Current Date

Search
Close this search box.
Search
Close this search box.

വിസ്മരിക്കപ്പെടുന്ന പ്രാര്‍ഥനാ സംസ്‌കാരം

pray3.jpg

അല്ലാഹുമായി ഏറ്റവും അടുത്ത്, അവന്‍ പരിശുദ്ധമാക്കിയ മണ്ണില്‍ നിന്ന്, അല്ലാഹുവിന്റെ ഏകത്വം ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടി ഭൂമിയില്‍ ആദ്യമായി പണിതുയര്‍ത്തിയ ഗേഹത്തില്‍ ചെന്നു കൊണ്ട് അല്ലാഹുവോട് നടത്തുന്ന ഹൃദയം തുറന്ന പ്രാര്‍ഥനയാണ് ഹജ്ജ്. നിന്ന് പ്രാര്‍ഥിക്കുക, കിടന്ന് പ്രാര്‍ഥിക്കുക, ഭവനത്തെ വലയം വെച്ച് പ്രാര്‍ഥിക്കുക, സഫാ മര്‍വക്കിടയില്‍ ധൃതിയില്‍ നടന്നു കൊണ്ട് പ്രാര്‍ഥിക്കുക, ജംറകളില്‍ എറിഞ്ഞു കൊണ്ട് പ്രാര്‍ഥിക്കുക ഇങ്ങനെ സമ്പൂര്‍ണമായ ഒരു പ്രാര്‍ഥനയാണ് ഹജ്ജ്.

അല്ലാഹുവിന്റെ പ്രിയങ്കരരായ ദാസന്‍മാരെ കുറിച്ച് അല്ലാഹു പറഞ്ഞത് അവര്‍ സദാ ദിക്‌റിലായിരിക്കുമെന്നതാണ്. ഇരുത്തത്തിലും കിടത്തത്തിലും നടത്തത്തിലുമെല്ലാം അല്ലാഹുവിനെ ഓര്‍ത്തു കൊണ്ടേയിരിക്കും. ഇത്തരത്തിലുള്ള ദിക്‌റാണ് ഹജ്ജില്‍ ആകമാനം നിര്‍വഹിക്കപ്പെടുന്നത്. ഹജ്ജില്‍ എന്താണ് പ്രാര്‍ഥിക്കേണ്ടതെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. ഹജ്ജ് തന്നെ പ്രാര്‍ഥനയായത് കൊണ്ടായിരിക്കാം അങ്ങനെ പ്രത്യേക പ്രാര്‍ഥന പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടില്ല. ഹജ്ജിലെ ഓരോ അനുഷ്ഠാനങ്ങളും വ്യത്യസ്ത ഭാവങ്ങളിലുള്ള പ്രാര്‍ഥനകളാണ്. അതിന് പ്രത്യേകം പ്രാര്‍ഥനകള്‍ മനപാഠമാക്കുകയോ ചൊല്ലിപ്പഠിക്കുകയോ ചെയ്യേണ്ടതില്ല. ഏറ്റവും പ്രധാന പ്രാര്‍ഥനയായി നബി തിരുമേനി നിര്‍ദേശിച്ച് തന്നതും ഖുര്‍ആനിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതുമായ പ്രാര്‍ഥന ‘ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ ഈ ലോകത്തു നന്മ ചൊരിയേണമേ, പരലോകത്തും നന്മ ചൊരിയേണമേ! നരകശിക്ഷയില്‍നിന്ന് ഞങ്ങളെ നീ കാക്കുകയും ചെയ്യേണമേ!’ എന്നതാണ്.

