Current Date

Search
Close this search box.
Search
Close this search box.

ആ വർഷം കഴിഞ്ഞതോടെ ആ നാൽപത്തിയെട്ടു പേരിൽ ആരും ജീവനോടെ ബാക്കിയുണ്ടായിരുന്നില്ല!

നബിയുടെ കൂടെ - 31

ഇമാം ബുഖാരി തന്റെ സ്വഹീഹിൽ നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: ജാഹിലിയ്യാ കാലത്തെ ആദ്യ ഖുസാമ ബനൂ ഹാശിമിലേതായിരുന്നു. ബനൂ ഹാശിമിലെ ഒരു മനുഷ്യനെ ഖുറൈശികളിൽ പെട്ട ഒരു മനുഷ്യൻ കൂലിക്കു വിളിച്ചിരുന്നു. അയാളുടെ കൂടെ ഒട്ടകത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ, ഒട്ടകത്തിന്റെ കയർ മുറിഞ്ഞുപോയൊരു മനുഷ്യൻ അയാളുടെ അടുത്തുകൂടെ നടന്നുപോയി. എന്റെ ഒട്ടകം ഓടിപ്പോവാതിരിക്കാൻ ഒരു കയറ് തരുമോ എന്നയാൾ ചോദിക്കുകയും ആ മനുഷ്യൻ കൊടുത്ത കയറുപയോ​ഗിച്ച് ഒട്ടകത്തെ കെട്ടുകയും ചെയ്തു.

ശേഷം അവരിരുവരും ഒരിടത്ത് വിശ്രമിക്കാനിറങ്ങിയപ്പോൾ ഒരൊട്ടകത്തെയൊഴികെ ബാക്കിയെല്ലാത്തിനെയും കെട്ടിയിട്ടു. ഒരൊട്ടകത്തെ മാത്രമെന്തേ കെട്ടാത്തതെന്തെന്നയാൾ ചോദിച്ചപ്പോൾ അതിന്റെ കയർ യാത്രക്കാരനായ ആ മനുഷ്യന് കൊടുത്ത കഥ അ ദ്ദേഹം പറഞ്ഞപ്പോൾ ഒരു വടിയെടുത്ത് അയാളെ ശക്തമായി അടിക്കുകയും അയാൾ മരണാസന്നനാവുകയും ചെയ്തു. അയാൾ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കെ യമനിയായൊരു വേറെ മനുഷ്യൻ അയാളുടെ അടുത്തുകൂടെ കടന്നുപോയി. അയാളെ അടുത്ത് വിളിച്ച് നിങ്ങൾ ഹജ്ജിന് സാക്ഷ്യം വഹിക്കുമെങ്കിൽ ഖുറൈശികളെയും ബനൂ ഹാശിമികളെയും അബൂ ത്വാലിബിനെയും വിളിച്ച് ഒരു കയറിന്റെ വിഷയത്തിൽ ഇന്നാലിന്ന മനുഷ്യൻ എന്നെ കൊന്നുവെന്ന് അവരെ അറിയിക്കണമെന്ന് പറയുകയും ഉടനടി മരണപ്പെടുകയും ചെയ്തു. കൂലിക്ക് വാങ്ങിയ മനുഷ്യന്റെ അടുക്കലേക്ക് അബൂ ത്വാലിബ് ചെന്ന് സുഹൃത്തിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം രോ​ഗബാധിതനാവുകയും ഞാൻ പരിചരിച്ചെങ്കിലും മരണപ്പെട്ട അയാളെ ഞാൻതന്നെ മറവുചെയ്യുകയും ചെയ്തു എന്നദ്ദേഹം പറഞ്ഞു. ജനങ്ങളെല്ലാം അത് വിശ്വസിക്കുകയും ചെയ്തു. പിന്നീട് ഹജ്ജ് കാലമായപ്പോൾ മറ്റേ യമനിക്കാരനായ മനുഷ്യൻ അവിടെയെത്തുകയും ഖുറൈശിക്കാരെയും ബനൂ ഹാശിമുകളെയും അബൂ ത്വാലിബിനെയും വിളിച്ച് കാര്യങ്ങളെല്ലാം ബോധിപ്പിക്കുകയും ചെയ്തു. അബൂ ത്വാലിബ് ആ കൊലയാളിയായ മനുഷ്യനെ വിളിച്ച് മൂന്ന് അവസരങ്ങൾ അയാൾക്കുമുന്നിൽ വച്ചു. ഒന്നുകിൽ നമ്മുടെ സഹോദരനെ കൊന്നതിന്റെ പകരമായി നൂറൊട്ടകങ്ങൾ നൽകുക, അല്ലെങ്കിൽ നിങ്ങളല്ല അദ്ദേഹത്തെ കൊന്നതെന്ന് നിങ്ങളുടെ കൂട്ടക്കാരായ അൻപതു പേർ സാക്ഷ്യം പറയുക, അതുമല്ലെങ്കിൽ പകരമായി നിങ്ങളെ വധിക്കുക എന്നിവയായിരുന്നു മൂന്ന് വഴികൾ. അയാൾ തന്റെ കൂട്ടക്കാരോട് ചെന്ന് കാര്യം പറഞ്ഞപ്പോൾ അവരെല്ലാം ചേർന്ന് ഞങ്ങൾ നിങ്ങൾക്കു വേണ്ടി സാക്ഷിപറഞ്ഞോളാമെന്ന് പറഞ്ഞു. പിന്നീടൊരു സ്ത്രീ വന്ന് എന്റെ മകനെ ആ അൻപതിൽ നിന്ന് ഒഴിവാക്കിത്തരണമെന്നപേക്ഷിക്കുകയും അദ്ദേഹമത് അം​ഗീകരിക്കുകയും ചെയ്തു. വേറൊരു മനുഷ്യൻ വന്ന് എന്നെയും ഒഴിവാക്കിത്തരണമെന്നും പകരമായി ഞാൻ രണ്ടൊട്ടകങ്ങൾ നൽകാമെന്ന് പറയുകയും ചെയ്തു. അദ്ദേഹമതും അം​ഗീകരിച്ചു. തുടർന്ന് ബാക്കിയുള്ള നാൽപത്തിയെട്ട് പേരും ആ മനുഷ്യൻ കൊലയാളിയല്ലെന്ന് കള്ളസാക്ഷ്യം പറഞ്ഞു. ഇബ്നു അബ്ബാസ്(റ) തുടരുന്നു: അല്ലാഹുവാണ, ആ വർഷം കഴിഞ്ഞതോടെ ആ നാൽപത്തിയെട്ടു പേരിൽ ആരും ജീവനോടെ ബാക്കിയുണ്ടായിരുന്നില്ല!

​ഗുണപാഠം 1

ഇസ്ലാം അം​ഗീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ശിക്ഷാരീതിയാണ് ഖുസാമ. അഥവാ, കൊലപാതകം സ്ഥിരപ്പെടുത്താനോ നിഷേധിക്കാനോ സത്യം ചെയ്യുന്ന രീതി. കഥാസന്ദർഭത്തിലേതു പോലുള്ള ഇടങ്ങളിലാണത് ഉപയോ​ഗിക്കപ്പെടുക. മൂന്ന് അവസരങ്ങളായിരുന്നല്ലോ അബൂ ത്വാലിബ് അദ്ദേഹത്തിനു മുന്നിലായി വെച്ചത്. ഇത്തരം സമാനമായ സാഹചര്യങ്ങളിൽ ഇസ്ലാം ഈ രീതി ഉപയോ​ഗിച്ചിട്ടുണ്ട്. നബി (സ) ഇതുപയോ​ഗിച്ച് വിധിപറഞ്ഞിട്ടുമുണ്ട്.

​ഗുണപാഠം 2

അറബികൾ കഅ്ബയുടെ അടുക്കൽ മഖാമു ഇബ്റാഹീമിന്റെയും റുക്നിന്റെയും ഇടയിലായി കൊലപാതകത്തിന്റെ വിഷയത്തിൽ സത്യംചെയ്യാറുണ്ടായിരുന്നു. ജാഹിലിയ്യാ കാലത്തുപോലും അവർ തന്നെയാണ് മനുഷ്യരെന്ന് അവർ തെളിയിക്കുന്നു. രക്തത്തെയും പവിത്രമായ കാര്യങ്ങളെയുമെല്ലാം ആദരിക്കുന്ന, കള്ളസത്യം ചെയ്യാത്ത മനുഷ്യർ അക്കൂട്ടത്തിലുണ്ടായിരുന്നു. കള്ള സത്യം ചെയ്യുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. തന്റെ കൂട്ടക്കാരായ അൻപതു പേരെക്കൊണ്ട് കള്ളസത്യം ചെയ്യിക്കലായിരുന്നല്ലോ അയാളുടെ ഉദ്ദേശ്യം. അപ്പോൾ ഹാശിമിയല്ലാത്ത ഒരു സ്ത്രീവന്ന് അയാൾ കൊലയാളിയാണെന്ന് എന്റെ മകനുവേണ്ടി സാക്ഷ്യം പറയുന്നുവെന്ന് പറഞ്ഞത്. ബിംബാരാധകനായ മറ്റൊരു മനുഷ്യൻ വന്ന് കള്ളസത്യം ഞാൻ ചെയ്യില്ലെന്നു പറഞ്ഞതും അപ്പോഴാണ്. അതോടെ അവരിരുവരും മാത്രം രക്ഷപ്പെടുകയും കള്ളസത്യം പറഞ്ഞ ബാക്കിയെല്ലാവരും മരണപ്പെടുകയും ചെയ്തു.

​ഗുണപാഠം 3

സ്വന്തം സമൂഹത്തോടും കുടുംബത്തോടും വെറുംവിധേയത്വം കാണിക്കരുത്. സ്നേഹം ഒന്നും വെറുംവിധേയത്വം മറ്റൊന്നുമാണ്. നമ്മളിഷ്ടപ്പെടുന്ന ആൾ ചെയ്താലും തെറ്റ് തെറ്റുതന്നെയാണ്. നമ്മൾ വെറുക്കുന്നയാൾ ചെയ്താലും നന്മ നന്മയുമാണ്. വിവേകികൾ കൂടെനിൽക്കുക സ്വഭാവത്തിനും മൂല്യങ്ങൾക്കുമൊപ്പമാണ്. ആൾക്കാർക്കും ബന്ധുക്കൾക്കുമൊപ്പമല്ല. നിന്റെ മകളെ നീ സ്നേഹിക്കുന്നുവെന്നാൽ അവൾ ചെയ്ത തെറ്റിന്റെ പേരിൽ അവളുടെ ഭർത്താവിനെതിരായി നീ നിലകൊള്ളണമെന്നല്ല.

നിന്റെ മകനെ നീ സ്നേഹിക്കുന്നുവെന്നാൽ അവൻ ഭാര്യയോട് ചെയ്യുന്ന ക്രൂരതകൾക്ക് നീ കൂട്ടുനിൽക്കണമെന്നുമല്ല. യഥാർഥ സ്നേഹം നാം സ്നേഹിക്കുന്നവരെ അതിക്രമങ്ങളിൽ നിന്ന് തടലയാണ്. മിണ്ടാതിരിക്കലും മൗനമനുഷ്ഠിക്കലും തെറ്റിൽ അവരോട് കൂടെനിൽക്കൽ തന്നെയാണ്. നിന്റെ സഹോദരൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും അവനെ സഹായിക്കുക എന്നാണ് ഹദീസ്. അക്രമിയെ എങ്ങനെ സഹായിക്കാനാണെന്ന് സ്വഹാബികൾ അത്ഭുതപൂർവം ചോദിച്ചപ്പോൾ, അവന്റെ കൈപിടിക്കുക, അതവനെ സഹായിക്കലാണ് എന്നായിരുന്നു മറുപടി.

ഗുണപാഠം 4

അല്ലാഹുവിന്റെ പേരിൽ കള്ളസാക്ഷ്യം പറയാതിരിക്കുക. കള്ളസാക്ഷ്യം കൊണ്ട് ഒരവിശ്വാസിയും ശിക്ഷിക്കപ്പെടാൻ അല്ലാഹു ഉദ്ദേശിക്കുന്നില്ല. പിന്നെയെങ്ങനെ വിശ്വാസി ശിക്ഷിക്കപ്പെടുന്നത് അവനിഷ്ടപ്പെടും!? ഉപര്യുക്ത കഥയിലെ എല്ലാവരും അവിശ്വാസികളാണല്ലോ. പക്ഷേ, അപ്പോഴും അവരിൽ ഒരാൾ മറ്റൊരാളെ അന്യായമായി അക്രമിക്കുന്നത് അല്ലാഹു ഇഷ്ടപ്പെട്ടില്ല. കള്ളസാക്ഷ്യം പറഞ്ഞവർക്ക് അവൻ തക്കതായ ശിക്ഷ നൽകുകയും ചെയ്തു. അല്ലാഹു അക്കാര്യം ദുനിയാവിൽ നിന്നുതന്നെ തീർത്തില്ലെങ്കിൽ പോലും വിചാരണയൊക്കെ വരാനുള്ള പരലോകവുമുണ്ടല്ലോ. സർവലോകരക്ഷിതാവായൊരു ന്യായാധിപനുമുണ്ടവിടെ. അവിടെ സംസാരിക്കുക അവയവങ്ങളാവും. ഇക്കാര്യം എന്നും മനസ്സിലുണ്ടായിരിക്കുക. ദുനിയാവിൽ രക്ഷപ്പെടൽ വെറും താൽക്കാലികം മാത്രമാണ്. ആഖിറത്തിലെ കോടതിയിൽ രക്ഷപെടാൻ ദുനിയാവിലെ കോടതിയിൽ തന്നെ സത്യം പറയുന്നവരാണ് വിവേകികൾ.

​ഗുണപാഠം 5

ഇസ്ലാമിനു മുമ്പുള്ള അറബികളുടെ ജീവിതകാലത്തെ സൂചിപ്പിക്കാനുപയോ​ഗിക്കപ്പെടുന്ന പദമാണല്ലോ ജാഹിലിയ്യാ കാലഘട്ടം. അവർ ബിംബാരാധകരായിരുന്നതിനാൽ യഥാർഥത്തിൽ മതപരമായൊരു ജാഹിലിയ്യത്താ(അജ്ഞത)യിരുന്നു അവരിലുണ്ടായത്. അവർ വലിയ തെറ്റുകളൊക്കെ ചെയ്തിരുന്നുവെന്നതു ശരിതന്നെ. പക്ഷേ, അപ്പോഴും അവരിൽ വലിയ സ്വഭാവ​ഗുണങ്ങൾ പലതുമുണ്ടായിരുന്നു. നല്ല ​ഗുണങ്ങളെ പൂർണമാക്കാനാണ് ഞാൻ നിയുക്തനായതെന്ന പ്രവാചകവചനം സൂചിപ്പിക്കുന്നത് അവരിൽ ആദ്യമേ തന്നെ നല്ല ​ഗുണങ്ങൾ പലതുമുണ്ടായിരുന്നു എന്നതാണല്ലോ. അതാണ് ഇസ്ലാമിന്റെ രീതിയും, ശത്രുവാണെങ്കിലും അവന്റെ സത്യങ്ങളം​ഗീകരിക്കുന്ന രീതി. ഒരു മനുഷ്യനോട് വെറുപ്പുണ്ടായാൽ അയാളുടെ നന്മകളെല്ലാം തന്നെ മറന്നു കളയരുത്. ഒരു മനുഷ്യനെ സ്നേഹിച്ചുകഴിഞ്ഞാൽ അയാളുടെ തെറ്റുകളും ന്യൂനതകളും മറക്കുകയുമരുത്. നീതിപൂർ‍വം സ്നേഹിക്കുകവും നീതിപൂർവം മാത്രം വെറുക്കുകയും ചെയ്യുന്നൊരു സമുദായമാണു നാം!

​ഗുണപാഠം 6

അറബികളുടെ സ്വഭാവ​ഗുണങ്ങൾ പറയുന്നതിന്റെ ഭാ​ഗമായി ചില സംഭവങ്ങൾകൂടി സൂചിപ്പിക്കാം. ഈ ​പരമ്പരയിലെ അവസാനകഥയും ഇതാകും.

കഥ 1

ഖൈസ് ബ്ൻ സഅ്ദിനോട്, നിങ്ങളെക്കാൾ മാന്യരായ ആൾക്കാരെ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നാരോ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: തീർച്ചയായും. നമ്മൾ ഒരിടത്ത് യാത്രക്കിടെ ഇറങ്ങിയപ്പോൾ ആ വീട്ടുകാരിയായ സ്ത്രീയുടെ ഭർത്താവ് വരികയും നമുക്ക് വേണ്ടി ഒരു ഒട്ടകത്തെ അറുത്ത് ഭക്ഷണമുണ്ടാക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. രണ്ടാമത്തെ ദിവസവും അടുത്ത ഒട്ടകത്തെ അറുത്ത് ഭക്ഷണമുണ്ടാക്കി. ഇന്നലെ അറുത്തതിൽ വളരെ അൽപം മാത്രമല്ലേ ഞങ്ങൾ ഭക്ഷിച്ചുള്ളൂ എന്ന് പറഞ്ഞപ്പോൾ പഴകിയവ എന്റെ അതിഥികൾക്ക് ഞങ്ങൾ കൊടുക്കാറില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുറച്ചു ദിവസങ്ങൾ അങ്ങനെ ഞങ്ങളദ്ദേഹത്തിന്റെ വീട്ടിൽ കഴിഞ്ഞു. നല്ല മഴയുമുണ്ടായിരുന്നു. അദ്ദേഹം ഓരോ ദിവസവും ഓരോ ഒട്ടകങ്ങളെ അറുത്തുകൊണ്ടേയിരുന്നു. തിരിച്ചുപോവാൻ നേരം നൂറു ദീനാർ അവിടെവെച്ച് ഭാര്യയോടായി ഞങ്ങളോട് പൊറുക്കണമെന്ന് അദ്ദേഹത്തെ അറിയിക്കണമെന്ന് പറഞ്ഞ് ഞങ്ങൾ യാത്ര തിരിച്ചു. സഞ്ചരിച്ചുകൊണ്ടിരിക്കെ, പിറകിൽ നിന്ന് വലിയൊരു അട്ടഹാസം കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ ആ വീട്ടുടമസ്ഥനായ മനുഷ്യൻ വന്ന്, ഞങ്ങൾ സൽക്കാരത്തിന്റെ പണം നിങ്ങൾ തരികയാണോ ശപിക്കപ്പെട്ട സംഘമേ, നിങ്ങളുടെ ദീനാർ എടുത്തുകൊള്ളുക എന്നും അല്ലെങ്കിൽ എന്റെ കുന്തം കൊണ്ട് നിങ്ങളെ ഞാൻ കുത്തി ശരിപ്പെടുത്തുമെന്നും പറയുകയും വേ​ഗം അത് സ്വീകരിച്ച് ഞങ്ങൾ യാത്ര തുടരുകയും ചെയ്തു!

കഥ 2

അഅ്റാബികളിലൊരാൾ തന്റെ കൂടാരത്തിനു പുറത്തായി ശബ്ദകോലാഹലം കേൾക്കാനിടയായി. പേടിച്ച് കാര്യമെന്താണെന്ന് തിരക്കി പുറത്തേക്കു വന്നുനോക്കിയപ്പോൾ വടിയേന്തി വലിയൊരു സംഘം അവിടെ നിൽപ്പുണ്ടായിരുന്നു. കാര്യമെന്താണെന്നു തിരക്കിയപ്പോൾ ഞങ്ങളുടെ അടുക്കൽ നിന്ന് രക്ഷപ്പെട്ടുപോയ ഒരു വെട്ടുകിളിക്കൂട്ടം നിന്റെ കൂടാരത്തിനടുത്ത് അഭയം തേടിയിട്ടുണ്ടെന്നും അതിനെ പിടിക്കാൻ വന്നതാണെന്നുമായിരുന്നു മറുപടി. ഉടനടി അകത്തുപോയി വാളുമായി വന്ന അയാൾ, എന്റെയടുക്കൽ അഭയംതേടിയ അവയെ ഞാനെങ്ങനെ വിട്ടുതരുമെന്ന് വെല്ലുവിളിച്ച് കാലാവസ്ഥ മാറി ആ വെട്ടുകിളിക്കൂട്ടം പാറിപ്പോകുംവരെ അവക്ക് കാവൽനിന്നു. ശേഷം അവരോടായി അയാൾ, ഇനി നിങ്ങൾ വേണ്ടതു ചെയ്തോളൂ എന്നു പറഞ്ഞ് അകത്തേക്കു കയറിപ്പോയി. അന്നുമുതലാണ്, ആവേശം സൂചിപ്പിക്കാനായി, വെട്ടുകിളികളെ സംരക്ഷിച്ച മനുഷ്യനെക്കാൾ വലിയ സംരക്ഷകൻ എന്ന പഴമൊഴി ഉപയോ​ഗിച്ചു തുടങ്ങിയത്!

