Current Date

Search
Close this search box.
Search
Close this search box.

സ്വന്തക്കാരായ ശത്രുക്കള്‍

parenting2.jpg

അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹമാണ് നമ്മുടെ മക്കള്‍, നമ്മുടെ ജീവിതത്തിന്റെ അലങ്കാരവും, വാര്‍ധക്യത്തിലും പ്രയാസം വരുമ്പോഴും നമുക്ക് താങ്ങും തണലുമാവേണ്ടവരും, വളര്‍ന്ന് പ്രായപൂര്‍ത്തിയെത്തുമ്പോള്‍ മനസ്സിന് ആശ്വാസവും കണ്ണുകള്‍ക്ക് കുളിര്‍മയുമായി മാറേണ്ടവരും. അതേസമയം അവര്‍ പരീക്ഷണവും ശിക്ഷയുമായി മാറാറുണ്ട്. രാവും പകലും നമ്മെ ഞെരുക്കുന്ന ഒരു ഭാരമായും വേദനയായും അസ്വസ്ഥതകളായും അവര്‍ മാറാം. നേര്‍പാതയില്‍ നിന്ന് വ്യതിചലിച്ചവരും നാഥനെ ധിക്കരിച്ചവരുമായി ഇച്ഛകള്‍ക്ക് പുറകെ അവര്‍ നീങ്ങുമ്പോഴാണത്.

ഗസാലി പറയുന്നു: ഒരു കുട്ടി അവന്റെ മാതാപിതാക്കളുടെ സൂക്ഷിപ്പു സ്വത്താണ്. അവന്റെ ശുദ്ധമായ ഹൃദയം തെളിഞ്ഞ രത്‌നമാണ്. അതില്‍ വരകളോ കുറികളോ ഇല്ല. എന്നാല്‍ അതിലേല്‍പ്പിക്കുന്ന പോറലുകളെ അത് സ്വീകരിക്കുകയും ചെരിക്കുന്നിടത്തേക്ക് ചെരിയുന്നതുമാണ്. നന്മ ശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ അതില്‍ വളരും. ഇഹത്തിലും പരത്തിലും അവന്റെ മാതാപിതാക്കള്‍ക്കവന്‍ സന്തോഷം നല്‍കും. എന്നാല്‍ തിന്മയാണ് ശീലിപ്പിക്കുന്നതെങ്കില്‍, അല്ലെങ്കില്‍ അശ്രദ്ധമായി കാലികളെ പോലെ വിട്ടയക്കുകയാണെങ്കില്‍ ദൗര്‍ഭാഗ്യവാനും നശിച്ചവനുമായിട്ടവന്‍ മാറും. അവനെ പോറ്റുന്നവര്‍ക്ക് ഭാരമായിട്ടവന്‍ മാറുകയും ചെയ്യും.

സന്താനങ്ങളാലും സമ്പത്തിനാലും പരീക്ഷിക്കുമെന്ന് അല്ലാഹു വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവരുടെ മക്കളിലും ഭാര്യമാരിലും അവരുടെ ശത്രുക്കളുണ്ടാകുമെന്നാണ് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ‘അല്ലയോ വിശ്വസിച്ചവരേ, നിങ്ങളുടെ ഭാര്യമാരിലും മക്കളിലും ചിലര്‍ നിങ്ങളുടെ ശത്രുക്കളാകുന്നു. അവരെ സൂക്ഷിച്ചുകൊള്ളുവിന്‍. ക്ഷമയും വിട്ടുവീഴ്ചയുമനുവര്‍ത്തിക്കുകയും മാപ്പ് കൊടുക്കുകയുമാണെങ്കില്‍, തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. നിങ്ങളുടെ സമ്പത്തും സന്തതികളും ഒരു പരീക്ഷണം തന്നെയാണ്. അല്ലാഹുവോ, അവങ്കലത്രെ മഹത്തായ പ്രതിഫലമുള്ളത്.’ (അത്തഗാബുന്‍: 14-15) നിങ്ങളുടെ ഭാര്യമാരും മക്കളും എന്ന് മൊത്തത്തില്‍ പറയുന്നതിന് പകരം നിങ്ങളുടെ ഭാര്യമാരിലും മക്കളിലും ഉണ്ട് എന്നാണ് അല്ലാഹു പ്രയോഗിച്ചിരിക്കുന്നത്. എല്ലാ ഭാര്യമാരും മക്കളും അങ്ങനെയല്ല എന്നത് തന്നെ കാരണം.

ദൈവിക സരണിയില്‍ നിന്ന് അകറ്റുന്നതായിരിക്കാം അവരുടെ ശത്രുത. ഇച്ഛകളിലേക്കും ഐഹികവിഭവങ്ങളുടെ അലങ്കാരങ്ങളിലേക്കും തള്ളിവിടുന്നതായിരിക്കാം അത്. സല്‍ക്കര്‍മങ്ങളില്‍ നിന്ന് മനുഷ്യനെ അവര്‍ അശ്രദ്ധനാക്കുന്നു എന്നതാണ് ഈ ശത്രുതയുടെ ഉദ്ദേശ്യം. അല്ലെങ്കില്‍ തെറ്റ് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും പാപത്തില്‍ അകപ്പെടുത്തുകയും ചെയ്യുന്നു. അവരോടുള്ള സ്‌നേഹത്തിന്റെ പേരില്‍ അതിനെല്ലാം കീഴ്‌പ്പെട്ടു കൊടുക്കുമ്പോള്‍ ഭാര്യാ സന്താനങ്ങള്‍ അല്ലാഹുവിനെ കുറിച്ച ഓര്‍മയില്‍ നിന്നാണവനെ അശ്രദ്ധനാക്കുന്നത്. അവന്റെ വിശ്വാസത്തിലും അത് ദൗര്‍ബല്യങ്ങള്‍ ഉണ്ടാക്കുന്നു.

‘അല്ലയോ വിശ്വസിച്ചവരേ, സമ്പത്തും സന്താനങ്ങളും നിങ്ങളെ അല്ലാഹുവിനെ സ്മരിക്കുന്നതില്‍ അശ്രദ്ധരാക്കിക്കൂടാ. വല്ലവരും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവര്‍ നഷ്ടം ഭവിച്ചവര്‍ തന്നെയാകുന്നു.’ എന്ന് അല്ലാഹു മുന്നറിയിപ്പ് നല്‍കിയതിന്റെ കാരണവും അത് തന്നെ. മുനാഫിഖുകളുടെ വിശേഷണങ്ങളും അവസ്ഥയും വിവരിച്ചിട്ടുള്ള മുനാഫിഖൂന്‍ അധ്യായത്തിലാണ് ഈ ആയത്ത് വന്നിട്ടുള്ളത്. മുനാഫിഖുകളെ പരലോക ചിന്തയില്‍ നിന്ന് അശ്രദ്ധരാക്കിയതിനെയും സല്‍ക്കര്‍മങ്ങളുടെ കാര്യത്തില്‍ അവര്‍ക്ക് സംഭവിച്ച വീഴ്ച്ചയെയും അന്യായമായ ധനസമ്പാദനത്തെയും കുറിച്ച് പറഞ്ഞ ശേഷം അതില്‍ വന്നു പതിക്കരുതെന്ന് സത്യവിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഇതിലൂടെ. കുടുംബവും മക്കളും സന്തോഷത്തോടെ കഴിയട്ടെ എന്നത് അതിനൊരിക്കലും ന്യായീകരണമാവരുത് എന്നതാണ് അല്ലാഹുവിന്റെ മുന്നറിയിപ്പ്. പലപ്പോഴും ഒരാള്‍ അല്ലാഹുവിനെ ധിക്കരിക്കുന്നതിനും ഹറാമുകള്‍ ചെയ്യുന്നതിനും മക്കള്‍ കാരണമായി തീരാറുണ്ട് എന്ന കാരണത്താലാണ് പ്രത്യേകമായ ഈ മുന്നറിയിപ്പ്.

‘മക്കള്‍ ഒരാളെ പിശുക്കനും ഭീരുവും അജ്ഞനും ദുഖിതനുമാക്കുന്നു’ എന്ന് ഇമാം അഹ്മദ് ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥില്‍ കാണാം. തന്റെ കൈവശമുള്ള പണം മക്കളുടെ ആവശ്യത്തെ മുന്‍നിര്‍ത്തി അവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ എടുത്തുവെച്ച് അവന്‍ പിശുക്കനാകും. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ അനാഥരും സംരക്ഷകരില്ലാത്തവരുമായി മാറുമല്ലോ എന്ന ചിന്ത അവനെ ഭീരുവാക്കും. അവരോടൊപ്പം സദാസമയവും ചെലവഴിച്ച് മറ്റു കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ അവന്‍ അജ്ഞനായി മാറും. അവര്‍ക്ക് വല്ല രോഗമോ വിപത്തോ വരുമ്പോള്‍ ദുഖിതനുമാവും. പ്രവാചകന്‍(സ) അഭയം തേടണമെന്ന് നമ്മെ ഉപദേശിച്ച നീചമായ കാര്യങ്ങളാണ് പിശുക്കും ഭീരുത്വവുമെന്ന് പ്രത്യേകം ഓര്‍ക്കുക.

മക്കള്‍ക്കും ഭാര്യക്കും അന്നപാനീയങ്ങളൊരുക്കാന്‍ എത്രയെത്ര ആളുകളാണ് നിഷിദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. അങ്ങനെ ചെയ്യുന്നവര്‍ സ്വന്തത്തോടും കുടുംബത്തോടും വലിയ ദ്രോഹമാണ് ചെയ്യുന്നത്. അക്കാരണത്താലാണ് നബി(സ) തന്റെ പൗത്രന്‍ ഹസന്‍(റ) സകാത്തിന്റെ മുതലില്‍ നിന്ന് ഒരു ഈത്തപ്പഴം എടുത്തപ്പോള്‍ കര്‍ശനമായി തന്നെ അത് വിലക്കി കൊണ്ട് പിടിച്ചു വാങ്ങിയത്. തന്റെ ഭൃത്യന്‍ കൊണ്ടുവന്ന ഭക്ഷണം കഴിച്ച അബൂബക്ര്‍(റ) അയാള്‍ ലക്ഷണം പറഞ്ഞ് പണമുണ്ടാക്കാറുണ്ടെന്ന് അറിഞ്ഞപ്പോള്‍ ചര്‍ദ്ദിച്ച് അത് പുറത്തുകളഞ്ഞതും അക്കാരണത്താല്‍ തന്നെ. ‘അത് പുറത്ത് കളയുമ്പോള്‍ അതിനോടൊപ്പം എന്റെ ജീവന്‍ തന്നെ പോയാലും ഞാനത് പുറത്തുകളയുക തന്നെ ചെയ്യും’ എന്ന് അബൂബകര്‍(റ) പറഞ്ഞത് അതിന്റെ ഗൗരവമാണ് സൂചിപ്പിക്കുന്നത്.

മിക്ക ആളുകള്‍ക്കും മക്കളോടുള്ള സ്‌നേഹം എല്ലാറ്റിനും മുകളിലായി നിലകൊള്ളുന്നു. അവരുടെ താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഉത്തരം ചെയ്യാനുള്ള വ്യഗ്രതയില്‍ നാഥനോടുള്ള തന്റെ ബാധ്യതകളും കടമകളുമാണ് അവന്‍ വിസ്മരിക്കുന്നത്. മക്കളുടെ താല്‍പര്യങ്ങള്‍ക്ക് സ്വന്തം മാതാപിതാക്കളുടെ താല്‍പര്യങ്ങളേക്കാള്‍ മുന്‍ഗണന നല്‍കുന്നവരാണ് മറ്റൊരു വിഭാഗം. മാതാപിതാക്കളുടെ മനസ്സുകളെയാണത് വ്രണപ്പെടുത്തുന്നത്. അവരോട് കാണിക്കേണ്ട നന്മയില്‍ വരുത്തുന്ന കുറവുമാണത്.

മക്കളുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിച്ച് അവന്റെ കല്‍പന പ്രകാരം നല്ലനിലയില്‍ അവരോട് വര്‍ത്തിക്കാം. അവരോടുള്ള സ്‌നേഹത്തിലും മിതത്വം കാണിക്കേണ്ടതുണ്ട്. അവരുടെ ഇഷ്ടങ്ങളേക്കാളും താല്‍പര്യങ്ങളേക്കാളും അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും മുന്‍ഗണന നല്‍കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

മൊഴിമാറ്റം: നസീഫ്

Related Articles