ഹജ്ജിന്റെ ചരിത്രം പഠിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സ്മരിക്കപ്പെടുന്ന വ്യക്തിത്വമാണ് അല്ലാഹുവിന്റെ പ്രിയ കൂട്ടുകാരന്‍ ഇബ്‌റാഹീം(അ). അദ്ദേഹത്തിന്റെ വ്യക്തി വിശേഷണങ്ങള്‍ നാം പഠിക്കുകയാണെങ്കില്‍ പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മനസ്സിലാക്കാന്‍ കഴിയും. വിശുദ്ധ ഖുര്‍ആനും അത്തരത്തിലാണ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. ‘അവ്വാഹുന്‍ ഹലീം’ എന്ന് അദ്ദേഹത്തെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുണ്ട്. ഖേദിച്ച് വേവലാതി പൂണ്ട്, തൗബയുടെ വികാരവായ്പുമായി അല്ലാഹുവോട് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന, അടിക്കടി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന വ്യക്തിത്വം എന്നാണ് അവ്വാഹ് അര്‍ത്ഥമാക്കുന്നത്. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് അല്ലാഹുവിന്റെ അടുക്കലേക്ക് മടങ്ങി കൊണ്ടേയിരിക്കുന്ന വ്യക്തിത്വം എന്നര്‍ത്ഥത്തില്‍ ‘മുനീബ്’ എന്നാണ് മറ്റൊരിടത്ത് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അല്ലാഹുവിനോട് പറയുക, അവന്റെ മുമ്പില്‍ വെക്കുക, അവനോട് തേടുക, അവനില്‍ എല്ലാം അര്‍പ്പിക്കുക ഇതായിരുന്നു ഇബ്‌റാഹീം നബി(അ)യുടെ വ്യക്തിത്വത്തിന്റെ ആകെതുക. എല്ലാ നബിമാരും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ഇബ്‌റാഹീം നബിക്ക് അല്ലാഹുവല്ലാതെ മറ്റാരും കൂട്ടുണ്ടായിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. കൃത്യമായി എന്നും ഇറങ്ങി പോകാനും തിരിച്ചു വരാനുമുള്ള ഒരു വീടു പോലും ഉണ്ടായിരുന്നില്ല. ഭാര്യയും കുട്ടികളുമായി സ്വസ്ഥമായി കഴിഞ്ഞു കൂടിയ ദിനരാത്രങ്ങള്‍ എത്രയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലുള്ളത്? ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്കുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഏകദൈവത്വത്തിന്റെ പാതയില്‍ ഒറ്റയാള്‍ പട്ടാളമായി പ്രാര്‍ഥന മാത്രം പാഥേയമാക്കിയുള്ള യാത്രകളായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എല്ലാ പ്രതിസന്ധികളിലും പ്രയാസങ്ങളിലും അല്ലാഹുവില്‍ അര്‍പ്പിച്ച് അവനോട് തേടുകയാണ് അദ്ദേഹം ചെയ്തത്. ഇതാണ് ഇബ്‌റാഹീം(അ)യുടെ പ്രാര്‍ഥനാ ജീവിതത്തിന്റെ സവിശേഷത.

പ്രാര്‍ഥനകളെ കുറിച്ച് പലര്‍ക്കുമുള്ള ധാരണയാണ് പ്രാര്‍ഥനയെന്നാല്‍ സങ്കടഹരജികളാണെന്നുള്ളത്. പലപ്പോഴും നമ്മുടെ പ്രാര്‍ഥനകള്‍ അത്തരത്തിലാണ് ആയിത്തീരാളുള്ളതും. തന്നെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഉള്ള സങ്കട ഹരജികളായിരുന്നില്ല ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനകള്‍. മറിച്ച് ആഗ്രഹങ്ങളും പ്രതീക്ഷകളും ലക്ഷ്യങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍. അദ്ദേഹത്തിന്റെ പ്രാര്‍ഥന ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക : ‘ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭം സ്മരിക്കുവിന്‍: ഭനാഥാ, ഈ നാടിനെ നീ സമാധാനത്തിന്റെ നാടാക്കേണമേ! എന്നെയും എന്റെ സന്തതികളെയും വിഗ്രഹാരാധനയില്‍നിന്ന് അകറ്റേണമേ! നാഥാ, ഈ വിഗ്രഹങ്ങള്‍ വളരെയാളുകളെ വഴികേടിലാക്കിയിരിക്കുന്നു. എന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവന്‍ എന്നില്‍ പെട്ടവനാകുന്നു. ആരെങ്കിലും എനിക്കെതിരായ മാര്‍ഗം സ്വീകരിക്കുകയാണെങ്കില്‍, നിശ്ചയം നീ മാപ്പരുളുന്നവനും ദയാപരനുമല്ലോ. നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാന്‍, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ ഗേഹത്തിനടുക്കല്‍ പാര്‍പ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ ഇവിടെ നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനാകുന്നു ഞാനിത് ചെയ്തിട്ടുള്ളത്. അതിനാല്‍ നീ ജനഹൃദയങ്ങളില്‍ അവരോട് അനുഭാവമുണ്ടാക്കേണമേ! അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ! അവര്‍ നന്ദിയുള്ളവരാവാന്‍. നാഥാ, ഞങ്ങള്‍ മറച്ചുവെക്കുന്നതും വെളിപ്പെടുത്തുന്നതും നീ അറിയുന്നുവല്ലോഭ വാസ്തവത്തില്‍ അല്ലാഹുവിന് മറഞ്ഞതായിട്ട് യാതൊന്നുമില്ല. ഭൂമിയിലുമില്ല, ആകാശത്തുമില്ല  ഭഈ വാര്‍ധക്യത്തില്‍ എനിക്ക് ഇസ്മാഈല്‍, ഇസ്ഹാഖ് എന്നീ പുത്രന്മാരെ പ്രദാനം ചെയ്ത അല്ലാഹുവിന് സ്‌തോത്രം. എന്റെ നാഥന്‍ തീര്‍ച്ചയായും പ്രാര്‍ഥനകള്‍ കേള്‍ക്കുന്നവന്‍തന്നെ! എന്റെ നാഥാ, എന്നെ മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുന്നവനാക്കേണമേ! എന്റെ സന്തതികളിലും വളര്‍ത്തേണമേ! ഞങ്ങളുടെ നാഥാ, എന്റെ പ്രാര്‍ഥന സ്വീകരിച്ചാലും. നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കൊക്കെയും, വിചാരണ നടക്കും നാളില്‍ നീ പാപമോചനമരുളേണമേ!.’ (14 : 3537) അദ്ദേഹവും അദ്ദേഹത്തിന്റെ മക്കളും നാടുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രാര്‍ഥനാ വിഷയം. ഇവയൊക്കെ അല്ലാഹുവിന് വണങ്ങി വഴങ്ങി ജീവിക്കുന്നത് കാണാനുള്ള ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ഥന. അല്ലാഹുവിനെ വിസ്മരിച്ചാല്‍ നിസ്സാര ബുദ്ധികളായ മനുഷ്യന്‍ എത്തിച്ചേരുന്നത് ഒന്നുമല്ലാത്ത വിഗ്രഹങ്ങളിലോ ബിംബങ്ങളിലോ ആണ്. അദ്ദേഹം ഏത് കാര്യത്തിനായിരുന്നോ തന്റെ ആയുസ്സും ആരോഗ്യവുമെല്ലാം വിനിയോഗിച്ചത് അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ഥനാ വിഷയവും. തന്നോടും തന്റെ കുടുംബത്തോടും നാടിനോടുമുള്ള ആദര്‍ശപരമായ ആഭിമുഖ്യ പ്രകടനമായിരുന്നു അത്. അതില്‍ മുഖ്യമായ ഒന്നാണ് നിര്‍ഭയമായ നാടിന് വേണ്ടിയുള്ള ആഗ്രഹം. തന്റെ നാട് നിര്‍ഭയമുള്ള ഒരു പ്രദേശമായി മാറണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. തന്റെ കുടുംബം അല്ലാഹുമായുള്ള ബന്ധം കാത്തു സൂക്ഷിക്കണമെന്നുള്ളതായിരുന്നു മറ്റൊരു ആഗ്രഹം. അവര്‍ക്കുള്ള ഭൗതിക സൗകര്യങ്ങളേക്കാള്‍ അല്ലാഹുമായുള്ള ആത്മബന്ധം ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനകളില്‍ നിരന്തരം കടന്നു പോയിരുന്നു.

നമുക്ക് നമ്മുടെ കുടുംബത്തിന്റെ ഭൗതിക സൗകര്യങ്ങളിലുള്ള അസ്വസ്ഥതകള്‍ അവരുടെ ആത്മീയ വ്യക്തിത്വ രൂപീകരണത്തില്‍ ഉണ്ടോ എന്നുള്ളത് നാം സ്വയം വിചാരണ ചെയ്യേണ്ട കാര്യമാണ്. ഹജ്ജിനെ കുറിച്ചുള്ള ഓര്‍മകള്‍ പ്രസ്തുത ആത്മവിചാരണ നമ്മോട് ആവശ്യപ്പെടുന്നുണ്ട്. സുഖസൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുള്ള ഒരു വീട്ടില്‍ താമസിക്കുമ്പോഴല്ല ഇബ്‌റാഹീം(അ) തന്റെ കുടുംബത്തിന്റെ ആത്മീയവ്യക്തിത്വ രൂപീകരണത്തെ കുറിച്ച് അസ്വസ്ഥപ്പെടുന്നത്. മരൂഭൂമിയില്‍ അവര്‍ക്ക് കുടിക്കാനുള്ള വെള്ളവും തലചായ്ക്കാനുള്ള ഇടവും ഒരു പ്രശ്‌നായിരിക്കെ തന്നെയാണ് അദ്ദേഹം ആത്മീയ കാര്യത്തില്‍ അസ്വസ്ഥപ്പെട്ടത്. അല്ലാഹുവിന്റെ കല്‍പന നടപ്പാക്കി കൊണ്ടാണ് അവരെ ജലവും ജനവുമില്ലാത്ത അവിടെ താമസിപ്പിച്ചത്. ബൈത്തുല്‍ ഹറാമിന്റെ അടുത്ത് താമസിക്കാനാണ് കല്‍പനയെങ്കിലും അവിടെ അങ്ങനെ ഒരു ബൈത്ത് ഉണ്ടോ, അവര്‍ക്ക് എവിടെ നിന്ന് വെള്ളം കിട്ടും? എന്നീ ചോദ്യങ്ങളൊന്നും അദ്ദേഹത്തെ ഏറെ അസ്വസ്ഥപ്പെടുത്തിയില്ല. ഏത് പ്രതിസന്ധി ഘട്ടത്തിലും പടച്ചവനുമായുള്ള ബന്ധം മുറിഞ്ഞു പോകരുതെന്നായിരുന്നു അദ്ദേഹം പ്രാര്‍ഥിച്ചത്.

നമുക്ക് ചെറിയ പ്രശ്‌നങ്ങള്‍ വരുമ്പോഴേക്കും അല്ലാഹുവുമായുള്ള ബന്ധം മുറിഞ്ഞു പോകുന്നു. ഒരു ചെറിയ തലവേദന വരുമ്പോഴേക്കും നമുക്ക് സുബ്ഹി നമസ്‌കാരം നഷ്ടപ്പെടുന്നു, കാലില്‍ മുറിവേറ്റതു കൊണ്ട് ഇശാഅ് നമസ്‌കരിച്ചിട്ടില്ല ഇങ്ങനെ നിസ്സാരമായ പ്രതിസന്ധികള്‍ക്ക് മുന്നില്‍ നമുക്ക് ആദ്യം നഷ്ടമാകുന്നത് അല്ലാഹുവുമായുള്ള സ്‌നേഹ സംഭാഷണങ്ങളാണ്. എന്നാല്‍ ഏത് പ്രതിസന്ധിയിലും നാം മുറിഞ്ഞു പോകാതെ കാത്തുസൂക്ഷിക്കേണ്ട ബന്ധം അല്ലാഹുമായുള്ള ബന്ധമാണെന്നാണ് ഇബ്‌റാഹീം നബിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ അടുക്കല്‍ ഒന്നാം പരിഗണനയര്‍ഹിക്കുന്ന ദിക്‌റ് നമസ്‌കാരമാണ്. ഞാന്‍ കുടുംബത്തെ ഇവിടെ താമസിപ്പിക്കുകയാണ്, കാലം കഴിയുമ്പോള്‍ അവരുടെ സന്താനങ്ങളിലൂടെ വലിയൊരു സമൂഹം തന്നെ ഇവിടെയുണ്ടാകുമ്പോള്‍ എന്നോടും കുടുംബത്തോടുമുള്ള താല്‍പര്യത്തോടെ ആളുകള്‍ ഇവിടേക്ക് വരണം എന്നായിരുന്നു ഇബ്‌റാഹീം നബിയുടെ രണ്ടാമത്തെ പ്രാര്‍ഥന. അല്ലാഹുവിന് പ്രിയപ്പെട്ടവരാകുന്നത് പോലെ ജനങ്ങള്‍ക്കും പ്രിയപ്പെട്ടവരായി അവര്‍ മാറണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മുസ്‌ലിമാകുന്നതിന്റെ രണ്ടാമത്തെ ലക്ഷണമാണത്. അവന്‍ അല്ലാഹുവിന് പ്രിയപ്പെട്ടവനാകുന്നത് പോലെ നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരിക്കും. മൂന്നാമതായി അദ്ദേഹം പ്രാര്‍ഥിക്കുന്നത് അവര്‍ക്ക് ഭക്ഷണം ലഭിക്കാനാണ്. അല്ലാഹുവുമായുള്ള ബന്ധം, ജനങ്ങളുമായുള്ള ബന്ധം, സുഭിക്ഷമായ ജീവിതം ഇതില്‍ നിന്നുത്ഭവിക്കുന്നതാണ് അല്ലാഹുവോടുള്ള നന്ദി പ്രകാശനം.

ഇബ്‌റാഹീം നബി(അ)യുടെ കുടുംബം തന്നെ ഒരു പ്രാര്‍ഥനക്കുള്ള മറുപടിയാണ്. നിരാശയില്ലാത്ത, പ്രതീക്ഷയും ദൃഢനിശ്ചയവും നിറഞ്ഞ പ്രാര്‍ഥനയുടെ ഉത്തരം. വാര്‍ധക്യത്തിലാണ് ഒരു കുഞ്ഞിന് വേണ്ടി അദ്ദേഹം പ്രാര്‍ഥിക്കുന്നത്. കുഞ്ഞിനെ അല്ലാഹു തരും, അതിന് അല്ലാഹുവിന് കഴിയും പ്രാര്‍ഥന സ്വീകരിക്കും എന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം പ്രാര്‍ഥിച്ചത്. ഇന്ന് നമ്മുടെ പ്രാര്‍ഥനകളുടെ ഒരു പ്രശ്‌നം അവ വെറും ആചാരവെടിയായി മാറുന്നുവെന്നതാണ്. പലപ്പോഴും പ്രാര്‍ഥന നമ്മുടെ ഹൃദയം തൊടാറില്ല. എന്താണ് ചോദിക്കുന്നതെന്ന് പോലും അറിയാതെയുള്ള ആമീന്‍ പറച്ചിലുകളായും നമ്മുടെ പ്രാര്‍ഥനകള്‍ മാറുന്നു. ഇബ്‌റാഹീം നബിക്ക് കുഞ്ഞിനെ കിട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞ രണ്ട് കാര്യങ്ങള്‍, അല്ലാഹുവിന് സ്തുതി, എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ് എന്നായിരുന്നു. പ്രാര്‍ഥനക്ക് ശേഷം ഇത്തരം ഒരനുഭവം നമുക്ക് ഉണ്ടായിട്ടുണ്ടോ എന്ന് നാം വിലയിരുത്തേണ്ടതുണ്ട്.

ഞാനും എന്റെ മക്കളും നമസ്‌കാരം നിലനിര്‍ത്തുന്നവരായി മാറണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥന തുടരുകയാണ്. ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയില്‍ അദ്ദേഹത്തിന്റെ കുടുംബവും വിശ്വാസി സമൂഹവും സജീവമായി കിടക്കുകയാണ്. അവരുടെയെല്ലാം പരലോകം, അവരും അല്ലാഹും തമ്മിലുള്ള ബന്ധം, അവര്‍ നമസ്‌കാരം നിലനിര്‍ത്തണമെന്ന അതിയായ ആഗ്രഹം തുടങ്ങിയവയുടെ പ്രതിധ്വനിയായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ഥന. ഇബ്‌റാഹീം നബിയിലൂടെ അല്ലാഹു ശക്തിപ്പെടുത്തുകയും സജീവമാക്കുന്ന ഹജ്ജ് തീര്‍ഥാടനവും പ്രാര്‍ഥനയാണ്. അതുകൊണ്ട് ദുല്‍ഖഅജും ദുല്‍ഹജ്ജും പ്രാര്‍ഥനയുടെ മാസമാണ്. ബലിയും പെരുന്നാളും അറഫയും പ്രാര്‍ഥനയുടെ നാളുകളാണ്. പ്രാര്‍ഥന വിശ്വാസിയുടെ ആയുധമാണ്. പ്രാര്‍ഥന ആരാധനയുടെ മജ്ജയാണെന്നും ആരാധന തന്നെയാണെന്നുമാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ശക്തിയോടെ, ആത്മചൈതന്യത്തോടെ, പ്രതീക്ഷയോടെ പ്രാര്‍ഥിക്കേണ്ട പോലെ പ്രാര്‍ഥിക്കുന്ന പ്രാര്‍ഥനയെ ജീവിതത്തിന്റെ സന്തത സഹചാരിയാക്കി മാറ്റുന്ന, പ്രാര്‍ഥനയെ മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജ സ്രോതസ്സാക്കി മാറ്റുന്ന യഥാര്‍ത്ഥ വിശ്വാസികളുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ.

(2014 സെപ്റ്റംബര്‍ 19ന് കോഴിക്കോട് ലുഅ്‌ലുഅ് മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയുടെ സംഗ്രഹം)

തയ്യാറാക്കിയത് : നസീഫ്‌

Related Articles