Current Date

Search
Close this search box.
Search
Close this search box.

‘പിന്നെ നിങ്ങളെങ്ങനെയാണ് അല്ലാഹു നിങ്ങൾക്ക് വായ്പ തന്ന ശേഷം അവൻ തിരിച്ചെടുത്ത ഒരാളെയോർത്ത് ഇങ്ങനെ ഖേദിക്കുക’

നബിയുടെ കൂടെ - 21

ഇമാം മാലികിന്റെ മുഅത്വയിൽ ഖാസിം ബിൻ മുഹമ്മദ് പറയുന്നു: എന്റെ ഭാര്യ മരിച്ചപ്പോൾ മുഹമ്മദ് ബ്ൻ കഅ്ബ് എന്നെ ആശ്വസിപ്പിക്കാനായി വന്നു. ശേഷം പറഞ്ഞു: ബനൂ ഇസ്റാഈല്യരിൽ പണ്ഡിതനും ആബിദുമായൊരു മനുഷ്യനുണ്ടായിരുന്നു. അയാളുടെ സ്നേഹനിധിയായ ഭാര്യ മരണപ്പെട്ടപ്പോൾ അതീവ ദുഃഖിതനായ അയാൾ ജനങ്ങളിൽ നിന്നെല്ലാമകന്ന് ദിവസങ്ങളോളം വീടിനടകത്ത് കഴിഞ്ഞുകൂടി. ആരെയും അവിടേക്ക് കടക്കാനനുവദിച്ചില്ല. ഈ വിവരമറിഞ്ഞ ഒരു സ്ത്രീ അദ്ദേഹത്തോട് ഒരു സംശയം ചോദിക്കാനുണ്ടെന്നും നേരിൽ കണ്ടുതന്നെ ചോദിക്കണമെന്നും പറഞ്ഞ് അവിടെയെത്തി. ജനങ്ങളെല്ലാം അദ്ദേഹം പുറത്തു വരുന്നതും കാത്ത് ദിവസങ്ങളോളം വീടിനുപുറത്തു നിന്നെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.

എല്ലാവരും മടങ്ങിപ്പോയപ്പോഴും ആ സ്ത്രീ മാത്രം അതേ നിൽപ്പ് തുടർന്നു. അവസാനം അവർക്ക് പ്രവേശിക്കാനനുമതി ലഭിക്കുകയും ഒരു കാര്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞു. എന്റെയൊരു അയൽവാസിയുടെ അടുക്കൽ നിന്ന് ഞാനൊരു ആഭരണം വായ്പവാങ്ങിയിരുന്നു, ഞാനത് ചിലപ്പോൾ ധരിക്കുകയും ചിലപ്പോൾ വായ്പകൊടുക്കുയും ചെയ്തു. ശേഷം അവരത് ചോദിച്ചു വന്നിരിക്കുന്നു. ഞാനത് തിരിച്ചുകൊടുക്കേണ്ടതുണ്ടോ എന്നായിരുന്നു അവരുടെ ചോദ്യം. തീർച്ചയായും കൊടുക്കണമെന്നദ്ദേഹം മറുപടി പറഞ്ഞു. അത് കുറേ കാലം എന്റെയടുക്കൽ കിടന്നതല്ലേ എന്നായി സ്ത്രീ. പക്ഷേ അവർ നിനക്ക് വായ്പ തന്നതാകയാൽ എന്തുകൊണ്ടും തിരിച്ചുകൊടുക്കണം എന്നദ്ദേഹം മറുപടി പറഞ്ഞു. ശേഷം ആ സ്ത്രീ പറഞ്ഞു: അല്ലാഹു നിങ്ങളെ അനു​ഗ്രഹിക്കട്ടെ. പിന്നെ നിങ്ങളെങ്ങനെയാണ് അല്ലാഹു നിങ്ങൾക്ക് വായ്പ തന്ന ശേഷം അവൻ തിരിച്ചെടുത്ത ഒരാളെയോർത്ത് ഇങ്ങനെ ഖേദിക്കുന്നത്. അതവന്റെ അവകാശമല്ലേ!? ആ സ്ത്രീയുടെ വാക്കുകൾ അയാളെ ചിന്തിപ്പിക്കുകയും അയാളത് ഉൾക്കൊള്ളുകയും ചെയ്തു.

ഗുണപാഠം 1

എല്ലാ വിവേകിക്കും ഒരു വീഴ്ചപറ്റുമെന്ന് അറബികൾ പണ്ടു പറഞ്ഞിട്ടുണ്ട്. ഏറെ ചിന്തനീയമായൊരു വാക്കാണിത്. നാമൊക്കെ മനുഷ്യരാണല്ലോ, നമ്മുടെ വ്യവഹാരങ്ങളുടെ ട്രെയിൻ ചിലപ്പോഴൊക്കെ അതിന്റെ ട്രാക്ക് തെറ്റിയോടുക സ്വാഭാവികമാണ്. ജനങ്ങളുടെ പ്രയാസമെല്ലാം പരിഹരിക്കുന്നൊരു യുക്തിമാനായ മനുഷ്യൻ ചിലപ്പോൾ ഒരു പ്രയാസത്തിലകപ്പെടുന്നതു നിനക്ക് കാണാം. സൂക്ഷ്മജ്ഞനായൊരു വ്യക്തി തെറ്റു ചെയ്യുന്നതും മാന്യനായൊരു വ്യക്തി പിശുക്കു കാട്ടുന്നതും സഹനശീലമുള്ളവൻ കോപിക്കുന്നതും ഒക്കെ ചിലപ്പോൾ കണ്ടേക്കാം. മനുഷ്യത്വം നിറഞ്ഞ വലിയൊരു ചരിത്രത്തെ ഒരു നിമിഷത്തെ നിലപാടിന്റെ പേരിൽ നീ മായ്ച്ചുകളയരുത്. വെള്ളം ധാരാളമായുണ്ടെങ്കിൽ അതിൽ മാലിന്യത്തിന് സാധ്യതയില്ല എന്നാണല്ലോ കർമശാസ്ത്രനിയമം. ചില മനുഷ്യർ ദാനത്തിന്റെ വിഷയത്തിൽ പുഴയും കടലുംപോലെയൊക്കെയാവും. അവർക്ക് പിഴവ് വല്ലതും പറ്റുമ്പോൾ അവരുടെ സമ്പന്നമായ ഭൂതകാലം ഓർക്കുക.

നബി (സ) മക്ക കീഴടക്കാൻ വരുന്നുവെന്ന കാര്യം ഖുറൈശികളെ എഴുതിയറിയിച്ചവരായിരുന്നു അഹ് ലു ബദ്റ് കൂടിയായ ഹാത്വിബ് ബ്ൻ അബീ ബൽത്വഅ. കാര്യം രഹസ്യമായി സൂക്ഷിക്കണമെന്ന നബി തങ്ങളുടെ ആഹ്വാനം ലംഘിച്ചായിരുന്നു അത്. ജിബ്രീൽ നബി തങ്ങളെ കാര്യമറിയിക്കുകയും കത്ത് കൊടുത്തയച്ച സ്ത്രീയെ കണ്ടെത്തി കത്ത് കണ്ടെടുക്കുകയും ഹാത്വിബി(റ)നെ വിളിച്ച് ശകാരിക്കുകയും ചെയ്തു നബി (സ). ഞാൻ മക്കക്കാരനാണല്ലോ എന്നും സ്നേഹപൂർവം അവരോട് പെരുമാറിയാൽ അവർ മയപ്പെടും എന്നുമായിരുന്നു ഞാൻ കരുതിയതെന്നും ഹാത്വിബ്(റ) തന്റെ ഭാ​ഗം വിശദീകരിച്ചു.

യുദ്ധത്തിന്റെ ഭാഷയിൽ വലിയൊരു വഞ്ചനയായി ​ഗണിക്കപ്പെടുന്ന ചെയ്തിയായിരുന്നു അത്. അദ്ദേഹത്തെ അതേനിമിഷം വധിച്ചുകളയാൻ ഉമർ(റ) ആഹ്വാനം ചെയ്തതും അതുകൊണ്ടാണ്. പക്ഷേ, അദ്ദേഹത്തിന്റെ സമ്പന്നമായ ഭൂതകാലം മറന്നുകളയാൻ കാരുണ്യവാനായ നബി (സ) തയ്യാറായിരുന്നില്ല. അല്ലാഹു ബദ് രീങ്ങളായ എല്ലാവരോടുമായി പറഞ്ഞത് നിങ്ങളെന്തും ചെയ്തോളൂ, നിങ്ങൾക്ക് ഞാൻ പൊറുത്തു തന്നിരിക്കുന്നു എന്ന് ഉമറി(റ) നോട് പറയുകയായിരുന്നു നബി (സ). ഖുർആനെ അത്രമേൽ മുറുകെ പിടിച്ചിരുന്ന ഉമർ(റ) പോലും നബി (സ) വഫാത്തായ വേളയിൽ ആ വാർത്ത വിശ്വസിക്കാൻ തയ്യാറാവാതെ അത് പറയുന്നവരെയെല്ലാം ഭീഷണിപ്പെടുത്തിയ സാഹചര്യം ചരിത്രത്തിൽ പ്രസിദ്ധമാണല്ലോ.

അവസാനം അബൂബക്റ്(റ) വിശുദ്ധ ഖുർആനിലെ ഒരു സൂക്തം പാരായണം ചെയ്തപ്പോൾ മാത്രമായിരുന്നു അദ്ദേഹം ശാന്തനായത്. അപ്പോഴദ്ദേഹം പറഞ്ഞത്, ഈ ഖുർആനിക സൂക്തം ഞാൻ മുമ്പെങ്ങും കേൾക്കാത്തതുപോലെ എനിക്കു തോന്നി എന്നായിരുന്നു! അദ്ദേഹത്തിന്റെ നീതിസമ്പന്നമായ ചരിത്രത്തെ, നബി തങ്ങളോടുള്ള അമിതമായ സ്നേഹത്തിൽ നിന്നുണ്ടായ ഈ അവസ്ഥയെ വച്ച് നിരാകരിക്കുന്നത് നീതിയാണോ?!

​ഗുണപാഠം 2

സ്ത്രീകളെ നിസ്സാരവൽക്കരിക്കാതിരിക്കുക! ചില സാഹചര്യങ്ങളിൽ ആയിരം പുരുഷനു തുല്യമാവും ഒരു സ്ത്രീ! പല പ്രശ്നങ്ങളിലും ആയിരം പുരുഷന്മാരുടെ അഭിപ്രായങ്ങളെക്കാൾ മികച്ചതാവും ഒരു സ്ത്രീയുടെ അഭിപ്രായം. വലിയ ഹൃദയവും വികാരങ്ങളുമുള്ളൊരു മനുഷ്യനാണ് സ്ത്രീ. അവർക്ക് ബുദ്ധി കുറവാണെന്ന് ഇതിനർഥമില്ല. അവളൊരു വികാരജീവിയാണെന്ന് പറയുന്നതൊരിക്കലും മോശം വിശേഷമല്ല. ഒരാളെ മൃദുലസ്വഭാവവും സ്നേഹവും ഫീലിം​ഗും ഉള്ള ഒരാളെന്ന് വിശേഷിപ്പിക്കുന്നത് എങ്ങനെയാണ് ആക്ഷേപമാവുന്നത്?! ഫീലിം​ഗ് ഉണ്ടെങ്കിൽ ബുദ്ധിയുണ്ടാവില്ലെന്നാരു പറഞ്ഞു?!

അങ്ങനെയെങ്കിൽ നേരെതിരിച്ച് പുരുഷന് ഹൃദയമില്ല എന്ന് പറയേണ്ടി വരില്ലേ. ഇത് പുരുഷനോടുള്ള അതിക്രമമാണെന്നപോലെ നേരെ തിരിച്ച് സ്ത്രീയെക്കുറിച്ച് പറയുന്നത് അവളോടുള്ള അക്രമവുമാണ്. അല്ലാഹു സ്ത്രീയെ അങ്ങനെ സംവിധാനിച്ചിട്ടുള്ളത് അവൾക്ക് അതുകൊണ്ട് പല മനോഹരമായ ദൗത്യങ്ങളും ചെയ്തുതീർക്കാനുണ്ട് എന്നതുകൊണ്ടുതന്നെ. ഭരണത്തെക്കാളും നീതിനിർവഹണത്തെക്കാളും വലിയ, ഭരണാധികാരികളെയും ന്യായാധിപന്മാരെയും വളർത്തുക എന്ന വലിയ ദൗത്യമാണ് അവൾക്കുള്ളത്! പുരുഷനെ അല്ലാഹു അപ്രകാരം സംവിധാനിച്ചതും കൃത്യമായ ലക്ഷ്യത്തിനുവേണ്ടിതന്നെ.

വിജയകരമായ വീടകങ്ങളെന്നാൽ പുരുഷന്റെ ബുദ്ധിയെ സ്ത്രീ സംരക്ഷിക്കുന്ന, സ്ത്രീയുടെ ഹൃദയത്തെ പുരുഷൻ ശക്തിപ്പെടുത്തുന്ന ഒരിടമാണ്. പരസ്പരം ചേർന്നുനിന്ന് പൂർത്തീകരിക്കാനായി അപൂർണമായാണ് സ്ത്രീയെയും പുരുഷനെയും അല്ലാഹു സൃഷ്ടിച്ചത്.

​ഗുണപാഠം 3

തെറ്റു സംഭവിക്കാത്തവരായി ആരുമില്ല, പ്രവാചകന്മാരൊഴികെ. സാധാരണ മനുഷ്യർ തെറ്റിന്റെ വിഷയത്തിൽ ഏറിയും കുറഞ്ഞും വ്യത്യാസപ്പെട്ടിരിക്കും. ബുദ്ധിയുടെയും മനസ്സിന്റെയും അടിസ്ഥാനത്തിലും അങ്ങനെ തന്നെ. പരസ്പരം ഇടപെടുമ്പോൾ, നാം മനുഷ്യരാണ്, മാലാഖമാരോ പ്രവാചന്മാരോ അല്ലെന്നുള്ള ബോധ്യം നമുക്കുണ്ടാവണം. നിന്റേതും എന്റേതും അഭിപ്രായം ഒരിക്കലും ഒന്നാവണമെന്നില്ല. നിന്റെ അഭിപ്രായത്തിൽ ഞാനും എന്റേതിൽ നീയും ചിലപ്പോൾ വിട്ടുവീഴ്ച ചെയ്യേണ്ടിവരും.

സുഫ്യാൻ ബ്ൻ ഹുസൈൻ പറയുന്നു: ഇയാസ് ബ്ൻ മുആവിയയുടെ അടുക്കൽവച്ച് ഞാനൊരിക്കൽ ഒരു മനുഷ്യനെക്കുറിച്ച് മോശമായതെന്തോ പറഞ്ഞു. അൽപം ദേഷ്യത്തോടെ എന്നെ നോക്കി അദ്ദേഹം ചോദിച്ചു: നിങ്ങൾ റോമിനോട് യുദ്ധം ചെയ്തിട്ടുണ്ടോ. ഞാൻ പറഞ്ഞു: ഇല്ല. സിന്ധ്, ഇന്ത്യ, തുർക്കി തുടങ്ങിയ വല്ലതിനോടും? അദ്ദേഹം ചോദിച്ചു. ഇല്ലെന്നുതന്നെ ഞാൻ മറുപടിയും പറഞ്ഞു. അപ്പോഴദ്ദേഹം പറഞ്ഞു: സിന്ധും ഇന്ത്യയും തുർക്കിയും റോമും നിങ്ങളിൽ നിന്ന് സുരക്ഷിതമാണെങ്കിൽ നിങ്ങളുടെ മുസ്ലിമായ സഹോദരൻ എന്തുകൊണ്ട് സുരക്ഷിതനല്ല!?

അല്ലെങ്കിലും എന്നാണ് ജനങ്ങളെല്ലാവരും ഒരുപോലെ ചിന്തിച്ചിട്ടുള്ളത്!? എല്ലാവരും ഒരുപോലെ ചിന്തിക്കുകയാണെങ്കിൽ കർമശാസ്ത്ര ​ഗവേഷണങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുമായിരുന്നോ? ഈ അഭിപ്രായഭിന്നതയിലും ​ഗവേഷണങ്ങളിലുമൊക്കെ അനു​ഗ്രഹമുണ്ടെന്ന് തന്നെയല്ലേ ഹദീസിലുള്ളത്. ഇമാം അഹ്മദ് എല്ലാ വിഷയങ്ങളിലും ​ഗുരുവായ ഇമാം ശാഫിയോട് വിയോജിപ്പില്ലാത്തവരാണെങ്കിൽ അദ്ദേഹമൊരു മദ്ഹബിന്റെ ഇമാമാകുമായിരുന്നോ? പക്ഷേ അദ്ദേഹം തന്റെ ​ഗുരുവിനോട് വിയോജിക്കുമ്പോൾതന്നെ ​ഗുരുവിന്റെ മഹത്വം നന്നായി മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തിരുന്നു.

ഇത് വെറും ​ഗുരു-ശിഷ്യ ബന്ധത്തിൽ മാത്രം വരുന്നൊരു കാര്യമല്ല. പണ്ഡിതലോകം മുഴുവൻ ശീലിച്ചൊരു ശീലമായിരുന്നു ഇത്. ഇബ്നു റാഹവൈഹിയെപ്പോലൊരാൾ ഖുറാസാനിൽ നിന്ന് പുറത്തുപോയിട്ടില്ലെന്ന് പറഞ്ഞത് ഇമാം അഹ്മദ് ബ്ൻ ഹമ്പലായിരുന്നു. ഇമാം ശാഫിയെപ്പോലെ ബുദ്ധിയുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ലെന്ന് പറഞ്ഞത് ഇമാം യൂനുസുസ്സ്വദഫിയായിരുന്നു.

ഒരിക്കൽ ഒരു വിഷയത്തിൽ ഇരുവരും സംവാദത്തിലേർപ്പെടുകയും ഏകാഭിപ്രായം രൂപപ്പെടാതെ വന്നപ്പോൾ തർക്കിച്ചു പിരിയുകയും ചെയ്തിരുന്നു. കാലങ്ങൾക്ക് ശേഷം അവരിരുവരും കണ്ടപ്പോൾ, ഒരു വിഷയത്തിൽ ഭിന്നാഭിപ്രായമുണ്ടെന്നുവച്ച് നമ്മൾ സഹോദരന്മാരല്ലാതിരിക്കുമോ എന്ന് യൂനുസുസ്സ്വദഫിയുടെ കൈപിടിച്ച് ചോദിക്കുകയായിരുന്നു ഇമാം ശാഫി(റ)!

​ഗുണപാഠം 4

ഒരു കഥ ചിലപ്പോൾ ആയിരം പാഠങ്ങൾക്ക് തുല്യമാവും! വിശുദ്ധ ഖുർആന്റെ മൂന്നിലൊന്നും കഥകളാണല്ലോ. അവ വെറും ആസ്വാദനത്തിനുള്ളതല്ല, മറിച്ച് കൃത്യമായ ​ഗുണപാഠങ്ങളുണ്ടതിൽ. യൂസുഫ് നബിയുടെ സംഭവം ചാരിത്ര്യശുദ്ധി പഠിപ്പിക്കാനും ഫിർഔന്റെ മന്ത്രവാദികളുടെ സംഭവം സത്യത്തിൽ അടിയുറച്ചു നിൽക്കാൻ പഠിപ്പിക്കാനും നൂഹ് നബിയുടെയും സകരിയ്യാ നബിയുടെയും സംഭവം ദുആ സ്വീകരിക്കപ്പെടുന്നതെങ്ങനെയെന്ന് കാണിക്കാനും ഇസ്മായീൽ നബിയുടെ സംഭവം ​ഗുണത്തെക്കുറിച്ച് പഠിപ്പിക്കാനും സമൂദിന്റെയും ആദിന്റെയും ലൂത്വ് നബിയുടെ സമുദായത്തിന്റെയും സംഭവം അല്ലാഹുവിന്റെ ശിക്ഷ എങ്ങനെയാവുമെന്ന് കാണിക്കാനും ലുഖ്മാൻ എന്നവരുടെ ഉപദേശങ്ങൾ യുക്തിയെന്തെന്ന് പഠിപ്പിക്കാനും ഖാറൂനിന്റെ സംഭവം പിശുക്കിന്റെയും അഹങ്കാരത്തിന്റെയും പരിണിതി കാണിക്കാനും മൂസാ നബിയുടെയും ഹാറൂൻ നബിയുടെയും ജീവിതം സഹോദരസ്നേഹം പഠിപ്പിക്കാനും സുലൈഖ ബീവിയുടെ സംഭവം വികാരത്തിന്റെ ഭവിഷ്യത്തുകൾ കാണിക്കാനും യൂസുഫ് നബിയുടെ സഹോദരന്മാരുടെ കഥ കുടുംബത്തിൽ നിന്നുതന്നെ വരുന്ന അസൂയ പറയാനും ​നൂഹ് നബിയുടെ വെള്ളപ്പൊക്കവും അസ്ഹാബുൽ ഫീലും അല്ലാഹു തന്റെ സൈന്യത്തെ എത്ര സൂക്ഷ്മമായാണ് തെരഞ്ഞെടുക്കുന്നതെന്ന് കാണിക്കാനും ഹാബീലിന്റെയും ഖാബീലിന്റെയും സംഭവം അസൂയയുടെ ഭവിഷത്ത് വെളിപ്പെടുത്താനും ഒക്കെയുള്ളതാണ്.

മനുഷ്യമനസ്സുകളിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുള്ളൊരു മാധ്യമമാണ് യഥാർഥത്തിൽ കഥകൾ. കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കുകൂടി സംസ്കാരം സിദ്ധിക്കാനും തർബിയത്തിനുമുള്ള മാതൃക കൂടിയാണത്. അതുകൊണ്ട് ഒരിക്കലും കഥകൾ വേണ്ടെന്നുവക്കരുത്, നിശ്ചയം ഒരു കഥ ആയിരം ഉപദേശങ്ങൾക്കു തുല്യമാണ്!

​ഗുണപാഠം 5

മുൻ​ഗാമികളുടെ കഥകളിലെല്ലാം നമുക്ക് കൃത്യമായ ആശ്വാസമുണ്ട്. മകന്റെ ശല്യത്തിൽ വിഷമിക്കുന്ന പിതാവെ, നൂഹ് നബിയെ ഓർത്ത് ക്ഷമിക്കൂ. പിതാവിന്റെ വഴികേടിൽ സങ്കടപ്പടുന്ന മകനെ, ഇബ്റാഹിം നബിയെ ഓർത്ത് ക്ഷമിക്കൂ. ദുഷിച്ചൊരു ഭാര്യയെ ഓർത്ത് വിഷമിക്കുന്ന ഭർത്താവെ, ലൂത്വ് നബിയെ ഓർത്ത് ക്ഷമിക്കൂ. ദുഷ്ടനായൊരു ഭർത്താവിനെ കൊണ്ട് പൊറുതിമുട്ടിയ മഹതീ, ഫിർഔന്റെ ഭാര്യ ബീവി ആസിയയെ ഓർത്ത് ക്ഷമിക്കൂ. രോ​ഗംകൊണ്ട് പൊറുതിമുട്ടിയവരെ, അയ്യൂബ് നബിയെ ഓർത്ത് ക്ഷമിക്കൂ. പ്രിയപ്പെട്ടത് നഷ്ടമായതോർത്ത് സങ്കടപ്പെടുന്നവരെ, യഅ്ഖൂബ് നബിയെ ഓർത്ത് ക്ഷമിക്കൂ. സഹോദരങ്ങളുടെ ശല്യത്തിൽ വിഷമിക്കുന്നവരെ, യൂസുഫ് നബിയെ ഓർത്ത് ക്ഷമിക്കൂ. ദുഷ്ടനായൊരു അമ്മാവനെക്കൊണ്ട് പ്രയാസപ്പെടുന്നവരെ, മുഹമ്മദ് നബി തങ്ങളെയോർത്ത് ക്ഷമിക്കൂ.

ഇതുകൊണ്ടൊന്നും നിനക്ക് ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ നിന്നെ ആശ്വസിപ്പിക്കാൻ പോന്നതൊന്നും ഈ ലോകത്തില്ലെന്നർഥം. അല്ലാഹുവിന്റെ വിധിയിൽ കുപിതനായതുകൊണ്ട് അതൊരിക്കലും വിട്ടുപോവില്ല, മറിച്ച് ശിക്ഷയും ദോഷവും ഒത്തുചേരുക മാത്രമേ ചെയ്യൂ. ചിലപ്പോൾ വിധിയിൽ തൃപ്തിപ്പെട്ടതുകൊണ്ടും അത് വിട്ടുപോവണമെന്നില്ല. പക്ഷേ, ഇരട്ടി പ്രതിഫലവും സ്ഥാനവുമാവും ലഭിക്കും!

 

നബിയുടെ കൂടെ – 20

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

 

Related Articles