Current Date

Search
Close this search box.
Search
Close this search box.

ബന്ധങ്ങളുടെ ഘാതകനെ കരുതിയിരിക്കുക

perception-illusions.jpg

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇടയിലെ ബന്ധങ്ങള്‍ തകര്‍ക്കുന്നതില്‍ തെറ്റായ ഊഹങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ആളുകള്‍ക്കിടയില്‍ തെറ്റിധാരണകള്‍ വളര്‍ത്താനുള്ള വാതിലാണ് പിശാചിന് അതിലൂടെ തുറന്നു കൊടുക്കുന്നത്. പ്രത്യേകിച്ചും യാതൊരു അടിസ്ഥാനവുമില്ലാത്ത കേവലം ഊഹങ്ങളും നിഗമനങ്ങളുമാകുമ്പോള്‍. ഊഹങ്ങള്‍ കാരണം എത്രയെത്ര സൗഹൃദങ്ങളാണ് തകര്‍ക്കപ്പെട്ടിട്ടുള്ളത്! അതു കാരണം എത്രയെത്ര വീടുകളിലെ സ്വസ്ഥതയാണ് നഷ്ടപ്പെട്ടിട്ടുള്ളത്! എത്രയെത്ര കമ്പനികളാണ് നശിച്ചിട്ടുള്ളത്!

അതുകൊണ്ടു തന്നെ ഊഹവുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദേശങ്ങള്‍ ഇസ്‌ലാം നല്‍കുന്നുണ്ട്. അത് തെറ്റായ ഊഹങ്ങളെ വിലക്കുന്നു. അല്ലാഹു പറയുന്നത് കാണുക: ‘വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്. മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ.’ (അല്‍ഹുജുറാത്: 12)

ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘നിങ്ങള്‍ ഊഹത്തെ കരുതിയിരിക്കുക. ഊഹിച്ച് പറയുക എന്നത് ഏറ്റവും വ്യാജമായ സംസാരമാണ്. നിങ്ങള്‍ ചൂഴ്ന്നന്വേഷിക്കരുത്, അസൂയ വെച്ചുപുലര്‍ത്തരുത്, വിദ്വേഷം പ്രകടിപ്പിക്കരുത് അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങള്‍ സഹോദരന്മാരായിത്തീരുക’. (ബുഖാരി)

നബി(സ)യുടെ അടുക്കല്‍ ഒരു ഗ്രാമീണന്‍ വന്നു പറഞ്ഞു: `എന്റെ ഭാര്യ ഒരു കറുത്ത കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു. അത് എന്റേതാണെന്ന് ഞാന്‍ കരുതുന്നില്ല.` (അതായത്, കുട്ടിയുടെ വര്‍ണം മാത്രമാണ് അയാളെ സംശയാലുവാക്കിയത്. ഭാര്യയുടെ മേല്‍ വ്യഭിചാരമാരോപിക്കാന്‍ അയാള്‍ക്ക് മറ്റു തെളിവൊന്നുമില്ല). `നിന്റെ പക്കല്‍ വല്ല ഒട്ടകവുമുണ്ടോ` എന്ന് തിരുമേനി ചോദിച്ചു. `ഉവ്വ്` അവന്‍ പറഞ്ഞു. `അവയുടെ വര്‍ണമെന്താണ്?` തിരുമേനി ചോദിച്ചു. `ചുവപ്പ്` അവന്‍ പറഞ്ഞു. `അവയില്‍ ചാരവര്‍ണമുള്ള വല്ലതുമുണ്ടോ?` തിരുമേനി ചോദിച്ചു. `ഉണ്ട്` അവന്‍ പ്രതിവചിച്ചു. `ചിലത് അങ്ങനെയുണ്ട്.` `ഈ വര്‍ണം എവിടെനിന്ന് വന്നു?` തിരുമേനി ചോദിച്ചു. `വല്ല പാരമ്പര്യവും ഉണ്ടായിരിക്കും` അവന്‍ മറുപടി പറഞ്ഞു. (അതായത് അവയുടെ പൂര്‍വികരില്‍ ആ വര്‍ണത്തിലുള്ള വല്ലതുമുണ്ടായിരിക്കും. അതിന്റെ സ്വാധീനം ഇവയില്‍ സംഭവിച്ചതായിരിക്കും). തിരുമേനി പറഞ്ഞു: `എന്നാല്‍, ഈ കുട്ടിയിലും വല്ല പാരമ്പര്യവുമുണ്ടായിരിക്കും.`

‘ജനങ്ങള്‍ നശിച്ചിരിക്കുന്നു എന്ന് ഒരാള്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍, അവനാണ് അവരില്‍ ഏറ്റവും നശിച്ചവന്‍.’ എന്ന് മറ്റൊരു ഹദീഥില്‍ കാണാം.

ഒരു മുസ്‌ലിമിനെ കുറിച്ചുള്ള തെറ്റായ ഊഹം മനസ്സുകൊണ്ടുള്ള വന്‍പാപമാണെന്ന് പറഞ്ഞു കൊണ്ട് ഇമാം ഇബ്‌നു ഹജര്‍ തുടരുന്നു: അത് നീക്കികളഞ്ഞ് ചികിത്സിക്കുന്നതിന് അതിനെ കുറിച്ച് അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമാണ്. അത്തരം രോഗം മനസ്സിലുള്ള ഒരാള്‍ക്ക് തെളിമയുള്ള ഹൃദയത്തിന്റെ ഉടമായായി അല്ലാഹുവിനെ കണ്ടുമുട്ടാനാവില്ല. വ്യഭിചാരം, മോഷണം, മദ്യപാനം പോലുള്ള ശാരീരിക പാപങ്ങള്‍ ഒരാളെ നിന്ദ്യനാക്കുന്നതിനേക്കാളേറെ ഈ വന്‍പാപങ്ങള്‍ ഒരാളെ നിന്ദ്യനാക്കും. അവയുണ്ടാക്കുന്ന ദോഷത്തിന്റെ പെരുപ്പവും ദുസ്വാധീനവും കാരണമാണത്. ഈ പാപങ്ങളുണ്ടാക്കുന്ന സ്വാധീനം മനസ്സുകളില്‍ അടിയുറച്ചു പോകുന്നുവെന്നതും കാരണമാണ്. കൈകാലുകള്‍ കൊണ്ടുള്ള പാപങ്ങള്‍ നീങ്ങി പോകുന്നതാണ്. പശ്ചാത്താപവും പാപമോചനവും നന്മകളും അവയെ മായ്ച്ചു കളയും.

ഇബ്‌നു ഖുദാമ പറയുന്നു: ഒരു മുസ്‌ലിമിനെ കുറിച്ച് മോശമായത് നീ ഊഹിക്കരുത്, വ്യാഖ്യാനത്തിന് പഴുതില്ലാത്ത വിധം അക്കാര്യം വെളിപ്പെട്ടാലല്ലാതെ. (മുഖ്തസര്‍ മിന്‍ഹാജുല്‍ ഖാസിദീന്‍)

നിന്ദ്യമായ ഈ ഗുണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പൂര്‍വികര്‍ അങ്ങേയറ്റം സൂക്ഷ്മത കാണിച്ചിരുന്നു. ഒരാളുടെ വീഴ്ച്ച ശ്രദ്ധയില്‍ പെടുമ്പോള്‍ അതിനുണ്ടായേക്കാവുന്ന കാരണങ്ങളായിരുന്നു അവര്‍ അന്വേഷിച്ചിരുന്നത്. തനിക്ക് അറിയാത്ത വല്ല കാരണവും ന്യായവും അതിന് പിന്നിലുണ്ടായിരിക്കുമെന്നായിരുന്നു അവര്‍ ചിന്തിച്ചിരുന്നത്.

ചീത്തയായ ഒരു ഊഹം മനസ്സിലേക്ക് കടന്നു വരുമ്പോള്‍ സാധ്യമാകുന്ന രൂപത്തില്‍ അതിനെ അകറ്റി നിര്‍ത്താനാണ് വിശ്വാസി ശ്രമിക്കേണ്ടത്. അതിന് ന്യായമായ കാരണങ്ങളുണ്ടായിരിക്കാം എന്നാണ് നാം വിശ്വസിക്കേണ്ടത്. അത്തരം ചിന്തകളില്‍ നിന്നും അല്ലാഹുവോട് അഭയം തേടുകയും തന്റെ കൂട്ടുകാരന്‍ അടിസ്ഥാനപരമായി നിരപരാധിയാണെന്നതും ഓര്‍ക്കുക. അയാളിലുള്ള നല്ല ഗുണങ്ങള്‍ മുമ്പ് ചെയ്തിട്ടുള്ള നല്ല പ്രവര്‍ത്തനങ്ങളും ഓര്‍ക്കുകയും ചെയ്യുക.

ഇബ്‌നു ഖുദാമ പറയുന്നു: ഒരു മുസ്‌ലിമിനെ കുറിച്ച് ചീത്ത ചിന്ത മനസ്സിലുണ്ടായാല്‍, അയാള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക. അത് പിശാചിനെ നിന്നില്‍ നിന്നും അകറ്റും. ഒരു മുസ്‌ലിമിന്റെ വീഴ്ച്ച നീ സ്ഥിരീകരിച്ചാല്‍ രഹസ്യമായി അവനെ ഉപദേശിക്കുക.

വിവ: നസീഫ്‌

Related Articles