Current Date

Search
Close this search box.
Search
Close this search box.

വികാരം വിവേകത്തെ മറികടക്കുമ്പോള്‍

lamp.jpg

ഖുതുബ തുടങ്ങിയിരുന്നു. കുറേ വൈകി എന്നറിയാം, എന്നാലും ജുമുഅയില്‍ പങ്കെടുക്കണമെന്ന് അവള്‍ക്ക് അതിയായ ആഗ്രഹം. അവള്‍ തന്റെ കുട്ടിയെയും എടുത്ത് പെട്ടെന്ന് മസ്ജിദിലേക്ക് നടന്നു. ആദ്യമായാണ് അവള്‍ ഈ മസ്ജിദിലേക്ക് വരുന്നത്. ഈ പ്രദേശത്ത് പുതിയ താമസക്കാരിയായതു കൊണ്ട് തന്നെ ഇവിടെ ആരെയും അവള്‍ക്ക് പരിചയവുമില്ല. കുട്ടിയെ മടിയിലിരുത്തി സ്ത്രീകളുടെ ഭാഗത്ത് അവളും ഇരുന്നു. ചുറ്റുമുള്ള കണ്ണുകള്‍ തന്നിലേക്ക് നീളുന്നത് അവള്‍ ശ്രദ്ധിച്ചു. അവരുടെ നോട്ടങ്ങളെ നേരിടാനുള്ള ധൈര്യം അവള്‍ക്കുണ്ടായിരുന്നില്ല. അവള്‍ ഖത്തീബ് പറയുന്നത് ശ്രദ്ധിച്ച് ഇരുന്നു.

അവളുടെ കുട്ടിയും ആകെ പരിഭ്രാന്തനായിരുന്നു. പുതിയ സ്ഥലം, അവന് പരിചയമില്ലാത്ത ആള്‍ക്കാര്‍. ആദ്യമായിട്ടാണ് അവന്‍ മസ്ജിദിലേക്ക് വരുന്നത്. അവന് വീട്ടില്‍ പോകണം. കുട്ടിക്ക് ഈ സ്ഥലം അത്ര പിടിച്ചില്ലെന്ന് അവള്‍ക്ക് മനസ്സിലായി. പക്ഷേ, കുഴപ്പമുണ്ടാവില്ല എന്നവള്‍ കണക്കുകൂട്ടി. കല്ല്യാണത്തിന് മുമ്പ് ഇസ്‌ലാമിന്റെ മതചിട്ടയില്‍ വളര്‍ന്ന പെണ്‍കുട്ടിയായിരുന്നില്ല അവള്‍. എന്നാല്‍ തന്റെ കുട്ടി ദീനിന്റെ ബാലപാഠങ്ങളൊക്കെ പരിചയിക്കണമെന്ന് അവള്‍ക്ക് ആഗ്രഹമുണ്ട്. ഇസ്‌ലാമിനെ കുറിച്ച് ആഴത്തില്‍ പഠിക്കണമെന്ന് അവളും ആഗ്രഹിച്ചു. മസ്ജിദുകളാണ് അതിന് പറ്റിയ സ്ഥലം എന്നവള്‍ മനസ്സിലാക്കി. അങ്ങനെ ആദ്യമായാണ് അവള്‍ മസ്ജിദിലേക്ക് വരുന്നതും.

