാണെന്ന് പറയുകയും ചെയ്തു. ആ കുട്ടി നാൽപത് വർഷം അവിടെ ഭരണം നടത്തുകയും ചെയ്തു.

ഗുണപാഠം 1

അല്ലാഹു ജനങ്ങളിൽ ചിലർക്ക് ചിലരെക്കാൾ സ്ഥാനം നൽകി ആദരിച്ചു. പ്രവാചകന്മാരിലും ചിലരെ ചിലരെക്കാൾ ഉന്നതരാക്കി അവൻ. നുബുവ്വത്തിന്റെ സ്ഥാനത്തിൽ പരസ്പരം ഏറ്റവ്യത്യാസമുള്ളവരാണവർ. അതേസമയം ജനങ്ങളുടെ സ്ഥാനങ്ങളിൽ നുബുവ്വത്തിനെക്കാൾ ഉന്നതമായൊരു സ്ഥാനവും അല്ലാഹുവിങ്കൽ ഇല്ലതന്നെ. പ്രവാചകന്മാർക്കിടയിൽ സ്ഥാനങ്ങളിൽ ഏറ്റവ്യത്യാസങ്ങളുണ്ടെന്ന് വിശ്വസിക്കുമ്പോൾ തന്നെ അവരെല്ലാവരോടും മര്യാദപൂർവം ഇടപെടൽ നിർബന്ധവും അവരെ സ്നേഹിക്കൽ ആരാധനയുമാണ്. അവരിൽനിന്ന് തെറ്റുകളുണ്ടാവുന്നത് അതവർ മനുഷ്യരാണ് എന്നതുകൊണ്ടുതന്നെയാണ്. അമ്പിയാക്കൾക്ക് അല്ലാഹു വാ​ഗ്ദാനം ചെയ്തിട്ടുള്ള ഇസ്മത്ത്(പാപമില്ലായ്മ) ദീനിന്റെ വിഷയത്തിലും പ്രബോധനകാര്യങ്ങളിലുമാണ്. അതേസമയം, ഭൗതികമായ കാര്യങ്ങളിൽ അവർ മനുഷ്യർതന്നെയാണ്.

നബി (സ) മദീനയിലെത്തിയ സമയത്ത് ജനങ്ങളെല്ലാം ഈന്തപ്പനമരങ്ങളെ പരാ​ഗണം നടത്താനായി സഹായിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് കാണാനിടയായി. നിങ്ങളെന്തിനാണത് ചെയ്യുന്നതെന്നും ഈ ജോലി കാറ്റുതന്നെ ചെയ്യില്ലേ എന്നും നബി (സ) ചോദിക്കുകയും ചെയ്തു. അതോടെ അവരാ ഉദ്യമം ഉപേക്ഷിച്ചു. പക്ഷേ, ആ വർഷം ഈന്തപ്പനയൊന്നും കായ്ച്ചതുമില്ല. നബി തങ്ങളോടവർ ചെന്ന് കാര്യം പറഞ്ഞപ്പോൾ നബിയുടെ മറുപടി ഇതായിരുന്നു: നിങ്ങളുടെ ദുനിയാവിന്റെ കാര്യങ്ങൾ ഏറ്റവും നന്നായറിയുന്നത് നിങ്ങൾക്കു തന്നെയാണ്! തന്റെ സമൂഹം പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കുന്നതറിഞ്ഞ് കോപിഷ്ഠനായ മൂസാ നബിയോട് സഹോദരൻ ഹാറൂൻ നബി പറഞ്ഞത്, എന്റെ താടിക്കും തലക്കും പിടിക്കല്ലേ എന്നായിരുന്നു. യൂനുസ് നബിയുടെ കാര്യത്തിലും മാനുഷികമായ അത്തരം ചില ചോദനകളാണ് പ്രവർത്തിച്ചത്.

