Current Date

Search
Close this search box.
Search
Close this search box.

ഹൃദയത്തിന് അന്ധത ബാധിക്കാതിരിക്കാന്‍

beads.jpg

വിശുദ്ധ ഖുര്‍ആനില്‍ എനിക്ക് ഏറ്റവും പ്രിയങ്കരമായ സൂക്തമാണ് അല്‍ ബഖറയിലെ 152 ാം സൂക്തം. കരുണാവാരിധിയായ നാഥന്‍ പറയുന്നത് കാണുക : ‘അതിനാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുക. ഞാന്‍ നിങ്ങളെയും ഓര്‍ക്കാം. എന്നോടു നന്ദി കാണിക്കുക. നന്ദികേട് കാണിക്കരുത്’. നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുമ്പോള്‍ സര്‍വലോക സൃഷ്ടാവും പരിപാലകനുമായ അല്ലാഹു നിങ്ങളെയും ഓര്‍ക്കുന്നു! അതിനേക്കാള്‍ ആഹ്ലാദകരവും ആനന്ദദായകവുമായ മറ്റെന്താണ് നിങ്ങള്‍ക്ക് നേടാനുള്ളത്? ഇതേ ആശയം പ്രകാശിപ്പിക്കുന്ന നിരവധി പ്രവാചക വചനങ്ങളും കാണാം : ‘എന്റെ അടിമ എന്നെകുറിച്ച് കരുതുന്നത് പോലെയാണ് ഞാന്‍. അവന്‍ എന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവനോടൊപ്പമുണ്ട്. അവന്‍ എന്നെ സ്മരിക്കുമ്പോള്‍ ഞാന്‍ അവനെയും സ്മരിക്കുന്നു. ഒരു സഭയില്‍ അവനെന്നെ സ്മരിച്ചാല്‍ അതിനേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു സഭയില്‍ ഞാനവനെ സ്മരിക്കും. അവന്‍ എന്നോട് ഒരു ചാണ്‍ അടുത്താല്‍ ഒരു മുഴം ഞാന്‍ അവനിലേക്ക് അടുക്കും. അവന്‍ ഒരു മുഴം എന്നിലേക്ക് അടുത്താല്‍ ഒരു മാറ് ഞാന്‍ അവനിലേക്ക് അടുക്കും. എന്റെ അടിമ എന്നിലേക്ക് നടന്ന് വരികയാണെങ്കില്‍ ഞാന്‍ അവനിലേക്ക് ഓടി ചെല്ലും'(ബുഖാരി, മുസ്‌ലിം)

നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ ഓര്‍ക്കുകയും ആകാശ ഭൂമികളുടെ സൃഷ്ടിയെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നവരെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ‘നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരാണവര്‍, ആകാശഭൂമികളുടെ സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നവരും. അവര്‍ സ്വയം പറയും: ‘ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ’ (ആലുഇംറാന്‍ 191). ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും ദൈവിക സ്മരണയില്‍ കഴിയുന്ന ഇക്കൂട്ടരാണ് യഥാര്‍ഥ ബുദ്ധിമാന്മാരും വിവേകമതികളും. അല്ലാഹുവിലേക്കുള്ള വാതായനങ്ങള്‍ നമുക്ക് മുമ്പില്‍ സദാ തുറന്നു തന്നെ കിടക്കുകയാണ്. അല്ലാഹു നമ്മെ അത്യധികം സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് കൊണ്ടാണ് അവനെ നിരന്തരം ഓര്‍ക്കണമെന്ന് അവന്‍ തന്നെ നമ്മോട് നിരന്തരം ആവശ്യപ്പെടുന്നത്. അല്ലാഹുവിലേക്കുള്ള മാര്‍ഗം കണ്ടെത്തുകയും അതിലൂടെ മുന്നേറാന്‍ നാം തയ്യാറാകുകയുമാണ് വേണ്ടത്.
അല്ലാഹുവിനെ നാം സ്മരിക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് അല്ലാഹു തന്നെ വിശദീകരിക്കുന്നുണ്ട് : ‘നിങ്ങള്‍ക്ക് നേര്‍മാര്‍ഗം കാണിച്ചു തന്ന നാഥനെ നിങ്ങള്‍ ഓര്‍ക്കുക’ (അല്‍ ബറഖ 198). ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുക. കാലത്തും വൈകുന്നേരവും അവനെ കീര്‍ത്തിക്കുക’ (അല്‍ അഹ്‌സാബ് 41-42). ‘അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്’ (അല്‍ അഹ്‌സാബ് 35). ദൈവിക സ്മരണ നിലനിര്‍ത്തേണ്ടതിനെ കുറിച്ച് പ്രവാചകനും നമ്മെ ഉണര്‍ത്തുന്നു : ‘അടിമയുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുന്നതിന് ദൈവിക സ്മരണയോളം പോന്ന മറ്റൊരു കര്‍മ്മവുമില്ല’ (ഇമാം മാലിക്). മറ്റൊരു പ്രവാചക വചനത്തില്‍ ഇങ്ങനെ കാണാം : ‘സ്വര്‍ഗത്തിലെ ഫലങ്ങള്‍ ആസ്വദിക്കണമെന്നാഗ്രഹിക്കുന്നവര്‍ ദൈവസ്മരണ നിലനിര്‍ത്തട്ടെ’ (തിര്‍മിദി). അല്ലാഹു വ്യക്തമാക്കുന്നു : ‘നിശ്ചയമായും ദൈവസ്മരണയാണ് ഏറ്റവും മഹത്തരം’ (അന്‍കബൂത്ത് 45). വിശ്വാസികള്‍ക്ക് ഋജുവായ പാത കാണിച്ചു തന്നത് അല്ലാഹുവാണ് എന്നതിനാല്‍ അവനെ സ്മരിക്കാതിരിക്കാന്‍ നമുക്ക് ന്യായങ്ങളില്ല. നമ്മുടെ ആത്യന്തിക അഭിലാഷമായ സ്വര്‍ഗം കരസ്ഥമാക്കാനും അല്ലാഹുവിന്റെ പാപമോചനം കരഗതമാക്കാനും അതത്രെ ഏറ്റവും അനിവാര്യം.
ദൈവിക സ്മരണയിലൂടെ നിങ്ങളുടെ ഹൃദയശുദ്ധീകരണമാണ് നടക്കുന്നത്. ഹൃദയം വിശുദ്ധമാകുമ്പോള്‍ മാത്രമേ നമുക്ക് യഥാര്‍ഥ വിജയം കരസ്ഥമാക്കാനും സാധിക്കൂ. മനുഷ്യന്റെ ചലനങ്ങളെയും അനക്കങ്ങളെയും ആഗ്രഹാഭിലാഷങ്ങളെയും നിയന്ത്രിക്കുന്ന മനസ് ശുദ്ധീകരിക്കപ്പെടുമ്പോഴാണ് നമ്മുടെ കര്‍മ്മങ്ങള്‍ മികവുറ്റതാകുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഇത് വ്യക്തമാക്കുന്നുണ്ട് : ‘ സമ്പത്തും സന്താനങ്ങളും ഒട്ടും ഉപകരിക്കാത്ത ദിനമാണത്. കുറ്റമറ്റ മനസുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ’ (അശ്ശുഅറാഅ് 88-89). മറ്റൊരു പ്രവാചക വചനത്തില്‍ ഇത് കൂടുതല്‍ വ്യക്തമായി പറഞ്ഞു തരുന്നുണ്ട് : ‘നിങ്ങളെന്നെ ശ്രദ്ധിക്കുക, മനുഷ്യ ശരീരത്തിലൊരു മാംസ കഷ്ണമുണ്ട്. അതു ശുദ്ധീകരിക്കപ്പെട്ടാല്‍ അവന്റെ ശരീരം പുര്‍ണമായും ശുദ്ധീകരിക്കപ്പെടുകയും ആരോഗ്യപൂര്‍ണമാകുകയും ചെയ്യും, എന്നാല്‍ അതിനു കേടുപാടുകള്‍ സംഭവിച്ചാലോ, അവന്റെ ശരീരവും മൊത്തത്തില്‍ മോശമായിത്തീരും, അതാണ് ഹൃദയം’ (ബുഖാരി).
ഹൃദയമാണ് മനുഷ്യന്റെ അന്തിമ വിജയത്തില്‍ പ്രധാന പങ്കു വഹിക്കുന്നതെന്നിരിക്കെ തന്നെ ഹൃദയത്തില്‍ നിരന്തരം പൈശാചി പ്രേരണകളുണ്ടായിക്കൊണ്ടിരിക്കുക എന്നത് സ്വാഭാവിക പ്രക്രിയയാണ്. ഹൃദയങ്ങളില്‍ പൈശാചിക പ്രവണതകള്‍ക്ക് മേല്‍ക്കൈ ലഭിക്കുമ്പോഴാണ് അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ തലപൊക്കുന്നത്. സാമ്പത്തികവും രാഷ്രീയവും സാമൂഹികവുമായ സകല മേഖലകളിലും തിന്മക്ക് ആധിപത്യം ലഭിക്കുന്നതും ഇത്തരം പൈശാചിക ചിന്തകള്‍ മനുഷ്യ ഹൃദയത്തില്‍ കുടകൊള്ളുന്നതു കൊണ്ടാണ്. ഹൃദയത്തില്‍ പൈശാചിക പ്രേരണകള്‍ ആധിപത്യം നേടുമ്പോള്‍ ദൈവിക പാന്ഥാവില്‍ നിന്നും മനുഷ്യന്‍ വഴിതെറ്റിപോകുന്നു. വിശുദ്ധ ഖുര്‍ആന്‍ ഈയൊരുവസ്ഥയെ വളരെ സുന്ദരമായി വിവരിച്ചിട്ടുണ്ട്. അവരുടെ കണ്ണുകള്‍ക്ക് അന്ധത ബാധിച്ചതു കൊണ്ടല്ലവര്‍ വഴി പിഴച്ചു പോകുന്നത് മറിച്ച് അവരുടെ ഹൃദയങ്ങള്‍ക്കാണ് അന്ധത ബാധിച്ചിരിക്കുന്നതെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. ‘ സത്യത്തില്‍ അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല, നെഞ്ചകങ്ങളിലെ മനസ്സുകളെയാണ്’ (അല്‍ ഹജ്ജ് 46). അല്ലാഹുവിന്റെ കഠിനമായ ശിക്ഷയിലേക്കാണ് ഈ അന്ധത അവരെ നയിക്കുക. ഹൃദയമാണ് നമ്മുടെ അന്തിമ വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതെങ്കില്‍ ഹൃദയത്തെ ശുദ്ധീകരിക്കാന്‍ നാം ബാധ്യസ്ഥരും അതീവ ജാഗ്രത പാലിക്കേണ്ടതുമാണ്. പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ഇബ്‌നു ഖയ്യിം അദ്ദേഹത്തിന്റെ ‘കിതാബുല്‍ അദ്കാര്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു : ‘ദൈവിക സ്മരണയില്‍ നിന്നും മുക്തമായ ഹൃദയം ജീവനില്ലാത്ത ഹൃദയമാണ്. മരിച്ച ഹൃദയം ചുമക്കുന്ന ശരീരം മണ്ണടിയും മുമ്പ് ഹൃദയം മണ്ണായിട്ടുണ്ടാകും. മരിച്ചു മണ്ണടിഞ്ഞ ഹൃദയവുമായിട്ടാണ് ഇത്തരക്കാര്‍ ജീവിക്കുന്നത്’. ഇബ്‌നു ഖയ്യിമിന്റെ ഈ വാചകങ്ങള്‍ പ്രവാചകന്‍ (സ) യുടെ ഒരു ഹദീസിന്റെ വിശദീകരണമാണ്. പ്രവാചകന്‍ പറയുന്നു : ‘അല്ലാഹുവിനെ സ്മരിക്കുന്നവനും സ്മരിക്കാത്തവനും തമ്മിലുള്ള അന്തരം മരിച്ചവനെയും ജീവിച്ചിരിക്കുന്നവനെയും പോലെയാണ്’ (ബുഖാരി). ഒരു ഖുര്‍ആന്‍ സൂക്തത്തിലേക്കു കൂടി ഈ ഹദീസ് വിരല്‍ ചൂണ്ടുന്നുണ്ട് : ‘അല്ലാഹുവെ മറന്നതിനാല്‍, തങ്ങളെത്തന്നെ മറക്കുന്നവരാക്കി അല്ലാഹു മാറ്റിയ ജനത്തെപ്പോലെ ആകരുത് നിങ്ങള്‍. അവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍’ (അല്‍ ഹശ്ര്‍ 19).ഹൃദയശുദ്ധീകരണമെന്നാല്‍ ഹൃദയത്തെ സദാ ജീവസുറ്റതാക്കുകയും മരിച്ചു മണ്ണടിഞ്ഞ അവസ്ഥയിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ ശ്രദ്ധിക്കുകയുമാണ്.
ദൈവിക സ്മരണ നിലനിര്‍ത്തേണ്ടതിനെ കുറിച്ച് വിശദീകരിച്ച് പ്രവാചകന്‍ പറയുന്നു : ‘നിങ്ങളുടെ കര്‍മ്മങ്ങളില്‍ ഉത്തമമായതും നിങ്ങളുടെ യജമാനന്റെ അടുക്കല്‍ കൂടുതല്‍ പരിശുദ്ധിയുള്ളതും നിങ്ങളുടെ പദവികളില്‍ അധികം ഉന്നതി നല്‍കുന്നതും സ്വര്‍ണവും വെള്ളിയും ചെലവാക്കുന്നതിനേക്കാളും ശത്രുവുമായി ഏറ്റുമുട്ടി നിങ്ങള്‍ അവരുടേയും അവര്‍ നിങ്ങളുടേയും ഗളഛേദം ചെയ്യുന്നതിനേക്കാളും നല്ലതുമായ ഒരു കാരൃം നിങ്ങളെ ഞാന്‍ അറിയിക്കട്ടെ? അവര്‍ പറഞ്ഞു: അതെ. നബി (സ) പറഞ്ഞു: അത്യുന്നതനായ അല്ലാഹുവിനെ ഓര്‍ക്കുക’ (തിര്‍മുദി). നിങ്ങളുടെ പ്രവര്‍ത്തനങ്ങളും ചിന്തകളും ഓരോ അനക്കങ്ങളും അല്ലാഹുവിനെ കുറിച്ച് ഓര്‍ത്തുകൊണ്ടാവുക. അവന്റെ സ്മരണയാല്‍ നാവും ഹൃദയവും പച്ചപ്പുള്ളതാക്കി മാറ്റുക.

വിവ : ജലീസ് കോഡൂര്‍
 

Related Articles