Current Date

Search
Close this search box.
Search
Close this search box.

അസൂയ ഹതാശരുടെ പിടിവള്ളിയാണ്

അസൂയയുടെമേല്‍ ആശ്രയിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ അവരുടെ എല്ലാ തെറ്റുകളെയും പിഴവുകളെയും ന്യായീകരിച്ചുകൊണ്ടിരിക്കും. അസൂയകൊണ്ടായിരിക്കും അവരതിനെയെല്ലാം നേരിടുക. ഏല്‍പിക്കപ്പെടുന്ന ചുമതലകളില്‍ പരാജയപ്പെടുകയും അതിന്റെ പേരില്‍ ആരെങ്കിലും അവരെ പ്രകോഭിപ്പിച്ചാല്‍ അസൂയകൊണ്ട് അവരതിന് പുതിയ ന്യായീകരണം കണ്ടെത്തുകയും ചെയ്യും. യഥാര്‍ഥത്തില്‍ അവര്‍ അതിശയോക്തി കാണിക്കുകയാണോ അതോ സത്യം അവരുടെ ഭാഗത്താണോ?

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അസൂയയെയും അസൂയാലുക്കളെയും തന്റെ മുന്നോട്ടുള്ള വഴിയിലുള്ളൊരു പ്രതിസന്ധിയായി കണക്കാക്കരുതെന്നാണ് അടിസ്ഥാന തത്വം. അതിനെയെല്ലാം അവഗണിച്ച് അല്ലാഹുവില്‍ ഭരമേല്‍പിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. മാത്രമല്ല, അസൂയയില്‍ നിന്നും അസൂയാലുക്കളില്‍ നിന്നുമെല്ലാം അല്ലാഹുവിനോട് കാവല്‍ ചോദിക്കുകയും വേണം. അത്തരം പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തിയും ഒരു മുസ്‌ലിം കൈവരിക്കണം. അതേസമയം, കണ്ണുകൊണ്ടുള്ള അസൂയയെന്നത് ഒരു യാഥാര്‍ഥ്യമാണ്. നബി(സ്വ) പറയുന്നു: ‘കണ്‍നോട്ടം സത്യമാണ്. ഏതെങ്കിലുമൊരു കാര്യം നിശ്ചിത തീരുമാനത്തെ മറികടന്നിട്ടുണ്ടെങ്കില്‍ അത് കണ്‍നോട്ടം മാത്രമാണ്’.

എന്താണ് അസൂയ?

അന്യന്റെ അനുഗ്രഹം ഇല്ലാതായിപ്പോയിരുന്നെങ്കിലെന്ന് ആഗ്രഹിക്കലാണ് അസൂയ. ആ അനുഗ്രഹം അവനിലേക്ക് തിരികെ ലഭിക്കണമെന്ന് ആഗ്രഹിച്ചാലും ഇല്ലെങ്കിലും അത് അസൂയ തന്നെയാണ്. എന്നാല്‍, മേല്‍പറഞ്ഞവ മാത്രമായി അസൂയയെ ചുരുക്കാനും പറ്റില്ല. അന്യന് ലഭിച്ച അനുഗ്രഹം നീങ്ങിപ്പോയതിലോ ആപത്ത് വന്നതിലോ ഉള്ള സന്തോഷം, മറ്റൊരുത്തന് എന്തെങ്കിലും അനുഗ്രഹമോ നന്മയോ കൈവരിക്കാനായതിലുള്ള സങ്കടം എന്നിവയും അസൂയയുടെ ഭാഗമാണെന്ന് മാത്രമല്ല അതെല്ലാം ആക്ഷേപാര്‍ഹവുമാണ്. സത്യനിഷേധികളെക്കുറിച്ച് പറയുന്നൊരിടത്ത് അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്കെന്തെങ്കിലും നന്മ കിട്ടുമ്പോള്‍ അവരതില്‍ വിഷമിക്കും, തിന്മയുണ്ടാകുമ്പോള്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും'(ആലു ഇംറാന്‍: 120). മറ്റുള്ളവരിലേക്ക് നന്മ എത്തരുതേ എന്ന ആഗ്രഹവും അസൂയ തന്നെയാണ്. ഇവിടെയുള്ള ആഗ്രഹമെന്ന് പറഞ്ഞത് നന്മ തീരെ കിട്ടരുതെന്നും അല്ലെങ്കില്‍ കിട്ടിയതിന് ശേഷം നഷ്ടപ്പെടണമെന്നുമാണ്.

അസൂയ ഹൃദയത്തിന്റെ പ്രവര്‍ത്തിയാണ്. കാരണം, അനുഗ്രഹം കിട്ടിയവനില്‍ നിന്നത് നഷ്ടമാകുകയെന്ന അല്ലെങ്കില്‍ തീരെ ലഭിക്കരുതെന്ന ആഗ്രഹം മാത്രമാണത്. അനുഗ്രഹം ലഭ്യമായതിലുള്ള വിഷമവും അതില്‍ പെട്ടതാണ്. ഇതെല്ലാം ഹൃദയത്തിന്റെ പ്രവര്‍ത്തികളാണ്. തീ വിറകുകൊള്ളികളെയെന്ന പോലെ അസൂയ നമ്മുടെ നന്മകളെ വിഴുങ്ങിക്കളയും. നബി(സ്വ) പറയുന്നു: ‘തീ വിറകിനെയെന്നപോല്‍ അസൂയ നന്മകളെ തിന്നുകളയും’.

അസൂയയുടെ(ഹസദ്) മറ്റൊരു രീതിയാണ് മറ്റൊരാള്‍ക്ക് ലഭിക്കുന്ന അനുഗ്രഹം അവനില്‍ നന്നും നഷ്ടപ്പെടാതെത്തന്നെ തനിക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുക(ഗിബ്ത്വത്ത്). ഹാസിദായാലും ഗാബിത്തായാലും എല്ലാവരും മറ്റൊരാളുടെ അനുഗ്രഹത്തിലേക്കാണ് നോക്കുന്നത്. ഗിബ്ത്വത്ത് എന്ന് പറഞ്ഞാല്‍ മറ്റൊരാള്‍ക്ക് ലഭിച്ച അനുഗ്രഹം അയാളില്‍ നിന്നും നഷ്ടപ്പെടണമെന്ന് ആഗ്രഹിക്കാതെ തന്നെ തനിക്കും ലഭിക്കണമെന്ന് ആഗ്രഹിക്കലാണ്. ഇത്തരം ആഗ്രഹത്തെ മാത്സര്യബുദ്ധിയായാണ് പരിഗണിക്കപ്പെടുക. നന്മയുടെ കാര്യത്തിലാണാ ആഗ്രഹമെങ്കിലത് സ്ത്യുതര്‍ഹമാണ്, അല്ലായെങ്കില്‍ ആക്ഷേപാര്‍ഹവും.

ഗിബ്ത്വത്തിനെക്കുറിച്ച് ഹസദെന്ന് ആലങ്കാരികമായി പറയാറുണ്ട്. നബി(സ്വ) പറയുന്നു: ‘രണ്ട് ആളുകളോടല്ലാതെ ഹസദില്ല: അല്ലാഹു തനിക്ക് നല്‍കിയ സമ്പാദ്യത്തെ സത്യത്തിന്റെ മാര്‍ഗത്തില്‍ ചിലവഴിച്ച വ്യക്തിയാണ് ഒന്ന്. അല്ലാഹുവില്‍ നിന്ന് ജ്ഞാനം നല്‍കപ്പെടുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും പഠിപ്പിക്കകുയം ചെയ്യുന്ന വ്യക്തിയാണ് രണ്ടാമത്തേത്’. ഇവിടെ ഹസദെന്നത് കൊണ്ടുള്ള ഉദ്ദേശം ഗിബ്ത്വത്താണ്. കാരണം രണ്ടു പേര്‍ക്കുമുള്ളത് പോലെ തനിക്കും ലഭിക്കണമെന്നാണ് ഇവിടെ ആഗ്രഹിക്കുന്നത്. അതല്ലാതെ ലഭ്യമായ അനുഗ്രഹം ഇല്ലാതായിപ്പോകാനുള്ള താല്‍പര്യമല്ല.

നിര്‍ണിതമായ ദൈവികാനുഗ്രഹം

അസൂയ നന്മകളെ കാര്‍ന്നു തിന്നുകയും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും. അല്ലാഹു അവന്റെ ഐഹിക അനുഗ്രഹങ്ങള്‍ സകലവും ഒരാളില്‍ മാത്രം ഒരുമിപ്പിച്ചിട്ടില്ല. ചിലര്‍ക്ക് സമ്പാദ്യവും സന്താനവും നല്‍കപ്പെട്ടേക്കാം, പക്ഷേ ആരോഗ്യം നല്‍കപ്പെടണമെന്നില്ല. ചിലര്‍ക്ക് സമ്പാദ്യവും ആരോഗ്യവും നല്‍കപ്പെട്ടേക്കാം, പക്ഷേ സന്താനം നല്‍കപ്പെടണം എന്നില്ല. ചിലര്‍ക്ക് സന്താനവും ആരോഗ്യവും നല്‍കപ്പെട്ടേക്കാം, പക്ഷേ സമ്പാദ്യം നല്‍കപ്പെടണമെന്നില്ല. ചിലപ്പോള്‍ ഇവമൂന്നും നല്‍കപ്പെടുമെങ്കിലും സുസ്ഥിരമായ അനുഗ്രഹമോ സ്ഥായിയായ വിജയമോ സന്തോഷമോ വിദൂരത്തായേക്കാം.

ഒന്നോ അതില്‍ കൂടുതലോ അനുഗ്രഹം നല്‍കപ്പെട്ട ആളുകള്‍ക്ക് മറ്റു ചില അനുഗ്രഹങ്ങള്‍ നിഷേധിക്കപ്പെട്ടേക്കാം. ചില അനുഗ്രഹങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ തങ്ങള്‍ക്ക് ലഭിക്കാത്ത മറ്റുള്ളവരുടെ അനുഗ്രഹങ്ങളിലേക്ക് നോക്കേണ്ടതില്ല. കാരണം, നിലവില്‍ തനിക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതില്‍ നിന്നും അവനെയത് അശ്രദ്ധമാക്കിയേക്കാം. അല്ലെങ്കില്‍ അപരന്റെ അനുഗ്രഹങ്ങള്‍ നഷ്ടപ്പെട്ടു പോകുന്നതിനുള്ള ആഗ്രഹം അവനില്‍ തളിര്‍ത്തേക്കാം.

അല്ലാഹു പറയുന്നത് കാണുക: ‘ചിലരെക്കാള്‍ മറ്റുചിലര്‍ക്ക് അല്ലാഹു നല്‍കിയ ഔദാര്യം സ്വന്തമാക്കാന്‍ നിങ്ങള്‍ വ്യാമോഹിക്കരുത്. പുരുഷന്മാര്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് അവര്‍ക്കും സ്ത്രീകള്‍ പ്രവര്‍ത്തിച്ചതില്‍ നിന്നു അവര്‍ക്കുമുണ്ടാകും. നിങ്ങള്‍ ദിവ്യാനുഗ്രഹങ്ങളില്‍ നിന്ന് അല്ലാഹുവിനോടു ചോദിക്കുക'(നിസാഅ്: 32), ‘അവരില്‍ വിവിധ വിഭാഗങ്ങള്‍ക്ക് – അവരെ പരീക്ഷിക്കാനായി – നാം നല്‍കിയ ഭൗതിക ജീവിതാലങ്കാരങ്ങളിലേക്ക് താങ്കള്‍ കണ്ണു നീട്ടേണ്ട (49) താങ്കളുടെ നാഥന്‍ തരുന്ന ഉപജീവനമത്രേ ഏറ്റം ഉദാത്തവും ശാശ്വതവും'(ത്വാഹാ: 131).

അനുഗ്രഹത്തില്‍ തന്നെക്കാള്‍ മുകളിലുള്ളവരിലേക്കല്ല, മറിച്ച് താഴെയുള്ളവരിലേക്കാണ് നോക്കേണ്ടത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മറന്നുപോകാതിരിക്കാന്‍ അത് സഹായകമാകും. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു, നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളേക്കാള്‍ താഴ്ന്ന നിലയിലുള്ളവരിലേക്ക് നോക്കുക. നിങ്ങളേക്കാള്‍ മുകളിലുള്ളവരിലേക്ക് നോക്കരുത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിസാരവല്‍ക്കരിക്കാതിരിക്കാന്‍ ഏറ്റവും നല്ലത് അതാണ്’.

ഇഹലോകത്തായിരിക്കുന്ന കാലത്തോളം മനുഷ്യന്‍ തന്നെക്കാള്‍ താഴ്ന്ന നിലയിലുള്ള ആളുകളെ കണ്ടുമുട്ടുക തന്നെ ചെയ്യും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെല്ലാം ഒരാള്‍ക്ക് തന്നെ നേടിയെടുക്കാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കാന്‍ അതിനെക്കുറിച്ച് ആലോചിച്ചാല്‍ മാത്രം മതി. അങ്ങനെയാകുമ്പോള്‍ നല്‍കപ്പെട്ട അനുഗ്രഹങ്ങള്‍ക്ക് മനുഷ്യന്‍ സദാ നന്ദിയുള്ളവനായിത്തീരും. എന്നാല്‍ തന്നെക്കാള്‍ മുകളിലുള്ള ആളിലേക്ക് നോക്കുന്നത് അത് അസൂയയുടെ നോട്ടമാണ്.

അസൂയാലു നിഷ്‌ക്രിയനാണ്

അസൂയയിലേക്ക് അഭയം തേടുന്നവരും അപരനിലേക്ക് നോക്കുന്നവരും മാനസിക തകരാറുള്ളവരാണ്. പ്രവര്‍ത്തനങ്ങളില്‍ നിഷ്‌ക്രിയത്വം ബാധിച്ചവരാണവര്‍. അവനെ സംബന്ധിച്ചിടത്തോളം, അപരന്റെ അനുഗ്രഹം നീങ്ങിപ്പോകുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുന്നതിന് പകരം സ്വന്തം വിജയത്തിനും ഉയര്‍ച്ചക്കും കാരണമായേക്കാവുന്ന കാര്യങ്ങളില്‍ പരിശ്രമിക്കലാണ് അവനേറ്റവും നല്ലത്. നിരാശയുടെയും മടുപ്പിന്റെയും അനാവശ്യ ഫലം കൊയ്‌തെടുക്കുന്നതിലും നല്ലത് അത് തന്നെയാണ്.

അവന്‍ സ്വയം അധ്വാനിക്കുകയും ജീവിതത്തിന് വെളിച്ചം പകരുന്ന ഒരു തൈ വെച്ചുപിടിപ്പിക്കുകയും ചെയ്യട്ടെ. ഇരുട്ടിലായിരിക്കുന്നതിലും നല്ലത് ഒരു മെഴുകുതിരി വെട്ടമെങ്കിലും കത്തിച്ചുവെക്കുന്നതാണ്. ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ശൈഖ് മുഹമ്മദ് മുതവല്ലി അശ്ശഅറാവി അതിനൊരു ഉദാഹരണം പറയുന്നുണ്ട്: ഒരു കുട്ടി നിങ്ങളുടെ നാട്ടില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുകയും മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ നേടുകയും ചെയ്‌തെന്ന് വിചാരിക്കുക. താങ്കളുടെ മകനാണെങ്കില്‍ അതിന് ഭാഗ്യവുമുണ്ടായില്ല. അക്കാരണത്താല്‍ ആ കുട്ടിയോടും അവന്റെ പിതാവിനോടും അസൂയ നടിക്കുന്നതില്‍ വല്ല അര്‍ഥവുമുണ്ടോ? സ്വന്തം നാട്ടില്‍ ഡോക്ടറാകാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതിലും നല്ലത് മറ്റൊരു നാട്ടില്‍ പോയി പരിശ്രമിക്കുന്നതല്ലേ? അസൂയാലുക്കള്‍ വിഡ്ഢികളാണ്. അവര്‍ അവര്‍ സമൂഹത്തിന്റെയും അവരുടെത്തന്നെയും നന്മക്ക് വിപരീത ദിശയിലൂടെയാണ് സഞ്ചരിക്കുക.

അസൂയയും അല്ലാഹുവിനോട് എതിരിടുന്ന, അവന്റെ അധികാരത്തോട് മുഖം തിരിക്കുന്ന രീതികളില്‍ പെട്ടതാണ്. അല്ലാഹു തന്റെ അടിമക്ക് നല്‍കിയ അനുഗ്രഹത്തില്‍ വെറുപ്പ് പ്രകടിപ്പിക്കുന്നവനാണ് അസൂയാലു. അത് അല്ലാഹുവിന്റെ തീരുമാനത്തിനും നിശ്ചയിത്തിനും ഇഷ്ടത്തിനും വിരുദ്ധമാണ്. അതുകൊണ്ടാണ് ഇബ്‌ലീസ് അല്ലാഹുവിന്റെ ശത്രുവായി മാറിയത്. അഹങ്കാരവും അസൂയയുമായിരുന്നു ഇബ്‌ലീസിന്റെ തെറ്റ്.

തന്റെ സഹോദരങ്ങളുടെ അസൂയകൊണ്ട് പരീക്ഷിക്കപ്പെട്ടവരാണ് മഹാനായ യൂസുഫ് നബി. ആ സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്: ‘അവര്‍ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: യൂസുഫും അവന്റെ പൂര്‍ണ സഹോദരന്‍ ബിന്‍യാമീനുമാണ് ബാപ്പാക്ക് നമ്മെക്കാള്‍ ഏറ്റം പ്രിയങ്കരര്‍; നാമാകട്ടെ ഒരു സംഘമുണ്ട്താനും. വ്യക്തമായി വഴിവിട്ട നിലപാടില്‍ തന്നെയാണ് ബാപ്പയുള്ളത്'(യൂസുഫ്: 8), പിതാവിന് അദ്ദേഹത്തോട് പ്രത്യേക മമത ഉണ്ടായിരുന്നതിന് സഹോദരങ്ങള്‍ അസൂയാലുക്കളായി. അതുകൊണ്ടാണ് യഅ്ഖൂബ് നബി യൂസുഫ് നബിയോട് പറഞ്ഞത്: ‘ബാപ്പ പ്രതികരിച്ചു: എന്റെ കുഞ്ഞു മകനേ, സഹോദരന്‍മാരോട് നിന്റെ ഈ സ്വപ്നവൃത്താന്തം പറയരുതേ; അവര്‍ നിനക്കെതിരെ എന്തെങ്കിലും കുതന്ത്രം പ്രയോഗിക്കും. പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രു തന്നെയത്രേ'(യൂസുഫ്: 5). യൂസുഫ് നബി സ്വപ്‌നം അവരോട് പറഞ്ഞതോടെ അവരദ്ദേഹത്തെ അക്രമിക്കാനും കിണറ്റിലിട്ട് കൊല്ലാനും സത്യനിഷേധികളുടെ നാട്ടിലേക്ക് കച്ചവടത്തിന് പോകുന്നവര്‍ക്ക് അടിമയായി വില്‍ക്കാനും ശ്രമിച്ചു. അവസാനമദ്ദേഹം സത്യനിഷേധികളുടെ രാജാവായി മാറി.

ഹസനുല്‍ ബസ്വരി ഒരിക്കല്‍ ചോദിക്കപ്പെട്ടു: സത്യവിശ്വാസി അയൂയ വെക്കുമോ? അദ്ദേഹം പറഞ്ഞു: യൂസുഫ് നബിയുടെ സഹോദരങ്ങളെ അത്രവേഗം നീ മറന്നുപോയോ? യൂസുഫ് നബിയിലേക്ക് കൈകളുയര്‍ത്തിയാല്‍ പോലും അദ്ദേഹം ഇവരെ അക്രമിക്കുമായിരുന്നില്ല. എന്നിട്ടും ഹൃദയത്തില്‍ വല്ലാതെ മാനസിക പ്രയാസമനുഭവിച്ചിരുന്നവരായിരുന്നു അവര്‍.

യഹൂദികളെക്കുറിച്ച് അല്ലാഹു പറയുന്നു: ‘നിങ്ങള്‍ വിശ്വാസികളായിക്കഴിഞ്ഞ ശേഷം നിഷേധികളായിത്തീര്‍ന്നിരുന്നെങ്കില്‍ എന്ന് വേദക്കാരില്‍ മിക്കവരും-സത്യം സ്പഷ്ടമായിക്കഴിഞ്ഞിട്ടും അസൂയ നിമിത്തം-ആഗ്രഹിച്ചുപോവുകയാണ്. അതിനാല്‍ സ്വന്തം തീരുമാനം അല്ലാഹു നടപ്പാക്കുന്നതു വരെ നിങ്ങളവരോട് പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. അല്ലാഹു സര്‍വകാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെയാകുന്നു'(ബഖറ: 109).

അയൂസമൂലം നിങ്ങള്‍ സത്യനിഷേധികളായിരുന്നെങ്കിലെന്ന് അവര്‍ ആഗ്രഹിക്കും. യാഥാര്‍ഥ്യമെന്താണെന്ന് വ്യക്തമായിട്ടും സത്യവിശ്വാസികളോടുള്ള അവരുടെ സ്‌നേഹത്തിനുള്ള കാരണമായി വര്‍ത്തിക്കുന്നത് അസൂയയാണ്. തങ്ങള്‍ക്ക് ലഭിക്കാത്ത അനുഗ്രഹം സത്യവിശ്വാസികള്‍ക്ക് ലഭിച്ചത് ഉള്‍കൊള്ളാന്‍ സാധ്യമാകാതെ വന്നതാണ് അവരെ അസൂയാലുക്കളാക്കിയത്.

മറ്റൊരു സൂക്തത്തില്‍ കാണാം: ‘തന്റെ ഔദാര്യത്തില്‍ നിന്നു അല്ലാഹു കൊടുത്തതിന്റെ പേരില്‍ ജനങ്ങളോടവര്‍ അസൂയപ്പെടുകയാണോ? എങ്കില്‍ ഇബ്രാഹീം കുടുംബത്തിന് വേദവും തത്ത്വജ്ഞാനവും പ്രൗഢാധിപത്യവും നാം നല്‍കിയിട്ടുണ്ട്. എന്നിട്ട് അതില്‍ വിശ്വസിച്ചവര്‍ അവരിലുണ്ട്. പുറം തിരിഞ്ഞവരുമുണ്ട് അവരില്‍; കത്തിജ്ജ്വലിക്കുന്ന നരകാഗ്‌നി മതി അവര്‍ക്ക്'(നിസാഅ്: 54, 55). മതത്തിന്റെ കാര്യത്തിലുള്ള മാത്സര്യബുദ്ധി ഔസിനും ഖസ്‌റജിനും ഇടയിലുണ്ടായിരുന്നു. അവരില്‍ ഒരുവിഭാഗം അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന ഒരു പ്രവര്‍ത്തനം ചെയ്താല്‍ അതിനോട് സമാനമായ മറ്റൊരു പ്രവര്‍ത്തനത്തിന് അടുത്ത വിഭാഗവും മുന്നിട്ടിറങ്ങും. അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മാത്സര്യബുദ്ധിയാണത്. അതിനെക്കുറിച്ചാണ് അല്ലാഹു ‘മത്സരിക്കുന്നവര്‍ അതിനുവേണം മത്സരിക്കാന്‍'(മുഥഫ്ഫിഫീന്‍: 26) എന്ന് പറഞ്ഞത്.

അസൂയയില്‍ നിന്നുള്ള രക്ഷ

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവനോട് അസൂയവെക്കാന്‍ പലരുമുണ്ടാകും. അന്നേരം അല്ലാഹുവിലുള്ള വിശ്വാസംകൊണ്ട് അതിനെതിരെ സുശക്തമായ കോട്ടകെട്ടുകയെന്നതാണ് വിശ്വാസിക്ക് ചെയ്യാനുള്ളത്. അതുപോലെത്തന്നെ ആയത്തുല്‍ കുര്‍സിയ്യ്, ബഖറ അധ്യായത്തിന്റെ അവസാന ഭാഗങ്ങള്‍, യാസീന്‍ അധ്യായം എന്നിവ പാരായണം ചെയ്തും അസൂയാലുക്കളുടെ ബുദ്ധിമുട്ടിക്കലുകളില്‍ നിന്നുള്ള രക്ഷക്ക് വെണ്ടി പ്രാര്‍ഥിച്ചും അതിനെതിരെ രക്ഷാകവചം തീര്‍ക്കാനുള്ള ശ്രമവും അവന്‍ നടത്തണം. ഇഖ്‌ലാസ്, ഫലഖ്, നാസ് തുടങ്ങിയ വിപത്തുകളെ തടയാന്‍ സഹായകമാകുന്ന അധ്യായങ്ങളും പതിവാക്കണം.

നാം നമ്മുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക. അതിനിടയ്ക്ക് മറ്റുള്ളവരുടെ വാക്കുകള്‍ക്കോ പ്രവര്‍ത്തികള്‍ക്കോ ശ്രദ്ധ കൊടുക്കേണ്ടതില്ല. നമ്മുടെ വിശ്വാസം സുദൃഢമാക്കാന്‍ ശ്രമിക്കുക. അല്ലാഹുവിന്റെ തീരുമാനങ്ങളിലും നിശ്ചയങ്ങളിലും അവനില്‍ നിന്നുള്ള നന്മ തിന്മകളിലും സംതൃപ്തനാവുക. പ്രയാസങ്ങളും പരീക്ഷണങ്ങളും വരുമ്പോള്‍ നിരാശനാവാതിരിക്കുക. അതെല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണെന്ന ഉറച്ച വിശ്വാസം ഉണ്ടായിരിക്കുക.

അല്ലാഹു പറയുന്നത് നോക്കുക: ‘അതല്ല, പൂര്‍വികന്മാരുടെ ദുരനുഭവങ്ങള്‍ വന്നെത്താതെത്തന്നെ സ്വര്‍ഗത്തില്‍ കടന്നുകളയാമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? പ്രയാസങ്ങളും വിപത്തുകളും അവരെ പിടികൂടുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴാണുണ്ടാവുക എന്ന് ദൈവദൂതനും സഹവിശ്വാസികളും ചോദിക്കത്തക്കവണ്ണം അവര്‍ വിറകൊണ്ടു. അറിയുക, അല്ലാഹുവിന്റെ സഹായം സമീപസ്ഥമാകുന്നു'(ബഖറ: 35). അല്ലാഹുവിന്റെ കാരുണ്യത്തില്‍ ആശവെടിയരുത്. മുന്‍കാല സമൂഹങ്ങളില്‍ എത്രയെത്ര ആളുകളാണ് പലവിധ പരീക്ഷണങ്ങളാലും പ്രയാസപ്പെട്ടത്. അപ്പോഴെല്ലാം അവര്‍ ക്ഷമിക്കുകയും മറ്റുള്ളവരോട് ക്ഷമകൊണ്ട് കല്‍പിക്കുകയും ചെയ്തു. അവരെല്ലാം സമ്പൂര്‍ണ വിജയികളായിയെന്നതാണ് ചരിത്രം. നമുക്ക് അല്ലാഹുവിന്റെ റസൂലില്‍ തന്നെ അതിന് വ്യക്തമായ മാതൃകയുണ്ട്. തിരുനബി(സ്വ)യോട് അല്ലാഹു പറയുന്നു: ‘അതുകൊണ്ട്, നബീ, ദൃഢമാനസരായ ദൈവദൂതന്മാരെപ്പോലെ താങ്കളും ക്ഷമിക്കുക; നിഷേധികളുടെ കാര്യത്തില്‍ തത്രപ്പെടേണ്ട'(അഹ്ഖാഫ്: 35).

ഇമാം ഇബ്‌നു കസീര്‍ പറയുന്നു; ‘അവിടെ അവിശ്വാസികള്‍ സ്വനയനങ്ങള്‍ കൊണ്ട് നോക്കി അങ്ങയെ തെന്നിവീഴ്ത്തുമാറാക്കുന്നു'(ഖലം: 51) എന്ന സൂക്തത്തിന്റെ വ്യാഖ്യാനമായി ഇബ്‌നു അബ്ബാസ്, മുജാഹിദ് എന്നിവര്‍ പറയുന്നു: അവരവരുടെ കണ്ണുകള്‍കൊണ്ട് നിന്നെ വീഴ്ത്തും. നിനക്ക് ദൃഷ്ടിദോഷം വരുത്തും. നിന്നോടുള്ള ദേഷ്യം അവരെ അസൂയാലുക്കളാക്കും. അല്ലാഹുവിന്റെ കാവലും സംരക്ഷണവുമില്ലായെങ്കില്‍ അവരുടെ കെണിയില്‍ അകപ്പെടുക തന്നെ ചെയ്യും. കണ്ണേറ് സത്യമാണെന്നും അതിന് വലിയ സ്വാധീനമുണ്ടാക്കാന്‍ സാധ്യമാകുമെന്നുമുള്ളതിനുള്ള തെളിവാണ് ഈ സൂക്തം. അതിന് ഉപോത്ഭലകമായി നിരവധി ഹദീസുകളും വന്നിട്ടുണ്ട്. ഒരു കവി പാടുന്നു:
‘സകല ശത്രുതകള്‍ക്കുമൊടുക്കമുണ്ടെന്നാ-
ലില്ലസൂയക്കൊരൊടുക്കവും തിട്ടം’

അവലംബം- islamonline.net

Related Articles