Current Date

Search
Close this search box.
Search
Close this search box.

ആ മാതാവ് ശങ്കിച്ചു നിന്നപ്പോൾ കൈക്കുഞ്ഞ് പറഞ്ഞത്രെ: ‘ക്ഷമിക്കൂ ഉമ്മാ, നിങ്ങൾ സത്യത്തിന്റെ വഴിയിൽതന്നെയാണ്’!

നബിയുടെ കൂടെ - 20

ഇമാം മുസ്ലിം സ്വഹീഹിൽ നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: മുൻകാലക്കാരനായൊരു രാജാവിന് ഒരു മന്ത്രവാദിയുണ്ടായിരുന്നു. പ്രായമായപ്പോൾ, എനിക്ക് പ്രായമായെന്നും മാരണവിദ്യ പഠിപ്പിക്കാനായി ഒരു കുട്ടിയെ എനിക്ക് തരണമെന്നും അയാൾ രാജാവിനോടാവശ്യപ്പെട്ടു. രാജാവൊരു കുട്ടിയെ അയക്കുകയും ചെയ്തു. മന്ത്രവാദിയുടെ അടുക്കലേക്ക് പോകുംവഴി കുട്ടി സ്ഥിരമായി ഒരു പുരോഹിതനെ കാണാനും സംസാരിക്കാനും തുടങ്ങി. അതിന്റെ പേരിൽ മന്ത്രവാദി കുട്ടിയെ ശിക്ഷിച്ചുതുടങ്ങിയപ്പോൾ എന്നെ വീട്ടുകാർ തടഞ്ഞുവെച്ചതാണെന്നും വീട്ടുകാർ പരാതിപറഞ്ഞാൽ എന്നെ മന്ത്രവാദി തടഞ്ഞതാണെന്നും പറഞ്ഞാൽ മതിയെന്ന് പുരോഹിതൻ പറഞ്ഞുകൊടുത്തു.

അങ്ങനെയിരിക്കെ നാട്ടിൽ വലിയൊരു ഭീകരജീവി വരികയും, അല്ലാഹുവെ, പുരോഹിതനാണ് നിനക്ക് മന്ത്രവാദിയെക്കാൾ ഇഷ്ടമെങ്കിൽ ഈ മൃ​ഗത്തെ കൊല്ലണെ എന്നു പ്രാർഥിച്ച് കുട്ടി ഒരു കല്ലെടുത്ത് അതിനു നേരെ എറിയുകയും അത് ചത്തുവീഴുകയും ചെയ്തു. പുരോ​ഹിതൻ തന്റെ സന്തോഷമറിയിരിക്കുകയും ഇനി നിനക്ക് ഒരുപാട് പ്രയാസങ്ങൾ നേരിടാനുണ്ടെന്നും പക്ഷേ എന്റെ കാര്യം വെളിപ്പെടുത്തരുതെന്നും പറയുകയുണ്ടായി. തുടർന്ന് വെള്ളപ്പാണ്ടുള്ളവരും മൂകന്മാരുമായവരെ ആ കുട്ടി ചികിത്സിച്ചുമാറ്റി. എല്ലാ രോ​ഗങ്ങൾക്കും അവന്റെയടുക്കൽ ശമനമുണ്ടായിരുന്നു. രാജാവിന്റെ ഒരു സദസ്യനും അന്ധത ബാധിച്ച് അവനെ സമീപിച്ച് രോ​ഗം ശമിപ്പിക്കാൻ പറഞ്ഞു. രോ​ഗം ശമിപ്പിക്കുന്നത് ഞാനല്ലെന്നും അല്ലാഹുവാണെന്നും കുട്ടി തിരുത്തിച്ചു. തിരിച്ച് ചെന്ന് കാര്യം ചോദിച്ചപ്പോൾ അല്ലാഹുവാണ് രോ​ഗം ശമിപ്പിച്ചതെന്ന് അയാൾ രാജാവിനോട് പറഞ്ഞു. ഞാനല്ലാതൊരു രക്ഷിതാവോ എന്നയാൾ കോപിച്ചപ്പോൾ ആ കുട്ടിയെക്കുറിച്ച വിവരം ലഭിച്ചു. ആ കുട്ടിയും അല്ലാഹുവാണ് എല്ലാം ചെയ്യുന്നതെന്ന് രാജാവിന്റെ മുന്നിൽ ഉറച്ചുപറഞ്ഞു.

ശേഷം പുരോഹിതനെക്കുറിച്ച് വിവരം ലഭിക്കുകയും അയാളെ വിളിച്ച് മതംമാറാനാവശ്യപ്പെടുകയും ചെയ്തു. സമ്മതിക്കാതെവന്നപ്പോൾ ഈർച്ചവാൾ കൊണ്ട് തല മുറിച്ചു കളഞ്ഞു. രാജാവിന്റെ സദസ്യനായ ആ വ്യക്തിയെയും അപ്രകാരം കൊന്നുകളഞ്ഞു. ശേഷം കുട്ടിയെ വിളിച്ച് സമാനമായി മതംമാറാനാവശ്യപ്പെടുകയും സമ്മതിക്കാതെ വന്നപ്പോൾ ഒരുസംഘം ആൾക്കാരെ വിളിച്ച് ഒരു മലമുകളിൽ കുട്ടിയുമായി ചെന്ന് മതംമാറാനാവശ്യപ്പെടാനും ഇല്ലെങ്കിൽ അവിടെയിട്ട് കൊന്നുകളയാനും ആവശ്യപ്പെട്ടു. പക്ഷേ മലമുകളിലെത്തിയതോടെ കുട്ടിയുടെ പ്രാർഥനയിൽ ബാക്കിയുള്ളവരെല്ലാം മരണപ്പെടുകയും കുട്ടിമാത്രം സുരക്ഷിതമായി തിരിച്ചുവരികയും ചെയ്തു. തുടർന്ന് മറ്റൊരു സംഘത്തെ ഏൽപിച്ച് കുട്ടിയെ നടുക്കടലിൽ തള്ളിയിടാൻ പറഞ്ഞു. അവിടെയും തഥൈവ. കൂടെച്ചെന്നവർ മുങ്ങിമരിക്കുകയും കുട്ടി രക്ഷപ്പെട്ടു വരികയും ചെയ്തു. എന്നെ കൊന്നുകളയുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഞാൻ പറയുംപ്രകാരം ചെയ്യണമെന്നു കുട്ടി പറഞ്ഞപ്പോൾ രാജാവിനത് കേൾക്കാൻ ധൃതിയായി.

കുട്ടി പറഞ്ഞു: ജനങ്ങളെ മുഴുവൻ ഒരുദിവസം ഒരിടത്ത് ഒരുമിച്ചുകൂട്ടി എന്നെ കുരിശിലേറ്റുകയും ശേഷം ഒരു അമ്പെടുത്ത് ബിസ്മില്ലാഹി റബ്ബിൽ ​ഗുലാം(കുട്ടിയുടെ രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തിൽ) എന്നു പറഞ്ഞ് എനിക്കുനേരെ അമ്പെയ്യുക. എങ്കിൽ ഞാൻ മരിച്ചുവീഴും! രാജാവ് അതേപടി ചെയ്യുകയും കുട്ടി മരിച്ചുവീഴുകയും ചെയ്തു. പക്ഷേ ജനങ്ങളെല്ലാം ഒരേ ശ്വാസത്തിൽ പറഞ്ഞു: ഈ കുട്ടിയുടെ രക്ഷിതാവിൽ നമ്മളും വിശ്വസിച്ചിരിക്കുന്നു! കലിപൂണ്ട രാജാവ് വലിയൊരു കിടങ്ങ് കുഴിച്ച് അല്ലാഹുവിലുള്ള വിശ്വാസത്തിൽ നിന്ന് പിന്തിരിയാത്ത എല്ലാവരെയും കൂട്ടിയിട്ട് കത്തിക്കാൻ ആഹ്വാനം ചെയ്തു. അങ്ങനെ കത്തിക്കുന്നതിനിടെ കൈക്കുഞ്ഞുമായി വന്നൊരു മാതാവ് അൽപം ശങ്കിച്ചു നിന്നപ്പോൾ കൈക്കുഞ്ഞ് പറഞ്ഞത്രെ: ക്ഷമിക്കൂ ഉമ്മാ, നിങ്ങൾ സത്യത്തിന്റെ വഴിയിൽതന്നെയാണ്!

​ഗുണപാഠം 1

ഈ ലോകം ഒരത്ഭുതമാണ്. അപ്രതീക്ഷിതമായാണിവിടെ വഴികേട് വന്നുചേരുന്നത്. ഒരു പ്രാചകന്റെ മകൻ തന്നെ അവിശ്വാസിയായതിന്റെ പേരിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിമരിക്കുന്നു. മറ്റൊരു പ്രവാചകന്റെ ഭാര്യയും എല്ലാവർക്കും വന്നുചേർന്ന ശിക്ഷയുടെ ഭാ​ഗമാവുന്നു. മറ്റൊരു നബിയുടെ പിതാവ് ബിംബാരാധന ചെയ്ത് തന്റെ മകൻ നരകത്തിൽ ചെല്ലുന്നതും കാത്തിരിക്കുന്നു. സന്മാർ​ഗത്തിന്റെ വഴിയും അപ്രകാരം തീർത്തും അപ്രതീക്ഷിതമായാവും വന്നുചേരുക. അവിശ്വാസിയായ ആസറിന്റെ മുതുകിൽ നിന്നാണല്ലോ ഇബ്റാഹിം നബി വരുന്നത്.

മൂസാ നബി വരുന്നത് ഫിർഔന്റെ കൊട്ടാരത്തിൽ നിന്നും. അതേ ഫിർഔന്റെ കിടപ്പറയിൽ നിന്ന് ഭൂമിയിലെ മഹിളാരത്നങ്ങളിലൊരാൾ വരുന്നു. രാജാവ് മന്ത്രവാദിയാക്കാനുദ്ദേശിച്ച കുട്ടി പ്രബോധകനാവുന്നു. ആ കുട്ടികാരണം ജനങ്ങളൊക്കെയും സൽപാന്ഥാവിലെത്തുന്നു. വീടുകളെന്നാൽ പല ജനങ്ങളുമാണ്. ഓരോ ജനങ്ങളും ഓരോ ഹൃദയങ്ങളും ഹൃദയങ്ങളാണെങ്കിൽ അല്ലാഹുവിങ്കലും. ദുർമാർ​ഗി തന്നെയാവുമെന്ന് നാം വിശ്വസിക്കുന്നവരെ അല്ലാഹു സന്മാർ​ഗിയും നേരെതിരിച്ച് സന്മാർ​ഗിയെന്ന് നാം വിധിയെഴുതിയവരെ ദുർ​മാ‍ർ​ഗിയുമാക്കുന്നു അവൻ.

​ഗുണപാഠം 2

നീ ഒരു കാര്യമുദ്ദേശിക്കുന്നു, ഞാൻ മറ്റൊന്നുദ്ദേശിക്കുന്നു, അവസാനം അല്ലാഹു അവനുദ്ദേശിക്കുന്നത് മാത്രം ചെയ്യുന്നു! ചെറിയൊരു കുട്ടി വലിയൊരു രാജപ്രവിശ്യയെ മുഴുവൻ ഇളക്കിമറിക്കുമെന്ന് അല്ലെങ്കിലും ആര് സങ്കൽപിക്കാനാണ്?! മദ്യത്തെ അത്രമേൽ സ്നേഹിച്ചിരുന്ന ഹംസ(റ) അസദുല്ലാ ആയിമാറുമെന്ന് ആരായിരുന്നു കരുതിയത്! മക്കാവിജയ ദിവസം നബി തങ്ങൾ വധിക്കാൻ ആഹ്വാനം ചെയ്ത ഇക്രിമ യർമൂഖിൽ ശഹീദായി വീഴുമെന്ന് ആരുകണ്ടു!

നൂറുമനുഷ്യരെ കൊന്ന മനുഷ്യൻ നേരെ അടുത്ത നിമിഷം സ്വർ​ഗത്തിൽ പ്രവേശിക്കാനുള്ളതെന്ന് ആരാണ് വിശ്വസിക്കുക! ബിംബാരാധന നടത്തിയിരുന്ന ഉമർ ലോകംകണ്ട ഏറ്റവും നീതിമാനായ മുസ്ലിം ഭരണാധികാരിയായി മാറുമെന്ന് ആരായിരുന്നു വിശ്വസിച്ചിരുന്നത്! ഹംസ(റ)യെ വധിച്ച മനുഷ്യൻതന്നെ കള്ള പ്രവാചകൻ മുസൈലിമയെയും കൊല്ലുമെന്ന് ആരാണ് സങ്കൽപിച്ചിരുന്നത്!

ഗുണപാഠം 3

അല്ലാഹു ഒരു യുദ്ധമുദ്ദേശിച്ചാൽ ആ യുദ്ധത്തിനായി അവൻ തെരഞ്ഞെടുക്കുന്ന ആയുധങ്ങൾ ഒരുവേള നമ്മെയൊക്കെ അന്ധാളിപ്പിക്കുന്നതാവും. ഒരു കുട്ടി ഒരു രാജാവിനെ നശിപ്പിക്കുന്നു! വെള്ളം ഒരു സമൂഹത്തെയൊന്നാകെ മുക്കിക്കൊല്ലുന്നു! കടൽ ഒരു സൈന്യത്തെ മുഴുവൻ നശിപ്പിക്കുന്നു! ഒരു കൊതുക് നംറൂദിനെ അതിനിന്ദ്യനാക്കുന്നു! ഭൂമി ഖാറൂനിനെ വിഴുങ്ങിക്കളയുന്നു! മഴ വലിയ അക്രമകാരികളെ പിഴുതെറിയുന്നു! ചെറിയ പക്ഷികൾ അബ്റഹത്തിന്റെ സൈന്യത്തെ നാമാവശേഷമാക്കുന്നു! അല്ലാഹുവിന്റെ കുൻ എന്ന വാക്കുമാത്രം മതി!

അതുകൊണ്ട് അവനുദ്ദേശിക്കുംപ്രകാരം അവനെ സമീപിച്ചാൽ നീയുദ്ദേശിക്കുംപ്രകാരം അവനും നിന്റെ കൂടെയുണ്ടാകും. വലിയൊരു രാജാവിനെ നശിപ്പിച്ചവന് നിന്റെ സങ്കടം മാറ്റൽ പ്രയാസമല്ലല്ലോ! വലിയൊരു സൈന്യത്തെ തച്ചുടച്ചവന് നിന്റെ പ്രയാസം മാറ്റുക ദുഷ്കരമല്ലല്ലോ! നീ അവനുള്ളതാണെന്ന് അവനെ ബോധ്യപ്പെടുത്തുക മാത്രം ചെയ്താൽ മതി, അവൻ നിനക്കുള്ളതാണെന്ന് അവനും നിന്നെ ബോധ്യപ്പെടുത്തും!

ഗുണപാഠം 4

വിശ്വാസത്തിന്റെ കാര്യം വളരെ അത്ഭുതമാണ്! മനുഷ്യൻ ഒരായുസ്സ് മുഴുവൻ സത്യനിഷേധത്തിലും വഴികേടിലുമായി കഴിച്ചുകൂട്ടുന്നു, ശേഷം ഒരുനിമിഷം കൊണ്ട് വിശ്വാസം അവയെയെല്ലാം നിരർഥകമാക്കുന്നു. ആ മനുഷ്യൻ ജീവിതത്തിൽ അവിശ്വാസിയായിരുന്നോ എന്ന് സംശയിപ്പിക്കുംവിധം വിശ്വാസം അവന് പുതുജീവൻ നൽകുന്നു. നമ്മുടെ കഥയിലും ജനങ്ങൾ കാലങ്ങളായി ആ രാജാവിനെ ആരാധിച്ചു പോരുകയായിരുന്നല്ലോ. തലമുറകൾ മാറിയിട്ടും അതിലൊരു മാറ്റവുമില്ല. പക്ഷേ, ആ കുട്ടിയുടെ മരണത്തോടെ ആ നിമിഷം അവരെല്ലാം കുഫ്റിൽ നിന്ന് ഈമാന്റെ തീരമണഞ്ഞു. അവരെ കത്തിച്ചുകളയാനുള്ള അ​ഗ്നികുണ്ഠമൊരുങ്ങിയിട്ടും ആ നിമിഷത്തിൽ മാത്രം ആർജിച്ചെടുത്ത വിശ്വാസത്തിൽ നിന്ന് പുറത്തുകടക്കാൻ അവരൊരുക്കമായിരുന്നില്ല, ഈമാനിലായി ജനിച്ച് ജീവിതകാലം മുഴുവൻ വിശ്വാസികളായി ജീവിച്ചതുപോലെയായിരുന്നു അവർ.

മറ്റൊരു വശത്ത് അന്ധനായി മാറിയ രാജാവിന്റെ മന്ത്രി, ജനങ്ങളെ രാജാവിന്റെ അടിമയാക്കാൻ വേണ്ടി ജീവിതം മുഴുവൻ ഹോമിച്ച ആ മനുഷ്യൻ വിശ്വാസംസ്വീകരിച്ച ആ നിമിഷത്തിൽ അടിമുടി മാറുന്നു. ഈർച്ചവാൾ തലയിൽ വെച്ച് തല രണ്ടായി പിളരുമ്പോൾ പോലും ആ വിശ്വാസം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറാവുന്നില്ല! ഫിർഔന്റെ മന്ത്രവാദികളെ നോക്കൂ. പരിണിതപ്രജ്ഞരായ മൂസാ നബിയെ പരാജയപ്പെടുത്താനായി ഫിർഔൻ നാടിന്റെ പല ഭാ​ഗങ്ങളിൽ നിന്നായി പ്രത്യേകംവിളിപ്പിച്ച മന്ത്രവാദികൾ മൂസാ നബിയിലൂടെ വിശ്വാസം സ്വീകരിക്കുന്ന അതേനിമിഷം സുജൂദിലായി വീഴുന്നു! കൈകാലുകൾ വെട്ടി കുരിശിലേറ്റുമെന്ന ഭീഷണി അവർക്കു മുന്നിൽ ഒന്നുമല്ലാതാവുന്നു!

നിന്റെ ഈ വിളയാട്ടം ഈ ലോകത്തുമാത്രമല്ലേ എന്ന് പരിഹാസപൂർവം അവർ ഫിർഔന്റെ മുഖത്തുനോക്കി പറയുന്നു! ഖലീഫ ഉമറി(റ)നെ നോക്കൂ. നബിതങ്ങളെ വധിക്കാൻ ചെന്നിടത്തുനിന്ന് ഇസ്ലാം സ്വീകരിച്ച ആ നിമിഷം മുതൽ നാമിനിയും മതം ഇങ്ങനെ ഒളിപ്പിച്ചുവെക്കണോ എന്ന് ചോദിക്കുന്നു. അവിശ്വാസത്തിന്റെ അങ്ങേത്തലയിൽ നിന്ന് വിശ്വാസത്തിന്റെ ഉന്നതങ്ങളിൽ അദ്ദേഹമെത്തുന്നു! വിശ്വാസം മനുഷ്യമനസ്സുകളിൽ ചെയ്തുവെക്കുന്ന അത്ഭുതങ്ങൾ വല്ലാത്തതുതന്നെ!

​ഗുണപാഠം 5

കർമശാസ്ത്രപണ്ഡിതന്മാരുടെ ഏകകണ്ഠാഭിപ്രായപ്രകാരം ഔലിയാക്കൾക്ക് കറാമത്തുകൾ സംഭവിക്കും. അത് നിഷേധിക്കാൻ മതത്തിൽ അസഹിഷ്ണുതവഴിയല്ലാതെ മറ്റൊരു മാർ​ഗമില്ലതന്നെ. അപ്പോഴും അതു പറയുന്ന വിഷയത്തിൽ നാം സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. പറയുന്ന കാര്യം വിശ്വാസയോ​ഗ്യമായ ഇടത്തുനിന്ന് വന്നതാണെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം കേൾക്കുന്നതെല്ലാം ജനങ്ങളോട് വിളിച്ചുപറയുന്ന വിശാലാർഥത്തിലുള്ള രീതിയിൽ മിതത്വം പാലിക്കേണ്ടതുമുണ്ട്. മുഅ്ജിസത്ത് അമ്പിയാക്കൾക്കും കറാമത്ത് ഔലിയാക്കൾക്കും ഉള്ളതാണെന്ന സാങ്കേതികത്വം ഒഴിച്ചുനിർത്തിയാൽ രണ്ടിലുമുള്ള ഘടകങ്ങൾ ചിലപ്പോൾ ഒന്നായിരിക്കാം.

ഉപര്യുക്ത സംഭവത്തിലെ കുട്ടി പലതരത്തിലുള്ള രോ​ഗികളെ ശമിപ്പിക്കുമായിരുന്നു. അത് കറാമത്താണ്. പക്ഷേ ഫലത്തിൽ ഈസാ നബി ചെയ്തിരുന്നതും അതുതന്നെയാണ്. ഖലീഫ ഉമറി(റ)ന്റെതായി ഒത്തിരി കറാമത്തുകൾ ചരിത്രത്തിൽ രേഖപ്പെട്ടു കാണാം. എല്ലാ മാസവും ഒരു ദിവസം ഒഴുക്കു നിലക്കുന്നൊരു ശീലമുണ്ടായിരുന്നു നൈൽനദിക്ക്. അവരതിന് പരിഹാരമായി ചെയ്തിരുന്നത് കന്യകയായൊരു പെൺകുട്ടിയെ അണിയിച്ചൊരുക്കി ബലിയെന്നോണം അതിലിടുകയെന്ന രീതിയായിരുന്നു. ഇസ്ലാം വന്നപ്പോൾ അത് നിർത്തലാക്കുകയും നദി ഒഴുകാതെ ജനങ്ങൾ പരിഭ്രമിക്കുകയും ചെയ്തു. ഖലീഫ ഉമറി(റ)ന്റെയടുക്കൽ വിവരമെത്തിയപ്പോൾ, നീ നിന്റെ സ്വന്തം കഴിവുകൊണ്ടാണ് ഒഴുകുന്നതെങ്കിൽ ഇനി ഒഴുകണമെന്നില്ല, അല്ല അല്ലാഹുവാണ് നിന്നെ ഒഴുക്കുന്നതെങ്കിൽ അവനോട് നിന്നെ ഒഴുക്കാൻ ഞങ്ങളഭ്യർഥിക്കുകയാണ് എന്നെഴുതിയൊരു കത്ത് ​ഗവർണർ അംറുബ്നുൽ ആസി(റ)ന് വെള്ളത്തിലിടാൻ കൊടുത്തയക്കുകയും അത് പ്രകാരം ചെയ്തപ്പോൾ നദി ഒഴുകുകയുമായിരുന്നു! അതിനു ശേഷം നൈൽനദി വറ്റിയിട്ടില്ലെന്നാണ് ചരിത്രം!

മറ്റൊരവസരം മദീനയിൽ ഭൂമികുലുക്കമുണ്ടായപ്പോൾ തന്റെ ചാട്ടവാർ കൊണ്ട് ഭൂമിയിലടിച്ച്, ഞാൻ നിന്നോട് നീതി കാണിച്ചിട്ടില്ലേ, അതുകൊണ്ട് ശാന്തമാവൂ എന്ന് പറയുകയും ഭൂമി ശാന്തമാവുകയും ചെയ്തത്രെ! മറ്റൊരു വേള ഒരു മനുഷ്യൻ ഇബ്നു അബ്ബാസി(റ)ന്റെ അടുക്കൽ വന്ന് പറഞ്ഞു: എനിക്ക് നല്ല കൈവേദനയുണ്ട്. മുമ്പൊരിക്കൽ എനിക്കിങ്ങനെ സംഭവിച്ചപ്പോൾ ഉമറി(റ)നെ ചെന്നുകാണുകയും അദ്ദേഹം തന്റെ കൈ എന്റെ കൈമേൽവച്ച് ഫാത്തിഹ ഓതുകയും ചെയ്തപ്പോൾ വേദന മാറുകയും ചെയ്തിരുന്നു. അപ്രകാരം ഇബ്നു അബ്ബാസും(റ) ചെയ്തുനോക്കിയെങ്കിലും വേദന മാറിയില്ലെന്നയാൾ പറഞ്ഞു. അപ്പോൾ ഇബ്നു അബ്ബാസ്(റ) പറഞ്ഞത്രെ: ഫാത്തിഹ അതേ ഫാത്തിഹ തന്നെ. പക്ഷേ ഉമറി(റ)ന്റെ കയ്യെവിടെ?! ഖലീഫ ഉമറി(റ)ന്റെ കാലത്ത് വരൾച്ച രൂക്ഷമായപ്പോൾ അദ്ദേഹം ജനങ്ങളെയെല്ലാം വിളിച്ചുകൂട്ടി അബ്ബാസി(റ)നെ മുൻനിർത്തി ദുആ ചെയ്തതും നിർത്താതെ മഴ പെയ്തതുമായ സംഭവം ചരിത്രപ്രസിദ്ധമാണല്ലോ.

​ഗുണപാഠം 6

സ്വർ​ഗത്തിലേക്കുള്ള വഴി ദുഷ്കരവും നരകത്തിലേക്കുള്ള വഴി സുഖകരവുമാണ്! അല്ലാഹു സൗകര്യം ചെയ്തെങ്കിൽ മാത്രമേ സ്വർ​ഗവഴി എളുപ്പമാവൂ. പക്ഷേ, വിശ്വാസികളെ എന്നും പരീക്ഷിക്കുക എന്നത് അല്ലാഹുവിന്റെ ഒരു രീതിയാണ്, അവന്റെ അയോ​ഗ്യതയല്ല അത്. നബി തങ്ങളോടും ബീവി ഖദീജയോടുമായി, നിങ്ങളെ നിങ്ങളുടെ സമൂഹം പുറത്തുചാടിക്കുന്ന സമയം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞാൻ സഹായിക്കുമായിരുന്നു എന്ന് പറഞ്ഞ വറഖത്ത് ബ്നു നൗഫലിനോട് അത്ഭുതപൂർവം, എന്നെ എന്റെ ജനങ്ങൾ പുറത്താക്കുകയോ?! എന്ന് ചോദിക്കുന്നുണ്ട് നബി തങ്ങൾ. നിങ്ങലെപ്പോലെയുള്ള ഈ ദൗത്യവുമായി വന്നവരുടെയൊക്കെ ​ഗതി ഇതുതന്നെയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇബ്റാഹിം തീയിലിടപ്പെടുന്നു. യഹ്യാ നബിയെ ഈർച്ചവാളുകൊണ്ട് അറുക്കുന്നു.

മറ്റൊരു പ്രവാചകനെ സ്വന്തം ജനങ്ങൾ കല്ലെടുത്തെറിയുന്നു. മുകളിൽ പറഞ്ഞ കഥയിലെ അസ്ഹാബുൽ ഉഖ്ദൂദ് നേരിട്ട പീഡനം വലിയൊരു ശ്രേണിയുടെ ഭാ​ഗം മാത്രമാണ്. ഈ മതം എന്നും നിലനിന്നത് ഒരുപാട് പേർ ബലികൊടുത്തും രക്തമൊഴുക്കിയും ജീവൻ ത്യജിച്ചുമാണ്. ഉമയ്യത്തു ബ്നു ഖലഫ് ഹസ്റത്ത് ബിലാലി(റ)നോട് ചെയ്തതു മാത്രം നോക്കിയാൽ മതി! ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീസിൽ നബി തങ്ങളോട് പരാതി പറയാൻ പോയ സ്വഹാബികളുടെ കഥ പറയുന്നുണ്ട് ഖബ്ബാബ് ബ്നുൽ അറത്ത്(റ). കഅ്ബയുടെ അടുത്തായിരുന്ന നബിയോട് ചെന്ന്, നമുക്ക് വേണ്ടി ദുആ ചെയ്യുന്നില്ലെ നബിയെ, അല്ലാഹുവിനോട് സഹായം തേടുന്നില്ലെ നബിയെ എന്നായിരുന്നു സ്വഹാബികളുടെ പരിഭവം. മുൻകാലക്കാർ അനുഭവിച്ച ശിക്ഷയുടെ ആഴം പറഞ്ഞുകൊടുത്ത് അവരെ സമാശ്വസിപ്പിക്കുക മാത്രമായിരുന്നു നബി ചെയ്തത്.

ഗുണപാഠം 7

ചിലപ്പോൾ ശിഷ്യൻ അധ്യാപകനെക്കാൾ മികച്ചുനിന്നേക്കാം. നാമറിയുന്ന, പേരുകേട്ട മിക്ക പണ്ഡിതരും നാമറിയാത്ത പല അധ്യാപകരുടെയും ശിഷ്യന്മാരാണ്! നിന്നെക്കാൾ നിന്റെ ശിഷ്യൻ മികച്ചുനിൽക്കുന്നത് കണ്ട് ഒരിക്കലും അസ്വസ്ഥനാവരുത്. കാരണം, അവൻ നിന്നെക്കാളും എത്ര പ്രസിദ്ധനായാലും അവൻ നിനക്കൊരു കാലാതിവർത്തിയായ സ്വദഖപോലെയാണ്! മുകളിലെ കഥയിൽ തന്റെ ​ഗുരുവിനെ കവച്ചുവച്ച ശിഷ്യനെ കാണാം.

പുരോഹിതൻ മലമുകളിൽ ഒളിച്ചുകഴിയുമ്പോൾ ഓരോ സമയവും രാജാവിന്റെ അടുക്കലേക്ക് സ്വയം നടന്നുവരികയായിരുന്നു കുട്ടി. വധിക്കുന്നത് പേടിച്ച് തന്റെ കാര്യം രാജാവിന്റെ മുന്നിൽ മറച്ചുവെക്കാനാണ് ​പുരോഹിതൻ ആവശ്യപ്പെട്ടതെങ്കിൽ അദ്ദേഹത്തെ കൊലക്കുകൊടുക്കുകയായിരുന്നു കുട്ടി. നാം മനസ്സിലാക്കിയതു പോലെ അതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നതു ശരി. പക്ഷേ, പുരോഹിതന്റെ വീക്ഷണത്തിൽ കുട്ടി തന്നെയാണല്ലോ അതിന് വഴിയൊരുക്കിയത്. സ്വന്തത്തെക്കാൾ നാം വളരുന്നതുവരെയും നാമൊരിക്കലും പൂർണത പ്രാപിക്കുന്നില്ല!

ഗുണപാഠം 8

ആവശ്യക്കാരനെ സഹായിക്കുക, ചെറിയ രീതിയിലെങ്കിലും. വിശക്കുന്നവന്റെ പശിയടക്കുക, ഒരു റൊട്ടിക്കഷ്ണം കൊണ്ടെങ്കിലും. വല്ലവരുടെയും വേദനയകറ്റുക, ഒരു മരുന്നുകുപ്പിയുടെ വിലകൊണ്ടെങ്കിലും. ഭിന്നതകൾ പരിഹരിക്കുക, മധുരതരമായൊരു വാക്കുകൊണ്ടെങ്കിലും. പാവങ്ങളെയും സാധാരണക്കാരെയും തിരിഞ്ഞുനോക്കുന്നത് ദഅ്വത്തിന്റെ മാർ​ഗത്തിൽ നിന്ന് പുറംതിരിയലല്ല, അതുതന്നെയാണ് ദഅ്വത്ത്.

ഹൃദയങ്ങൾ കീഴടക്കാതെ ശരീരങ്ങൾ കീഴടക്കിയിട്ടെന്ത്!? കഥയിലെ കുട്ടിയെക്കൊണ്ട് അല്ലാഹു ഉദ്ദേശിച്ചത് ആ ജനങ്ങളെയൊന്നടങ്കം സത്യദീനിലേക്ക് വഴിനടത്തുകയെന്നതായിരുന്നു. ജനങ്ങളുടെ കൂടെനിന്ന്, അവരുടെ രോ​ഗങ്ങൾക്ക് ശമനമായി, ആവരുടെ ആവശ്യങ്ങൾ തീർത്ത് തന്നെ ആ കുട്ടിയത് നിർവഹിച്ചു. നമ്മളെ ജനങ്ങൾ സ്നേഹിക്കുമ്പോൾ മാത്രമേ നമ്മുടെ പ്രബോധനവും അവർ സ്വീകരിക്കൂ. നാം നല്ലൊരു മാതൃക സ്വയം സൃഷ്ടിക്കുകയെന്നതാണ് പ്രഥമവും പ്രധാനവും. സ്വഭാവംകൊണ്ട് ഉന്നതനാവുക, പെരുമാറ്റംകൊണ്ട് നിർമലരാവുക, വാക്കുകൾകൊണ്ട് മധുരംപകരുക.

കീശയിൽ മുസ്ഹഫ് ഉണ്ടാവുക എന്നതല്ല, സ്വഭാവത്തിൽ ഒരു ആയത്തെങ്കിലും ഉണ്ടാവുക എന്നതാണ് പ്രധാനം എന്ന വാക്കെത്ര സത്യം!

നബിയുടെ കൂടെ – 19

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

 

Related Articles