സമൂഹത്തിനുമേൽ ശിക്ഷയിറങ്ങുന്നത് അദ്ദേഹം കാത്തിരുന്നെങ്കിലും ജനങ്ങൾ തൗബ ചെയ്തതുകാരണം ശിക്ഷ ഉയർത്തപ്പെടുകയായിരുന്നു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ചെറിയ കുട്ടികളെയും ചെറിയ മൃ​ഗങ്ങളെയുംപോലും മാതാപിതാക്കളുടെ അടുക്കൽനിന്ന് മാറ്റിനിർത്തിയിരുന്നു അവർ. പക്ഷേ യൂനുസ് നബി അക്കാര്യം അറിഞ്ഞിരുന്നില്ലെന്നു മാത്രം. വിശുദ്ധ ഖുർആൻ പറഞ്ഞതുപ്രകാരം പിന്നീട് തന്റെ സമൂഹത്തിൽ തിരിച്ചെത്തിയ അദ്ദേഹം പ്രവാചകനായി തുടരുകയും ചെയ്തു. ഞാൻ മത്തായുടെ മകൻ യൂനുസിനെക്കാൾ ഉത്തമനാണെന്ന് നിങ്ങളിലാരും പറയരുതെന്ന് നബി (സ) ഒരു ഹദീസിൽ പറയുന്നതു കാണാം.

​ഗുണപാഠം 2

തൗബ ശിക്ഷയെ ഉയർത്തിക്കളയുന്നതും പ്രാർഥന ഖദ്റിനെ തട്ടിക്കളയുന്നതുമാണ്. ഈ സംഭവത്തിൽ ശിക്ഷയെ അയക്കണമെന്നത് അല്ലാഹുവിന്റെ ആദ്യത്തെ ഖദ്റും, ദുആയും തൗബയും കാരണം ശിക്ഷയെ ഉയർത്തിക്കളയാമെന്നത് രണ്ടാമത്തെ ഖദ്റുമാണ്. യൂനുസ് നബി അല്ലാഹുവിന്റെ ഒന്നാമത്തെ ഖദ്റിനെക്കുറിച്ച് മാത്രം അറിഞ്ഞു എന്നതായിരുന്നു കാര്യം. ഇതാണ് ഈ സംഭവത്തിന്റെ ആകെത്തുക. സത്യസന്ധമായ തൗബ തട്ടിക്കളഞ്ഞിട്ടുള്ള എത്ര ശിക്ഷകളാണ്!? സത്യസന്ധമായ ദുആ കൊണ്ട് മാറ്റപ്പെട്ടിട്ടുള്ള എത്ര ഖദ്റുകളാണ്!?

​ഗുണപാഠം 3

ജനങ്ങളുടെ പ്രകൃതി മാറിക്കൊണ്ടിരിക്കുന്നതാണ്. സ്വാഭാവികമായും അമ്പിയാക്കളും ജനങ്ങളിൽപെട്ടവരാണല്ലോ. ബന്ദികളായ മനുഷ്യരെ എന്തുചെയ്യണമെന്ന് മതത്തിൽ കൃത്യമായ നിയമങ്ങൾ വന്നിട്ടില്ലാത്ത കാലത്താണ് നബി (സ) ബദ്റിലെ ബന്ദികളെ എന്തു ചെയ്യുമെന്നതിനെക്കുറിച്ച് സ്വഹാബികളുമായി ചർച്ചനടത്തുന്നത്. നഷ്ടപരിഹാരം സ്വീകരിക്കുകയെന്ന് അബൂബക്റും(റ) അവരെ വധിച്ചുകളയാമെന്ന് ഉമറും(റ) നിർദേശിച്ചു. അപ്പോൾ നബി (സ) മനോഹരമായാണ് അതിനോട് പ്രതികരിച്ചത്. അബൂബക്റി(റ)നോടായി നബി (സ) പറഞ്ഞു: റബ്ബേ, നീയവരെ ശിക്ഷിക്കുകയാണെങ്കിൽ അവർ നിന്റെ അടിമകളാണ്. ഇനി നീയവർക്ക് മാപ്പു കൊടുക്കുകയാണെങ്കിൽ നിശ്ചയം മാന്യനും യുക്തിയുള്ളവനുമാണ് എന്ന് പറഞ്ഞ ഈസാ നബിയെപ്പോലെയാണ് നീ! ശേഷം ഉമറി(റ)നോടായി നബി (സ) പറഞ്ഞു: റബ്ബേ, സത്യനിഷേധികളിൽപെട്ട ഒരാളെപ്പോലും ഈ ഭൂമിലോകത്ത് നീ അവശേഷിപ്പിക്കരുതേ എന്ന് ദുആ ചെയ്ത നൂഹ് നബിയെപ്പോലെയാണ് നീ! മാന്യനെന്നും മാന്യനും പിശുക്കനെന്നും പിശുക്കനും തന്നെയായിരിക്കും. സഹനശീലനും കോപിഷ്ഠനും അങ്ങനെതന്നെ.

ഈമാൻ വിശ്വാസികൾക്കുമേൽ കടിഞ്ഞാണിടുമെങ്കിലും അവരുടെ പ്രകൃതി മാറ്റുമെന്ന് പറയാനൊക്കില്ല. ജാഹിലിയ്യാ കാലത്തെ ഉത്തമർ ജ്ഞാനം സിദ്ധിച്ചവരാണെങ്കിൽ അവർതന്നെയാണ് ഇസ്ലാമിലും ഉത്തമർ എന്നാണല്ലോ ഹദീസ്. ജാഹിലിയ്യത്തിലും ഇസ്ലാമിലും സൗമ്യനായിരുന്നു അബൂബക്റ്(റ). അതേസമയം രണ്ടു സമയത്തും ​ഗൗരവക്കാരനായിരുന്നു ഉമർ(റ). ഖാലിദ് ബ്ൻ വലീദ് (റ) രണ്ടു ഘട്ടങ്ങളിലും നല്ല പോരാളിയുമായിരുന്നു. സ്വയം സംസ്കരണത്തിലൂടെയാണല്ലോ മനസ്സുകൾ ഉന്നതി പ്രാപിക്കുന്നത്. സ്വേഷ്ടങ്ങളെ പിടിച്ചുകെട്ടുന്നതിൽ ജനങ്ങൾ വ്യത്യസ്ത നിലവാരത്തിലുമാണ്. അല്ലെങ്കിൽ സ്ത്രീയെ ആ​ഗ്രഹിക്കാത്ത പുരുഷനോ പുരുഷനെ ആ​ഗ്രക്കാത്ത സ്ത്രീയോ ഉണ്ടാവില്ലല്ലോ.

​ഗുണപാഠം 4

നറുക്കെടുപ്പ് വെറുമൊരു അർഥശൂന്യമായ കർമമല്ല. മറിച്ച്, പല സാഹചര്യങ്ങളിലും പ്രശ്നപരിഹാരത്തിനുള്ള മാർ​ഗംകൂടിയാണത്. അത്തരം സാഹചര്യങ്ങളിൽ സുന്നത്താണത്. അത് പ്രവാചകന്മാരുടെകൂടി ചര്യയാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. നബി (സ) യുദ്ധത്തിനു പോവുമ്പോൾ ഭാര്യമാർക്കിടയിൽ നറുക്കിടുക പതിവായിരുന്നുവല്ലോ. സ്വയം താൽപര്യാർഥം ഒരാളെ തെരഞ്ഞെടുക്കുന്നതിനു പകരം അവർക്കിടയിൽ തൃപ്തി നിലനിർത്താനും അനീതി ഇല്ലാതിരിക്കാനുമായിരുന്നു ആ രീതി. ആവശ്യമുണ്ടാവുമ്പോൾ ഈ രീതി ഉപയോ​ഗിക്കാൻ മടികാണിക്കേണ്ടതില്ല.

​ഗുണപാഠം 5

അല്ലാഹുവിന്റെ ശക്തി ഉപാധികളില്ലാത്തതാണ്. കുൻ എന്ന കൽപനമാത്രം മതി അവന്. ഭീകരജീവിയായ വലിയ തിമിം​ഗലത്തോട് യൂനുസ് നബിയെ വിഴുങ്ങാനും ദ്രോഹിക്കാതിരിക്കാനും ആജ്ഞാപിച്ചപ്പോൾ അതനുസരിച്ചു! ഇബ്റാഹിം നബിക്ക് തീകുണ്ഠാരം തണുപ്പും രക്ഷയുമാക്കി മാറ്റിക്കൊടുത്ത റബ്ബിന് ഇതൊക്കെ വെറും നിസ്സാരംമാത്രം. പക്ഷേ അല്ലാഹു ഉദ്ദേശിക്കുന്നവരെ അവനുദ്ദേശിക്കുന്ന രീതിയിലും അളവിലുമാവും അവൻ സംരക്ഷിക്കുക.

ഗുണപാഠം 6

ജനങ്ങൾക്ക് അർഹിക്കുന്ന സ്ഥാനം കൊടുക്കുക. എല്ലാവരോടും നന്മയിൽ വർത്തിക്കാനാണ് നമ്മോടുള്ള കൽപനയെങ്കിലും ചിലർക്ക് ചിലരെക്കാൾ ആദരവ് വകവച്ചുകൊടുക്കാനും നമുക്ക് ആജ്ഞയുണ്ട്. യൂനുസ് നബിയെ അദ്ദേഹത്തിന്റെ സമുദായം ആദ്യം വെള്ളത്തിലിടാതിരുന്നത് അദ്ദേഹത്തിന്റെ സ്ഥാനം ബഹുമാനിച്ചായിരുന്നു. ഹാത്വിമുത്ത്വാഇക്ക് അറബികൾക്കിടയിലുണ്ടായിരുന്ന സ്ഥാനം കണക്കിലെടുത്ത് അവരുടെ മകളെ നബി (സ) ബഹുമാനിച്ചിരുന്നു. യോദ്ധാവായ ഖാലിദി(റ)നെ നബി (സ) സൈധ്യാധിപനാക്കുന്നതും അങ്ങനെയാണ്. ഇക്രിമ(റ) യർമൂഖിൽ മുസ്ലിം സൈന്യത്തിന്റെ നേതൃസ്ഥാനത്തേക്കു വരുന്നതും അങ്ങനെതന്നെ.

മാന്യനായ മനുഷ്യന് വീഴ്ചപറ്റിയാൽ മാപ്പുനൽകുക. ജനങ്ങൾക്കെല്ലാവർക്കും അത്തരം സാഹചര്യങ്ങളുണ്ടാവുമല്ലോ. മാന്യൻ രക്ഷപ്പെടുന്നതും നിന്ദ്യൻ രക്ഷപ്പെടുന്നതും രണ്ടും രണ്ടാണ്, രണ്ടിലും നന്മയുണ്ടെങ്കിലും. ആവശ്യംവന്നാൽ യാചിക്കുന്നവരെ ജനങ്ങളുടെ കൂട്ടത്തിൽ കാണാം. പക്ഷേ, വിശന്നുവലഞ്ഞ് മരിച്ചാലും അന്നത്തിനു വേണ്ടി യാചിക്കാത്ത ആൾക്കാരെയും കാണാം. അത്തരക്കാരുടെ അഭിമാനത്തെ യാചനയുടെയു നിന്ദ്യതയുടെയും കറപറ്റാതെ സൂക്ഷിക്കാൻ ശ്രമിക്കുക.

​ഗുണപാഠം 7

കളവു പറയാതിരിക്കുക! നബി തങ്ങളോടാണ് ചോദ്യം: വിശ്വാസി ഭീരുവാകുമോ? ആവാമെന്നു മറുപടി. അടുത്ത ചോദ്യം വിശ്വാസി പിശുക്കനാകുമോ എന്നാണ്. അതിനും ആകാമെന്ന് നബിയുടെ മറുപടി. വിശ്വാസി കളവു പറയുന്നവനാകുമോ എന്ന് അവസാന ചോദ്യം. ഇല്ലെന്നായിരുന്നു നബിയുടെ മറുപടി! എല്ലാ കാലത്തും മനുഷ്യർ മോശമെന്ന് വിധിയെഴുതിയ സ്വഭാവമാണല്ലോ കളവുപറച്ചിൽ. മരണം ശിക്ഷയായി വിധിച്ചായിരുന്നു യൂനുസ് നബിയുടെ സമുദായം കളവിനെ നേരിട്ടത്. യൂനുസ് നബി രക്ഷപെട്ടതും അതുകാരണം തന്നെ. സംഭവത്തിലെ കുട്ടി നബിയോട് തെളിവാവശ്യപ്പെടതും അതുകൊണ്ടുതന്നെ.

 

നബിയുടെ കൂടെ – 25

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles