Current Date

Search
Close this search box.
Search
Close this search box.

വേദനയെ വേദാന്തമാക്കുക

SADNESS.jpg

നിങ്ങളെ ബാധിച്ചിരിക്കുന്ന വിപത്ത് എത്ര വലുതാവട്ടെ ചെറുതാവട്ടെ നീ അല്ലാഹുവെ അവലംബിക്കുക. ഭരമേല്‍പ്പിക്കാന്‍ ഏറ്റവും ഉത്തമനായ അല്ലാഹു മതിയെനിക്ക് എന്ന വിശ്വാസത്തില്‍ ശക്തി പ്രസരിപ്പിക്കാന്‍ നിനക്കാവണം. ‘അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്.’ (ഖുര്‍ആന്‍: 65:3) നിന്റെ കാര്യങ്ങള്‍ എത്ര പ്രയാസകരമാവട്ടെ, ദുഖങ്ങളും വേദനകളും നിന്നെ വേട്ടയാടട്ടെ, നീ ശക്തനും മഹാനുമായ അല്ലാഹുവെ സൂക്ഷിക്കുക. നിന്റെ ദുഖങ്ങല്‍ നീക്കിതരുവാനും കാര്യങ്ങള്‍ എളുപ്പമാക്കി തരാനും കഴിയുന്നവന്‍ അവന്‍ മാത്രമാണ്. ‘ആര്‍ അല്ലാഹുവോട് ഭക്തിയുള്ളവരാകുന്നുവോ അവന്റെ കാര്യം അല്ലാഹു എളുപ്പമാക്കും. ‘അവന്‍ വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും’ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

നിന്റെ മുമ്പില്‍ ലോകം മുഴുവന്‍ ഇരുളുകയും പ്രതിസന്ധികള്‍ ആര്‍ത്തലച്ച് വരികയും ചെയ്‌തേക്കാം. കാര്യങ്ങള്‍ പ്രയാസകരമാവുമ്പോള്‍ നിന്റെ മനസ്സ് വേദനിക്കും. പ്രയാസത്തോടൊപ്പം എളുപ്പമുണ്ടെന്ന് നീ ഓര്‍ക്കണം. രാത്രിക്ക് ശേഷം ഒരു പകല്‍ വരിക തന്നെ ചെയ്യും. പ്രഭാതം അതിന്റെ എല്ലാവിധ ശോഭയോടും പ്രകാശത്തോടും കൂടി തെളിയും. പരീക്ഷണങ്ങള്‍ വേട്ടയാടുമ്പോള്‍ സഹനമവലംബിക്കുകയും, ഒരു സ്വയം വിചാരണ നടത്തുകയും ചെയ്യുക. പ്രിയപ്പെട്ട പ്രവാചകന്‍(സ) പഠിപ്പിച്ച പോലെ പറയുകുകയും ചെയ്യുക. ‘നിനെക്കെന്നോട് കോപമില്ലെങ്കില്‍ അതെനിക്കൊരു പ്രശ്‌നമല്ല. എന്നാല്‍ നിന്നില്‍ നിന്നുള്ള സൗഖ്യമാണെനിക്ക് കൂടുതല്‍ ആശ്വാസം. അന്ധകാരങ്ങളെ പ്രകാശപൂരിതമാക്കുന്ന പ്രശോഭിതമായ നിന്റെ സവിധത്തില്‍ ഞാന്‍ അഭയം തേടുന്നു. അതിന്‍മേലാണ് പ്രപഞ്ചത്തിലെ മുഴുവന്‍ കാര്യങ്ങളും ശരിയാവുന്നത്. നിന്റെ തൃപ്തിക്കായി നിന്നോട് മാത്രമാണ് കുറ്റമേറ്റുപറയുന്നത്. നീയല്ലാതെ യാതൊരു ശക്തിയും അധികാരിയുമില്ല’.

ക്ഷോഭിക്കുന്ന കടലില്‍ ആടിയുലയുന്ന കപ്പല്‍ പോലെയാണ് മനസിലാക്കണം. നിനക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ നിന്നെ ഇളക്കിമറിക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ അല്ലാഹുവോട് സംരക്ഷണവും കാവലും തേടുക. അവനാണ് അടിമകളെ കാക്കുന്നവന്‍. കാര്യങ്ങളെ നിയന്ത്രിക്കുന്നവനും അവന്‍ തന്നെ. നീ സന്തുലിതമായ കപ്പലായി മാറുക. പ്രശസ്ത സാഹിത്യകാരനായ മുസ്തഫ സാദിഖ് റാഫിഈ പറയുന്നു: ‘സമുദ്രത്തിലെ തിരകളോട് മനുഷ്യജീവിതം എത്ര സാദൃശ്യം പുലര്‍ത്തുന്നു!! കപ്പലിന്റെ പരിണിതി അതിന്റെ ചുറ്റുപാടിനെ ആശ്രയിച്ചാണിരിക്കുന്നത്. ചുറ്റുപാട് ക്ഷോഭിക്കുമ്പോള്‍ കപ്പല്‍ ആടിയുലയുകയും, അവ ശാന്തമാവുമ്പോള്‍ കപ്പല്‍ ലക്ഷ്യത്തിലേക്ക് മുന്നേറുകയും ചെയ്യുന്നു. തിരമാലകളില്‍ നിന്ന് വേറിട്ട ഒരു ഒരു നിയമം അതിനില്ലതന്നെ. എന്നാല്‍ അതിന്റെ അടിസഥാന ദൗത്യമാവട്ടെ സന്തുലിതവും സ്ഥിരവും ശാന്തവുമായി ലക്ഷ്യത്തിലത്തിച്ചേരലാണ്. അതിനാല്‍ മനുഷ്യന്‍ ലോകത്തെയും അതിന്റെ നടപടിക്രമങ്ങളെയും പഴിക്കരുത്. എന്നാല്‍ അതില്‍ സ്വന്തത്തെ ഉറപ്പിച്ച് നിര്‍ത്താന്‍ പരിശ്രമിക്കുകയാണ് വേണ്ടത്.’

ഫ്രഞ്ച് തത്വചിന്തകനായ മൊന്റയിന്‍ പറയുന്നു: ‘തനിക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍ തന്റെ അഭിപ്രായത്തെ സ്വാധീനിക്കുന്നത് പോലെ മറ്റൊന്നും അതിനെ സ്വാധീനിക്കുകയില്ല.’ അതുകൊണ്ട് നിനക്കു ചുറ്റുമുള്ളതില്‍ നിന്ന് തെറ്റായ അഭിപ്രായങ്ങള്‍ നിന്നെ സ്വാധീനിക്കരുത്. പരീക്ഷിക്കപ്പെടുമ്പോള്‍ പരിഭ്രാന്തനാവാതെ അല്ലാഹുവോട് കേണപേക്ഷിക്കുക. എത്ര പരിശ്രമിച്ചാലും വിധിയെ തടുക്കാന്‍ നിനക്കാവില്ല. എന്നാല്‍ പ്രാര്‍ത്ഥനക്കതിന് സാധിക്കും. അല്ലാഹുവോട് പ്രാര്‍ത്ഥിച്ച് ഫലം കാത്തിരിക്കുക, അതിന് നീ ധൃതിവെക്കരുത്. പ്രതീക്ഷയോടെ നീ പ്രാര്‍ത്ഥന തുടരുക. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശനാകുന്നത് സൂക്ഷിക്കണം. നിന്നെ പ്രയാസങ്ങള്‍ കൊണ്ട് പരീക്ഷിക്കുമ്പോള്‍ നീ നിരാശനാകുന്നതാണ് യഥാര്‍ത്ഥ പരാജയം. പ്രാര്‍ത്ഥനക്ക് മറുപടി നല്‍കാന്‍ വൈകുന്നതും അല്ലാഹുവിന്റെ പരീക്ഷണമായിരിക്കും.

പ്രാര്‍ഥന തുടര്‍ന്ന് കൊണ്ടേയിരിക്കണം. കാരണം പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കുന്ന അടിമയെ അല്ലാഹു ഇഷ്ടപ്പെടുന്നു. അവന്‍ സ്രഷ്ടാവിനോട് തന്റെ ആവശ്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. തന്റെ ശബ്ദം കേള്‍ക്കാന്‍ അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന വിചാരത്തോടും ഉത്തരം കിട്ടുമെന്ന ഉറപ്പോട് കൂടിയായിരിക്കണമത്. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിച്ചില്ലെങ്കില്‍ അതിനെ മറ്റൊരു യുക്തമായ അവസരത്തിലേക്ക് പിന്തിച്ചതായിരിക്കും. ഒരു അടിമ തനിക്ക് തെരെഞ്ഞെടുക്കുന്നതിനേക്കാള്‍ ഉത്തമമായതായിരിക്കും അല്ലാഹു തന്റെ അടിമക്ക് വേണ്ടി തെരെഞ്ഞെടുക്കുക. ഞാന്‍ എന്റെ നാഥനെ വിളിച്ചു എനിക്കവന്‍ ഉത്തരം നല്‍കിയില്ല എന്നൊരിക്കലും നീ പറയരുത്. കാരണം നബി(സ) വിലക്കിയ കാര്യമാണത്. നിനക്ക് ഞെരുക്കം അനുഭവപ്പെട്ടാല്‍ അവനിലഭയം തേടുക. എല്ലാ നന്മയുടെ ഉടമയായ അവന്‍ നിന്റെ സമീപസ്ഥനുമാണ്. എത്ര നിസ്സാരമായ കാര്യവും വലിയ കാര്യവും അവന്റെ നിയന്ത്രണത്തിലാണ്. ‘എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം’ (ഖുര്‍ആന്‍: 2: 186)

രാത്രികള്‍ മാറിമറിഞ്ഞ് വരിക തന്നെ ചെയ്യും. ഇമാം ഇബ്‌നുല്‍ ജൗസി പറയുന്നു: ‘കാലം ഒരവസ്ഥയില്‍ തന്നെ സ്ഥിരമായി നിലനില്‍ക്കുകയില്ല. അല്ലാഹു പറയുന്നു: ‘ആ ദിനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നാം മാറ്റിമറിച്ചുകൊണ്ടിരിക്കും’ ചിലപ്പോള്‍ ദാരിദ്ര്യമായിരിക്കും മറ്റുചിലപ്പോള്‍ ഐശ്വര്യവും. ചിലപ്പോള്‍ പ്രതാപവും മറ്റുചിലപ്പോള്‍ നിന്ദ്യതയുമായിരിക്കും. ബന്ധുക്കള്‍ സന്തോഷിക്കുന്ന അവസരങ്ങളും, നമ്മുടെ പരാജയത്തില്‍ ശത്രുക്കള്‍ സന്തോഷിക്കുന്ന അവസരങ്ങളുമുണ്ടാകും. എല്ലാ അവസ്ഥയിലും സ്ഥൈര്യം കാണിക്കുന്നവനാണ് ബുദ്ധിമാന്‍. അതാണ് ദൈവഭക്തി. ദൈവഭക്തിയുടെ അഭാവത്തില്‍ അതിനെ നിഷേധിക്കുന്നവന്‍ നഷ്ടകാരിയായി മാറും.’

വേദനയുടെ ശക്തിയെ നീ പ്രയോജനപ്പെടുത്തണം. നിന്റെ വേദനയില്‍ നിന്നും ശക്തവും ശുദ്ധവുമായ ശക്തി എങ്ങനെ മുളപൊട്ടുമെന്ന് നീ പഠിക്കണം. നിന്നെയത് ശരിയായ മാര്‍ഗത്തില്‍ ചലിപ്പിക്കും. നിരാശ നിന്നെ കീഴ്‌പ്പെടുത്തുന്നതില്‍ നിന്നത് തടഞ്ഞ് നിര്‍ത്തും. പ്രവാചകനില്‍(സ) നമുക്കതിന് ഉത്തമമായ മാതൃകയുണ്ട്. ഉഹ്ദ് യുദ്ധത്തിന് ശേഷമുള്ള ദിവസത്തില്‍ അദ്ദേഹം മുസ്‌ലിംകളുമായി യുദ്ധത്തിന് പുറപ്പെട്ടു. ഉഹ്ദില്‍ പങ്കെടുത്തവര്‍ മാത്രം തന്നോടൊപ്പം ‘ഹംറാഉല്‍ അസദി’ ലേക്ക് പോന്നാല്‍ മതിയെന്ന നിബന്ധന വെച്ചിരുന്നു. അവരെല്ലാവരും പുറപ്പെട്ടു. ഉഹ്ദില്‍ ഗുരുതരമായ പരിക്കേറ്റവര്‍ വരെ അവരിലുണ്ടായിരുന്നു. എല്ലാവര്‍ക്കും വേദനകളുണ്ടായിരുന്നു. ആ വേദനകളെ പ്രതീക്ഷകളാക്കി മാറ്റുകയായിരുന്നു അവര്‍. കടുത്ത ഒരു പരീക്ഷണമായിരുന്നു അത്. അദ്ദേഹത്തിന്റെ സൈന്യത്തിന് ആത്മവിശ്വാസം നല്‍കുന്നതിനായിരുന്നു അത്. ആ വേദനകളില്‍ നിന്ന് വിജയത്തെ കുറിച്ച പ്രതീക്ഷിച്ച അവരിലുണ്ടാക്കാനായിരുന്നു അത്. പരിക്കുകളും വേദനകളും തന്റെ സൈന്യത്തിന് ശക്തിയും മനോദാര്‍ഢ്യവും സ്ഥൈര്യവും കുറക്കുകയല്ല, വര്‍ദ്ധിപ്പിക്കുകയാണ് എന്ന് ശത്രുക്കള്‍ക്ക് കാണിച്ചു കൊടുക്കുന്നതിന് കൂടിയായിരുന്നു അത്. വേദനയെ അനുഗ്രഹമായി കാണുക. നിങ്ങള്‍ ഭയക്കുകയും ഒഴിഞ്ഞുമാറുകയും ചെയ്യുന്ന വേദന യഥാര്‍ത്ഥത്തില്‍ അനുഗ്രഹം തന്നെയാണ്. എന്നാല്‍ അത് മനസിലാക്കിയ ആളുകള്‍ വളരെ കുറവാണ്. അതിന്റെ ശക്തിയെ കുറിച്ചവര്‍ക്കറിയില്ല. വേദന നമുക്ക് സഹനശക്തി നല്‍കി  മനസ്സിനെ കടഞ്ഞെടുക്കുന്നു. മനോദാര്‍ഢ്യത്തെയത് ശക്തിപ്പെടുത്തുന്നു. വേദനയുണ്ടാകുന്നത് ചികിത്സയെ കുറിച്ച് നമ്മെ മുന്നറിയിപ്പ് നല്‍കുന്നു. അതിനെ കുറിച്ച് ബോധവാന്മാരാകുന്ന നാം മറ്റുള്ളവന്റെ വേദനയെയും തിരിച്ചറിയുന്നു. അതിലെല്ലാം ഉപരിയായി അത് നമ്മുടെ സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. അല്ലാഹുവിന്റെ സഹായത്തിന്റെ അനിവാര്യതയും നമ്മുടെ ദൗര്‍ബല്യവും അത് വ്യക്തമാക്കി തരുന്നു.

മനുഷ്യര്‍ പലപ്പോഴും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഉല്ലാസയാത്രകള്‍ നടത്താറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ വ്യഥകളെ അവന്‍ മാറ്റിവെക്കണം. വേദനകള്‍ ചുമലിലേറ്റിയാണ് അപ്പോഴും നടക്കുന്നതെങ്കില്‍, ഉല്ലാസയാത്രയിലാമ് താനെന്ന് മറക്കാനത് കാരണമാകും. ജീവിതത്തിലെ പ്രയാസങ്ങളെയും സമ്മര്‍ദ്ദങ്ങളെയും മാറ്റിവെക്കുന്നതിനാണ് പുറപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം കുടുംബത്തോടൊപ്പം സന്തോഷിക്കാനിറങ്ങിയ അവന്‍ അവര്‍ക്ക് കൂടി വ്യഥകള്‍ പകര്‍ന്ന് നല്‍കുകയായിരിക്കും ചെയ്യുക. അതിലൂടെ വാര്‍ദ്ധക്യത്തിലേക്ക് ഓടിയടുക്കുകയായിരിക്കും ചെയ്യുന്നത്. ചുറ്റുമുള്ളവര്‍ അവനെ വെറുക്കും. അതിനാല്‍ ഉല്ലസിക്കാന്‍ ഇറങ്ങുമ്പോള്‍ കൊണ്ടു പോകുന്ന ബാഗില്‍ ദുഖത്തെയും വേദനകളെയും എടുത്ത് വെക്കരുത്. വിനോദയാത്രയിലെ ഓരോ നിമിഷവും ആസ്വദിക്കുക. അല്ലാഹു നിശ്ചയിച്ച പരിധിക്കുള്ളില്‍ നിന്നായിരിക്കണമത്. മനസ് അവനെ സ്മരിക്കുകയും പ്രവര്‍ത്തികളിലൂടെയത് പ്രകടമാവുകയും ചെയ്യട്ടെ.

അല്ലാഹുവിന്റ വിധിയെ തൃപ്തിയോട് കൂടി സ്വീകരിക്കുക. എപ്പോഴും നന്ദിയുള്ളവനാകുകയും ചെയ്യുക. നന്ദി കാണിച്ചതിന്റെ പേരില്‍ ഇബ്‌റാഹീം നബിയെ(അ) അല്ലാഹു പ്രശംസിക്കുന്നത് കാണാം. ‘അദ്ദേഹം അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനായിരുന്നു. അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും ഏറ്റം നേരായ വഴിയില്‍ നയിക്കുകയും ചെയ്തു.’ (ഖുര്‍ആന്‍: 16:121) അല്ലാഹുവിന്റെ ഏതെങ്കിലും അനുഗ്രഹം ലഭിക്കാതിരിക്കുമ്പോള്‍ നിനക്ക് ലഭിച്ച അസംഖ്യം അനുഗ്രഹങ്ങള്‍ നീ ഓര്‍ക്കുക. അവക്കെല്ലാം നീ അല്ലാഹുവോട് നന്ദി കാണിക്കേണ്ടതുണ്ട്. അവനോട് നന്ദികാണിക്കുമ്പോള്‍ കൂടുതല്‍ അനുഗ്രങ്ങള്‍ക്കത് കാരണമാകും. ‘നിങ്ങളുടെ നാഥനിങ്ങനെ വിളംബരം ചെയ്ത സന്ദര്‍ഭം: ‘നിങ്ങള്‍ നന്ദി കാണിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ധാരാളമായി നല്‍കും; അഥവാ, നന്ദികേടു കാണിക്കുകയാണെങ്കില്‍ എന്റെ ശിക്ഷ കടുത്തതായിരിക്കുകയും ചെയ്യും.’ (ഖുര്‍ആന്‍: 14:7) നിനക്കവന്‍ ധാരാളം അനുഗ്രങ്ങള്‍ നല്‍കിയിട്ടുണ്ട്. കാഴ്ച, കേള്‍വി, ബുദ്ധി അങ്ങനെ എണ്ണിതിട്ടപ്പെടുത്താന്‍ കഴിയാത്ത അനുഗ്രങ്ങള്‍ നിനക്ക് ലഭിച്ചിട്ടുണ്ട്. ഈ അനുഗ്രങ്ങള്‍ നിഷേധിക്കപ്പെട്ട പലരുമുണ്ട്. ഡായേല്‍ കാര്‍നെഗി പറയുന്നു: ‘അസ്വസ്ഥമായ ജീവിതത്തിന് അറുതി വരുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നീ സ്വീകരിക്കേണ്ട തത്വമിതാണ്, നിന്റെ പ്രയാസങ്ങള്‍ക്ക് പകരം അനുഗ്രഹങ്ങളെ എണ്ണുക.’ മാനസികമായ പ്രയാസങ്ങള്‍ അനുഭവപ്പെടുമ്പോഴെല്ലാം ഇതൊരു ശീലമാക്കി മാറ്റുക. പാപമോചനവും അതിനായി പ്രയോജപ്പെടുത്താവുന്നതാണ്. കാരണം അത് മനസിന് ശാന്തതയും സ്വസ്ഥതയും പ്രധാനം ചെയ്യുന്നു. ഇഹത്തിലും പരത്തിലും നന്മക്കത് കാരണമാകും. നൂഹ് നബി(അ) തന്റെ ജനതക്ക് നല്‍കിയ ഉപദേശം അതാണ് വ്യക്തമാക്കുന്നത്. ”ഞാന്‍ ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. ‘അവന്‍ നിങ്ങള്‍ക്ക് ധാരാളം മഴ വീഴ്ത്തിത്തരും. ‘സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് തോട്ടങ്ങളുണ്ടാക്കിത്തരും. അരുവികളൊരുക്കിത്തരും.’ (ഖുര്‍ആന്‍: 71: 10-12) പാപമോചനം നടത്തുന്നില്ലെങ്കില്‍ അത് ദുഖവും പ്രയാസവും അധികരിക്കുന്നതിനത് കാരണമാകും. ദുഖിതനായി നീ കഴിയുമ്പോള്‍ നിരാശ കൂട്ടുകയും നിന്റെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യും. ഞെരുക്കം വിലമതിക്കാനാവാത്ത നിന്റെ ആരോഗ്യത്തെയും നശിപ്പിക്കും. ഭയമോ ദേഷ്യമോ അതിനെ കുറക്കുകയില്ല.

പ്രയാസങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണമാണ്. സത്യത്തെയും അസത്യത്തെയും വേര്‍തിരിക്കുന്നതിനാണത്. വിശ്വാസിക്കത് ഈമാന്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍, മുനാഫിഖുകള്‍ അതിന് മുമ്പില്‍ പതറുന്നു. പലപ്പോഴും അവര്‍ ജീവിതത്തെ തന്നെ ശപിക്കുന്നു. അവരുടെ ദൗര്‍ഭാഗ്യത്തെ പഴിക്കുകയും ബുദ്ധി തന്നെ കൈമോശം വരികയും ചെയ്യുന്നു. സമനില തെറ്റുകയും ആത്മഹത്യയിലേക്ക് വരെ ചെന്നെത്തുന്നതിനുമത് കാരണമാകുന്നു. വ്യഥകള്‍ അവരുടെ അവരുടെ ഹൃദയത്തില്‍ ജ്വലിക്കുകയും ആളിക്കത്തുകയും ചെയ്യുന്ന വിറകായി മാറും. ജീവിതം അവന് മുമ്പില്‍ ഇരുളടഞ്ഞതാകും. നിരാശയും പ്രയാസവും അവനെ മൂടും. സ്വന്തത്തോടും ജീവിതത്തോടും അവന് വെറുപ്പും പകയുമായിരിക്കും. ദുഖം അതിന്റെ വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും അവന്റെ ശരീരത്തെയും മനസിനെയും ബാധിക്കും. അവന്റെ മുഖത്തിന്റെ നിറം മാറുകയും ചുളിവുകള്‍ നിറയുകയും ചെയ്യും. വേദന നിറഞ്ഞ മനസും പരിഭ്രാന്തമായ മനസുമായിരിക്കും അവന്റേത്. അതവനെ നിരാശയിലേക്ക് നയിക്കും. പ്രയാസവും ദുഖവും നിറഞ്ഞ യാഥാര്‍ത്ഥ്യത്തില്‍ നിന്നവന്‍ ഓടിയകലാനാണ് ശ്രമിക്കുക. അന്ധകാരവും ദുഖവും നിറഞ്ഞ വഴികളിലൂടെയായിരിക്കും അവന് പോകേണ്ടി വരിക. ദുഖങ്ങള്‍ മറക്കുന്നതിനായി മദ്യത്തിലേക്കും മയക്കുമരുന്നിലേക്കുമവന്‍ അഭയം പ്രാപിക്കും. മറ്റൊരു ലോകത്തായിരിക്കും പിന്നീടവന്റെ ജീവിതം. തെറ്റായ വഴികളിലൂടെയായിരിക്കും പിന്നീടവന്റെ സഞ്ചാരം. പ്രയാസങ്ങളെല്ലാം മറന്ന് ആനന്ദിക്കുന്നതിനായിരിക്കും അതെല്ലാം അവന്‍ ചെയ്യുന്നത്. എന്നാല്‍ അതെല്ലാം അവന്റെ വേദനകളെയും പ്രയാസങ്ങളെയും അധികരിപ്പിക്കുകയാണെന്ന് അവനറിയുന്നില്ല. അതവന്റെ അവസ്ഥ കൂടുതല്‍ വഷളാക്കുകയും വികാരങ്ങളെല്ലാം നശിച്ച് ആത്മഹത്യയിലേക്കവനെ എത്തിക്കുകയും ചെയ്യും.

ക്ഷമയുടെ ഉന്നത മാതൃക കാണിച്ച പ്രവാചകനെ പിന്തുടരുന്ന വിശ്വാസി എല്ലാഴ്‌പ്പോഴും ദൈവവിധിയെ തൃപ്തിയോടെ സ്വീകരിക്കുന്നവനായിരിക്കും. നബി(സ) ഒരിക്കല്‍ പറഞ്ഞു: ‘പാപമുക്തനായി അല്ലാഹുവെ കണ്ടുമുട്ടുന്നത് വരെ വിശ്വാസിയും വിശ്വാസിനിയും അവന്റെ സന്താനങ്ങളിലും സമ്പത്തിലും സ്വന്തത്തിലും പരീക്ഷണങ്ങള്‍ നേരിട്ടുകൊണ്ടേയിരിക്കും.’ അല്ലാഹുവിന്റെ സ്വര്‍ഗവും തൃപ്തിയും പ്രതിഫലവും നേടുന്നതിന് ക്ഷമയവലംബിക്കുന്നവനായിരിക്കും വിശ്വാസി. പരീക്ഷണങ്ങള്‍ എത്രത്തോളം അധികരിക്കുന്നുവോ വിശ്വാസിയില്‍ അത്രത്തോളം ക്ഷമയും വിശ്വാസവും വര്‍ദ്ധിക്കും. അവന്‍ സത്യസന്ധനും ദൈവഭക്തനുമായി മാറും. അല്ലാഹു പറയുന്നു: ‘പ്രതിസന്ധികളിലും വിപത്്ഘട്ടങ്ങളിലും യുദ്ധരംഗത്തും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍. അവര്‍ തന്നെയാണ് യഥാര്‍ഥ ഭക്തന്മാര്‍.’ (ഖുര്‍ആന്‍ 2:177) പ്രിയ വായനക്കാരാ, പരീക്ഷണങ്ങളില്‍ സഹനമവലംബിക്കുന്നതിലൂടെ ഉയര്‍ന്ന സ്ഥാനവും സ്വര്‍ഗവും നേടുന്നവരില്‍ നീ ഉള്‍പ്പെടണം. അല്ലാഹു ഓരോ തവണ നിന്നെ പരീക്ഷിക്കുമ്പോഴും നിന്റെ നന്മയാണുദ്ദേശിക്കുന്നത്. രോഗം, പ്രിയപ്പെട്ടവരുടെ വേര്‍പാട് തുടങ്ങി ജീവിതത്തിന്റെ സാധാരണ ഗതിയെ ബാധിക്കുന്നതെല്ലാം പരീക്ഷണങ്ങളാണ്. അപ്പോഴെല്ലാം നീ സഹനമവലംബിക്കണം. ക്ഷമിക്കുന്നവര്‍ക്കാണ് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നത്. പലപ്പോഴും നിങ്ങള്‍ വെറുക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഗുണകരമായിരിക്കും. ഇഹലോകത്ത് അല്ലാഹു നിനക്ക് പ്രയാസം ഉണ്ടാക്കുന്നത് നിന്റെ സന്തോഷത്തിനാണ്. നിന്റെ പാപങ്ങള്‍ പൊറുത്തു തരാനല്ലാതെ നിന്നെ കരയിപ്പിക്കുന്നില്ല. നിന്റെ കേണപേക്ഷിക്കല്‍ അവന്‍ അതിലൂടെ കേള്‍ക്കുന്നു. കേവലം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം ഉന്നത സ്ഥാനങ്ങളിലെത്താന്‍ സാധിക്കുകയില്ല. പരീക്ഷണങ്ങളില്‍ ക്ഷമയവലംബിച്ച് മാത്രമേ നമുക്കതിലെത്താന്‍ സാധിക്കുകയുള്ളൂ.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles