Current Date

Search
Close this search box.
Search
Close this search box.

വ്യക്തിത്വ വികാസവും സമൂഹിക നവോത്ഥാനത്തില്‍ മഹല്ലുകളുടെ പങ്കും

mahallu3.jpg

ദുല്‍ഖര്‍നൈന്‍ രണ്ട് മലകള്‍കിടയിലെത്തിയപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകാത്ത ഒരു വിഭാഗത്തിന്റെ അടുത്തെത്തി. അവര്‍ ദുല്‍ഖര്‍നൈനിന്റെ മുമ്പില്‍ തങ്ങള്‍ ആശങ്കിക്കുന്ന  ഒരു കാര്യത്തെക്കുറിച്ച് വ്യക്തമാക്കി. ‘അല്ലയോ ദുല്‍ഖര്‍നൈന്‍; യഅ്ജൂജും മഅ്ജൂജും നാട്ടില്‍ നാശമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അങ്ങ് അവര്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു ഭിത്തിയുണ്ടാക്കിത്തരണം. ആ വ്യവസ്ഥയില്‍ ഞങ്ങള്‍ അങ്ങയ്ക്ക് നികുതി നിശ്ചയിച്ചു തരട്ടെയോ?’ അവര്‍ ആഗ്രഹിച്ചത് തങ്ങളുടെ പങ്കാളിത്തം വാഗ്ദാനം ചെയ്യാതെ പണം നല്‍കി ദുല്‍ഖര്‍നൈനെ കൊണ്ട് തങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തണമെന്നായിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഞാന്‍ സഹായിക്കാമെന്ന് പറയുകയും ചെയ്തു. പക്ഷെ നിങ്ങളുടെ സമ്പത്ത് എനിക്ക് ആവശ്യമില്ല. ‘എന്റെ നാഥന്‍ എനിക്ക് അധീനപ്പെടുത്തിത്തന്നത് അതിനെക്കാളെല്ലാം മെച്ചപ്പെട്ടതാണ്’.

ഈ സംഭവത്തില്‍ നിന്ന് പ്രധാനമായും നാം പാഠിക്കേണ്ട ചില പാഠങ്ങളുണ്ട്. കാര്യങ്ങള്‍ മനസ്സിലാകാത്ത ജനതയോട് എപ്രകാരമാണ് ദുല്‍ഖര്‍നൈന്‍ പെരുമാറിയതെന്ന് നാം പഠിച്ചെടുക്കണം. അദ്ദേഹം അവരോട് പറഞ്ഞു: ഞാന്‍ നിങ്ങളെ എന്റെ ശക്തികൊണ്ട് സഹായിക്കാം. ആദ്യമായി അദ്ദേഹം അവരെ പഠിപ്പിച്ചത് അധ്വാനശീലമാണ്. അപ്രകാരം ചെയ്യുന്ന പക്ഷം ഞാന്‍ നിങ്ങളെ സഹായിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. അദ്ദേഹം പറഞ്ഞു: ‘അതിനാല്‍ നിങ്ങളെന്നെ സഹായിക്കേണ്ടത് ശാരീരികാധ്വാനംകൊണ്ടാണ്. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാനൊരു ഭിത്തി ഉണ്ടാക്കിത്തരാം.’ പിന്നീട് അദ്ദേഹം അവരെകൊണ്ട് തന്നെ ഇരുമ്പതകിടുകള്‍ എത്തിക്കുന്നുണ്ട്. ശേഷം അത് അവിടെ ഉറപ്പിക്കുന്നതിനും അദ്ദേഹം അവരെ പണിയെടുപ്പിച്ചു. അവരെകൊണ്ട് തീ കത്തിക്കാനുള്ള സൗകര്യമെരുക്കിച്ചു. പിന്നീട് അദ്ദേഹം അവരോട് ഈയം കൊണ്ടുവന്ന് അത് ഇരുമ്പ് തകിടുകള്‍ക്കിടയില്‍ ഉരുക്കിയൊഴിക്കാന്‍ പറഞ്ഞു.’ (അല്‍കഹ്ഫ്: 93-96)

പ്രയോഗത്തില്‍ ദുല്‍ഖര്‍നൈന്‍ കാര്യമായ ജോലികളൊന്നും അവിടെ നിര്‍വഹിച്ചിട്ടില്ല. പകരം മടിപിടിച്ച് തങ്ങളുടെ ശക്തി തിരിച്ചറിയാതിരുന്ന ഒരു സമൂഹത്തെ അവരുടെ ശക്തി ബോധ്യപ്പെടുത്തുകയും അതിന് നേതൃത്വം നല്‍കി പണി പൂര്‍ത്തിയാക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഇതാണ് വ്യക്തിത്വ വികാസത്തിന്റെ ആദ്യപടി. കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുക്കുകയെന്നതാണ് ഒരാളുടെ വ്യക്തിത്വ വികാസത്തിന്റെ തുടക്കം. ഇന്ന് സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇസ്‌ലാമിക മഹല്ലുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതുണ്ട്.

മഹല്ലുകള്‍ ആദ്യമായി ശ്രദ്ധിക്കേണ്ടത് തങ്ങള്‍ക്ക് കീഴിലുള്ള ശക്തികളും വിഭവങ്ങളും തിരിച്ചറിയുകയെന്നതാണ്. അതിലൂടെ മാത്രമേ എന്താണ് പ്രവര്‍ത്തിക്കേണ്ടതെന്ന് മഹല്ലുകള്‍ക്ക് തിരിച്ചറിയാനാകുകയുള്ളൂ. മഹല്ലിന്റെ കീഴിലുള്ള ഓരോ ആളുകളുടെയും കഴിവുകളും ശക്തിയും തിരിച്ചറിയുകയും അത് സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് അത് വികസിക്കുക. ഇത്തരത്തില്‍ ഓരോ വ്യക്തിയെയും വളര്‍ത്തികൊണ്ടുവരികയെന്നതാണ് മഹല്ലുകള്‍ സമൂഹത്തില്‍ ചെയ്യേണ്ടത്. ഇത്തരത്തില്‍ വ്യക്തിത്വ വളര്‍ച്ചയും മാനവശേഷി വികസനവുമാണ് മഹല്ലുകളെ നവോത്ഥാനതത്തില്‍ സഹായിക്കുക.

മഹല്ലുകള്‍ വഴി ഇത്തരം സാമൂഹിക സംസ്‌കരണം നടക്കണമെങ്കില്‍ ശക്തമായ ഒരു നേതൃത്വം അനിവാര്യമാണ്. ഓരോരുത്തരെയും കണ്ടറിയാനും പരിഗണിക്കാനും വളര്‍ത്താനും സാധിക്കുന്നവനായിരിക്കണം ഈ നേതാവ്. നേതാവിന്റെ വിജയമാണ് മഹല്ലിന്റെ വിജയം. മഹല്ലിന്റെ പരാജയം നേതാവിന്റെ പരാജയം കാരണവും. ദുല്‍ഖര്‍നൈനെ പോലെ അണികളുടെ കഴിവുകള്‍ തിരിച്ചറിയാനും അവ ആവശ്യമായ തരത്തില്‍ ഉപയോഗപ്പെടുത്താനും നേതാവിന് കഴിയണം. അണികളെ നേര്‍വഴിയില്‍ നയിക്കാനാവശ്യമായ അറിവും കഴിവും ഉള്ളവനാകണം നേതാവ്. ശാരീരിക ഭാഷയും ഇതില്‍ വളരെ നിര്‍ണായകമാണ്. ആളുകളെ അനുസരിക്കാന്‍ പ്രേരിപ്പിക്കുന്ന ശരീരഭാഷയാണ് നേതാവിനുണ്ടാവേണ്ടത്. അതുകൊണ്ടാണ് ത്വാലൂത്തിനെ നേതാവാക്കി നിശ്ചയിച്ചപ്പോള്‍ ‘അവന് അറിവും ശരീരവും നല്‍കിയിട്ടുണ്ടെന്ന്’ അല്ലാഹു പറഞ്ഞത്.

ആരോഗ്യകരവും സുരക്ഷിതവുമായ ഒരു മഹല്ലും സമൂഹവും കെട്ടിപ്പടുക്കാനും സാമൂഹിക നവോത്ഥാനം സാധ്യമാക്കാനും അതിലെ ആളുകളുടെ കഴിവുകള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം. അതിനായി വ്യക്തിത്വവികസനത്തിന് മഹല്ലുകള്‍ക്ക് കൃത്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ സാധിക്കേണ്ടതുണ്ട്.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles