Current Date

Search
Close this search box.
Search
Close this search box.

ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘ആരാണിയാൾ?’ അവർ എന്നോട് ‘മുന്നോട്ട് നീങ്ങുക’ എന്ന് പറഞ്ഞു

നബിയുടെ കൂടെ - 30

ഇമാം ബുഖാരി നിവേദനം ചെയ്യുന്നു. സമുറ ബിൻ ജുൻദുബ്(റ) പറഞ്ഞു. : “നിങ്ങളിൽ ആരെങ്കിലും എന്തെങ്കിലും സ്വപ്‌നം കണ്ടുവോ എന്ന് അല്ലാഹുവിന്റെ റസൂൽﷺ  കൂട്ടുകാരോട് ചോദിക്കുമായിരുന്നു. അപ്പോൾ അത് തുറന്ന് പറയപ്പെടാൻ അല്ലാഹു ഉദ്ധേശിച്ചവർ അത് റസൂലിനോട് പറയുമായിരുന്നു. ഒരു പ്രഭാതത്തിൽ അല്ലാഹുവിന്റെ റസൂൽﷺ  സ്വന്തം സ്വപ്‌നം ഇപ്രകാരം വിവരിച്ചു: ‘കഴിഞ്ഞ രാത്രിയിൽ സ്വപ്‌നത്തിൽ രണ്ടാളുകൾ എന്റെ അടുക്കൽ വന്നു. എന്നെ എഴുന്നേൽപിച്ചുകൊണ്ട് ‘പുറപ്പെടാം’ എന്ന് പറഞ്ഞു. ഞാൻ അവരോടൊപ്പം പുറപ്പെട്ടു. വഴിയിലൊരിടത്ത് ഒരാൾ കിടക്കുന്നത് കണ്ടു. മറ്റൊരാൾ ഒരു വലിയ കല്ല് ഉയർത്തിക്കൊണ്ട് അയാളുടെ തലയുടെ ഭാഗത്ത് നിൽക്കുന്നു. ആ കല്ലുകൊണ്ട് അയാളുടെ തല ചതയ്ക്കുകയാണ്. അപ്പോൾ ആ കല്ല് ഉരുണ്ടുപോവുകയും അയാൾ അതിനെ പിന്തുടർന്ന് അതിനെ തിരികെ എടുക്കുകയും ചെയ്യുന്നു. അയാൾ കിടക്കുന്ന ആ മനുഷ്യന്റെ തലക്ക് അടുത്തേക്ക് തിരിച്ചെത്തുമ്പോഴേക്കും അയാളുടെ തല പൂർവസ്ഥിതിയിൽ ആയിട്ടുണ്ടാകും. അയാൾ വീണ്ടും അയാളുടെ തലയിലേക്ക് കല്ല് എറിയും. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘ആരാണ് ഇവർ?’ അവർ പറഞ്ഞു: ‘മുന്നോട്ട് നീങ്ങുക.’

തുടർന്ന് അവർ മറ്റൊരാളുടെ പക്കലെത്തി. അയാൾ മലർന്ന് കിടക്കുകയാണ്. മറ്റൊരാൾ അയാളുടെ ശിരസ്സിന് സമീപം ഒരു ഇരുമ്പിന്റെ കൊളുത്തുമായി നിൽക്കുന്നു. അയാൾ ആ കൊളുത്ത് ആ മനുഷ്യന്റെ വായ്ക്കകത്ത് ഇട്ട് കവിളിന്റെ ഒരു വശം പുറകിലേക്ക് വലിക്കുന്നു. അതുപോലെ അയാളുടെ മൂക്കും പുറകിലേക്ക് വലിക്കുന്നു. അതുപോലെ കണ്ണും പുറകിലേക്ക് വലിക്കുന്നു. മുഖത്തിന്റെ മറ്റേഭാഗവും ഇതുപോലെ അയാൾ ചെയ്യുന്നുണ്ട്. ഒരുവശം മുഴുവനാക്കുമ്പോഴേക്കും മറുവശം പൂർവസ്ഥിതിയിൽ ആയിട്ടുണ്ടാകും. ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘സുബ്ഹാനല്ലാഹ്! ആരാണിവർ?’ അവർ എന്നോട് ‘മുന്നോട്ട് നീങ്ങുക’ എന്ന് പറഞ്ഞു.

അവർ യാത്ര തുടർന്നു. അവർ ഒരു വലിയ മണ്ണടുപ്പിന്റെ അടുത്തെത്തി. അതിന്റെ ഉള്ളിൽനിന്നും പലവിധ ശബ്ദകോലാഹലങ്ങൾ കേൾക്കുന്നുണ്ട്. ഞങ്ങൾ അതിനകത്തേക്ക് എത്തിനോക്കി. നഗ്‌നരായ സ്ത്രീപുരുഷന്മാർ അതിൽ ഉണ്ടായിരുന്നു. അതാ, ഒരു വലിയ തീനാളം താഴ്ഭാഗത്തുനിന്നും അവരെ സമീപിക്കുന്നു. അവർ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ട്. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘ആരാണിവർ?’ അവർ ‘മുന്നോട്ട് നീങ്ങുക’ എന്ന് പറഞ്ഞു.

അങ്ങനെ ഞങ്ങൾ ഒരു നദിയുടെ അടുത്തെത്തി. ആ നദിയിലെ ജലം രക്തംപോലെ ചുവന്നിട്ടായിരുന്നു. ആ നദിയിൽ ഒരാൾ നീന്തുന്നു. അതിന്റെ കരയിൽ മറ്റൊരാൾ കുറെ കല്ലുകളുമായി നിൽക്കുന്നു. നീന്തിക്കൊണ്ടിരിക്കെ തന്നെ അയാൾ കരയിലുള്ള മനുഷ്യന്റെ അടുത്തേക്ക് ചെല്ലുന്നു. അയാൾ വായ തുറക്കുമ്പോൾ കരയിലുള്ള ആൾ ഒരു കല്ല് അയാളുടെ വായിലേക്ക് ഇട്ടുകൊടുക്കുന്നു. അയാൾ അതുമായി വീണ്ടും നീന്തുന്നു. അയാൾ തിരികെ വരികയും ഇത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘ആരാണ് ഈ രണ്ട് വ്യക്തികൾ?’ അവർ എന്നോട് ‘മുന്നോട്ട് നീങ്ങുക’ എന്ന് പറഞ്ഞു.

പിന്നീട് ഞങ്ങൾ ഒരു മനുഷ്യന്റെ അടുത്തെത്തി. വിരൂപനായ ഒരാൾ. അതുപോലുള്ള വൈരൂപ്യം ആർക്കും കണ്ടിട്ടില്ല. അയാൾക്കരികിൽ അഗ്‌നിയുണ്ട്. അയാൾ അത് കത്തിച്ചുകൊണ്ട് അതിന് ചുറ്റും ഓടുന്നു. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘ആരാണിയാൾ?’ അവർ എന്നോട് ‘മുന്നോട്ട് നീങ്ങുക’ എന്ന് പറഞ്ഞു.

അങ്ങനെ ഞങ്ങൾ മുന്നോട്ട് നീങ്ങി. അപ്പോൾ വൃക്ഷങ്ങൾ ഇടതൂർന്ന ഒരു തോട്ടത്തിലെത്തി. എല്ലാത്തരം വർണങ്ങളും അതിലുണ്ട്. ആ തോട്ടത്തിന് നടുവിൽ പൊക്കമുള്ള ഒരു മനുഷ്യൻ നിൽക്കുന്നുണ്ട്. പൊക്കക്കൂടുതൽ കൊണ്ട് അയാളുടെ തല കാണാൻ കഴിയുന്നില്ല. അയാർക്ക് ചുറ്റും ധാരാളം കുട്ടികളുണ്ട്. ഞാൻ ചോദിച്ചു: ‘ആരാണിവർ?’ അവർ പറഞ്ഞു: ‘മുന്നോട്ട് നീങ്ങുക.’ അങ്ങനെ ഞങ്ങൾ വലിയ മറ്റൊരു തോട്ടത്തിനടുത്തെത്തി. ഞാൻ കണ്ടതിൽവെച്ച് ഏറ്റവും വലിയ തോട്ടം. എന്റെ സഹയാത്രികർ എന്നോട് പറഞ്ഞു: ‘താങ്കൾ മുകളിലേക്ക് കയറുക.’ അങ്ങനെ ഞങ്ങൾ മുകളിലേക്ക് കുറെ കയറിപ്പോയി. അവിടെ ഒരു നഗരത്തിലെത്തി. അത് നിർമിച്ചിരിക്കുന്നത് സ്വർണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൊണ്ടാണ്. ഞങ്ങൾ അതിന്റെ വാതിലിനടുത്തേക്ക് പോയിട്ട് പാറാവുകാരനോട് വാതിൽ തുറക്കുവാൻ ആവശ്യപ്പെട്ടു. അയാൾ വാതിൽ തുറന്നുതന്നു. ഞങ്ങൾ നഗരത്തിലേക്ക് കടന്നു. അതിൽ ഞങ്ങൾ കുറെ മനുഷ്യരെ കണ്ടു. അവരുടെ ശരീരത്തിന്റെ ഒരു വശം മനോഹരമായതും മറുവശം വിരൂപവും ആയിരുന്നു. എന്റെ സഹയാത്രികർ അവരോട് നദിയിലേക്ക് ചാടുവാൻ ആവശ്യപ്പെട്ടു. ആ നദി ആ നഗരത്തിന്റെ നടുഭാഗത്താണ് സ്ഥിതിചെയ്തിരുന്നത്. അതിലെ ജലം പാൽപോലെ വെളുത്തിരുന്നു. ആ മനുഷ്യർ അതിൽ മുങ്ങിക്കുളിച്ച് കയറിവന്നപ്പോൾ അവരുടെ വൈരൂപ്യമെല്ലാം മാറി സൗന്ദര്യമുള്ളതായി ത്തീർന്നു. നബിﷺ  അരുളി: ‘എന്റെ സഹയാത്രികർ എന്നോട് പറഞ്ഞു; അതാണ് ഏദൻ തോട്ടം. അവിടെയാണ് താങ്കളുടെ സ്ഥലം.’

ഞാൻ എന്റെ ദൃഷ്ടികൾ ഉയർത്തിനോക്കി. അതാ, അവിടെ വെളുത്ത മേഘം പോലെ ഒരു കൊട്ടാരം. എന്റെ സഹയാത്രികർ എന്നോട് പറഞ്ഞു: ‘ആ കൊട്ടാരം താങ്കളുടേതാണ്.’ ഞാൻ അവരോട് ചോദിച്ചു: ‘അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, ഞാൻ അതിലേക്ക് ഒന്ന് പ്രവേശിക്കട്ടെേയാ?’ അവർ പറഞ്ഞു: ‘ഇപ്പോൾ താങ്കൾ അതിൽ പ്രവേശിക്കില്ല. എന്നാൽ അടുത്തുതന്നെ താങ്കൾ അതിൽ പ്രവേശിക്കുന്നതാണ്.’ ഞാൻ അവരോട് പറഞ്ഞു: ‘ഇന്ന് ഞാൻ ഒരുപാട് ആശ്ചര്യമുളവാക്കുന്ന സംഭവങ്ങൾ കണ്ടു. ഞാൻ കണ്ടതിന്റെയെല്ലാം പൊരുൾ എന്താണ്?’ അവർ പറഞ്ഞു: ‘ഞങ്ങൾ പറഞ്ഞുതരാം. കല്ലുകൊണ്ട് തല ചതയ്ക്കപ്പെട്ടതായി നിങ്ങൾ കണ്ട ആ മനുഷ്യൻ ക്വുർആൻ പഠിച്ചയാളാണ്. പിന്നീട് അത് പാരായണം ചെയ്യുകയോ അതനുസരിച്ച് ജീവിക്കുകയോ ചെയ്തിട്ടില്ല. നിർബന്ധനമസ്‌കാരം പോലും നിർവഹിക്കാതെ അയാൾ ഉറങ്ങുമായിരുന്നു. സ്വന്തം വായും മൂക്കും കണ്ണും കൊളുത്തുകൊണ്ട് വലിക്കപ്പെട്ടവൻ, രാവിലെ വീട്ടിൽനിന്ന് പുറത്ത് പോവുകയും ലോകത്തിന്റെ എല്ലാഭാഗത്തും പരക്കുംവിധം കളവ് പറയുകയും ചെയ്യുന്ന ആളാണ്. (കെട്ടിച്ചമച്ച ഹദീസുകൾ, കിംവദന്തികൾ, തമാശക്ക് പറയുന്ന നുണകൾ ഇവയെല്ലാം ഇക്കാലത്ത് മൊബൈൽ ഫോൺ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും പരത്തുന്നവർ, അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് അറിയുന്നുണ്ടോ).

നഗ്‌നരായി കാണപ്പെട്ട പുരുഷന്മാരും സ്ത്രീകളും വ്യഭിചാരികളും വ്യഭിചാരിണികളുമാണ്. രക്തത്തിന്റെ നദിയിൽ നീന്തുകയും വായിൽ കല്ല് പതിക്കുകയും ചെയ്തയാൾ പലിശ തിന്നുന്ന ആളാണ്. ഭയാനക രൂപത്തിൽ തീ കത്തിച്ചിരുന്ന ആൾ നരകത്തിന്റെ പാറാവുകാരനായ മാലിക് ആകുന്നു! ക്വുർആൻ പറയുന്നു: ‘നരകവാസികൾ വിളിച്ച് കേഴും: മാലികേ, അങ്ങയുടെ നാഥൻ ഞങ്ങൾക്ക് ഇപ്പോൾ തന്നെ മരണം തന്നിരുന്നെങ്കിൽ നന്നായേനെ. മാലിക് പറയും: നിങ്ങളിവിടെത്തന്നെ താമസിക്കേണ്ടവരാണ്’ (സുഖ്‌റുഫ് 77).

തോട്ടത്തിന് നടുവിൽ നിന്നിരുന്ന ഏറെ ഉയരമുള്ള വ്യക്തി ഇബ്‌റാഹീം നബി(അ)യും അദ്ദേഹത്തിന്റെ ചുറ്റും കാണപ്പെട്ട ധാരാളം കുഞ്ഞുങ്ങൾ പ്രകൃതിമാർഗത്തിൽ മരിച്ച കുഞ്ഞുങ്ങളുമാണ്.

തദവസരം ഒരു സ്വഹാബി ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അപ്പോൾ ബഹുദൈവാരാധകരുടെ കുഞ്ഞുങ്ങളോ?’ റസൂലുല്ലാഹി അരുളി: ‘ബഹുദൈവാരാധകരുടെ കുഞ്ഞുങ്ങളുമുണ്ടായിരിക്കും.’

അവർ പറഞ്ഞു: താങ്കൾ കണ്ട പകുതി വിരൂപനും പകുതി സുന്ദരനുമായ വ്യക്തികൾ സൽകർമങ്ങളും ദുഷ്‌കർമങ്ങളും കൂട്ടിക്കലർത്തിയ ജനങ്ങളാണ്. എന്നാൽ അല്ലാഹു അവർക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു’’

ഗുണപാഠം 1

പ്രവാചകന്മാരുടെ സ്വപ്നം ദിവ്യബോധനത്തിന് സമാനമാണ്. ഈ ഹദീസിൽ നിന്ന് പ്രധാനമായി മനസ്സിലാക്കേണ്ട ഒരു പാഠം അതാണ്. പണ്ഡിതരുടെ ഏകോപനവും ഇതേ അഭിപ്രായത്തിന്മേലാണ്. അല്ലാത്ത അഭിപ്രായങ്ങളെ വിശുദ്ധ ഖുർആൻ തന്നെ റദ്ദ് ചെയ്യുകയും ചെയ്യുന്നു. ഇബ്രാഹിം നബി മകനെ അറുക്കുന്നത് സ്വപ്നം കാണുകയും കണ്ടത് പ്രകാരം ചെയ്യുകയെന്ന് മകൻ പറയുകയും ചെയ്യുന്നു. ഇതാണ് നബിമാരുടെ അവസ്ഥ. സാധാരണ ജനങ്ങളുടെ സ്വപ്നം മൂന്ന് രീതിയിലാവും. വിശ്വാസിക്ക് സന്തോഷ വാർത്ത അറിയിക്കുന്ന നല്ല സൂചനയുള്ള സ്വപ്നങ്ങളും ദുഷിച്ച സൂചനകളുള്ള സ്വപ്നങ്ങളുമാണ് രണ്ടു തരം. മൂന്നാമത് ഉള്ളത് സ്വന്തത്തോടുള്ള ആത്മഗതങ്ങൾ ദിവാസ്വപ്നമെന്ന പോലെ കാണലാണ്.

ഗുണപാഠം 2

ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന മറ്റൊരു ചോദ്യം സ്വപ്ന വ്യാഖ്യാനം എന്ന ജ്ഞാനശാഖ മറ്റെല്ലാ അറിവുകളും പോലെ ആർജിതമായ ഒന്നാണോ അല്ലെങ്കിൽ ദൈവികമായി മാത്രം ലഭിക്കേണ്ട ഒന്നാണോ എന്ന ചോദ്യമാണ്. എൻ്റെ ദീർഘമായ ഗവേഷണത്തിന് ശേഷം ബോധ്യമായൊരു കാര്യം അത് രണ്ടിനും ഇടയിൽ നിലകൊള്ളുന്നൊരു ശേഷിയാണെന്ന കാര്യമാണ്. അവയിൽ അധികവും അല്ലാഹു തോന്നിപ്പിച്ചു കൊടുക്കുന്ന കാര്യങ്ങളാവും. അദ്ദേഹത്തെ സ്വപ്ന വ്യാഖ്യാനം പഠിപ്പിക്കുന്നു എന്ന് യൂസുഫ് നബിയെ കുറിച്ച് പറഞ്ഞ ഭാഗങ്ങളിൽ വിശുദ്ധ ഖുർആൻ പറഞ്ഞിട്ടുണ്ട്. മറ്റുള്ള രീതിയിലുള്ള വ്യാഖ്യാനങ്ങൾ കൃത്യമായി പഠിച്ച് നിയമാനുസൃതമായി, ആളുകൾക്ക് അനുസരിച്ച് വേണം പറയാൻ.

ഒരിക്കൽ ഒരു വ്യക്തി ഇബ്നു സീരീൻ്റെ അടുക്കൽ വന്ന് ഞാൻ വാങ്കു വിളിക്കുന്നത് സ്വപ്നം കണ്ടു എന്ന് പറഞ്ഞു. വ്യാഖ്യാനമായി നിങ്ങൾ ഹജ്ജിന് പോകുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. മറ്റൊരാൾ വന്ന് അതേ സ്വപ്നം പറഞ്ഞപ്പോൾ നിങ്ങൾ മോഷ്ടിക്കുകയും ജയിലിൽ അകപ്പെടുകയും ചെയ്യും എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം. അത്ഭുതത്തോടെ ശിഷ്യന്മാർ കാര്യം തിരക്കിയപ്പോൾ അദ്ദേഹത്തിൻ്റെ മറുപടി ആദ്യത്തെ മനുഷ്യനിൽ നന്മയുടെ അടയാളങ്ങൾ കണ്ടതിനാൽ ജനങ്ങൾക്കിടയിൽ ഹജ്ജിൻ്റെ വിളംബരം ചെയ്യുക ( വ അദ്ദിൻ ഫിന്നാസി ബിൽ ഹജ്ജി) എന്ന സൂക്തം വെച്ചും രണ്ടാമത്തെ ആളിൽ തെമ്മാടിയുടെ അടയാളം കണ്ടതിനാൽ, ഏ സംഘമേ… നിങ്ങൾ മോഷ്ടാക്കളാണ് ( വ അദ്ദന മുഅദ്ദിനുൻ അയ്യതുഹൽ ഈറു ഇന്നകും ലസാരിഖൂൻ) എന്ന സൂക്തം വെച്ചുമാണ് ഞാൻ വിശദീകരിച്ചത് എന്നായിരുന്നു.

ചിലർക്ക് മാത്രം പ്രത്യേകമായി അല്ലാഹു കാണിച്ചു കൊടുക്കുന്ന ചില സ്വപ്നങ്ങളും കാണാം. ഉദാഹരണത്തിന് അസീസ് രാജാവ് കണ്ട വരൾച്ചയുടെ സ്വപ്നം സാധാരണ ഒരു മനുഷ്യൻ കാണാൻ സാധ്യത ഇല്ലാത്തതാണ്. അബ്ദുല്ലാ ബിൻ സുബൈർ ഒരു സ്വപ്നം കാണുകയും വേറെ ഒരാളെ സഈദ് ബിൻ മുസയ്യബിൻ്റെ അടുക്കൽ അയച്ചത് അദ്ദേഹത്തിൻ്റെ സ്വപ്നമല്ല എന്ന നിലക്ക് വ്യാഖ്യാനം ചോദിക്കാൻ ആവശ്യപ്പെട്ടു. സ്വപ്നം കെട്ട ഉടനെ അദ്ദേഹത്തിൻ്റെ മറുപടി, നിങ്ങളെ പോലെ ഒരാള് ഇങ്ങനെയൊരു സ്വപ്നം കാണില്ല. ഇത് വേറെ ആരുടെയോ സ്വപ്നമല്ലേ എന്നായിരുന്നു.

ഗുണപാഠം 3

ഉപര്യുക്ത ഹദീസ് പണ്ഡിതർ വിശദീകരിച്ചത് പ്രകാരം മരണാനന്തര ജീവിതത്തെ കുറിച്ചുള്ളതാണ്. ഖബ്ർ ശിക്ഷയും മറ്റും നിഷേധിക്കുന്നത് മതത്തിൽ നിന്ന് പുറത്താക്കുന്ന ഒന്നല്ല എങ്കിലും നൂറോളം തെളിവുകൾ അതേക്കുറിച്ച് പല ഇടങ്ങളിലായി വന്നിട്ടുള്ളതാണ്. പരലോക ജീവിതത്തിലെ ആദ്യ ഗേഹമാണല്ലോ അത്. ഒന്നുകിൽ സ്വർഗവും അല്ലെങ്കിലും നരകവും അവിടെ അനുഭവിക്കാം. മയ്യിത്തിൻ്റെ എല്ലുകൾ കണ്ട് എവിടെയാണ് മനുഷ്യൻ മരണശേഷം സുഖങ്ങൾ അനുഭവിക്കുന്നത് എന്ന് ചോദിക്കുന്നവർ ശരീരവും ആത്മാവും തമ്മിലുള്ള അന്തരം മനസ്സിലാക്കാത്ത പ്രശ്നമാണ്. ആത്മാവും ശരീരവും തമിലുള്ള ബന്ധം വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോവുന്നതാണ്. അതിനെ ഇങ്ങനെ സംഗ്രഹിക്കാം.

ഒന്നാമതായി ഇല്ലായ്മയുടെ ഘട്ടം. ആദം നബിയെ പടക്കുന്നതിന് മുമ്പുള്ള അവസ്ഥയാണത്. രണ്ടാമതായി, ആത്മാക്കളെ എല്ലാം ഒറ്റയായി അല്ലാഹു സൃഷ്ടിച്ച ശേഷം ഞാൻ നിങ്ങളുടെ റബ്ബല്ലേ എന്ന് ചോദിക്കുകയും ആത്മാക്കൾ ഒന്നടങ്കം അതേ എന്ന് സാക്ഷ്യം പറയുകയും ചെയ്ത ഘട്ടം. മൂന്നാമതായി, ദുനിയാവിലെ ഘട്ടം. ആത്മാവ് ശരീരത്തിൽ നിക്ഷേപിക്കപ്പെടുന്നത് മുതൽ അത് തിരിച്ച് എടുക്കപ്പെടുന്നത് വരെയുള്ള സമയം. നാലാമതായി, ബർസഖ്. മരണം മുതൽ പുനർജന്മം വരെ. അഞ്ചാമത്, അനശ്വരതയുടെ ഘട്ടം. വിചാരണയ്ക്ക് ശേഷം സ്വർഗമോ നരകമോ നിർണയിക്കപ്പെടുകയും അതിൽ കാലാകാലം കഴിയുകയും ചെയ്യേണ്ടി വരുന്ന ഘട്ടം.

ഇതിൽ ഓരോ ഘട്ടത്തിലും ആത്മാവിന് ശരീരവുമായി ഉള്ള ബന്ധം വ്യത്യാസപ്പെടുന്നു എന്നത് കാണാം. ആദ്യ ഘട്ടത്തിൽ ഒന്നും ഇല്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ ശരീരം ഇലത്തെ ആത്മാവ് മാത്രമാണ്. മൂന്നാമത് ഘട്ടത്തിൽ വേദനയും സുഖവും ശരീരത്തിനാണ്. ആത്മാവ് അതിനെ തുടർന്ന് വരുന്ന ഒന്ന് മാത്രമാണ്. നാലാമത് ഘട്ടത്തിൽ സുഖവും ശിക്ഷയും ആത്മാവിനാണ്. ശരീരം അതിനെ തുടർന്ന് വരുന്ന ഒന്ന് മാത്രമാണ്. അഞ്ചാമത് അനശ്വരതയുടെ ഘട്ടത്തിൽ എല്ലാം ശരീരവും ആത്മാവും ചേർന്ന് ഒരുമിച്ചാവും അനുഭവിക്കുക.

ഗുണപാഠം 4

പ്രതിഫലം കർമത്തിൻ്റെ ഭാഗമാക്കി എന്നതാണ് അല്ലാഹുവിൻ്റെ നീതിയുടെ വലിയ നിദർശനം. പരലോകത്ത് ശിക്ഷ അനുഭവിക്കുന്ന ഓരോരുത്തരെ നോക്കുക. ചെയ്തതിന് തുല്യമായ ഒന്നാവും അവരൊക്കെ അനുഭവിക്കുന്നത്. ആദ്യം പരാമർശിച്ച ഹദീസിൽ പറഞ്ഞിട്ടുള്ളത് അത്തരം ശിക്ഷാ രീതികളാണ്. ഖുർആൻ നിരാകരിക്കുന്ന ആൾക്കാർക്കും നമസ്‌കരിക്കാതെ ഉറങ്ങുന്നവർക്കും തലവെട്ട് ശിക്ഷയാണ് അതിൽ പറഞ്ഞിട്ടുള്ളത്. കാരണം തലയാണല്ലോ സുജൂദിൻ്റെ സ്ഥാനം. സമാനമായി ഓരോ ശിക്ഷാ രീതികളും പരിശോധിച്ചാൽ ചെയ്യുന്ന തെറ്റിൻ്റെ പ്രഭവ സ്ഥാനവുമായി അതിനു ബന്ധം കാണാം.

ഗുണപാഠം 5

അല്ലാഹുവിൻ്റെ അനുഗ്രഹത്തിൽ ഒരിക്കലും സംശയം പ്രകടിപ്പിക്കാതിരിക്കുക. അതിനും മുമ്പ് അല്ലാഹു നീതിമാനാണ് എന്ന കാര്യം ഓർക്കുക. ഉപര്യുക്ത ഹദീസിൽ അല്ലാഹുവിൻ്റെ നീതിയും അനുഗ്രഹവും ഒരുപോലെ തെളിഞ്ഞു കാണാം. കളവ് പറഞ്ഞ ഒരാൾക്ക് മാപ്പ് നൽകുമ്പോൾ കളവ് വരുത്തിവെച്ച വിനകൾ ഒന്ന് ഓർത്തു നോക്കുക. എന്നിട്ട് അതെല്ലാം വിചാരണയോ ശിക്ഷയോ ഇല്ലാതെ വിടാൻ പറ്റിയ ഒന്നാണോ എന്ന് ആലോചിക്കുക. വ്യഭിചാരം ചെയ്ത ഒരാൾക്ക് മാപ്പ് നൽകുമ്പോൾ അത് വരുത്തിവെച്ച ദോഷങ്ങൾ ഒന്നോർക്കുക. എന്നിട്ട് അതെല്ലാം വിചാരണയോ ശിക്ഷയോ ഇല്ലാതെ വിടാൻ പറ്റിയ ഒന്നാണോ എന്ന് ആലോചിക്കുക. പലിശ അടക്കമുള്ള ഓരോ ദോഷങ്ങളെ കുറിച്ചും ഇപ്രകാരം ആലോചിക്കുക. അപ്പോള് ബോധ്യമാവും അതിൻ്റെ ഗൗരവം.

ഗുണപാഠം 6

വിശുദ്ധ ഖുർആൻ എന്തിനാണ് അവതരിക്കപ്പെട്ടത് എന്ന കാര്യം പ്രഥമമായി നാം മനസ്സിലാക്കേണ്ട ഒന്നാണ്. മരിച്ചവർക്ക് വേണ്ടി പാരായണം ചെയ്യാൻ എന്നതിലേറെ ജീവിക്കുന്നവർക്കുള്ള സമ്പൂർണ ജീവിത രീതിയും ഭരണഘടനയുമായാണ് ഖുർആൻ വന്നിട്ടുള്ളത്. അതിനനുസരിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ നമ്മുടെ ഇസ്ലാം പൂർണമാവൂ. ഇസ്‌ലാം പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങളും, കൽപനകളോ വിലക്കുകളോ ആവട്ടെ, നമുക്ക് ഇഷ്ടപ്പെടട്ടെ, പെടാതിരിക്കട്ടെ, സമ്പൂർണമായി എല്ലാം അനുഷ്ഠിക്കുക എന്നത് മാത്രമാണ് നമ്മുടെ ബാധ്യത. ഖുർആനെ സ്വീകരിക്കുക എന്നാല് അത് പാരായണം ചെയ്യൽ മാത്രമല്ല, ഇതൊക്കെ അനുഷ്ഠിക്കൽ കൂടിയാണ്.

ഗുണപാഠം 7

കളവ് ഹറാം ആണെന്നതിലുപരി അത് മനുഷ്യത്വത്തെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്. അറബികൾ ജാഹിലിയ്യാ കാലത്ത് വലിയ മനുഷ്വതത്തിൻ്റെ ആളുകൾ ആയിരുന്നല്ലോ. ശത്രുക്കളായ അബൂ ജഹ്‌ലും അബൂ സുഫ്യാനുമെല്ലാം എന്തൊക്കെ വന്നാലും കളവ് പറഞ്ഞിരുന്നില്ല. സത്യം പറയല് നന്മയായത് കൊണ്ട് അത് നാം ചെയ്യുന്നു, കളവ് ഹറാം ആയത് കൊണ്ട് നാം ഉപേക്ഷിക്കുന്നു എന്നത് ശരിതന്നെ. അതിനപ്പുറം മനുഷ്യത്വം കൂടും എന്ന അർഥത്തിൽ നന്മ ചെയ്യാനും അത് കുറയും എന്നതിനാൽ തിന്മ ഉപേക്ഷിക്കാനും ശീലിക്കുക.

ഗുണപാഠം 8

ജനങ്ങളുടെ അഭിമാനം വെച്ച് കളിക്കാതിരിക്കുക. അല്ലാഹുവിൻ്റെ ശക്തിക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ മാത്രം ശേഷി നിനക്കില്ലല്ലോ. ഈ ദുനിയാവ് നാം ചെയ്തതിനെല്ലാം പകരം തരിക തന്നെ ചെയ്യും. മറ്റുള്ളവരുടെ അഭിമാനം ഇല്ലായ്മ ചെയ്ത് സ്വന്തം അഭിമാനം നന്നാക്കാൻ ശ്രമിക്കരുത്.

ഗുണപാഠം 9

വിരൂപമായി അല്ലാഹു പടച്ചിട്ടുള്ള ആൾ നരകത്തിൻ്റെ മാലാഖ മാലികി (റ) നെയാണ്. അല്ലാഹുവിന് നല്ല രൂപത്തിൽ പടക്കാൻ ശേഷി ഇല്ലാത്തത് കൊണ്ടല്ല അത്. മറിച്ച് നരകവാസികളുടെ ശിക്ഷയിൽ കൂടുതൽ സ്വാധീനം ചെലുത്താൻ വേണ്ടിയാണ്. നല്ല മുഖം ജനങ്ങൾക്ക് സന്തോഷം നൽകുമെന്ന പോലെ വിരൂപ രൂപം ജനങ്ങൾക്ക് സങ്കടവും നൽകും. ദുനിയാവിലെ സൗന്ദര്യവും വിരൂപവും അല്ലാഹുവിൻ്റെ പരീക്ഷണം തന്നെ. നന്ദി പ്രകാശനം ചെയ്യുകയും ക്ഷമിക്കുകയും ചെയ്യുക. നിശ്ചയം ഈ ലോകം പരീക്ഷണശാല തന്നെ!

 

നബിയുടെ കൂടെ – 29

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles