Current Date

Search
Close this search box.
Search
Close this search box.

ഹിജ്‌റ കേവലം യാത്രയല്ല

camels.jpg

‘യാത്രാ സംഘം പുറപ്പെടുകയാണ്. ഒരു വിദേശ ഭൂമിയിലാണ് യാത്രക്കാരന്‍ എത്തിച്ചേരുന്നത്. അങ്ങനെ തന്റെ ജന്മഗേഹവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ നിന്നും ശീലങ്ങളില്‍ നിന്നും അവന്‍ വേര്‍പിരിയുന്നു. തന്റെ ജീവിതാവസ്ഥയെക്കുറിച്ച് പുനരാലോചിക്കാന്‍ അതവനെ പ്രചോദിപ്പിക്കുന്നു. അല്ലാഹുവിലേക്കുള്ള യാത്രയിലാണവന്‍.'(ഇബ്‌നു ഖയ്യിം അല്‍ജൗസിയ്യ രചിച്ച The Magnificent Journey എന്ന പുസ്തകത്തില്‍ നിന്നും)

പുതിയ ഹിജ്‌റ വര്‍ഷം ആരംഭിച്ചിരിക്കുന്നു. മക്കയിലെ പീഢനങ്ങളില്‍ നിന്ന് രക്ഷ തേടി മുഹമ്മദ് നബിയും അനുയായികളും മദീനയിലേക്ക് ഹിജ്‌റ പോയത് മുതല്‍ക്കുള്ള കാലത്തെയാണ് ഹിജ്‌റ കലണ്ടര്‍ അടയാളപ്പെടുത്തുന്നത്. ആദ്യത്തെ ഹിജ്‌റ (അവിടുന്നാണ് ഇസ്‌ലാമിക കലണ്ടര്‍ ആരംഭിക്കുന്നത്) ഒരു പുതിയ അവസരം അന്വേഷിച്ചുള്ള യാത്രയായിരുന്നു. അതിന്റെ ഗുണഫലം ഇന്നും സത്യവിശ്വാസികള്‍ അനുഭവിക്കുന്നുണ്ട്.

ഇന്നും ഹിജ്‌റ ഒരു യാത്രയാണ്. നമുക്കെല്ലാം സാധ്യമായ ഒരു തീര്‍ത്ഥാടനമാണത്. എന്നാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ഈ തീര്‍ത്ഥാടനത്തെ ഭൗതികാര്‍ത്ഥത്തിലല്ലാതെ മനസ്സിലാക്കുന്നത്. എന്നാല്‍ ഹൃദയത്തിന്റെ തീര്‍ത്ഥാടനമാണ്, അല്ലെങ്കില്‍ അല്ലാഹുവിലേക്കുള്ള ഹിജ്‌റയാണ് ഏറ്റവും പരമപ്രധാനമായ യാത്ര. തന്റെ ജീവിതോദ്ദേശ്യത്തെ തിരിച്ചറിയാന്‍ ഈ യാത്ര അനിവാര്യമാണ് എന്നാണ് ഇബ്‌നു ഖയ്യിം പറയുന്നത്.

ഏത് യാത്രയെക്കുറിച്ചാലോചിക്കുമ്പോഴും നമ്മള്‍ പൂര്‍ത്തീകരിക്കേണ്ട നാല് ഘടകങ്ങളുണ്ട്. ഒരു യാത്ര ചെയ്യണമെങ്കില്‍ വഴിയും യാത്രക്കാരനും വഴികാട്ടിയും ആവശ്യസാധനങ്ങളുമുണ്ടാവണം. ഹൃദയത്തിന്റെ ഹിജ്‌റക്കും ഈ നാല് ഘടകങ്ങള്‍ അത്യാവശ്യമാണ്.

വഴി
ഒരു വഴിയുണ്ടാകണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ അനിവാര്യമാണ്. ഉല്‍ഭവ സ്ഥാനവും ലക്ഷ്യസ്ഥാനവുമാണവ. ഒരേ സ്ഥലത്ത് തന്നെ അവസാനിക്കുന്ന യാത്ര ഹൃദയത്തിന്റെ യാത്ര മാത്രമാണ്. അതിന്റെ തുടക്കവും ഒടുക്കവുമെല്ലാം അല്ലാഹുവാണ്. ഇതാണ് തൗഹീദിന്റെ സത്ത. അല്ലാഹു ഇഷ്ടപ്പെടാത്ത എല്ലാറ്റില്‍ നിന്നും നാം ഓടിയകലേണ്ടതുണ്ട്. അവന്‍ ഇഷ്ടപ്പെടുന്നതിലേക്കാണ് നാമടുക്കേണ്ടത്. അല്ലാഹുവിന്റെ കാരുണ്യത്തെ തേടിക്കൊണ്ട് അവന്റെ അസന്തുഷ്ടി സമ്പാദിക്കുന്നതില്‍ നിന്നും നാം രക്ഷ തേടേണ്ടതുണ്ട്. കാരണം, ഒരു ദൈവവും ഒരു അഭയസ്ഥാനവും മാത്രമേ നിലനില്‍ക്കുന്നുള്ളൂ.

ഈ വഴിയെക്കുറിച്ച് ഇബ്‌നു ഖയ്യിം The Magnificent Journey എന്ന തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്: ‘ഈ ഭൂമിലോകത്ത് അല്ലാഹുവല്ലാത്ത വേറൊരു അഭയസ്ഥാനവുമില്ല. അല്ലാഹുവിന്റെ കാരുണ്യത്തിലേക്കാണ് നിങ്ങള്‍ സഞ്ചരിക്കേണ്ടത്. അവനില്‍ നിന്ന് മാത്രമേ അഭയം തേടാന്‍ പാടുള്ളൂ’. അതിനാല്‍ വഴിയേതെന്ന് വളരെ വ്യക്തമാണ്. ഇനി അല്ലാഹുവിലേക്ക് യാത്ര തിരിക്കുകയാണ് നാം ചെയ്യേണ്ടത്.

യാത്രക്കാരന്‍
‘ഈ ലോകത്ത് നിങ്ങള്‍ ഒരു അപരിചിതനെയോ യാത്രക്കാരനേയോ പോലെയാവുക.’ (ബുഖാരി) ഈ ലോകത്ത് നാം യാത്രക്കാരാവേണ്ടതുണ്ടെങ്കില്‍ അതുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നതെന്ന ബോധ്യം നമുക്കുണ്ടാവണം. ഹൃദയത്തോടുള്ള ബന്ധമാണ് അയാളെ യാത്രക്കാരനാക്കുന്നത്. അതിനാല്‍ തന്നെ ഏത് യാത്രയും തുടങ്ങണമെങ്കില്‍ ലക്ഷ്യസ്ഥാനത്തോട് ഉത്ഭവസ്ഥാനത്തേക്കാള്‍ നമുക്ക് പ്രണയമുണ്ടാകണം.

ഹൃദയത്തിന്റെ ഹിജ്‌റയില്‍ മറ്റെന്തിനേക്കാളും നാം അല്ലാഹുവെ സ്‌നേഹിക്കുകയും അവന്റെ തൃപ്തി കരസ്ഥമാക്കുകയുമാണ് ചെയ്യേണ്ടത്. ഈ ലോകത്തോട് നമ്മുടെ ഹൃദയത്തെ നാം കുടുക്കിയിട്ടാല്‍ നമ്മുടെ ലക്ഷ്യസ്ഥാനം നമുക്ക് നഷ്ടപ്പെടുകയും യാത്രയില്‍ നാം പരാജയപ്പെടുകയും യാത്രക്കാരന്‍ എന്ന പദവി നമുക്ക് നഷ്ടപ്പെടുകയും ചെയ്യും.

ഇബ്‌നു ഖയ്യിം എഴുതുന്നു: ‘അല്ലാഹുവിനിഷ്ടമില്ലാത്തതിലേക്കാണ് ഒരാളുടെ നഫ്‌സും അയാളുടെ ഇച്ഛയും പിശാചും നിരന്തരം ക്ഷണിച്ച് കൊണ്ടിരിക്കുക. ഈ മൂന്ന് കാര്യങ്ങള്‍ അയാളെ നിരന്തരം പരീക്ഷിച്ച് കൊണ്ടേയിരിക്കും. അല്ലാഹുവിന്റെ അസന്തുഷ്ടി സമ്പാദിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്കാണ് അവ നയിക്കുക’.

അവശ്യസാധനങ്ങള്‍
‘വസ്ത്രം അഴിയുന്നത് പോലെയാണ് നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് വിശ്വാസം കൊഴിഞ്ഞ് പോവുക. അതിനാല്‍ നിങ്ങളുടെ ഹൃദയത്തില്‍ എപ്പോഴും വിശ്വാസത്തെ പുതുക്കാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുക’ (അല്‍ഹാകിം)

ഭൗതികമായ യാത്രകളില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും നാം നേരിട്ടേക്കാം. യാത്രയില്‍ നാം കരുതുന്ന അവശ്യസാധനങ്ങള്‍ ഒരുപക്ഷേ തീര്‍ന്ന് പോയേക്കാം. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുന്ന കാര്യത്തില്‍ നമുക്ക് സംശയവും നേരിട്ടേക്കാം. എന്നിട്ടും നാം തിരിച്ച് പോകാത്തത് ലക്ഷ്യസ്ഥാനത്തോടുള്ള നമ്മുടെ പ്രണയം മൂലമാണ്. നാം യാത്രയില്‍ കരുതുന്ന അവശ്യസാധനങ്ങള്‍ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പ്രധാനമാണ്.

അല്ലാഹുവിലേക്കുള്ള ഹിജ്‌റയിലും ഒരുപാട് പ്രതിസന്ധികള്‍ നാം തരണം ചെയ്യേണ്ടതുണ്ട്. ഈ യാത്രയിലും അവശ്യസാധനങ്ങള്‍ വളരെ പ്രധാനമാണ്. എന്നാല്‍ ഭൗതിക യാത്രയെപ്പോലെ അവ ഇന്ധനവും ഭക്ഷണവുമൊന്നുമല്ല. ഹൃദയം തേടുന്ന ഇന്ധനം ഈമാനാണ്. ഈമാന്‍ അധികരിക്കുമ്പോള്‍ ലക്ഷ്യസ്ഥാനം നമ്മുടെ കണ്‍മുമ്പില്‍ തെളിയുകയും സൃഷ്ടാവിനോടുള്ള സ്‌നേഹം അധികരിക്കുകയയും യാത്ര എളുപ്പമാവുകയും ചെയ്യും. വിശ്വാസം അധികരിച്ചാല്‍ പിന്നെ വേണ്ടതിലധികം അവശ്യസാധനങ്ങള്‍ നമ്മുടെ കൈയ്യില്‍ വരും. എന്നാല്‍ ഈമാന്‍ കുറയുമ്പോള്‍ യാത്ര ബുദ്ധിമുട്ടേറിയതാകും. അതിനാല്‍ തന്നെ യാത്രാവഴിയില്‍ ഉറച്ച് നില്‍ക്കണമെങ്കില്‍ ശക്തമായ ഈമാന്‍ ആവശ്യമാണ്.

ഇബ്‌നു ഖയ്യിം എഴുതുന്നു: ‘നിങ്ങളുടെ ഈമാനിന്റെ അവസ്ഥയനുസരിച്ചാണ് ഹിജ്‌റ ശക്തമോ ദുര്‍ബലമോ ആകുന്നത്’.

വഴികാട്ടി
‘നിങ്ങളുടെ കൂട്ടുകാരന്‍ (മുഹമ്മദ്) വഴിതെറ്റിയിട്ടില്ല; ദുര്‍മാര്‍ഗം വരിച്ചിട്ടുമില്ല. അദ്ദേഹം സേച്ഛാനുസൃതം പറയുകയല്ല. ഇതാകട്ടെ, അദ്ദേഹത്തിന് ലഭിക്കുന്ന ദിവ്യബോധനം തന്നെയാകുന്നു’ (53:2-4)

യാത്രാവഴിയില്‍ ഒരുപാട് മുള്ളുകളുണ്ടാകും. ശരിയായ വഴിയേതെന്ന് മനുഷ്യര്‍ക്ക് കാണിച്ച് തരാന്‍ വേണ്ടിയാണ് അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചിട്ടുള്ളത്. അന്തിമ പ്രവാചകനായ മുഹമ്മദ്(സ) ഏറ്റവും ഉന്നതമായ രീതിയില്‍ ഒരു യാത്രക്കാരന്റെ ജീവിതമാണ് നയിച്ചിട്ടുള്ളത്. അദ്ദേഹം നമുക്ക് മാതൃകയാണ്. യാത്രാവഴി കൃത്യമല്ല എന്ന് തോന്നുമ്പോള്‍ പ്രവാചക ജീവിതത്തിലേക്ക് തിരിഞ്ഞ്‌കൊണ്ട് അല്ലാഹുവിലേക്കുള്ള വഴി കണ്ടെത്തുകയാണ് നാം ചെയ്യേണ്ടത്.

ഇബ്‌നു ഖയ്യിം എഴുതുന്നു: ‘ഭൗതികയാത്രയെക്കുറിച്ച് വാതോരാതെ പറഞ്ഞ് തരുന്നവരെ നിങ്ങള്‍ക്ക് ഒരുപക്ഷേ കണ്ടെത്താന്‍ സാധിച്ചേക്കാം. എന്നാല്‍ ഹൃദയത്തിന്റെ യാത്രയെക്കുറിച്ച് അവര്‍ക്കാര്‍ക്കും തന്നെ ഒന്നുമറിയുകയില്ല.’ അതിനാല്‍ ഈ പുതിയ ഹിജ്‌റ വര്‍ഷത്തില്‍ ഭൗതിക യാത്രയെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് തന്നെ നമുക്ക് ഇബ്‌നു ഖയ്യിമിന്റെ വാക്കുകളെയും അല്ലാഹുവോടുള്ള ഇഷ്ടത്തെയും പ്രവാചകാധ്യാപനങ്ങളെയും മനസ്സിലാക്കാന്‍ ശ്രമിക്കാം. അപ്പോള്‍ മാത്രമേ ഹൃദയത്തിന്റെ ഹിജ്‌റ എന്താണെന്ന ബോധ്യം നമുക്കുണ്ടാവുകയുള്ളൂ.

ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവിലേക്കുളള യാത്രക്കാര്‍ എന്ന നിലക്കുള്ള നമ്മുടെ നിയ്യത്തും വിശ്വാസവും നാം പുതുക്കേണ്ടതുണ്ട്. കൂടാതെ നല്ലൊരു വഴികാട്ടിയെയും നാം കണ്ടെത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ലക്ഷ്യത്തിലേക്ക് വിജയകരമായി എത്തിച്ചേരാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

വിവ: സഅദ് സല്‍മി

 

Related Articles