കഥ 3

കവി ഫറസ്ദഖിന്റെ വല്ലിപ്പ സ്വഅ്സ്വഅ എന്നവരെക്കുറിച്ച് മുഹ് യിൽ മൗഊദാത്ത്(കുഴിച്ചിടപ്പടുന്ന കുട്ടികളെ ജീവിപ്പിക്കുന്നയാൾ) എന്നായിരുന്നു പറയപ്പെട്ടത്. കാരണമിതാണ്. കിണർ കുഴിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ അടുത്തുകൂടെ നടന്നുകയായിരുന്നു അദ്ദേഹം. സമീപത്തായി അയാളുടെ ഭാര്യ കരയുന്നുമുണ്ട്. കാര്യമെന്താണെന്ന് തിരക്കിയപ്പോൾ എന്റെ മകളെ കുഴിച്ചുമൂടാനാണ് അദ്ദേഹം കിണറു കുഴിക്കുന്നതെന്നു പറഞ്ഞു. കാരണം തിരക്കിയപ്പോൾ ദാരിദ്ര്യമാണത്രെ.

ഉടനടി, രണ്ടൊട്ടകങ്ങൾക്കു പകരമായി ഞാനവളെ വാങ്ങാമെന്നും കുഴിച്ചുമൂടരുതെന്നും അയാൾ പറയുകയും പിതാവ് സമ്മതിക്കുകയും ചെയ്തു. അയാളാ കുട്ടിയെ കൊണ്ടുപോയി വളർത്തുകയും ചെയ്തു. ആദ്യമായി ആ പുണ്യകർമം അറബികളിൽ ആരംഭിച്ചത് അദ്ദേഹമായിരുന്നു. ആരെക്കുറിച്ച് അദ്ദേഹം അത്തരം വാർത്ത കേട്ടാലും അവിടെച്ചെന്ന് ആ കുട്ടിയെ അദ്ദേഹം മോചിപ്പിച്ചു. ഇസ്ലാം കടന്നുവരുമ്പഴേക്ക് മുന്നൂറ് കുട്ടികളെ അത്തരത്തിൽ മോചനദ്രവ്യം കൊടുത്ത് മോചിപ്പിച്ചിരുന്നു അദ്ദേഹം.

കഥ 4

പ്രമുഖ രാജാവായ നുഅ്മാൻ ബ്ൻ മുൻദിറിന് രണ്ടു പ്രത്യേക ദിവസങ്ങളുണ്ടായിരുന്നു. മുന്നിൽ കണ്ടവരെയും തോന്നിയവരെയുമെല്ലാം വധിക്കുകയും കണ്ടവർക്കെല്ലാം നന്മ ചെയ്യുകയും ചെയ്യുന്ന രണ്ടു പ്രത്യേക ദിവസങ്ങൾ. അതിൽ ശിക്ഷയുടെ ദിവസത്തിലാണ് ത്വയ്യ് ​ഗോത്രത്തിൽ പെട്ട ഒരാൾ ഒരാവശ്യവുമായി അദ്ദേഹത്തിന്റെ മുന്നിലെത്തുന്നത്. നുഅ്മാൻ അദ്ദേഹുമായി ഏറ്റുമുട്ടാൻ കരുതിയിരിക്കെയാണ്, എനിക്ക് വീട്ടിൽ ചെറിയ കുട്ടികളും വിശന്നുവലഞ്ഞ കുടുംബവുമുണ്ടെന്നും അവർക്കു വേണ്ടി അധ്വാനിക്കുകയായിരുന്നു ഞാനെന്നും ഈ ഭക്ഷണം അവർക്കെത്തിച്ച ശേഷം താങ്കൾക്കെന്നെ കൊല്ലാമെന്നും അയാൾ പറഞ്ഞത്. എങ്കിൽ ജാമ്യത്തിന് ഒരാളെ നിർത്തണമെന്നും നിങ്ങൾ മടങ്ങി വന്നില്ലെങ്കിൽ പകരം അയാളെ വധിക്കുമെന്നും നുഅ്മാൻ പറഞ്ഞു. അയാളുടെ അവസ്ഥകണ്ട് ദയ തോന്നിയ അദ്ദേഹത്തിന്റെ സുഹൃത്തായ ശരീക് ബ്ൻ അദിയ്യ് ഞാൻ ജാമ്യം നിൽക്കാമെന്ന് പറഞ്ഞു. ഉടനെ അയാൾ വീട്ടിലേക്ക് ചെല്ലുകയും ചെയ്തു. വൈകുന്നേരമായപ്പോഴും അയാൾ മടങ്ങി വരുന്നത് കാണാതായപ്പോൾ നുഅ്മാൻ ജാമ്യക്കാരനോട് നിങ്ങളുടെ സമയമായെന്ന കാര്യം ഓർമിപ്പിച്ചു. രാജാവിന്റെ കൽപനക്കായി തല കുനിച്ച് ഒരു മണിക്കൂറോളം അദ്ദേഹം നിൽക്കുകയും അതിനിടെ അതിവേ​ഗത്തിൽ ത്വയ്യ് ​ഗോത്രക്കാരനായ മനുഷ്യൻ തിരിച്ചെത്തുകയും ചെയ്തു. രണ്ടുപേരുടെയും സമർപ്പണവും ത്യാ​ഗവും കണ്ട നുഅ്മാൻ ഇനി മുതൽ എന്റെയീ രീതി ഞാൻ ഇല്ലായ്മ ചെയ്യുന്നുവെന്ന് അവിടെനിന്ന് പ്രഖ്യാപിച്ചു.

​കഥ 5

ഇബ്നു കസീർ അൽ ബിദായതു വന്നിഹായയിൽ പറയുന്നു: നിങ്ങളെക്കാൾ ധർമിഷ്ടനായ ആരെങ്കിലും അറബികളിലുണ്ടോ എന്ന് ഹാത്വിമുത്താഇയോട് ആരോ ചോദിച്ചപ്പോൾ അറബികളെല്ലാം എന്നെക്കാൾ ധർമിഷ്ടരാണ് എന്നായിരുന്നു മറുപടി! പക്ഷേ, ഒരു ദിവസം രാത്രി ഞാൻ അനാഥനായ ഒരു കുട്ടിയുടെ അടുക്കൽ ചെല്ലുകയുണ്ടായി. നൂറ് ആടുകളുണ്ടായിരുന്നു അവന്. അതിലൊന്നിനെ അറുത്ത് എനിക്കുവേണ്ടി ഭക്ഷണമുണ്ടാക്കുകയും ചെയ്തു അവൻ. ഇതിന്റെ തലച്ചോറെത്ര നല്ലതാണെന്ന് ഞാൻ പറഞ്ഞു. കുട്ടി വീണ്ടും വീണ്ടും ചെന്ന് ഓരോരോ ആടിനെയുമായി അറുത്ത് കൊണ്ടുവന്നു.

അവസാനം ഞാൻ മതിയെന്നു പറഞ്ഞപ്പോൾ നൂറ് ആടുകളും തീർന്ന് അവനൊന്നും ബാക്കിയില്ലാതെ വന്നിരുന്നു. പിന്നീട് നിങ്ങളെന്ത് ചെയ്തുവെന്ന് ചോദിച്ചപ്പോൾ മുന്തിയ നൂറൊട്ടകങ്ങൾ ഞാനവന് പ്രതിഫലമായി നൽകിയെന്നദ്ദേഹം പറഞ്ഞു. അപ്പോൾ നിങ്ങളല്ലേ അവനെക്കാൽ മാന്യനെന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ഒരിക്കലുമല്ല. അവനാണ് എന്നെക്കാൾ മാന്യൻ. ഞാൻ കൊടുത്തത് എന്റെ സ്വത്തിന്റെ ചെറിയൊരു ഭാ​ഗം മാത്രമാണ്. അതേസമയം, അവൻ തന്നത് സ്വത്ത് മുഴുവനുമായിരുന്നു!

( അവസാനിച്ചു )

നബിയുടെ കൂടെ – 30

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles