Current Date

Search
Close this search box.
Search
Close this search box.

സന്താനങ്ങളെ ഉപദേശിക്കേണ്ട വിധം

advice.jpg

വ്യക്തിതലത്തിലും സാമൂഹികപരിസരത്തും നാം അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് സംസ്‌കരണം. ലുഖ്മാന്‍ തന്റെ മകന് നല്‍കിയ ഉപദേശനിര്‍ദ്ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ ശാശ്വതമായി നിലനിര്‍ത്തിയത് തന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ ധാരാളമാണ്. പ്രവാചകനല്ലാതിരുന്നിട്ട് കൂടി ലുഖ്മാന്‍ തന്റെ മകന് നല്‍കിയ ഹൃദയസ്പര്‍ശിയായ വസിയ്യത്തുകള്‍ എല്ലാ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പ്രബോധകര്‍ക്കും ഭൂമുഖത്ത് ദൈവമാര്‍ഗത്തില്‍ ചരിക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും മാതൃകയായിക്കൊണ്ടാണ് ഖുര്‍ആനില്‍ അല്ലാഹു പ്രതിപാദിച്ചിട്ടുള്ളത്.

സംവാദത്തിന്റെ ശൈലി

1. അഗാധ സ്‌നേഹം പ്രകടമാകുന്ന ശൈലി.

സ്‌നേഹ വാല്‍സല്യത്തിന്റെയും കാരുണ്യത്തിന്റെയും ശൈലിയിലാണ് സംസാരമെങ്കില്‍ അത് ബന്ധം ഊഷ്മളമാക്കുന്നതില്‍ അഗാധ സ്വാധീനം ചെലുത്തുന്നത് കാണാം. അതിനാല്‍ ‘യാ ബുനയ്യ’ പൊന്നുമോനേ എന്നര്‍ഥത്തില്‍ ആവര്‍ത്തിച്ച് ലുഖ്മാന്‍ തന്റെ മകനെ എന്ന് വിളിച്ച് ഉപദേശിക്കുന്നത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. യഅ്ഖൂബ് നബി യൂസുഫിനെ അഭിസംബോധന ചെയ്യുമ്പോഴും ഇബ്രാഹീം നബി ഇസ്മാഈല്‍ നബിയെ വിളിക്കുമ്പോഴും പ്രസ്തുത പദം തന്നെ ഉപയോഗിക്കുന്നതായി ഖുര്‍ആനില്‍ നമുക്ക് ദര്‍ശിക്കാം. അപ്രകാരം പ്രവാചകന്‍(സ) മുആദിനേയും ഇബ്‌നു അബ്ബാസിനെയുമെല്ലാം വിളിക്കുമ്പോള്‍ ‘യാ ഉലാം’ പിഞ്ചോമനേ എന്ന പദമുപയോഗിച്ചതായി ഹദീസുകളില്‍ നമുക്ക് കാണാം. സ്‌നേഹമസൃണമായ ഇത്തരം വിളികള്‍ കേള്‍ക്കുമ്പോള്‍ ശ്രോതാവിന്റെ കാതുകള്‍ പറയുന്ന കാര്യത്തിലേക്ക് ശ്രദ്ധാപൂര്‍വം തിരിക്കുന്നതായി കാണാം.

2. ഹൃദയത്തോട് സംവദിക്കുക:

വിദ്യാലയത്തിലോ മറ്റു പൊതുസ്ഥലങ്ങളിലോ നിന്ന് പഠിതാവിന്റെയോ സന്താനങ്ങളുടെയോ ശ്രദ്ദയിലുണ്ടാകേണ്ട വല്ല ഉപദേശവും നല്‍കുന്ന സാഹചര്യത്തില്‍ ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കുള്ള സംസാര ശൈലിയാണ് സ്വീകരിക്കുന്നതെങ്കില്‍ അത് ശ്രോതാവില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നതില്‍ സംശയമില്ല.

3. കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കുക

പിതാക്കള്‍ മക്കളിലേക്ക് നല്‍കുന്ന കല്‍പനകള്‍ നിര്‍ബന്ധിതാവസ്ഥ കാരണം മക്കള്‍ ചെയ്‌തേക്കാം. താല്‍പര്യപൂര്‍വമല്ലാതെ ചെയ്യുന്ന ഇത്തരം കര്‍മങ്ങളുടെ ആയുസ്സ് പരിമിതമാണ്. മിക്കവാറും പിതാവിന്റെ അഭാവത്തില്‍ അവര്‍ അത് ലംഘിച്ചേക്കാം. പര്‍ദ്ദ ധരിക്കാന്‍ മക്കളോട് കല്‍പിക്കുന്നതിന് മുമ്പേ അതിന്റെ പ്രാധാന്യവും ഇസ്‌ലാം നല്‍കുന്ന പരിഗണനയും സ്ത്രീയുടെ സുരക്ഷിതത്വവുമെല്ലാം സംബന്ധിച്ച് അവളില്‍ സ്വാധീനം ചെലുത്തുന്ന രീതിയില്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അല്ലാതെ നിര്‍ബന്ധ കല്‍പന നല്‍കുകയാണെങ്കില്‍ അത് അവളില്‍ നിഷേധാത്മകമായ ഫലമായിരിക്കും ഉളവാക്കുക.

4. കാര്യങ്ങളെ ശരിയായി വിലയിരുത്തുകയും നല്ല ധാരണകള്‍ നട്ടുവളര്‍ത്തുകയും ചെയ്യുക

യൂസുഫ് നബിയുടെ ചരിത്രം വിവരിക്കുമ്പോള്‍ പിതാവ് മകന് നല്‍കുന്ന നിര്‍ദ്ദേശം ശ്രദ്ദേയമാണ്. ‘ പിതാവു പറഞ്ഞു: ‘മോനേ, ഈ സ്വപ്നത്തെപ്പറ്റി ഒരിക്കലും നിന്റെ സഹോദരന്മാരോട് പറയരുത്. അവര്‍ നിനക്കെതിരെ ഗൂഢതന്ത്രം പ്രയോഗിച്ചേക്കും. പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണ്. അവ്വിധം നിന്റെ നാഥന്‍ നിന്നെ തെരഞ്ഞെടുക്കും. നിന്നെ അവന്‍ സ്വപ്ന വ്യാഖ്യാനം പഠിപ്പിക്കും. നിനക്കും യഅ്ഖൂബ് കുടുംബത്തിനും അവന്റെ അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരും; നിന്റെ രണ്ടു പൂര്‍വപിതാക്കളായ ഇബ്‌റാഹീമിനും ഇസ്ഹാഖിനും അത് പൂര്‍ത്തീകരിച്ചു കൊടുത്തപോലെ. തീര്‍ച്ചയായും നിന്റെ നാഥന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാണ്’. (യൂസുഫ് 5-6). അദ്ദേഹത്തിന്റെ മക്കള്‍ക്ക് അദ്ദേഹത്തോട് പകയുണ്ട് എന്നല്ല അദ്ദേഹം സമര്‍ഥിക്കുന്നത്. മറിച്ച്, പിശാച് അതിന് അവരെ പ്രേരിപ്പിക്കും എന്നാണ് യൂസുഫിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നത്. അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിയിക്കുകയും പ്രതിസന്ധികള്‍ അവന്‍ ദൂരീകരിക്കുകയും ചെയ്യുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നത് കാണാം. ഒടുവില്‍ തന്റെ പിതാവിനെയും സഹോദരങ്ങളെയുമെല്ലാം സാക്ഷിനിര്‍ത്തി യൂസുഫ് നബി സ്വപ്‌ന സാക്ഷാല്‍ക്കാരം വിവരിക്കുന്നതും ശ്രദ്ധേയമാണ്. ‘അദ്ദേഹം തന്റെ മാതാപിതാക്കളെ സിംഹാസനത്തില്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമമര്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു: ‘എന്റെ പിതാവേ, ഞാന്‍ പണ്ടു കണ്ട ആ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാണിത്. എന്റെ നാഥന്‍ അത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. എന്നെ തടവറയില്‍നിന്ന് മോചിപ്പിച്ചപ്പോഴും എനിക്കും എന്റെ സഹോദരങ്ങള്‍ക്കുമിടയില്‍ പിശാച് അകല്‍ച്ചയുണ്ടാക്കിയശേഷം അവന്‍ നിങ്ങളെയെല്ലാം മരുഭൂമിയില്‍ നിന്നിവിടെ കൊണ്ടുവന്നപ്പോഴും അവന്‍ എന്നോട് വളരെയേറെ ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും എന്റെ നാഥന്‍ താനിച്ഛിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നടപ്പാക്കുന്നവനാണ്. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ'(യൂസുഫ് 100).

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്
 

Related Articles