കുട്ടി ആകെ അസ്വസ്ഥനായി തിരിയാനും മറിയാനും തുടങ്ങി. അവന്റെ മുഖത്ത് സങ്കടം പരന്നു. നമസ്‌കാരം കഴിയുന്നത് വരെ അവന്‍ സമാധാനമായിരിക്കും എന്ന് തന്നെ അവള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഖുതുബ കഴിഞ്ഞ് ഇമാം നമസ്‌കാരത്തിന് തക്ബീര്‍ വിളിച്ചതും കുട്ടി കരയാന്‍ തുടങ്ങി. ആദ്യം പതുക്കെയായിരുന്ന കരച്ചില്‍ പിന്നെ ഉച്ചത്തിലായി. ചെവി പൊട്ടുമാറ് ഉച്ചത്തില്‍ അവന്‍ കരയാന്‍ തുടങ്ങി. എത്ര അരോചകമായാണ് കുട്ടി കരയുന്നതെന്ന് അവള്‍ പോലും ശങ്കിച്ചു പോയി. കുട്ടി കരച്ചില്‍ നിര്‍ത്താന്‍ അവള്‍ ദൈവത്തോട് മനസ്സില്‍ കേണു. എന്നാല്‍ കുട്ടിയുടെ കരച്ചില്‍ കൂടിയതല്ലാതെ കുറഞ്ഞില്ല. ഞാന്‍ ഇനി എന്താണ് ചെയ്യുക എന്നോര്‍ത്ത് അവള്‍ നമസ്‌കാരത്തിന് കൈ കെട്ടിയ അവസ്ഥയില്‍ ആകെ പരവശയായി. അവന്‍ ഒരു കുട്ടിയല്ലെ, എനിക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ച് അവള്‍ ആകെ വിഷമിച്ചു. എത്രയും പെട്ടെന്ന് നമസ്‌കാരം ഒന്ന് കഴിഞ്ഞിരുന്നുവെങ്കില്‍ കുട്ടിയെയും കൊണ്ട് പുറത്ത് കടക്കാം എന്ന് അവള്‍ ആഗ്രഹിച്ചു. എന്നാല്‍ ഇമാം സലാം വീട്ടിയതും ചുറ്റുമുള്ള സ്ത്രീകളൊക്കെ അവള്‍ക്ക് നേരെ ചീറിയടുത്തു.

”നിനക്കെന്താ കുട്ടിയെ സമാധാനിപ്പിച്ചാല്‍? ആളുകള്‍ നമസ്‌കരിക്കുന്നത് നീ കണ്ടില്ലേ?”
”ഇങ്ങനെ കരയുന്ന കുട്ടിയെയും കൊണ്ട് നീ എന്തിനാ മസ്ജിദില്‍ വന്നത്?”
”ഇനി കുട്ടിയെയും കൊണ്ട് മസ്ജിദില്‍ വരാന്‍ തുനിയരുത്, വീട്ടില്‍ നമസ്‌കരിച്ചാല്‍ മതി’
ആളുകളുടെ ശകാരവര്‍ഷം കേട്ട് അവള്‍ക്ക് തല കറങ്ങുന്നത് പോലെ തോന്നി. നിറഞ്ഞ കണ്ണ് അവള്‍ അടച്ചുപിടിച്ചു. തൊണ്ടയില്‍ ഒരു വലിയ മുഴ ഉരുണ്ടുകയറിയത് പോലെ അവള്‍ക്ക് തോന്നി. വായിലെ വെള്ളം വറ്റിയത് പോലെ. തന്റെ കുട്ടിക്ക് നമസ്‌കാരം എന്തെന്ന് മനസ്സിലാക്കി കൊടുക്കാന്‍ അവള്‍ ഉദ്ദേശിച്ച സ്ഥലമായിരുന്നു ഇത്. അല്ലാഹുവിന്റെ ഭവനം. എന്തിനാ ആളുകള്‍ എനിക്ക് നേരെ ഇങ്ങനെ ആക്രോശിച്ചത്? കുട്ടി കരഞ്ഞതിന് ഞാന്‍ എന്ത് പിഴച്ചു? നിന്ന നില്‍പില്‍ പല ചിന്തകളും അവളുടെ മനസ്സിലൂടെ കടന്നുപോയി. ഒരക്ഷരം ഉരിയാടാതെ തന്റെ കുട്ടിയെയും എടുത്ത് അവള്‍ മസ്ജിദില്‍ നിന്നിറങ്ങി. ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ അവള്‍ നടന്നകന്നു.

1400 വര്‍ഷങ്ങള്‍ക്കു മുമ്പത്തെ മദീനയിലെ മസ്ജിദുന്നബവിയും പരിസരവും. ഒരു ഗ്രാമീണനായ അറബി നബിയുടെ മസ്ജിദില്‍ മൂത്രമൊഴിച്ചു. ഉടനെ ആളുകള്‍ അയാളെ മര്‍ദിക്കുവാന്‍ ഓടിക്കൂടി. എന്നാല്‍ അല്ലാഹുവിന്റെ ദൂതര്‍ അവരെ തടഞ്ഞുകൊണ്ട് അയാളെ വെറുതെ വിടാന്‍ കല്‍പിച്ചു. അയാള്‍ വിസര്‍ജ്ജനം നടത്തിയിടത്ത് കുറച്ച് വെള്ളമൊഴിച്ച് വൃത്തിയാക്കാനാണ് പ്രവാചകന്‍ പറഞ്ഞത്. എന്നിട്ട് പ്രവാചകന്‍(സ) അനുയായികളോടായി പറഞ്ഞു: ”ജനങ്ങളെ പ്രയാസപ്പെടുത്തുവാന്‍ അല്ല അവര്‍ക്ക് എളുപ്പമുണ്ടാക്കി കൊടുക്കുവാനാണ് അല്ലാഹു നിങ്ങളെ നിയോഗിച്ചിരിക്കുന്നത്’.

നമ്മുടെ പെരുമാറ്റം എത്രത്തോളം മാന്യമായിരിക്കണം എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. സാമൂഹ്യജീവിതത്തില്‍ കയ്‌പേറിയ എന്ത് അനുഭവമുണ്ടായാലും അതിനെ ക്ഷമയോടെ നേരിടാനാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമാണ് നാം ആലോചിക്കേണ്ടത്, പ്രശ്‌നക്കാരനെ ക്രൂശിക്കാനല്ല. പ്രശ്‌നങ്ങളെ മയത്തോടെ കൈകാര്യം ചെയ്യാനാണ് നാം ശ്രദ്ധിക്കേണ്ടത്, അതിനെ വഷളാക്കാനല്ല. നമ്മുടെ ക്ഷമയും സഹാനുഭൂതിയും കാരുണ്യവുമൊക്കെ എവിടെപ്പോയി? അല്ലാഹുവിന്റെ ഭവനത്തില്‍ അത് കാണിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ വേറെ എവിടെയാണ് നാം അത് പ്രകടിപ്പിക്കാന്‍ പോകുന്നത്?
റസൂല്‍(സ) പഠിപ്പിച്ചു: ”ഭൂമിയിലുള്ളവരോട് കരുണ കാണിച്ചില്ലെങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കുകയില്ല'(ബുഖാരി).  തങ്ങളുടെ കുട്ടികളും ചെറുതായിരുന്നതും അവരും കരഞ്ഞതും ആ സഹോദരിമാര്‍ മറന്ന് പോയോ? പ്രവാചകന്‍(സ) പറയുന്നു: ”നമസ്‌കാരത്തില്‍ പ്രവേശിച്ചപ്പോള്‍ അത് ദീര്‍ഘിപ്പിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പിന്നിലെ നിരയില്‍ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ അവന്റെ മാതാവിന്റെ പ്രയാസമോര്‍ത്ത് ഞാന്‍ അത് ലഘൂകരിച്ചു”. (ബുഖാരി)

പുതുതായി ദീനിലേക്ക് കടന്നു വന്ന ഒരു സഹോദിരയോടും അവളുടെ കുട്ടിയോടും പെരുമാറേണ്ടത് ഇങ്ങനെയായിരുന്നോ? ഇതാണോ റസൂല്‍ പഠിപ്പിച്ച ദഅ്‌വത്തിന്റെ മാതൃക? ഇതാണോ മതം നമ്മെ പഠിപ്പിച്ച കാരുണ്യവും വിശാലമനസ്‌കതയും? ആ സാഹചര്യം വളരെ മാന്യമായി നമുക്ക് കൈകാര്യം ചെയ്യാമായിരുന്നില്ലേ? ഇത് ഈ ഒരൊറ്റ സംഭവത്തെ മുന്‍നിര്‍ത്തി കാണേണ്ട ചോദ്യങ്ങളല്ല. ജീവിതത്തില്‍ നാം നേരിടുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും വികാരങ്ങള്‍ക്കപ്പുറം വിവേകത്തോടെ പരിഹാരം കാണാനുള്ള ചൂണ്ടുപലകയാണ്.

വിവ: അനസ് പടന്ന

Related Articles