Current Date

Search
Close this search box.
Search
Close this search box.

ശിക്ഷ ഇറങ്ങിയ ദിവസം ഹറമിലായിരുന്ന അബൂ രിഗാൽ എന്ന മനുഷ്യനൊഴികെ എല്ലാവരും അതിൽ നശിച്ചു…

നബിയുടെ കൂടെ - 22

ഇമാം അഹ്മദ് തൻ്റെ മുസ്നദിൽ നിവേദനം ചെയ്യുന്നു. ജാബിർ (റ) പറഞ്ഞു: ഹിജർ എന്ന പ്രദേശത്ത് കൂടെ നടന്നു പോകുമ്പോൾ നബി (സ) പറഞ്ഞത്രെ: നിങ്ങൾ ദൃഷ്ടാന്തങ്ങൾ ചോദിക്കരുത്. നിശ്ചയം സാലിഹ് നബിയുടെ സമൂഹവും അത് ചോദിച്ചിരുന്നു. ദൈവത്തിൻ്റെ കല്പന ലംഘിച്ച് അവരങ്ങനെ ആ ഒട്ടകത്തെ അറുത്തു. ഒരു ദിവസം ഒട്ടകം അവരുടെ വെള്ളം കുടിക്കുകയും അടുത്ത ദിവസം അവർ ഒട്ടകത്തിൻ്റെ പാൽ കുടിക്കുകയും ചെയ്തിരുന്നു. അവരതിനെ അറുത്തതോടെ അല്ലാഹുവിൻ്റെ ശിക്ഷ അവരെ പിടികൂടി. അന്ന് ശിക്ഷ ഇറങ്ങിയ ദിവസം ഹറമിലായിരുന്ന അബൂ രിഗാൽ എന്ന മനുഷ്യനൊഴികെ എല്ലാവരും അതിൽ നശിച്ചു. ഹറമിൽ നിന്ന് പുറത്ത് കടന്നതോടെ ആ മനുഷ്യനും നശിച്ചു.

ഗുണപാഠം 1

തബൂക് യുദ്ധത്തിനായി പോകുന്ന വഴിയിലാണ് ഹിജർ എന്ന പ്രദേശത്ത് കൂടെ നബിയും അനുയായികളും കടന്നു പോയത്. സമൂദ് ഗോത്രം അധിവസിച്ചിരുന്ന പ്രദേശം. അവിടെ അവർ തമ്പടിക്കുകയും സ്വഹാബികൾ അവിടത്തെ കിണറുകളിൽ നിന്ന് വെള്ളമെടുത്ത് ചൂടാക്കാൻ വെക്കുകയും പാചകം ചെയ്യാനുള്ള മാവ് കുഴക്കുകയും ചെയ്തു. അപ്പോഴാണ് നബി (സ) കടന്നു വന്നത്. വെള്ളമെല്ലാം ഒഴിച്ചു കളയാനും മാവ് ഒട്ടകത്തിന് കൊടുക്കാനുമായിരുന്നു നബിയുടെ ആഹ്വാനം. അല്ലാഹുവിൻ്റെ ശിക്ഷക്ക് പാത്രമായ ഒരു സമൂഹം ഉപയോഗിച്ച വെള്ളവും മറ്റും ഉപയോഗിക്കുന്നത് നല്ലതല്ല എന്നതായിരുന്നു നബി തങ്ങളുടെ പക്ഷം. അക്രമികൾ മരിച്ചു പോയവരെയും സൂക്ഷിക്കുകയും അവരിൽ നിന്ന് അകലം പാലിക്കുകയും വേണമെന്ന് ഈ സംഭവം പഠിപ്പിക്കുന്നു.

ഗുണപാഠം 2

ശേഷം നബി (സ) അവരെയും കൊണ്ട് ഒട്ടകം വെള്ളം കുടിച്ചിരുന്ന കിണറിൻ്റെ അടുത്തേക്ക് പോയി. ഒട്ടകം വരികയും പോവുകയും ചെയ്തിരുന്നു സ്ഥലങ്ങൾ കാണിച്ച് കൊടുത്തു. വെള്ളം കുടിക്കാനുള്ള ഊഴം ഒരു ദിവസം ജനങ്ങൾക്കും മറ്റൊരു ദിവസം ഒട്ടകത്തിനും ആയിരുന്നു എന്നവർക്ക് പറഞ്ഞു കൊടുത്തു. ഒട്ടകത്തിൻ്റെ ഊഴമുള്ള ദിവസം ജനങ്ങൾ എല്ലാം ചേർന്ന് ഒട്ടകത്തിൻ്റെ പാൽ കുടിച്ച കഥയും നബി (സ) പറഞ്ഞു. പക്ഷേ അപ്പോഴും ജനങ്ങൾ നന്ദിയില്ലാത്ത ഒരു വർഗമായിരുന്നു. നന്ദികേട് അവരുടെ ഒരു സ്വഭാവമായിരുന്നു. തങ്ങൾക്ക് പാൽ നൽകിയ ഒട്ടകത്തോട് നന്ദി കാണിക്കാതെ, പാറയിൽ നിന്ന് ഒട്ടകത്തെ പുറത്ത് കൊണ്ടുവന്ന നബിയിൽ വിശ്വസിക്കാതെ അതിനെ അറുക്കാൻ ആയിരുന്നു അവരുടെ തീരുമാനം. ജനങ്ങളിൽ ഏറ്റവും പരാജിതനായ വ്യക്തി സ്വാലിഹ് നബിയുടെ ഒട്ടകത്തെ അറുത്ത ആ മനുഷ്യനാണെന്ന് നബി (സ) മറ്റൊരു ഹദീസിൽ പറയുന്നുണ്ട്.

ഗുണപാഠം 3

അവരെല്ലാം ചേർന്ന് ഒട്ടകത്തെ അറുത്തതോടെ വൈകാതെ തന്നെ ശിക്ഷ വരും എന്ന കാര്യം അല്ലാഹു സ്വാലിഹ് നബി മുഖേനെ അവരെ അറിയിച്ചു. പ്രതീക്ഷിച്ച പോലെ മൂന്നാം ദിവസം വലിയൊരു അട്ടഹാസം അവരെ ഒന്നാകെ കൊന്നുകളഞ്ഞു. അന്നവിടെ സന്നിഹിതരായ എല്ലാവരും അതിൽ മരിച്ചു വീണു. അബൂ രിഗാൽ എന്നൊരു മനുഷ്യൻ അപ്പോൾ വിശുദ്ധ ഹറമിലായിരുന്നു. അവിടെ നിന്ന് പുറത്ത് കടന്നതോടെ അയാളെയും മരണം പിടികൂടി.

ഗുണപാഠം 4

അല്ലാഹുവിനെ കുറിച്ച് പറഞ്ഞ് കൊടുക്കാൻ, പ്രബോധന പ്രവർത്തനം നടത്താൻ തക്കതായ അവസരം കാത്തിരിക്കുക. സംഭവങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങള് പറയുമ്പോൾ ജനങ്ങൾ കൂടുതലായി അത് ഗ്രഹിക്കാൻ സാധ്യതയുണ്ട്. നബി തങ്ങളെ തന്നെ നോക്കൂ. ഹിജറിൽ ആയിരുന്ന വേളയിൽ സാലിഹ് നബിയുടെ സമൂഹത്തെ കുറിച്ചും അല്ലാഹുവിൻ്റെ ശിക്ഷ ഇറങ്ങുന്ന രീതിയെ കുറിച്ചും പറഞ്ഞ് കൊടുക്കുക മാത്രമല്ല, ആ സ്ഥലങ്ങളിൽ അവരെ കൂടെ കൊണ്ടുപോയി അവയെല്ലാം വിശദമായി കാണിച്ചു കൊടുക്കുക കൂടി ചെയ്തു.

ജനങ്ങളോട് അല്ലാഹുവിൻ്റെ അനുഗ്രഹത്തെ കുറിച്ച് പറയാനുള്ള അവസരമാണ് മഴ. അല്ലാഹു മാത്രമേ ബാക്കിയാവൂ എന്നവരോട് പറയാനുള്ള അവസരമാണ് മരണം. അല്ലാഹുവിൻ്റെ ദൃഷ്ടാന്തം പറയാനുള്ള അവസരമാണ് വിവാഹം. അവൻ്റെ ഉദാരത പറയാൻ സന്താനങ്ങളും അവൻ്റെ ദേഷ്യവും ക്ഷമയുടെ ആവശ്യവും പറയാൻ ദുരന്തങ്ങളും അവൻ്റെ അധികാരം പറയാൻ സൂര്യ ചന്ദ്ര ഗ്രഹണങ്ങളും ധാരാളം! ഉപദേശം നടത്താനുള്ള സമയവും വിഷയവും സൂക്ഷിച്ച് മാത്രം തെരഞ്ഞെടുക്കുക. സന്തോഷ വേളയിൽ മരണത്തെ കുറിച്ചോ മരണ വേളയിൽ സന്തോഷത്തെ കുറിച്ചോ സംസാരിക്കരുത്. ഓരോന്നിനും അതിൻ്റേതായ സമയമുണ്ട് എന്ന് മനസ്സിലാക്കുക.

ഗുണപാഠം 5

ഇബ്രാഹിം നബിക്കും മുമ്പേ കഅ്ബ ഉണ്ടായിരുന്നു. അതിനും എത്രയോ വർഷങ്ങൾക്കു മുമ്പ് മലക്കുകൾ നിർമിച്ചത്. നൂഹ് നബിയുടെ കാലത്തെ വെള്ളപ്പൊക്കത്തിൽ അത് തകർന്നെങ്കിലും പിന്നീടും പവിത്രമായ ഒരു സ്ഥലമായി ആളുകൾ അതിനെ കണ്ടുപോന്നു. കെട്ടി ഉയർത്തിയ സ്ഥലമല്ലെങ്കിലും ആ സ്ഥലത്തെ അവർ ആദരിച്ചു. പിന്നീട് ഇബ്രാഹിം നബിയും ഇസ്മാഈൽ നബിയും ചേർന്നാണ് ഇന്നത്തെ രൂപത്തിൽ അത് നിർമിക്കുന്നത്. സമൂദ് ഗോത്രം ഇബ്രാഹിം നബിയുടെ കാലത്തിനും മുമ്പ് ഉള്ളതാണല്ലോ. അബൂ രിഗാൽ എന്ന ആ മനുഷ്യൻ ശിക്ഷ ഇറങ്ങിയ സമയത്ത് ആദ്യം രക്ഷപ്പെട്ടത് പുണ്യ ഗേഹത്തിൻ്റെ ബാക്കി ഉണ്ടായിരുന്ന അവശിഷ്ടങ്ങളുടെ അടുത്ത നിന്നതിനാൽ ആവണം.

ഗുണപാഠം 6

അബൂ രിഗാൽ എന്ന മനുഷ്യനെ അല്ലാഹു എല്ലാവരെയും ശിക്ഷിച്ച ദിവസം ശിക്ഷയിൽ നിന്ന് ഒഴിവാക്കിയത് അയാള് നിന്നിരുന്ന സ്ഥലത്തെ മാനിച്ചായിരുന്നു. അവിശ്വാസിയായ ഒരാള് വിശുദ്ധ ഗേഹത്തെ സമീപിച്ചതിൻ്റെ പേരിൽ അയാൾക്ക് ഇളവ് ലഭിച്ചു എങ്കിൽ വിശ്വാസികളായ നമുക്ക് എന്തുകൊണ്ട് ലഭിച്ചുകൂടാ

നബിയുടെ കൂടെ – 21

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles